Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202124Sunday

ഡൗൺടൗൺ പദ്ധതി പൊടിതട്ടിയെടുത്തത് അഴിമതിക്കോ? ഇ മൊബിലിറ്റി ആരോപണങ്ങളിലും കഴമ്പുണ്ടെന്ന വിലയിരുത്തൽ; കെ ഫോൺ പദ്ധതിയിലും തട്ടിപ്പുകളുടെ ചതിക്കുഴികൾ; സ്മാർട്ട് സിറ്റിയിൽ ദുബായ് ഹോൾഡിംങിനെ സർക്കാരുമായി ബന്ധിപ്പിച്ച കണ്ണി സ്വപ്‌നയും; ശിവശങ്കര ഇടപെടൽ സംശയത്തിൽ പിണറായി സർക്കാരിന്റെ നാല് പദ്ധതികളിൽ അന്വേണത്തിന് ഇഡി; ഇനി കേൾക്കാനിരിക്കുന്നത് കുംഭകോണ വാർത്തകളോ?

ഡൗൺടൗൺ പദ്ധതി പൊടിതട്ടിയെടുത്തത് അഴിമതിക്കോ? ഇ മൊബിലിറ്റി ആരോപണങ്ങളിലും കഴമ്പുണ്ടെന്ന വിലയിരുത്തൽ; കെ ഫോൺ പദ്ധതിയിലും തട്ടിപ്പുകളുടെ ചതിക്കുഴികൾ; സ്മാർട്ട് സിറ്റിയിൽ ദുബായ് ഹോൾഡിംങിനെ സർക്കാരുമായി ബന്ധിപ്പിച്ച കണ്ണി സ്വപ്‌നയും; ശിവശങ്കര ഇടപെടൽ സംശയത്തിൽ പിണറായി സർക്കാരിന്റെ നാല് പദ്ധതികളിൽ അന്വേണത്തിന് ഇഡി; ഇനി കേൾക്കാനിരിക്കുന്നത് കുംഭകോണ വാർത്തകളോ?

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സംസ്ഥാന സർക്കാരിന്റെ നാല് പ്രധാനപ്പെട്ട പദ്ധതികളിലേക്കും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം. ഡൗൺടൗൺ, കെ ഫോൺ, ഇ മൊബിലിറ്റി, സ്മാർട്ട് സിറ്റി എന്നീ പദ്ധതികളെ കുറിച്ചാണ് ഇ.ഡി.അന്വേഷിക്കുക. പദ്ധതികളുടെ വിശദാംശങ്ങൾ ചോദിച്ച് നൽകിയ കത്തിൽ സംസ്ഥാന സർക്കാരിന്റെ മറുപടിക്കനുസൃതമായിട്ടായിരിക്കും ഇ.ഡിയുടെ തുടർനടപടി.

സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായി മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ മുൻകൈയെടുത്ത് നടപ്പാക്കിയ പദ്ധതികളാണ് അന്വേഷണം. പദ്ധതികളുടെ വിശദാംശങ്ങൾ ആരാഞ്ഞ് ചീഫ് സെക്രട്ടറിക്ക് എൻഫോഴ്സ്മെന്റ് കത്തയച്ചു. പദ്ധതികളുടെ ധാരണാപത്രം, ഭൂമി ഏറ്റെടുത്തതിന്റെ വിശദാംശങ്ങൾ എന്നിവയാണ് തേടിയത്. വൻ അഴിമതി ഇക്കാര്യത്തിൽ നടന്നുവെന്നാണ് വിലയിരുത്തൽ.

ശിവശങ്കർ മേൽനോട്ടം വഹിച്ച ലൈഫ്മിഷനുമായി ബന്ധപ്പെട്ട വിശദാംശങ്ങളും നേരത്തെ ഇ.ഡി.തേടിയിരുന്നു. ഇതിന് പിന്നാലെയാണ് മറ്റു പദ്ധതികളിലേക്കും ഇ.ഡി.അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്. കസ്റ്റഡിയിലുള്ള എം.ശിവശങ്കറിനെ കഴിഞ്ഞ നാല് ദിവസങ്ങളിലായി ഇ.ഡി.ചോദ്യം ചെയ്തുവരികയാണ്. ശിവശങ്കറിന്റെ സ്വത്ത് വിവരങ്ങൾ സംബന്ധിച്ച അന്വേഷണവും ഇ.ഡി.വിപുലമാക്കിയിട്ടുണ്ട്. നാഗർകോവിലിലെ കാറ്റാടിപാടത്തിൽ ശിവശങ്കറിന് നിക്ഷേപം ഉണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

ഡൗൺ ടൗൺ പദ്ധതി

2012-ൽ എമർജിങ് കേരളയിലാണ് ഡൗൺ ടൗൺ പദ്ധതി അവതരിപ്പിച്ചത്. കഴിഞ്ഞ സർക്കാരിന്റെ കാലത്തുതന്നെ പണിപൂർത്തിയാക്കുമെന്നു പറഞ്ഞിരുന്നെങ്കിലും കരാറിനപ്പുറം മുന്നോട്ട് നീങ്ങിയിരുന്നില്ല. ഏകദേശം ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലെത്തിയ 13,000 കോടി രൂപയുടെ പദ്ധതിയാണ് ശിവശങ്കർ മുൻകൈയെടുത്ത് തിരിച്ചു കൊണ്ടു വന്നത്. ഐ.ടി.യോടൊപ്പം വിനോദകേന്ദ്രം കൂടിയുള്ള പദ്ധതിയാണ് ഡൗൺ ടൗൺ. തിരുവനന്തപുരം ടെക്നോപാർക്ക് മൂന്നാംഘട്ടത്തിലെ പ്രത്യേക സാമ്പത്തിക മേഖലയുൾപ്പെടെയുള്ള സ്ഥലമാണ് ഇതിനായി മാറ്റിവെച്ചിട്ടുള്ളത്. ഈ പദ്ധതിയിലാണ് അന്വേഷണം.

ടെക്നോപാർക്കിനുള്ളിൽ അദ്യത്തെ വിനോദമേഖലയാണ് ഡൗൺ ടൗൺ പദ്ധതിയുടെ ഭാഗമായി വരുന്നത്. ഷോപ്പിങ് മാൾ, 200 മുറികളുള്ള പഞ്ചനക്ഷത്ര ഹോട്ടൽ, 1,500 പേർക്ക് ഇരിക്കാവുന്ന കൺവെൻഷൻ സെന്റർ, എന്നിവയെല്ലാം പദ്ധതിയുടെ ഭാഗമായി നിർമ്മിക്കും. ടോറസിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാകും വിനോദമേഖല ഒരുക്കുന്നത്. ഐ.ടി. മേഖലയുടെ നിർമ്മാണത്തിനൊപ്പം തന്നെ ഇതും ആരംഭിക്കും.
450 കോടിയോളം രൂപ ചെലവിലാണ് 9.7 ഏക്കറിൽ വിനോദമേഖല നിർമ്മിക്കുന്നത്. ടെക്നോപാർക്കിന്റെ മുഖം മാറ്റുന്നതാണ് ഈ പദ്ധതി. ഇതിന് പിന്നിൽ റിയൽ എസ്റ്റേറ്റ് താൽപ്പര്യമുണ്ടെന്നാണ് കണ്ടെത്തൽ.

ഇ മൊബിലിറ്റിൽ പരിശോധിക്കുക ചെന്നിത്തലയുടെ ആരോപണങ്ങൾ

4,500 കോടിയുടെ ഇ മൊബിലിറ്റി പദ്ധതി, സെബിയുടെ നിരോധനം നിലനിൽക്കുന്ന വിദേശ കമ്പനിക്ക് നൽകിയത് ചട്ടങ്ങളും നിയമങ്ങളും കാറ്റിൽ പറത്തിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. ഇ-മൊബിലിറ്റി പദ്ധതിയുടെ ഭാഗമായി ഇലക്ട്രിക് ബസുകൾ വാങ്ങാനുള്ള സംസ്ഥാനസർക്കാരിന്റെ പദ്ധതിക്ക് കൺസൾട്ടൻസി നൽകിയതിൽ വലിയ ക്രമക്കേട് നടന്നതായി ചെന്നിത്തല ആരോപിച്ചു. നിരവധി ആരോപണങ്ങളും നിയമനടപടികളും നേരിടുന്ന വിദേശ കമ്പനിക്ക് കരാർ നൽകിയത് ചട്ടങ്ങൾ പാലിക്കാതെയാണെന്നും ചെന്നിത്തല ആരോപിച്ചു.

4,500 കോടിയുടെ ഇ മൊബിലിറ്റി പദ്ധതി, സെബിയുടെ നിരോധനം നിലനിൽക്കുന്ന വിദേശ കമ്പനിക്ക് നൽകിയത് ചട്ടങ്ങളും നിയമങ്ങളും കാറ്റിൽ പറത്തിയാണ്ു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ലണ്ടൻ ആസ്ഥാനമായ പ്രൈസ് വാട്ടർ ഹൗസ് കൂപ്പർ എന്ന കമ്പനിക്ക് കരാർ നൽകാൻ തീരുമാനമായത്. നിരവധി അഴിമതി ആരോപണങ്ങളും സെബിയുടെ നിരോധനവും നേരിടുന്ന കമ്പനിയോട് മുഖ്യമന്ത്രിക്ക് എന്താണ് താൽപര്യമെന്നും ചെന്നിത്തല ചോദിച്ചു. ഒമ്പത് കേസുകൾ ഈ കമ്പനി നേരിടുന്നുണ്ട്. സെബി ഈ കമ്പനിയെ രണ്ടുവർഷത്തേയ്ക്ക് നിരോധിച്ചിട്ടുണ്ട്. ഇത്തരമൊരു കമ്പനിക്ക് കരാർ നൽകിയത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

കെ.പി.എം.ജി ഉൾപ്പെടെ പിണറായി സർക്കാർ കരാർ നൽകിയതിൽ കോടികളുടെ അഴിമതി നടന്നിട്ടുണ്ട്. കൊവിഡിന്റെ മറവിൽ വ്യാപക അഴിമതിയാണ് നടക്കുന്നതെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. 4500 കോടി രൂപ മുടക്കി 3000 ഇലക്ട്രിക് ബസുകൾക്കായുള്ള ഇ മൊബിലിറ്റി പദ്ധതിയുടെ കരാറാണ് ലണ്ടൻ ആസ്ഥാനമായ പ്രൈസ് വാട്ടർ ഹൗസ് കൂപ്പർ എന്ന കമ്പനിക്ക് സർക്കാർ നൽകിയത്. സെബിയുടെ നിരോധനം നേരിടുന്ന കമ്പനിയെ കൺസൾട്ടന്റായി നിയമിച്ചത് എന്തിന്റെ അടിസ്ഥാനത്തിലാണ്. സത്യം കുംഭകോണം, നികുതിവെട്ടിപ്പ് ഉൾപ്പെടെ 9 കേസുകൾ നേരിടുന്ന കമ്പനിയാണിത്, ചെന്നിത്തല പറഞ്ഞു.

2018 മാർച്ച് 31ന് രണ്ട് വർഷത്തേക്ക് പ്രൈസ് വാട്ടർ ഹൗസ് കൂപ്പറിനെ സെബി നിരോധിച്ചിരുന്നു. ഇതൊന്നും കണക്കിലെടുക്കാതെ പിണറായി ഗവൺമെന്റ് ഈ കമ്പനിക്ക് കരാർ നൽകുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾ ജസ്റ്റിസ് എ.പി ഷായുടെ നേതൃത്വത്തിലുള്ള വിസിൽ ബ്ലോവേഴ്‌സ് ഫോറം മുഖ്യമന്ത്രി പിണറായി വിജയന് കത്ത് അയച്ചിരുന്നു. ഈ കമ്പനിയെ പദ്ധതികളിൽ ഉൾപ്പെടുത്തരുതെന്ന് കാട്ടി കേന്ദ്രത്തിനും കത്തയച്ചിരുന്നു. നിരവധി പദ്ധതികൾ നിരോധനം നേരിടുന്ന കമ്പനിക്ക് കേരള സർക്കാർ നൽകി എന്നതുകൊണ്ടാണ് ജസ്റ്റിസ് എ.പി ഷാ കത്തയച്ചത്. ഇക്കാര്യങ്ങൾ നിലനിൽക്കെയാണ് നിരോധിച്ച കമ്പനിക്ക് കൺസൾട്ടൻസി കൊടുക്കാനുള്ള തീരുമാനം സർക്കാർ സ്വീകരിച്ചത്. ഈ ബഹുരാഷ്ട്ര കമ്പനിക്ക് കരാർ നൽകിയത് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയാണ്.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പദ്ധതിയുടെ കരാർ പ്രൈസ് വാട്ടർ ഹൗസ് കൂപ്പറിന് നൽകാൻ തീരുമാനിച്ചത്. ക്യാബിനറ്റ് ചർച്ച ചെയ്യാതെ എടുത്ത തീരുമാനം ദുരൂഹമാണ്. മുഖ്യമന്ത്രി നേരിട്ടാണ് ഈ കരാറിന് മുൻകൈയെടുത്തത്. ഗതാഗത മന്ത്രി ഇക്കാര്യം സംബന്ധിച്ച് അറിഞ്ഞിരുന്നോ എന്നത് വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കരാറിന്റെ വിശദാംശങ്ങൾ അറിയുമ്പോൾ മാത്രമേ അഴിമതിയുടെ വ്യാപ്തി മനസിലാകൂവെന്നും അദ്ദേഹം പറഞ്ഞു. ചട്ടങ്ങളും നിയമങ്ങളും പൂർണമായും ലംഘിച്ച് നടത്തിയ കരാർ അടിയന്തരമായി റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

കെ ഫോണിലും ശിവശങ്കര ഇടപെടൽ

സംസ്ഥാനത്ത് അതിവേഗ കണക്ടിവിറ്റിയുമായി കെ ഫോൺ ഡിസംബറിൽ യാഥാർഥ്യമാകുമെന്ന പ്രഖ്യാപനവുമായി കെ.എസ്.ഇ.ബി. രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇതും ഇഡി പരിശോധിക്കുന്നത്. സംസ്ഥാനത്തെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ച്ചർ ശക്തവും കാര്യക്ഷമവും ആക്കുന്നതിന് സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച പദ്ധതിയാണ് കെഫോൺ. സുശക്തമായ ഒപ്റ്റിക്കൽ ഫൈബർ ശൃംഖല സംസ്ഥാനത്താകെ സ്ഥാപിക്കുന്ന പദ്ധതിയിലൂടെ അതിവേഗ ഇന്റർനെറ്റ് കണക്ഷൻ വീടുകളിലും, 30,000 ത്തോളം ഓഫീസുകളിലും നൽകുമെന്നും കെ.എസ്.ഇ.ബി വ്യക്തമാക്കുന്നു.

പദ്ധതിവഴി സംസ്ഥാനത്തെ 20 ലക്ഷത്തോളം വരുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഭവനങ്ങളിലേക്ക് സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിൽ ഇന്റർനെറ്റ് ലഭ്യമാക്കാൻ സഹായകമാകും. സംസ്ഥാന സർക്കാരിന്റെയും മറ്റ് സ്വകാര്യ ടെലികോം സർവ്വീസ് പ്രൊവൈഡറിന്റെയും നിലവിലുള്ള ബാന്റ് വിഡ്ത്ത് പരിശോധിച്ച് അതിന്റെ അപര്യാപ്തത മനസ്സിലാക്കുകയും അത് പരിഹരിച്ച് ഭാവിയിലേക്ക് ആവശ്യമായ ബാന്റ് വിഡ്ത്ത് സജ്ജമാക്കുന്ന രീതിയിലാണ് ഈ പദ്ധതി വിഭാവനം ചെയ്തിട്ടുള്ളതെന്നും കെ.എസ്.ഇ.ബി പറയുന്നു. ഈ പദ്ധതിക്ക് പിന്നിലും ശിവശങ്കർ ആണെന്നാണ് ഉയരുന്ന ആരോപണം.

കെ.എസ്.ഇ.ബി-യും കെ.എസ്‌ഐ.റ്റി.ഐ.എൽ-ഉം ചേർന്നുള്ള സംയുക്ത സംരംഭം കെഫോൺ ലിമിറ്റഡ് വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. സമയബന്ധിതമായി പദ്ധതി തുടങ്ങുന്നതിനാവശ്യമായ പഠനവും ടെൻഡർ നടപടികളും പൂർത്തീകരിക്കുകയും, പദ്ധതിയുടെ നടത്തിപ്പിനായി ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ് നേത്യത്വം നൽകുന്ന കൺസോഷ്യത്തിന് കരാർ നൽകുകയും ചെയ്തിട്ടുണ്ട്. ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ്, റെയിൽടെൽ, എൽ.എസ്.കേബിൾ, എസ്.ആർ.ഐ.റ്റിഎന്നീ കമ്പനികളാണ് പ്രസ്തുത കൺസോഷ്യത്തിൽ ഉൾപ്പെട്ടിട്ടുള്ളത്.

സ്മാർട്ട് സിറ്റിയിലും സ്വപ്ന

ദുബായ് ഹോൾഡിംങിനെ സർക്കാരുമായി ബന്ധിപ്പിക്കാനുള്ള കണ്ണിയായത് സ്വപ്ന സുരേഷാണെന്ന് ശിവശങ്കർ മൊഴി നൽകിയിരുന്നു. സ്വപ്ന സുരേഷാണ് സർക്കാരിന്റെ മുഖം രക്ഷിച്ചതെന്നും മൊഴി. ഈ സാഹചര്യത്തിലാണ് ഇത് പരിശോധിക്കുന്നത്. എൻഫോഴ്സ്മെന്റ് എം ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ശിവശങ്കറിന് വിദേശ നിക്ഷേപമെന്ന് ഇഡിക്ക് സംശയമുണ്ട്. അവസാന തവണ സ്വർണം പിടിച്ചപ്പോൾ ശിവശങ്കർ ഉദ്യോഗസ്ഥരെ വിളിക്കാതെ ഇരുന്നത് ബോധപൂർവ്വമെന്നാണ് ഇഡിയുടെ വിലയിരുത്തൽ. സ്വപ്ന കടത്തിയ ഡോളർ ശിവശങ്കറിന്റെ പണമോയെന്നും അന്വേഷണ ഏജൻസിക്ക് സംശയമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP