Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആദിവാസി വിഭാഗമായ മുതുവാന്മാർ മാത്രമുള്ള കേരളത്തിലെ ഏക പഞ്ചായത്ത്; പൂർണമായും വനത്താൽ ചുറ്റപ്പെട്ട റോഡുകൾ; കാട്ടാനകളും കരടിയും കാട്ടുപോത്തുകളും വിഹരിക്കുന്ന പാതകൾ; രോഗം ബാധിച്ചാൽ കാട്ടുവള്ളികളിൽതീർത്ത മഞ്ചലിൽ കിലോമീറ്ററുകൾ അകലെയുള്ള പുറം ലോകത്തെ ആശുപത്രിയിലേക്കു ചുമന്നെത്തിക്കേണ്ട സ്ഥിതി; ഇടമലക്കുടിക്കാർക്ക് പുറംലോകത്തെത്താൻ സർക്കാരിന്റെ വക ജീപ്പ്; 24 മണിക്കൂറും വാഹനസൗകര്യം ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കം

ആദിവാസി വിഭാഗമായ മുതുവാന്മാർ മാത്രമുള്ള കേരളത്തിലെ ഏക പഞ്ചായത്ത്; പൂർണമായും വനത്താൽ ചുറ്റപ്പെട്ട റോഡുകൾ; കാട്ടാനകളും കരടിയും കാട്ടുപോത്തുകളും വിഹരിക്കുന്ന പാതകൾ; രോഗം ബാധിച്ചാൽ കാട്ടുവള്ളികളിൽതീർത്ത മഞ്ചലിൽ കിലോമീറ്ററുകൾ അകലെയുള്ള പുറം ലോകത്തെ ആശുപത്രിയിലേക്കു ചുമന്നെത്തിക്കേണ്ട സ്ഥിതി; ഇടമലക്കുടിക്കാർക്ക് പുറംലോകത്തെത്താൻ സർക്കാരിന്റെ വക ജീപ്പ്; 24 മണിക്കൂറും വാഹനസൗകര്യം ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കം

മറുനാടൻ ഡെസ്‌ക്‌

മൂന്നാർ: ഇടമലക്കുടി ഗോത്രവർഗ പഞ്ചായത്തിലുള്ളവർക്ക് പുറംലോകത്തെത്താനും മടങ്ങാനും ഇനി സർക്കാർ വക ജീപ്പ് സർവീസ്. കുടി നിവാസികൾക്ക് 24 മണിക്കൂറും വാഹനസൗകര്യം ലഭിക്കുകയും ചെയ്യും.പട്ടികവർഗ വകുപ്പ് അനുവദിച്ച 13 ലക്ഷം രൂപ ചെലവിട്ട് വാങ്ങിയ രണ്ടു ജീപ്പുകൾ സർവീസ് ആരംഭിച്ചു. 150 രൂപയാണ് ഒരു വശത്തേക്കുള്ള യാത്രക്കൂലി. ടൂറിസ്റ്റുകൾക്കോ സാധാരണ ജനങ്ങൾക്കോ പ്രവേശനമില്ലാത്ത കർശന നിയന്ത്രണങ്ങളുള്ള ആദിവാസി വിഭാഗമായ മുതുവാന്മാർ മാത്രമുള്ള കേരളത്തിലെ ഏക പഞ്ചായത്താണ് ഇടുക്കി ജില്ലയിലെ ഇടമലക്കുടി.

പൂർണമായും വനത്താൽ ചുറ്റപ്പെട്ട റോഡ് , കറണ്ട്, ഫോൺ, മൊബൈൽ സൗകര്യങ്ങളില്ലാതെയുള്ള ( സൗകര്യങ്ങൾ ആയി വരുന്നു).മൂന്നാർ വനവികസന ഏജൻസിക്കാണ് വാഹനങ്ങളുടെ നടത്തിപ്പുചുമതല. വനംവകുപ്പിന്റെ ഡ്രൈവറാവും ഒരു ജീപ്പ് ഓടിക്കുക. മറ്റേത് മൂന്നാർ വനവികസന ഏജൻസി നിയോഗിച്ചിട്ടുള്ള ആദിവാസി യുവാവും. ഒരു വാഹനം മൂന്നാറിലും മറ്റൊന്ന് ഇടമലക്കുടിയിലെ ഇഡലിപ്പാറയിലും നിർത്തിയിടും. ദിവസവും രാവിലെ ഇഡലിപ്പാറയിൽനിന്ന് മൂന്നാറിലേക്ക് ഒരു സർവീസുണ്ടാകും.

പിന്നീട് ഇരുവശത്തേക്കുമുള്ള ട്രിപ്പുകൾ യാത്രക്കാർ തികയുന്നതനുസരിച്ച് പുറപ്പെടും. ഇഡലിപ്പാറയിൽനിന്ന് മണിക്കൂറുകൾ വീണ്ടും നടന്നാലേ ഗോത്രവർഗ പഞ്ചായത്തിലെ മറ്റു പല കോളനികളിലും എത്താനാവൂ. എങ്കിലും പുതുതായി തുടങ്ങുന്ന ജീപ്പ് സർവീസ് ആദിവാസികൾ വലിയ ആശ്വാസമായാണ് കാണുന്നത്.
ശനിയാഴ്ച ഇഡലിപ്പാറ കമ്യൂണിറ്റി ഹാളിൽനടന്ന ചടങ്ങിൽ ഡി.എഫ്.ഒ. എം വിജി.കണ്ണൻ വാഹനങ്ങൾ ഫ്‌ളാഗ് ഓഫ് ചെയ്തു. എ.സി.എഫ്. മാർട്ടിൻ ലോവൽ, റേഞ്ച് ഓഫീസർമാരായ എസ്.ഹരീന്ദ്രകുമാർ, സിനിൽ, ട്രൈബൽ ഓഫീസർ പ്രദീപ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

ചുമലിൽ ചുറ്റിയ സാരിത്തുണിക്കുള്ളിൽ കുട്ടിയെ പൊതിഞ്ഞിരുത്തി, കയ്യിലൊരു കാട്ടു കമ്പും വാക്കത്തിയും പിടിച്ച് കാടിനുള്ളിലെ പാതകളിലൂടെ അതിവേഗം നടക്കുന്ന സ്ത്രീകൾ, കാടിനോടും മണ്ണിനോടും തോൽക്കാത്ത കരളുറപ്പുമായി പുരുഷന്മാർ. കുടികളിൽ നിന്നു കുടികളിലേക്കുള്ള യാത്രയിൽ അവർക്കു വിശ്രമമില്ല.

കാട്ടാനകളും കരടിയും കാട്ടുപോത്തുകളും വിഹരിക്കുന്ന പാതകളാണ് ഇപ്പോഴും ഇടമലക്കുടിയിലേത്. രോഗം ബാധിച്ചാൽ കാട്ടുവള്ളികളിൽതീർത്ത മഞ്ചലിൽ കിലോമീറ്ററുകൾ അകലെയുള്ള പുറം ലോകത്തെ ആശുപത്രിയിലേക്കു ചുമന്നെത്തിക്കേണ്ട സ്ഥിതി ഇന്നും തുടരുന്നു. ഇതിനാണ് ജീപ്പ് സർവീസ് തുടങ്ങുന്നതോടെ ആശ്വാസമാകുന്നത്. കണ്ണീരിന്റെ നനവുമാത്രമുള്ള ഇവിടെ രോഗങ്ങൾക്കും ദാരിദ്ര്യത്തിനും മാത്രം ഒരു നാളും പഞ്ഞമില്ല. വളർച്ചയില്ലാതെ പഞ്ചായത്ത് ഇടമലക്കുടി പഞ്ചായത്ത് 2010 നവംബർ ഒന്നിനാണു നിലവിൽ വന്നത്. 106 ചതുരശ്ര കിലോമീറ്റർ ആണ് വിസ്തൃതി. പെട്ടിമുടിയിൽ നിന്നു 16 കിലോമീറ്റർ ദൂരം കാൽനടയായി സഞ്ചരിച്ചാൽ മാത്രമേ പഞ്ചായത്ത് ആസ്ഥാനമായ സൊസൈറ്റിക്കുടിയിലെത്താൻ കഴിയൂ. ഇവിടെ നിന്നും അഞ്ചും ആറും കിലോമീറ്ററുകൾ വീതം സഞ്ചരിച്ചാലേ ഓരോ കുടിയിലുമെത്തുകയുള്ളൂ.

സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചു നടത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു മൂന്നാർ പഞ്ചായത്തിന്റെ ഒന്നാം വാർഡായിരുന്ന ഇടമലക്കുടിക്ക് സ്വതന്ത്ര പഞ്ചായത്ത് എന്ന പദവി നൽകിയത്. റേഷൻ സാധനങ്ങളെ പൂർണമായി ആശ്രയിച്ചാണ് ഇടമലക്കുടിക്കാരുടെ ജീവിതം. മൂന്നാറിൽ നിന്നും വാഹനമെത്തുന്ന പെട്ടിമുടി വനാതിർത്തി വരെ ജീപ്പുകളിൽ റേഷൻ സാധനങ്ങൾ എത്തിച്ചശേഷം തലച്ചുമടായാണ് ഇവ ഇടമലക്കുടിയിലെ രണ്ടു റേഷൻ കടകളിൽഎത്തിക്കുന്നത്. മഴ ശക്തമായാൽ ഇടമലക്കുടിയിലേക്കുള്ള ചരക്കുനീക്കം തടസപ്പെടും. റേഷൻ സാധനങ്ങളും മറ്റും തലച്ചുമടായി എത്തിക്കുവാൻ കഴിയില്ല. മഴ തുടർന്നാൽ ഇവിടെ നിത്യോപയോഗസാധനങ്ങളുടെ ക്ഷാമവും പട്ടിണിയും രൂക്ഷമാണ്.

യുദ്ധക്കൊതി മൂത്ത പാണ്ടിപ്പടയെ പേടിച്ച് കുട്ടികളെ തുണിയിൽ പൊതിഞ്ഞു മുതുകിലേറ്റി കാടും മലയും താണ്ടി നൂറ്റാണ്ടുകൾക്കു മുൻപ് മധുരയിൽ നിന്നെത്തിയവരാണ് ഇടമലക്കുടി നിവാസികളിലേറെയുമെന്നാണു ചരിത്രം. ചേരപാണ്ഡ്യ യുദ്ധം കൊടുമ്പിരികൊണ്ട കാലത്ത് ഇടുക്കിയുടെ മലഞ്ചെരിവുകളിലെത്തി താമസമാക്കിയ ഗോത്ര വർഗക്കാരാണ് ഇടമലക്കുടി നിവാസികൾ.ഇടമലക്കുടിക്കാരുടെ സംസ്‌കാരത്തിലെ തമിഴ് മയത്തിന് ഇപ്പോഴും മാറ്റമില്ല. മലയാളത്തേക്കാൾ തമിഴിനോടു സാമ്യമുള്ള ഭാഷയിലാണു മുതുവാന്മാർ പരസ്പരം ആശയവിനിമയം നടത്തുക. സ്വന്തമായി ലിപിയില്ലാത്ത ഭാഷയാണിത്.മിക്ക മുതുവാന്മാർക്കും അവരുടെ ഭാഷ കൂടാതെ, തമിഴും മലയാളവും നന്നായി അറിയാം. മുതുവാന്മാരുടെ പേരുകൾക്കെല്ലാം ഒരു തമിഴ് വേരുണ്ടെന്നതും പ്രത്യേകത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP