Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഭദ്രകാളിയെ പിശാച് ചോദ്യം ചെയ്യാനുള്ള ശ്രമത്തെ തടയുന്ന വിധി! പൊലീസുകാരി സത്യം പറഞ്ഞാൽ പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ നേതാവും മറ്റ് ഉന്നതരും കുടുങ്ങും; സ്വപ്നയുടെ ഫോൺ സന്ദേശത്തിൽ കേസെടുത്തതിൽ ആകെ കിട്ടിയത് തെരഞ്ഞെടുപ്പു കാലത്തെ രാഷ്ട്രീയ ലാഭം; ഒടുവിൽ സംഭവിച്ചത് ബെഹ്‌റ ഭയപ്പെട്ടതു തന്നെ

ഭദ്രകാളിയെ പിശാച് ചോദ്യം ചെയ്യാനുള്ള ശ്രമത്തെ തടയുന്ന വിധി! പൊലീസുകാരി സത്യം പറഞ്ഞാൽ പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ നേതാവും മറ്റ് ഉന്നതരും കുടുങ്ങും; സ്വപ്നയുടെ ഫോൺ സന്ദേശത്തിൽ കേസെടുത്തതിൽ ആകെ കിട്ടിയത് തെരഞ്ഞെടുപ്പു കാലത്തെ രാഷ്ട്രീയ ലാഭം; ഒടുവിൽ സംഭവിച്ചത് ബെഹ്‌റ ഭയപ്പെട്ടതു തന്നെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ (ഇഡി) കേസെടുക്കാൻ ക്രൈംബ്രാഞ്ചിന് ഉള്ളിൽ ഭയമായിരുന്നു. കോടതി നിലപാട് എതിരായാൽ പണി കിട്ടുമെന്ന വിലയിരുത്തൽ സജീവവുമായിരുന്നു. ഈ കേസിൽ കരുതലോടെയാണ് ഓരോരുത്തരും ഇടപെട്ടത്. ഡിജിപിക്കു പകരം പൊലീസ് ആസ്ഥാനത്തെ 2 മിനിസ്റ്റീരിയൽ ജീവനക്കാരാണു കേസ് എടുക്കാൻ നിർദ്ദേശിക്കുന്ന കത്തിൽ ഒപ്പിട്ടതെന്നതും വിചിത്രമായിരുന്നു. ഇടപാടിൽ ദൂതനായി നിന്ന പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ നേതാവ്, വനിതാ പൊലീസിന്റെ മൊഴിയെടുത്ത സൈബർ സെൽ എസ്‌പി, സ്വപ്നയ്ക്കു ജാമ്യം ഉറപ്പു നൽകിയ ജയിൽ ഉദ്യോഗസ്ഥൻ, ഗൂഢാലോചനയിൽ പങ്കാളികളായ ക്രൈംബ്രാഞ്ച് ഉന്നതർ എന്നിവരെല്ലാം ഈ കേസിൽ കുടുങ്ങാനാണ് സാധ്യത.

ഇത് മനസ്സിലാക്കിയാണ് പുതിയ കേസെടുക്കാനുള്ള ഉത്തരവിൽ ഒപ്പിടുന്നത് ഡിജിപി ലോക്നാഥ് ബെഹ്റ ഒഴിവാക്കിയത്. പൊലീസ് ആസ്ഥാനത്തു ഡിജിപിയുടെ ഫയലുകൾ മാത്രം കൈകാര്യം ചെയ്യുന്ന രഹസ്യ വിഭാഗമായ ടി സെക്ഷനിലെ 2 ജൂനിയർ സൂപ്രണ്ടുമാർ പരാതികളിൽ ഒപ്പിട്ടു ക്രൈംബ്രാഞ്ചിനു കൈമാറിയത് ഈ സാഹചര്യത്തിലായിരുന്നു. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ സ്വപ്നയെ ഭീഷണിപ്പെടുത്തിയെന്ന വനിതാ പൊലീസുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇഡിക്കെതിരെ ആദ്യ കേസ് എടുത്തത്. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ ഇഡി ഉദ്യോഗസ്ഥർ പീഡിപ്പിക്കുന്നതായി സ്വർണക്കടത്തു കേസ് പ്രതി സന്ദീപ് നായർ ജയിലിൽ നിന്നു കത്തെഴുതിയിരുന്നു. അതിനു പിന്നാലെ ഇഡിക്കെതിരെ കണ്ണൂർ സ്വദേശി മറ്റൊരു പരാതി നൽകി. ഈ 2 പരാതികളിലും പ്രാഥമിക അന്വേഷണം നടത്തിയില്ല. പകരം പുതിയ കേസ് എടുക്കാനായിരുന്നു സർക്കാർ നിർദ്ദേശം. ഡിജിപി നിയമോപദേശം തേടിയപ്പോൾ കേസെടുക്കാം എന്നായിരുന്നു പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിന്റെ മറുപടി. തുടർന്ന് അഭിഭാഷകനെ വരുത്തി വിശദ മൊഴിയെടുത്തു. ഓരോ പരാതിയിലും ഓരോ കേസ് എടുക്കാൻ തീരുമാനിച്ചു. ഇതെല്ലാം ഹൈക്കോടതി വിധിയോടെ വെറുതെയായി.

ഈ കേസുകൾ സ്‌റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. പകരം വാദം കേട്ട് വിധി പുറപ്പെടുവിച്ചു. ഇതോടെ തെരഞ്ഞെടുപ്പു കാലത്ത് ഇടതു സർക്കാരിന് തിരിച്ചടിയായി ഈ കേസ് മാറിയില്ല. എന്നാൽ ഈ ഹൈക്കോടതി വിധിയോടെ കേന്ദ്ര ഏജൻസികൾ കൂടുതൽ കരുത്തരായും. സ്വർണ്ണ കടത്തിൽ ഇനി ശ്ക്തമായ നടപടികളും ഉണ്ടാകും. ഭദ്രകാളിയെ പിശാച് ഭയപ്പെടുത്താൻ ശ്രമിക്കുന്നതിന്റെ ഫലമാണ് ഇഡിക്കെതിരായ കേസുകൾ എന്ന് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ അതിശക്തമായ ഇടപെടൽ ഇഡി ഇനി നടത്തും.

നയതന്ത്ര പാഴ്‌സൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടുകൾ അന്വേഷിക്കുന്ന ഇഡിക്കെതിരെ ജുഡീഷ്യൽ അന്വേഷണവും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനെതിരേയും ഇഡി നിയമ പോരാട്ടം നടത്തും. മൊഴി നൽകാൻ തയാറായ 3 വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ രഹസ്യ മൊഴി മജിസ്‌ട്രേട്ട് മുൻപാകെ രേഖപ്പെടുത്തും. നേരത്തെ ഒരു പൊലീസുകാരിയുടെ മൊഴി എടുക്കാനായിരുന്നു നീക്കം ക്രൈംബ്രാഞ്ച് നടത്തിയിരുന്നു. സന്ദീപ് നായരുടെ മൊഴി എടുക്കാനും ശ്രമിച്ചു. ഇതൊന്നും നടന്നില്ല. അതുകൊണ്ട് മൊഴികളിൽ ഇവർ കോടതിയിൽ ഉറച്ചു നിൽക്കുമോ എന്നതാണ് നിർണ്ണായകം. ഭരണമാറ്റം ഉണ്ടായാൽ ഗൂഢാലോചന നടത്തിയവരെല്ലാം വെട്ടിലാകും.

കേസിൽ മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ പ്രതി സ്വപ്ന സുരേഷിനെ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർ നിർബന്ധിക്കുന്നതിനു സാക്ഷികളാണെന്നു 3 വനിതാ പൊലീസ് ഉദ്യോഗസ്ഥർ ക്രൈംബ്രാഞ്ചിനു മൊഴി നൽകിയിരുന്നു. ഇഡി ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ രേഖകൾ ക്രൈംബ്രാഞ്ച് ആരോപണത്തെ ദുർബലപ്പെടുത്തുന്നതായിരുന്നു. ഹൈക്കോടതി നിലപാട് എതിരായാൽ ക്രൈംബ്രാഞ്ചും വെട്ടിലാകും. ഇത് തിരിച്ചറിഞ്ഞാണ് പൊലീസുകാരികളുടെ മൊഴി രേഖപ്പെടുത്താൻ നീക്കം നടത്തിയത്. മൊഴിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് നീങ്ങിയതെന്ന് അവർക്ക് പറഞ്ഞു വയ്ക്കാം. മജിസ്‌ട്രേട്ടിന് മുമ്പിലെ മൊഴിയിൽ സമ്മർദ്ദമുണ്ടെന്ന് പൊലീസുകാരികൾക്ക് പറയാനും കഴിയില്ല. ഇതും പൊളിഞ്ഞു.

ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന സ്വപ്ന സുരേഷിന്റെ ശബ്ദരേഖ പുറത്തുവന്നതിനു ശേഷമാണു കേരള പൊലീസ് ഇഡിക്കെതിരെ തിരിഞ്ഞത്. മുഖ്യമന്ത്രിയടക്കമുള്ളവരെ കേസിൽ പ്രതിചേർക്കാൻ ഇഡി ശ്രമിക്കുന്നതായുള്ള ആരോപണം ശക്തിപ്പെട്ടതോടെ കേന്ദ്ര ഏജൻസികൾക്ക് എതിരായ തുറന്ന യുദ്ധത്തിലേക്കു സംസ്ഥാന സർക്കാരും നീങ്ങി. ജ്യുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചു. ഇത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരിഗണനയിലാണ്. ജ്യുഡീഷ്യൽ കമ്മീഷൻ പ്രഖ്യാപനം വന്നാൽ അതിനെതിരേയും ഇഡി ഹൈക്കോടതിയെ സമീപിക്കാൻ സാധ്യത ഏറെയാണ്. അതുകൊണ്ട് തന്നെ നിയമ പോരാട്ടങ്ങൾ കടുക്കുമെന്ന് ഉറപ്പ്.

ക്രൈംബ്രാഞ്ച് എഫ് ഐ ആറിലെ തീയതികൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.) ഉദ്യോഗസ്ഥര രക്ഷിക്കുമോ എന്ന ചർച്ച സജീവമാണ്. എഫ് ഐ ആറും മറ്റൊരു കോടതി ഉത്തരവും പരിശോധിച്ചാൽ ക്രൈംബ്രാഞ്ചിന്റെ കേസിൽ അസ്വാഭാവികതകളുണ്ടെന്ന് വ്യക്തം. ഈ എഫ് ഐ ആറും ഈ കോടതി ഉത്തരവും മറുനാടൻ പുറത്തു വട്ടിരുന്നു. ഇഡി സ്വപ്നാ സുരേഷിനെ കസ്റ്റഡിയിൽ ചോദ്യംചെയ്തപ്പോൾ സംസ്ഥാന പൊലീസിലെ വനിതാ ഓഫീസറുടെ സാന്നിധ്യം ഇല്ലായിരുന്നെന്നുവെന്ന് വ്യക്തമാക്കുന്ന വിശദാംശങ്ങളാണ് ഇത്. അതുകൊണ്ട് തന്നെ വനിതാ പൊലീസുകാരിയുടെ മൊഴിയിൽ സംശയമുണ്ട്. ഇഡിയുടെ വാദം കോടതി അംഗീകരിച്ചാൽ ക്രൈംബ്രാഞ്ച് പ്രതിക്കൂട്ടിലാകും. വനിതാ പൊലീസുകാരി മൊഴി നിഷേധിച്ചാൽ സ്ഥിതിഗതി വഷളാകും. ഇതുണ്ടാകാതിരിക്കാനാണ് രഹസ്യ മൊഴി എടുക്കാൻ ശ്രമിച്ചത്.

തെരഞ്ഞെടുപ്പിന് ശേഷം സർക്കാർ മാറിയാൽ പൊലീസുകാരിയും സത്യം പറയും എന്ന വിലയിരുത്തൽ ഇഡിക്കുണ്ട്. ഇത് പൊളിക്കാനാണ് മജിസ്ട്രേട്ടിന് മുമ്പിൽ മൊഴി എടുക്കാനുള്ള നീക്കമെന്ന വിലയിരുത്തൽ കേരളാ പൊലീസിലെ ഒരു കൂട്ടർക്കുമുണ്ട്. ഇ.ഡി. ഉദ്യോഗസ്ഥൻ ചോദിച്ച ചോദ്യങ്ങളിൽ കൂടുതലും 'സ്വപ്നയെ ഫോഴ്‌സ് ചെയ്തു മുഖ്യമന്ത്രിയുടെ പേരു പറയിക്കുന്ന തരത്തിൽ' ഉള്ളതായിരുന്നുവെന്നാണു സ്വപ്നയുടെ ബോഡി ഗാർഡായി ഡ്യൂട്ടിചെയ്ത വനിതാ പൊലീസുകാർ ക്രൈംബ്രാഞ്ചിനു മൊഴി നൽകിയത്.

ഓഗസ്റ്റ് 12, 13 തീയതികളിലാണ് ഇ.ഡി. സ്വപ്നയെ കസ്റ്റഡിയിൽ ചോദ്യം ചെയ്തത്. കസ്റ്റഡികാലാവധിക്കു ശേഷം സ്വപ്നയെ കോടതിയിൽ ഹാജരാക്കിയത് ഓഗസ്റ്റ് 14-നാണ്. അന്നാണു ചോദ്യം ചെയ്യലിൽ വനിതാ പൊലീസുകാരുടെ സാന്നിധ്യം കോടതി നിർദ്ദേശിച്ചത്. അതിന് ശേഷം ഇഡി ചോദ്യം ചെയ്തിട്ടേ ഇല്ല. എഫ് ഐ ആറും കോടതി വിധിയും പരിശോധിച്ചാൽ ഇത് വ്യക്തമാണ്. ഓഗസ്റ്റ് 13ന് സ്വപ്നാ സുരേഷിനെ ചോദ്യം ചെയ്തിരുന്നു. അതിൽ മുഖ്യമന്ത്രിയുടെ സെക്രട്ടറിയെ കുറിച്ച് മൊഴി നൽകി. 2018ലെ പ്രളയ സഹായം തേടിയുള്ള ഗൾഫ് യാത്രയെ കുറിച്ചും പറയുന്നു-ഇതേ ഉത്തരവിലാണ് സ്വപ്നയ്ക്ക് ചോദ്യം ചെയ്യുമ്പോൾ വനിതാ ഉദ്യോഗസ്ഥരെ അനുവദിച്ച് കോടതി ഉത്തരവിട്ടത്. എന്നാൽ അതിന് ശേഷം സ്വപ്നയെ ചോദ്യം ചെയ്തില്ലെന്നാണ് ഇഡി ഹൈക്കോടതിയെ അറിയിച്ചത്.

ആദ്യത്തേത് സ്വപ്ന സുരേഷിനെ കോടതിയിൽ ഹാജരാക്കിയപ്പോൾ കോടതിയുടെ വീണ്ടും കസ്റ്റഡി നീട്ടി കൊണ്ടുള്ള ഉത്തരവാണ്. ആ സമയത്താണ് സ്വപ്ന കോടതിയിൽ പറഞ്ഞത് - തന്നെ ചോദ്യം ചെയ്യുമ്പോൾ സ്ത്രീസാന്നിധ്യം ഇല്ല - എന്നുള്ളത്. അതീ ഓർഡറിൽ ഉണ്ട്. അതുകൊണ്ട് തന്നെ മുഖ്യമന്ത്രിക്കെതിരെ തെളിവു നൽകാൻ ഇഡി അന്വേഷണ സംഘം പ്രതി സ്വപ്ന സുരേഷിൽ സമ്മർദം ചെലുത്തിയെന്ന പൊലീസ് ഉദ്യോഗസ്ഥയുടെ ആരോപണം വസ്തുതാ വിരുദ്ധവും രാഷ്ട്രീയപ്രേരിതവുമാണെന്നാണ് ഇഡിയുടെ നിലപാട്. കേരള പൊലീസ് അസോസിയേഷൻ ഭാരവാഹിയായ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് ഇഡിക്കെതിരെ മൊഴി നൽകാൻ രാഷ്ട്രീയ സമ്മർദമുള്ളതായും കേന്ദ്ര രഹസ്യാന്വേഷണ ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP