Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202105Friday

സ്വർണ്ണ കടത്തിലെ ഹവാല ഇടപാടിൽ കിട്ടിയത് നിർണ്ണായക വിവരങ്ങൾ; ബിനീഷ് കോടിയേരിയേയും മന്ത്രി ജലീലിനേയും രണ്ടാം ഘട്ട ചോദ്യം ചെയ്യലിന് വിളിപ്പിക്കാനുള്ള തയ്യാറെടുപ്പുകൾക്കിടെ അസിസ്റ്റന്റ് എൻഫോഴ്സ്മെന്റ് ഓഫീസർക്ക് കോവിഡ്; ഓഫീസിലെ ഉദ്യോഗസ്ഥരും ഡ്രൈവർമാരും സെക്യൂരിറ്റി ജീവനക്കാരും ക്വാറന്റീനിൽ; സ്വർണക്കടത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം താൽകാലികമായി നിലച്ചതിന് പിന്നിലും കോവിഡ്

സ്വർണ്ണ കടത്തിലെ ഹവാല ഇടപാടിൽ കിട്ടിയത് നിർണ്ണായക വിവരങ്ങൾ; ബിനീഷ് കോടിയേരിയേയും മന്ത്രി ജലീലിനേയും രണ്ടാം ഘട്ട ചോദ്യം ചെയ്യലിന് വിളിപ്പിക്കാനുള്ള തയ്യാറെടുപ്പുകൾക്കിടെ അസിസ്റ്റന്റ് എൻഫോഴ്സ്മെന്റ് ഓഫീസർക്ക് കോവിഡ്; ഓഫീസിലെ ഉദ്യോഗസ്ഥരും ഡ്രൈവർമാരും സെക്യൂരിറ്റി ജീവനക്കാരും ക്വാറന്റീനിൽ; സ്വർണക്കടത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം താൽകാലികമായി നിലച്ചതിന് പിന്നിലും കോവിഡ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സ്വർണക്കടത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) അന്വേഷണം നിലച്ചു. കോവിഡാണ് വില്ലനാകുന്നത്. അന്വേഷണസംഘത്തിലെ അസിസ്റ്റന്റ് എൻഫോഴ്സ്മെന്റ് ഓഫീസർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്നാണിത്. ഇതോടെ ഓഫീസിലെ ഉദ്യോഗസ്ഥരും ഡ്രൈവർമാരും സെക്യൂരിറ്റി ജീവനക്കാരും ക്വാറന്റീനിൽ പോയി. മുഖ്യപ്രതി കെ.ടി. റമീസിനെ ചോദ്യംചെയ്യാൻ തയ്യാറെടുക്കവേയാണ് അന്വേഷണം മുടങ്ങിയത്. ലൈഫ് മിഷനിലെ പരിശോധനകളും ഇതോടെ പാളും.

കൊച്ചി ഓഫീസ് പൂട്ടിയിടുകയും അണുനശീകരണം നടത്തുകയും ചെയ്തു. മുഴുവൻ ജീവനക്കാർക്കും കോവിഡ് പരിശോധന നടത്തി. ഫലം നെഗറ്റീവാണ്. എന്നുവരെയാണ് ഓഫീസ് പൂട്ടിയിടുകയെന്നും ക്വാറന്റീനെന്നും വ്യക്തമല്ല. ഉദ്യോഗസ്ഥന് വെള്ളിയാഴ്ച ഓഫീസിൽനിന്ന് എത്തി രാത്രി ശക്തമായ പനി അനുഭവപ്പെട്ടു. ഞായറാഴ്ച ടെസ്റ്റ് നടത്തി തിങ്കളാഴ്ച പോസിറ്റീവാണെന്നു സ്ഥിരീകരിച്ചു. ഈ ഉദ്യോഗസ്ഥൻ ഒറ്റയ്ക്കാണ് താമസം. ഭക്ഷണമെല്ലാം പുറമേനിന്നു വരുത്തിയാണു കഴിക്കുന്നത്.

ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ച വിവരം ഔദ്യോഗികമായി കളക്ടറേറ്റിൽനിന്ന് ഇ.ഡി.യെ അറിയിച്ചില്ല. കോവിഡ് ടെസ്റ്റ് നടത്തിയ സ്വകാര്യലാബിൽ പരിശോധനാ ഫലത്തിനായി വിളിച്ചപ്പോൾ കളക്ടറേറ്റിലേക്കു കൊടുത്തു, അവിടെനിന്ന് അറിയിക്കും എന്നുപറഞ്ഞു. എന്നാൽ, ഉദ്യോഗസ്ഥനെമാത്രം അറിയിക്കുകയും മുറിയിൽത്തന്നെ ഇരിക്കണമെന്നു നിർദേശിക്കുകയുമാണ് ആരോഗ്യവകുപ്പ് ചെയ്തത്. ഉദ്യോഗസ്ഥനിൽനിന്ന് അറിഞ്ഞയുടനെ ഇ.ഡി. ഉന്നതാധികൃതർ ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ ആവശ്യപ്പെടുകയും ഓഫീസ് അടച്ചിടാൻ തീരുമാനിക്കുകയുമായിരുന്നു.

ഇ.ഡി. ചോദ്യംചെയ്തവരും ക്വാറന്റീനിൽ പോകണോ എന്നതിൽ വ്യക്തതവന്നിട്ടില്ല. ഈ മാസം 9, 10, 11 തീയതികളിലായാണ് ബിനീഷ് കോടിയേരി, മന്ത്രി കെ.ടി. ജലീൽ എന്നിവരെ ഇ.ഡി. ചോദ്യംചെയ്തത്. കേസുമായി ബന്ധപ്പെട്ട മറ്റു ചിലരെക്കൂടി അടുത്ത ദിവസങ്ങളിൽ ചോദ്യംചെയ്തിരുന്നു.

മന്ത്രി കെ.ടി. ജലീലിനെ കേന്ദ്ര ഏജൻസികളിൽ ആദ്യം ചോദ്യംചെയ്തത് ഇ.ഡിയായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്കും മണിക്കൂറുകളോളം ഇ.ഡിക്കു മുന്നിൽ മറുപടി പറയേണ്ടിവന്നു. എൻ.ഐ.എക്കും കസ്റ്റംസിനും സുപ്രധാനനീക്കങ്ങൾ നടത്താനാവാതിരിക്കുമ്പോഴാണ് ഇ.ഡി ഇരുവരെയും ചോദ്യംചെയ്തത്. ഇതിനു പിന്നാലെ മന്ത്രി ജലീലിനെ എൻ.ഐ.എയും ചോദ്യംചെയ്തു.

സ്വർണക്കടത്തിനു പിന്നിലെ ഹവാല ഇടപാടുകളെക്കുറിച്ച് ഇ.ഡിക്ക് സുപ്രധാനമായ വിവരങ്ങൾ ലഭിച്ചിരുന്നു. ഇതിനെക്കുറിച്ചു വ്യക്തത തേടിയാണ് ജലീലിനെയും ബിനീഷിനെയും പ്രാഥമികമായി ചോദ്യംചെയ്തത്. രണ്ടാംഘട്ട ചോദ്യംചെയ്യലിനു തയ്യാറെടുക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥർക്ക് കോവിഡ് ബാധിച്ചത്. എൻ.ഐ.എയുടെ കസ്റ്റഡിയിലുള്ള സ്വപ്ന സുരേഷിനെ ചോദ്യംചെയ്യുന്നത് തുടരുകയാണ്.

ലാപ്‌ടോപ്പ്, മൊബൈൽഫോൺ എന്നിവയിൽനിന്ന് സ്വപ്ന മായ്ച്ചുകളഞ്ഞ വിവരങ്ങൾ അന്വേഷണസംഘം വീണ്ടെടുത്തതോടെയാണ് രണ്ടാംഘട്ട ചോദ്യംചെയ്യൽ. നേരത്തെ നൽകിയ മൊഴികളിൽ പലതും കളവാണെന്നും ഉന്നതരുടെ പേരുകൾ മറച്ചുവച്ചതായും എൻ.ഐ.എ കണ്ടെത്തി. തിരികെലഭിച്ച ഡിജിറ്റൽ തെളിവുകൾ ആധാരമാക്കിയാണ് നാലുദിവസത്തെ ചോദ്യം ചെയ്യൽ. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP