Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202026Monday

എന്റെ ജീവന് ഭീഷണിയാണ്.. എന്റെ വീട് ജെസിബി കൊണ്ടു ഇടിച്ചു പൊളിക്കുമെന്ന് ഭയപ്പെടുന്നു; എനിക്കും എന്റെ വീട്ടുകാർക്കും എന്തെങ്കിലും സംഭവിച്ചാൽ അതിന് ഉത്തരാവാദി പി വി അൻവർ എംഎൽഎ ആയിരിക്കും; ബൈപ്പാസ് നിർമ്മാണത്തിന്റെ പേരിൽ വീടും സ്ഥലവും ഇടിച്ചു നിരത്താൻ ശ്രമിക്കുന്നെന്ന പരാതിയുമായി യുവാവിന്റെ ഫേസ്‌ബുക്ക് ലൈവ്; സർക്കാർ ഉത്തരവുകളോ കൂടിയാലോചനോ ഇല്ലാതെ റിയൽ എസ്റ്റേറ്റ് താൽപ്പര്യത്തിന്റെ പേരിലാണ് ബൈപ്പാസ് നിർണാണമെന്നും ആക്ഷേപം

എന്റെ ജീവന് ഭീഷണിയാണ്.. എന്റെ വീട് ജെസിബി കൊണ്ടു ഇടിച്ചു പൊളിക്കുമെന്ന് ഭയപ്പെടുന്നു; എനിക്കും എന്റെ വീട്ടുകാർക്കും എന്തെങ്കിലും സംഭവിച്ചാൽ അതിന് ഉത്തരാവാദി പി വി അൻവർ എംഎൽഎ ആയിരിക്കും; ബൈപ്പാസ് നിർമ്മാണത്തിന്റെ പേരിൽ വീടും സ്ഥലവും ഇടിച്ചു നിരത്താൻ ശ്രമിക്കുന്നെന്ന പരാതിയുമായി യുവാവിന്റെ ഫേസ്‌ബുക്ക് ലൈവ്; സർക്കാർ ഉത്തരവുകളോ കൂടിയാലോചനോ ഇല്ലാതെ റിയൽ എസ്റ്റേറ്റ് താൽപ്പര്യത്തിന്റെ പേരിലാണ് ബൈപ്പാസ് നിർണാണമെന്നും ആക്ഷേപം

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: മലപ്പുറം എടക്കരയിൽ റോഡ് നിർമ്മാണത്തിന്റെ വീട് ജെസിബികൊണ്ട് ഇടിച്ചു പൊളിക്കുമെന്ന് ഭയപ്പെടുന്നതായി യുവാവ്. അരുണി എം മേനോൻ എന്ന യുവാവാണ് ഫേസ്‌ബുക്കിൽ ലൈവിട്ട് രംഗത്തെത്തിയത്. തനിക്കും വീട്ടുകാർക്കും എന്തെങ്കിലും സംഭവിച്ചാൽ അതിന് ഉത്തരവാദി പി വി അൻവറാകും എന്നാണ് യുവാവ് ലൈവിൽ പറയുന്നത്. റോഡ് നിർമ്മാണിത്തിന്റെ പേരിൽ ജെസിബിയുമായി എത്തിയവരോട് യുവാവ് തർക്കിന്നതും കാണാം. ഭീഷണപ്പെടുത്തി സ്ഥലം തരപ്പെടുത്താനാണ് ശ്രമം എന്നാണ് അരുണി പറയുന്നത്.

കിടപ്പാടം കയ്യേറാൻ നിലമ്പൂർ എംഎൽഎ പി വി അൻവർ ശ്രമിക്കുന്നുവെന്ന് കാണിച്ചു നേരത്തെ വീട്ടുകാർ പരാതി നൽകിയിരുന്നു. സർക്കാർ ഉത്തരവുകളോ കൂടിയാലോചനോ ഇല്ലാതെ റിയൽ എസ്റ്റേറ്റ് താത്പര്യത്തിലാണ് എംഎൽഎ ബൈപ്പാസ് റോഡ് നിർമ്മിക്കാൻ ശ്രമിക്കുന്നതെന്നും വീട്ടമ്മ പരാതിപ്പെട്ടു. എടക്കര സ്വദേശിയും റിട്ടേർഡ് അദ്ധ്യാപികയുമായ ഗീതാകുമാരിയാണ് പി വി അൻവർ എംഎൽഎക്കെതിരെ പരാതിയുമായി ജില്ലാ കളക്ടറെ സമീച്ചത്. പത്ത് സെന്റ് സ്ഥലത്താണ് ടീച്ചറുടെ വീട്.ബൈപ്പാസ് റോഡ് നിർമ്മിക്കാൻ ഈ സ്ഥലത്തിന്റെ ഒരു ഭാഗം വിട്ടുകൊടുക്കണമെന്നാണ് പി വി അൻവർ ഭീഷണിയുടെ സ്വരത്തിൽ ആവശ്യപെടുന്നതെന്ന് ഗീതാകുമാരി പരാതിപ്പെട്ടു.

ഏക്കർകണക്കിന് ഭൂമിയുള്ള ചിലയാളുകൾ റോഡിന് സ്ഥലം വിട്ടുകൊടുത്തിട്ടുള്ളത് ഭൂവില ഉയരുമെന്ന പ്രതീക്ഷയിലാണ്. ബൈസ് റോഡിന് സർക്കാർ തലത്തിലോ ത്രിതല പഞ്ചായത്ത് തലത്തിലോ ഇതുവരെ അംഗീകാരം പോലുമായിട്ടില്ലെന്നും അതിന് മുമ്പ് മണ്ണുമാന്തിയന്ത്രങ്ങൾ കൊണ്ടുവന്ന് എംഎൽഎ തന്നെ സ്ഥലം കയ്യേറാൻ ശ്രമിക്കുന്നതിന് പിന്നിൽ ബിനാമി ഭൂമി ഇടപടുകളാണെന്നും ഗീതാകുമാരി പരാതിപ്പെട്ടു.

ബൈപ്പാസിന്റെ അലൈന്മെന്റ് പഞ്ചായത്തോ മറ്റു അധികൃതരോ സ്ഥലം വിട്ടുനൽകേണ്ടവരോ അറിയാതെ എംഎൽഎയും ഭൂമാഫിയയും ചേർന്ന് അവർക്ക് ലാഭം വരുന്ന രീതിയിൽ തിരുത്തിയതോടെയാണ് ബൈപ്പാസ് നിർമ്മാണത്തിനെതിരെ പ്രതിഷേധവുമായി കുടിയിറക്ക് ഭീഷണി നേരിടുന്നവർ രംഗത്ത് വന്നിരിക്കുന്നത്. പുതിയ അലൈന്മെന്റ് പ്രകാരം രണ്ട് വീടുകൾ പൂർണ്ണമായും രണ്ട് വീടുകൾ ഭാഗികമായും വാസയോഗ്യമല്ലാതായി തീരും. നേരത്തെയുണ്ടായിരുന്ന അലൈന്മെന്റ് പ്രകാരമായിരുന്നെങ്കിൽ ആരെയും കുടിയൊഴിപ്പിക്കാതെ തന്നെ ബൈപ്പാസ് നിർമ്മിക്കാമായിരുന്നെങ്കിലും എംഎൽഎയുടെ സുഹൃത്തും എടക്കരയിലെ വ്യവസായിയും വൻകിട ഭൂവുടമയുമായ ആളിന്റെ താത്പര്യത്തിന് വഴങ്ങി അദ്ദേഹത്തിന്റെ ഭൂമിക്ക് മൂല്യംകൂടുന്ന തരത്തിലാണ് ഇപ്പോൾ അലൈന്മെന്റിൽ മാറ്റം വരുത്തിയിരിക്കുന്നത്.

സിഎൻജി റോഡിലെ എടക്കര കലാസാഗർ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് മേനോൻപൊട്ടി വഴി കാറ്റാടി റോഡിൽ എത്തുന്ന രണ്ട് കിലോമീറ്റർ നിർദ്ദിഷ്ട ബൈപ്പാസിന്റെ നിർമ്മാണമാണ് ഇപ്പോൾ വിവാദത്തിലായിരിക്കുന്നത്. നേരത്തെ യുഡിഎഫ് സർക്കാറിന്റെ കാലത്ത് തയ്യാറാക്കിയ അലൈന്മെന്റിൽ വ്യത്യാസം വരുത്തി പിവി അൻവർ എംഎൽഎയുടെ സുഹൃത്തും എടക്കരയിലെ ഭൂപ്രമാണിയുമായ ഉള്ളാട്ടിൽ കുഞ്ചാക്കോയുടെ ഭൂമിക്ക് പരമാവധി വില ലഭിക്കുന്ന തരത്തിലും അദ്ദേഹത്തിന്റെ വീടിന് മുൻവശത്തിലൂടെ പോകുന്ന തരത്തിലുമാണ് ഇപ്പോൾ മാറ്റം വരുത്തിയിരിക്കുന്നത്.

നേരത്തെ നിശ്ചയിച്ച അലൈന്മെന്റ് പ്രകാരമാണെങ്കിൽ ഇദ്ദേഹത്തിന്റെ വീടിന് പിറകിലൂടെയായിരുന്നു റോഡ് പോകേണ്ടിയിരുന്നത്. എന്നാൽ പുതിയ അലൈന്മെന്റ് പ്രകാരം ഇദ്ദേഹത്തിന്റെ വീടിന് മുൻപിലൂടെ റോഡ് വരികയും 15 ഏക്കറോളം വരുന്ന ഇദ്ദേഹത്തിന്റെ ഭൂമിക്ക് പരമവധി വില ലഭിക്കുകയും ചെയ്യും. എന്നാൽ ഇത്തരത്തിൽ റോഡിന്റെ അലൈന്മെന്റിന് മാറ്റം വരുത്തുന്നതോടെ നാല് വീടുകൾ ഭാഗികമായെങ്കിലും പൊളിച്ചുമാറ്റേണ്ട അവ്‌സഥയിലാണ്. ഇപ്രകാരം റോഡ് വന്നാൽ രണ്ട് വീടുകൾ പൂർണ്ണമായും താമസയോഗ്യമല്ലതായി മാറും. രണ്ട് വീടുകളുടെ ചിലഭാഗങ്ങൾ പൊളിച്ചു മാറ്റേണ്ടിയും വരും. ഈ വീടുകളിലുള്ളവരാകട്ടെ 10 സെന്റും 15 സെന്റുമൊക്കെ വാങ്ങി ലോണും കടവുമെല്ലാമെടുത്ത് വീട് നിർമ്മിച്ചവരുമാണ്. 15 ഏക്കറിലധികം വരുന്ന ഭൂമിയുള്ളയാളുടെ തേക്ക് മരങ്ങൾ സംരക്ഷിക്കാൻ വേണ്ടി കുടിയിറങ്ങേണ്ടി വരുന്നത് ഈ പാവങ്ങൾക്കാണ്.

നിലവിൽ റോഡിന്റെ നിർമ്മാണ പ്രവർത്തികൾ സിഎൻജി റോഡിൽ നിന്ന് ആരംഭിച്ചിട്ടുണ്ട്. ആകെയുള്ള രണ്ട് കിലോമീറ്റർ ദൂരത്തിൽ ഒരു കീലോമീറ്റർ ദൂരം നിലവിൽ ചെറിയ റോഡുണ്ട്. അതിലേക്ക് നാല് മീറ്റർ വീതം ഏറ്റെടുക്കനാണ് തീരുമാനം. ബാക്കിസ്ഥലങ്ങളിൽ ഭൂവുടമകൾ സൗജന്യമായി സ്ഥലം വിട്ടുനൽകിയിട്ടുണ്ടെന്നാണ് എംഎൽഎ പറയുന്നത്. ഉള്ളാട്ടിൽ കുഞ്ചാക്കോ എന്ന എംഎൽഎയുടെ സുഹൃത്തിന്റെ ഒഴിഞ്ഞ പറമ്പിലൂടെയാണ് ഇപ്പോൾ പ്രവർത്തി ആരംഭിച്ചത്. ഇനി നിർമ്മാണം തുടരണമെങ്കിൽ ആദ്യം പൊളിച്ചു മാറ്റേണ്ടി വരിക അദ്ധ്യാപക ദമ്പതികളായ മധുസൂദനൻ മേനോന്റെയും ഡോ. കെ ഗീതാകുമാരി അമ്മയുടെയും വീടാണ്. തെക്കൻ കേരളത്തിൽ നിന്നും ജോലി ആവശ്യാർത്ഥം നിലമ്പൂരിലെത്തി ജിവിതമാരംഭിച്ചവരാണ് ഇവർ.

ഗീതാകുമാരി ടീച്ചർ ചുങ്കത്തറ മാർത്തോമ്മ കോളേജിൽ നിന്നും മധുസൂദനൻ മേനോൻ പൂക്കോട്ടുംപാടം സ്‌കൂളിൽ നിന്നും അദ്ധ്യാപക വൃത്തിയിൽ നിന്ന് വിരമിച്ചവരാണ്. ഇവർക്കാകെയുള്ളതാകട്ടെ 10 സെന്റ് സ്ഥലവും അതിലൊരു വീടുമാണ്. റോഡ് നിർമ്മാണം ഈ അലെന്മെന്റ് പ്രകാരം തുടർന്നാൽ ആദ്യം കുടിയിറങ്ങേണ്ടി വരിക ഇവർക്കാണ്. ഈ വാർദ്ധക്യ കാലത്ത് വീട് നഷ്ടമായാൽ തങ്ങളെങ്ങോട്ട് പോകുമെന്നാണ് ഇവർ ചോദിക്കുന്നത്. വികസനത്തിന് തങ്ങൾ എതിരല്ലെന്നും എന്നാൽ ആകെയുള്ള വീടും കിടപ്പാടവും നഷ്ടപ്പെടുത്തിയുള്ള റോഡ് നിർമ്മാണം അനുവദിക്കില്ലെന്നും ഗീതാകുമാരി അമ്മ മറുനാടൻ മലയാളിയോട് പറഞ്ഞു.

എല്ലാ തരത്തിലും വഞ്ചനാപരമായ നിലപാടാണ് അയൽവാസിയായ കുഞ്ചാക്കോയും എംഎൽഎയും തങ്ങളോട് കാണിച്ചിരിക്കുന്നതെന്ന് ഗീതാകുമാരി ടീച്ചർ പറഞ്ഞു. യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് സ്ഥലമളക്കാനായി അവർ വന്നത്. ഞങ്ങളെ അറിയിക്കുകയോ മുൻകൂട്ടി പറയുകയോ ചെയ്തിട്ടില്ല. ഒരു സുപ്രഭാതത്തിൽ വന്ന് ഭീഷണിയുടെ സ്വരത്തിൽ മതിൽ പൊളിച്ച് തരണമെന്നാണ് എംഎൽഎയു സാന്നിദ്ധ്യത്തിൽ അവർ പറഞ്ഞത്. വീട് പൊളിച്ച് റോഡുണ്ടാക്കിയാൽ ഞങ്ങളെങ്ങോട്ട് പോകുമെന്ന് ചോദിച്ചപ്പോൾ അവർ പറഞ്ഞത് ബാക്കി വരുന്ന സ്ഥലത്ത് രണ്ട് കടമുറികളുണ്ടാക്കി അതിൽ നിന്നും കിട്ടുന്ന വാടക വാങ്ങി ജീവിക്കാനാണ്.

എംഎൽഎയുടെ കൂടെ വന്ന സിപിഎം പ്രവർത്തർ ഇത് പറയുമ്പോൾ എംഎൽഎ അത് കേട്ട് നിൽക്കുകയായിരുന്നു. പിന്നീട് അദ്ദേഹം പറഞ്ഞതായി അറിഞ്ഞത് ആര് എതിർത്താലും ഈ വഴി ഞാൻ വാഹനം ഓടിച്ച് പോകുമെന്നാണ്. പഴയ അലൈന്മെന്റ് പ്രകാരം റോഡ് നിർമ്മിച്ചാൽ ആരെയും കുടിയൊഴിപ്പിക്കേണ്ടി വരില്ലെന്നുള്ളപ്പോൾ എന്തിനാണ് ഇത്ര വാശിപിടിച്ച് തങ്ങളെ കുടിയിറക്കുന്നതെന്നും ഗീതാകുമാരി ടീച്ചർ ചോദിക്കുന്നു. സാധാരണ ഗതിയിൽ ഇത്തരത്തിൽ സ്ഥലമേറ്റെടുക്കുമ്പോൾ ചർച്ചയും നഷ്ടപരിഹാരത്തെ കുറിച്ചുള്ള ചർച്ചകളുമെക്കൊയുണ്ടാകും. ഇവിടെ അതൊന്നും നടത്തിയിട്ടില്ല. എല്ലാവരും സഹകരിക്കണം എന്ന് ഭീഷണിയുടെ സ്വരത്തിൽ പറഞ്ഞുപോകുക മാത്രമാണുണ്ടായത്. കുറെയാളുകൾ സൗജന്യമായി സ്ഥലം നൽകുന്നുണ്ടെന്നാണ് ഇതിന് കാരണം പറയുന്നത്. എന്നാൽ. ആരോപണം പി വി അൻവർ നിഷേധിച്ചു. എടക്കരയിലെ ഗതാഗതക്കുരുക്കിന് പരിഹാരമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നാണ് എംഎൽഎയുടെ വിശദീകരണം. ഭൂമികയ്യേറാൻ ശ്രമിക്കുന്നത് തടയണമെന്നാവശ്യപെട്ട് ഗീതാകുമാരി കോടതിയേയും സമീപിച്ചിട്ടുണ്ട്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP