Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202027Friday

സാധാരണക്കാർ അന്തംവിട്ടുനിൽക്കുമ്പോൾ റവന്യൂ വരുമാനത്തിന്റെ മുക്കാലും വെറും മൂന്നു ശതമാനം വരുന്ന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും; പൊതുകടവും പലിശയും പെരുകുമ്പോഴും വീണ്ടും ശമ്പള കമ്മീഷനെ വച്ച് 'ജനകീയ സർക്കാർ'; മുണ്ടുമുറുക്കി ഉടുക്കാൻ ഉപദേശിക്കുന്നവർ തന്നെ ധൂർത്തും കൊള്ളയും; നികുതിപ്പണം അടിച്ചുമാറ്റുമ്പോൾ ആരാണ് മുണ്ടുമുറുക്കേണ്ടത്? തോമസ് ഐസക് അറിയാൻ: സോഷ്യൽ മീഡിയയിലെ ഹോട്ട് ഡിബേറ്റ്

സാധാരണക്കാർ അന്തംവിട്ടുനിൽക്കുമ്പോൾ റവന്യൂ വരുമാനത്തിന്റെ മുക്കാലും വെറും മൂന്നു ശതമാനം വരുന്ന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും; പൊതുകടവും പലിശയും പെരുകുമ്പോഴും വീണ്ടും ശമ്പള കമ്മീഷനെ വച്ച് 'ജനകീയ സർക്കാർ'; മുണ്ടുമുറുക്കി ഉടുക്കാൻ ഉപദേശിക്കുന്നവർ തന്നെ ധൂർത്തും കൊള്ളയും; നികുതിപ്പണം അടിച്ചുമാറ്റുമ്പോൾ ആരാണ് മുണ്ടുമുറുക്കേണ്ടത്? തോമസ് ഐസക് അറിയാൻ: സോഷ്യൽ മീഡിയയിലെ ഹോട്ട് ഡിബേറ്റ്

എം മനോജ് കുമാർ

തിരുവനന്തപുരം: ലോക്ക് ഡൗൺ കാലത്ത് കേരളത്തിന്റെ സാമ്പത്തിക മേഖലയിൽ പടരുന്നത് അശാന്തിയുടെ കരിമേഘങ്ങൾ. റവന്യൂ വരുമാനത്തിന്റെ അമ്പത് ശതമാനത്തിലധികവും സർക്കാർ ചെലവിടുന്നത് ശമ്പളത്തിനും പെൻഷനുമായി. റവന്യു വരുമാനത്തിന്റെ 33.94% തുക ശമ്പളവും 20.47% തുക പെൻഷനുമായാണ് ചിലവഴിക്കുന്നത്. ഇതിന്നിടയിലാണ് റിസർവ് ബാങ്കിലെ കടംപത്രങ്ങൾ അടക്കമുള്ള പൊതു കടങ്ങൾക്ക് സർക്കാർ നൽകുന്ന പലിശ. പതിനേഴ് ശതമാനത്തോളം പലിശയായി മാത്രം നൽകേണ്ടി വരും. ഇതോടെ റവന്യൂ വരുമാനത്തിന്റെ എഴുപത് ശതമാനത്തോളം ഈയിനത്തിൽ ചെലവിടേണ്ടി വരും. സാലറി ചാലഞ്ച് നടപ്പിലാക്കാൻ ഓർഡിനൻസ് ഇറക്കി ഗവർണറെക്കൊണ്ട് ഒപ്പിടുവിച്ച് സർക്കാർ താത്കാലിക ആശ്വാസം നേടിയപ്പോൾ സോഷ്യൽ മീഡിയയിൽ കൊഴുക്കുന്നത് സംസ്ഥാനത്തിന്റെ ധനസ്ഥിതി ചൂണ്ടിക്കാട്ടിയുള്ള ചർച്ചകളാണ്. സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും വെട്ടിക്കുറയ്ക്കണമെന്ന പി.സി.ജോർജിന്റെ ആവശ്യം വിവാദങ്ങളിൽ കുടുങ്ങിയപ്പോൾ ഈ വിവാദം അതേപടി സോഷ്യൽ മീഡിയകൾ ഏറ്റെടുക്കുന്നതാണ് പിന്നീട് കണ്ടത്.

അഞ്ചു ലക്ഷത്തിലധികം സർക്കാർ ജീവനക്കാരുണ്ട്. മൂന്നു ലക്ഷത്തോളം പെൻഷൻകാരുമുണ്ട്. സംസ്ഥാനത്തിന്റെ റവന്യൂ വരുമാനത്തിന്റെ അമ്പത് ശതമാനത്തിലേറെ തുക സർക്കാർ ജീവനക്കാർക്ക് വേണ്ടി മാത്രം നീക്കിവയ്ക്കപ്പെടുകയാണ്. ശമ്പള ഇനത്തിൽ വരുന്ന ചെലവ് താങ്ങാൻ കഴിയാതെ വരുമ്പോഴാണ് റവന്യൂ കമ്മി നികത്താൻ റിസർവ് ബാങ്കിൽ നിന്നും കടപ്പത്രം വഴി വായ്പയെടുക്കുന്നത്. വലിയ പലിശയാണ് സർക്കാർ ഇതിനായി ചെലവിടുന്നത്. അതുകൊണ്ട് തന്നെ പൊതുകടത്തിന്റെ പലിശ ഇനത്തിൽ നൽകേണ്ടി വരുന്ന 17 ശതമാനത്തിനും സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനുമായി ബന്ധവുമുണ്ട്. സർക്കാർ ജീവനക്കാരുടെ ശമ്പളച്ചെലവ് മാസം 2450 കോടി രൂപയാണ്. പെൻഷൻ വിതരണത്തിനായി മറ്റൊരു 1450 കോടി രൂപ വേണം. എന്നാൽ നിലവിൽ കേരളത്തിന്റെ ട്രഷറി ബാലൻസ് ആയിരം കോടി രൂപയിൽ താഴെയാണ്. വരുമാനം പൂർണമായി നിലച്ച അവസ്ഥയിൽ സർക്കാർ ജീവനക്കാരുടെ ശമ്പളവുമായി ബന്ധപ്പെട്ടു ചൂടുപിടിച്ച ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടന്നുവരുന്നത്.

മൂന്നു കോടിയിലേറെ ജനങ്ങൾ ഉള്ളതിൽ 2.7 ശതമാനം മാത്രമാണ് സർക്കാർ ജീവനക്കാർ. റവന്യൂ വരുമാനത്തിന്റെ പകുതിയിലധികവും സർക്കാർ ജീവനക്കാർക്ക് മാത്രം തീറെഴുതേണ്ടി വരുന്ന അവസ്ഥയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. . ശമ്പളം, പെൻഷൻ എന്നിവയ്ക്ക് വേണ്ടി റവന്യൂ വരുമാനത്തിന്റെ 29 ശതമാനമാണ് കർണാടക ചെലവിടുന്നത്. ആന്ധ്ര 37 ശതമാനവും. വരുമാനത്തിന്റെ സിംഹഭാഗവും ശമ്പളവും പെൻഷനും കൊടുക്കാൻ വേണ്ടി മാത്രം ചിലവഴിക്കുന്നതുകൊണ്ട്, വികസനപ്രവർത്തനങ്ങൾ അടക്കമുള്ള മറ്റ് ചെലവ് നടത്താൻ കേരളസർക്കാരിന് വൻതുക കടം വാങ്ങേണ്ടി വരുന്നു. മുന്നോട്ട് ഈ കടം കൂടിവരിക തന്നെ ചെയ്യും. ഇപ്പോൾ തന്നെ കേരളം ഒരിക്കലും രക്ഷപെടാനാവാത്ത കടക്കെണിയിൽ വീണു കഴിഞ്ഞു. ഇതാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സന്ദേശങ്ങളിൽ ഒന്ന്.

പതിനൊന്നാം ശമ്പള കമ്മിഷൻ ശുപാർശകൾ ഇനി വീണ്ടും നടപ്പാക്കപ്പെടാൻ പോവുകയാണ്. അഞ്ചു വർഷത്തിലൊരിക്കലാണ് ശമ്പള പരിഷ്‌ക്കരണം കേരളത്തിൽ നടപ്പിലാക്കുന്നത്. കേന്ദ്രത്തിൽ പത്ത് വർഷത്തിലൊരിക്കൽ ആണെങ്കിൽ കേരളത്തിൽ അഞ്ചു വർഷത്തിലൊരിക്കലാണ്. കെ.മോഹൻദാസാണ് ശമ്പള പരിഷ്‌ക്കരണ കമ്മിഷൻ ചെയർമാൻ. അദ്ദേഹം പരിഷ്‌ക്കരണ നടപടികളുമായി മുന്നോട്ടു പോകുകയാണ്. കുറഞ്ഞ ശമ്പളം അടിയന്തിരമായി പരിഷ്‌ക്കരിക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം വന്നിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ശമ്പളകമ്മിഷനും സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനുമെതിരെ സോഷ്യൽ മീഡിയയിൽ ശബ്ദം ഉയരുന്നത്.

നികുതി നൽകുന്ന എല്ലാവർക്കും ഒരുപോലെ അവകാശമുള്ള വരുമാനം 3 ശതമാനത്തിൽ താഴെയുള്ളവരുടെ കൈകളിൽ മാത്രം ഒതുങ്ങുകയാണ്. ഇതാണ് സോഷ്യൽ മീഡിയകൾ ഓർമ്മിപ്പിക്കുന്നത്. ലോക്ക് ഡൗൺ കാലത്ത് വരുമാനം പൂർണമായി നിലച്ചതോടെയാണ് സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ കൈവയ്‌ക്കേണ്ട അവസ്ഥ സർക്കാരിനു വന്നത്. റവന്യൂ കമ്മിയും ധനകമ്മിയുമുണ്ട്. റവന്യൂ വരുമാനത്തെക്കാൾ കൂടുതലാകും റവന്യൂ ചെലവ്. ശമ്പളവും പെൻഷനും മറ്റും ഇതിൽ വരുന്നതാണ്. ഈ ചെലവ് നികത്താൻ വേണ്ടിയാണ് സംസ്ഥാനം കടമെടുക്കുന്നത്.

209286.59 കോടിരൂപയാണ് സംസ്ഥാനത്തിന്റെ പൊതുകടമായി നിലനിൽക്കുന്നത്. ആളോഹരി കടമായി 60950 രൂപവരും. വിവിധ കടപ്പത്രങ്ങൾ റിസർവ് ബാങ്കിന് സമർപ്പിച്ചാണ് കടം വാങ്ങുന്നത്. ജിഎഎസ്ഡിപിയുടെ മൂന്നു ശതമാനമാണ് സംസ്ഥാനങ്ങൾക്ക് കടം എടുക്കാൻ കഴിയുന്നത്. ഏഴായിരം കോടി രൂപ ആദ്യപാദത്തിൽ കടമെടുക്കാം എന്നാണു കേന്ദ്രം നിർദ്ദേശിച്ചത്. ഈ വായ്പയിൽ 5980 കോടി രൂപയാണ് കേരളത്തിനു എടുക്കാൻ കഴിഞ്ഞത്. ഈ തുക കേരളം എടുത്തിട്ടുമുണ്ട്. മൂന്നു ബോണ്ടുകൾ ഇഷ്യൂ ചെയ്ത് വലിയ പലിശയിലാണ് ഈ തുക കേരളം കടമെടുത്തത്. മറ്റ് സംസ്ഥാനങ്ങൾ അറച്ച് നിൽക്കുന്ന ഒൻപത് ശതമാനത്തോളം വരുന്ന ഉയർന്ന പലിശയ്ക്കാണ് കേരളത്തിന്റെ ഈ വായ്പ. മറ്റ് സംസ്ഥാനങ്ങളെക്കാൾ വളരെ ഉയർന്ന കടമുള്ള സംസ്ഥാനമാണ് ഇത്. കേരളം കടക്കെണിയിൽ കുടുങ്ങുന്നത് ഇങ്ങനെയാണ്. പൊതുകടം കൂടിയതുകൊണ്ടാണ് ഇത്രയും കൂടുതൽ പലിശയ്ക്ക് കേരളത്തിനു കടം എടുക്കേണ്ടി വരുന്നത്. ഇതുകൊണ്ട് തന്നെ കേരളം കടക്കെണിയിലേക്ക് നീങ്ങുകയാണ്. അതുകൊണ്ട് തന്നെയാണ് സോഷ്യൽ മീഡിയയിൽ ചർച്ചകൾ സജീവമാകുന്നത്.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു കുറിപ്പ് ഇങ്ങനെ:

കേരളത്തിന്റെ ഇപ്പോഴത്തെ കട ബാധ്യതകൾക്കും വികസന മുരടിപ്പിനും ഭാവിയിൽ സംഭവിക്കുവാൻ പോകുന്ന തകർച്ചകൾക്കുമുള്ള യഥാർത്ത കാരണം എല്ലാ മലയാളികളും മനസ്സിലാക്കിയിരിക്കുന്നത് നല്ലതാണ്.

കേരളം

ജനസംഖ്യ: 3,33,97,677/

ഉദ്യോഗസ്ഥർ: 5,11,075
പെൻഷനേഴ്‌സ് :3,97,488
ശമ്പള ചെലവ്: 31,903.38 കോടി.(റവന്യൂ വരുമാനത്തിന്റെ 43 ശതമാനം)
പെൻഷൻ ചെലവ്: 19938.40 കോടി.( റവന്യു വരുമാനത്തിന്റെ 27 ശതമാനം)
കേരളത്തിലെ സർക്കാർ ഉദ്യോഗസ്ഥന്റെ ആവറേജ് മാസശമ്പളം ഇന്ന് 52,619 രൂപയാണ്

ആവറേജ് സർവീസ് പെൻഷൻ 38,036 രൂപയാണ്

ശമ്പളവും പെൻഷനുംകൂടി 2.7 ശതമാനം ആളുകൾക്കായി ആകെ വരുമാനത്തിന്റെ 70% ചെലവാക്കുന്നു. 2.7 ശതമാനം മാത്രം വരുന്ന കേരളത്തിൽ സർക്കാർ ജീവനക്കാരുടെ ശമ്പളത്തിനും പെൻഷനും മാത്രം ആയി നമ്മുടെ റവന്യൂ വരുമാനത്തിന്റെ 70% ചിലവഴിക്കുമ്പോൾ കർണാടക, റവന്യൂ വരുമാനത്തിന്റെ 29 ശതമാനവും. ആന്ധ്ര 37 ശതമാനവും മാത്രമാണ് സർക്കാർ ജീവനക്കാരുടെ ശമ്പളത്തിനും പെൻഷനും വേണ്ടി ചെലവാക്കുന്നുള്ളു..... വരുമാനത്തിന്റെ സിംഹഭാഗവും ശമ്പളവും പെൻഷനും കൊടുക്കാൻ വേണ്ടി മാത്രം ചിലവഴിക്കുന്നതുകൊണ്ട്, വികസനപ്രവർത്തനങ്ങൾ അടക്കമുള്ള മറ്റ് ചെലവ് നടത്താൻ കേരളസർക്കാരിന് വൻതുക കടം വാങ്ങേണ്ടി വരുന്നു. മുന്നോട്ട് ഈ കടം കൂടിവരിക തന്നെ ചെയ്യും. എപ്പോൾ തന്നെ കേരളം ഒരിക്കലും രക്ഷപെടാനാവാത്ത കടക്കെണിയിൽ വീണു കഴിഞ്ഞു.....

കടം വാങ്ങിയ തുകയുടെ പലിശയും, മുതലിന്റെ ഒരു ചെറിയ പങ്കും കൂടി തിരിച്ചടക്കാൻ റവന്യൂ വരുമാനത്തിന്റെ മറ്റൊരു 16%കൂടി കേരളം നൽകേണ്ടി വരുമ്പോൾ പിന്നെ എന്ത് വികസന പ്രവർത്തനം.. ! ഇപ്പോൾ തന്നെ അതിഭീമമായ നമ്മുടെ സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും വീണ്ടും വർധിപ്പിക്കാൻ നമ്മുടെ 'ജനകീയ സർക്കാർ ' പതിനൊന്നാം ശമ്പള കമ്മീഷനെ നിയമിച്ചിരിക്കുകയാണ്...
സർക്കാർ ജീവനക്കാരും ഭരണ രാഷ്ട്രീയക്കാരും സർവീസ് പെൻഷൻ വാങ്ങുന്നവരും കൂടി ആകെയുള്ള 9, 08, 563 (2.7 ശതമാനം) പേർ മാത്രം കേരളത്തിൽ ജീവിച്ചാൽ മതി എന്നാണ് മാറി മാറി വരുന്ന സർക്കാരുകളുടെ നയമെങ്കിൽ....... ബാക്കിയുള്ള ബഹുഭൂരിപക്ഷത്തിന്റെ(93.3 ശതമാനം) ശാപം നിങ്ങൾ ഏറ്റുവാങ്ങേണ്ടി വരും...... ഈ ബഹുഭൂരിപക്ഷത്തിന്റെ ക്രോധാഗ്‌നിയിൽ നിങ്ങൾ വെണ്ണീറാകും....... കർണാടക,
ആന്ധ്ര എന്നീ സംസ്ഥാനങ്ങളിലെ ജനസംഖ്യ, സർക്കാർ ഉദ്യോഗസ്ഥരുടെ എണ്ണം, സർവീസ് പെൻഷൻ വാങ്ങുന്നവരുടെ എണ്ണം, അവർക്ക് വേണ്ടി ചെലവാക്കുന്ന തുകയുടെ ശതമാനക്കണക്ക്, പൊതുകടം മുതലായവയുടെ 2018-19 മാർച്ചിലെ കണക്കുകൾ നിങ്ങളുടെ അറിവിലേക്കായി താഴെ കൊടുക്കുന്നു....

കർണാടക
ജനസംഖ്യ: 6,11,30,704
ഉദ്യോഗസ്ഥർ: 7,03,631
പെൻഷനഴ്സ്: 5,01,072
ശബള ചെലവ്: 17, 220 കോടി (റവന്യൂ വരുമാനത്തിന്റെ 20 ശതമാനം)
പെൻഷൻ ചെലവ്: 7581 കോടി (റവന്യൂ വരുമാനത്തിന്റെ 9 ശതമാനം)
ശമ്പളവും പെൻഷനുംകൂടി ആകെ വരുമാനത്തിന്റെ 29% മാത്രം.

ആന്ധ്ര
ജനസംഖ്യ: 8,45,80,777
ഉദ്യോഗസ്ഥർ: 10,77,101
പെൻഷനഴ്സ്: 5,66,286
ശബള ചെലവ്: 23,278 കോടി.( റവന്യൂ വരുമാനത്തിന്റെ 24 ശതമാനം)
പെൻഷൻ ചെലവ്: 12,183 കോടി.( റവന്യു വരുമാനത്തിന്റെ 13 ശതമാനം)
ശമ്പളവും പെൻഷനും ചേർത്ത് ആകെ വരുമാനത്തിന്റെ 37% മാത്രം....

സർക്കാറിന്റെ (ഔദ്യോഗിക രേഖകളും വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളെയും അടിസ്ഥാനമാക്കിയുള്ളതാണ് ഈ കണക്കുകൾ എല്ലാം)

കേരളത്തിൽ സർക്കാർ ഉദ്യോഗസ്ഥരുടെ എണ്ണം, ജനസംഖ്യാനുപാതികമായി, മറ്റ് സംസ്ഥാനങ്ങളുമായി തട്ടിച്ച് നോക്കുമ്പോൾ, വളരെ വളരെ കൂടുതൽ ആണെന്ന് കാണാം.....അനാവശ്യമായി സൃഷ്ടിക്കപ്പെട്ടിട്ടുള്ള തസ്തികകൾ വെട്ടിക്കുറക്കുകയും ഡിപ്പാർട്‌മെന്റ്കൾ തമ്മിൽ ലയിപ്പിക്കുകയും ആവശ്യത്തിൽ കൂടുതലുള്ള ഉദ്യോഗസ്ഥരെ പുനർവിന്യസിപ്പിക്കുകയും, നിലവിലുള്ള അമിതമായ ശമ്പളം വെട്ടിക്കുറക്കുകയും നിലവിലുള്ള അന്യായമായ പെൻഷൻ നിർത്തലാക്കുകയും ചെയ്തില്ലെങ്കിൽ, കേരളത്തിന് ഇനി ഒരടി മുന്നോട്ട് പോകുവാനാകില്ല.......

ഉണരൂ പൊതുജനമേ
തിരിച്ചറിയൂ, നികുതി നൽകുന്ന എല്ലാവർക്കും ഒരുപോലെ അവകാശമുള്ള വരുമാനം 3 ശതമാനത്തിൽ താഴെയുള്ളവരുടെ കൈകളിൽ ഒതുങ്ങുന്നു

നമ്മുടെ ആവശ്യം രാജ്യത്ത് 60 വയസ്സ് പൂർത്തിയായ എല്ലാവർക്കും 10,000 / രൂപ പെൻഷൻ ലഭിക്കുക എന്നുള്ളതാണ്... ഇത് ഒരു രാഷ്ട്രീയപോസ്റ്റ് അല്ല. അറിയാൻ, മനസ്സിലാക്കാൻ മാത്രം.

അതേസമയം മുണ്ടുമുറുക്കി ഉടുക്കാൻ ഉപദേശിക്കുന്ന ഇടതുസർക്കാർ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ധൂർത്തും കൊള്ളയുമാണെന്ന കാര്യംമറച്ചുവയ്ക്കുവെന്നാണ് മറ്റൊരു പോസ്റ്റിലെ ആക്ഷേപം. തോമസ് ഐസക് അറിയാൻ എന്ന പേരിലുള്ള തുറന്ന കത്ത് ഇങ്ങനെ

ഡോ. തോമസ് ഐസക്കിന് തുറന്ന കത്ത് പ്രിയപ്പെട്ട കേരളത്തിന്റെ ധനകാര്യ മന്ത്രി അറിയുവാൻ. അങ്ങയുടെ ആവർത്തിച്ച് അവർത്തിച്ചുള്ള വാക്കുകൾ കടമെടുത്താൽ കേരളം ഇന്ന് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ്. അതിനുള്ള യഥാർത്ഥ കാരണങ്ങളെക്കുറിച്ച് അങ്ങ് ചിന്തിച്ചിട്ടുണ്ടോ.? കേരളം ഇന്ന് നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് കാരണം അങ്ങയുടെ സർക്കാരിന്റെ ധൂർത്തും കൊള്ളയും കെടുകാര്യസ്ഥതയുമാണ് എന്ന സത്യം അങ്ങേക്ക് നിഷേധിക്കാൻ കഴിയുമോ. മുണ്ട് മുറുക്കി ഉടുക്കണം എന്ന് നാഴികക്ക് നാൽപ്പത് വട്ടം പറയുന്ന അങ്ങോ അങ്ങയുടെ സർക്കാരോ കഴിഞ്ഞ നാല് വർഷത്തിനിടയിൽ എപ്പോഴെങ്കിലും അതിന് തയ്യാറായിട്ടുണ്ടോ. കേരള സംസ്ഥാനത്തെ ഒരു സാധാരണ പൗരന്റെ താഴെ പറയുന്ന ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ അങ്ങ് തയ്യാറാണോ?

പ്രിയപ്പെട്ട തോമസ് ഐസക്ക്, നമുക്കറിയം നാം കൊറോണയെക്കുറിച്ച് അറിഞ്ഞത് മാർച്ച് രണ്ടാം വാരത്തിലാണ് . അതിനു മുമ്പ് മാർച്ച് ഒന്നിന് കേരളത്തിന്റെ സാമ്പത്തിക സ്ഥിതി എന്തായിരുന്നു എന്ന് നമുക്ക് ആദ്യം പരിശോധിക്കാം....
50,000 രൂപയിൽ കൂടുതലുള്ള ഒരു ബില്ലും മാറുവാൻ കഴിയാത്ത ട്രഷറി നിയന്ത്രണം നിലവിലുണ്ടായിരുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം കേരളം. നിയമസഭ അംഗീകരിച്ച് തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങൾക്ക് അനുവദിച്ച 2,020 കോടിയുടെ ബില്ലുകൾ പോലും മാന്യൻ കഴിയാത്ത രൂക്ഷമായ പ്രതിസന്ധി. കോൺട്രാക്റ്റർമാരുടെ ബില്ലുകൾ, സാമൂഹ്യ ക്ഷേമപെൻഷനുകൾ ഉൾപ്പെടെ മുഴുവൻ കൊടുത്തു തീർക്കാനുള്ള കുടിശ്ശികകൾ.... ഉത്തരവാദി കോവിഡാണോ ? ഉത്തരം പറയണം മിസ്റ്റർ തോമസ് ഐസക്ക്

ഇനി കൊറോണയുടെ പേരിൽ പ്രഖ്യാപിച്ച 20, 000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് നോക്കാം. അതിൽ 14, 000 കോടി കോൺട്രാക്റ്റർമാർക്കു കൊടുത്തു തീർക്കാനുള്ള കുടിശ്ശിക 2, 000 കോടി രൂപ കുടുംബശ്രീ വായ്പ (അതും പറഞ്ഞു പറ്റിച്ചു. ഇത് 9% പലിശക്ക് ബാങ്കുകൾ നൽകുന്നതാണ്.) 2, 000 കോടി രൂപ തൊഴിൽ ഉറപ്പിന് (ചില്ലി പൈസ സംസ്ഥാനത്തിന് ചില വില്ല. ഇത് കേന്ദ്രം നൽകേണ്ടത്.) സാമൂഹ്യക്ഷേമ പെൻഷൻ 1, 300 കോടി രൂപ
കോവിഡിനു മുമ്പേ കൊടുക്കാൻ ഉള്ള കുടിശ്ശിക. 50 കോടി രൂപ 20 രൂപക്ക് ഊണ് കൊടുക്കാൻ. ആകെ 14,000 + 2,000 + 2, 000 + 1,300 + 50= 19, 350 കോടി രൂപ. ഇത് മുഴുവൻ ബജറ്റിൽ പ്രഖ്യാപിച്ചതാണ്. ഇതിന് ഏതിനെങ്കിലും കോവിഡുമായ് ബന്ധമുണ്ടോ ? *ഉത്തരം പറയണം മിസ്റ്റർ തോമസ് ഐസക്ക്

ഇനി കോവിഡുമായി ബന്ധപ്പെട്ട സർക്കാരിന്റെ സൗജന്യ റേഷൻ പരിശോധിക്കാം. മുൻഗണനാ വിഭാഗത്തിലെ AAYക്കാർക്ക് എല്ലാ മാസവും സൗജന്യമായി കിട്ടുന്നതു തന്നെ. പുതുതായി ഒന്നുമില്ല. ഈ വിഭാഗത്തിലെ രണ്ടാം വിഭാഗത്തിന് UDF കാലത്ത് സൗജന്യമായ് നൽകിയത് ഈ സർക്കാർ വന്നതിന് ശേഷം ഈടാക്കിയ 2 രൂപ ഒരു മാസത്തേക്ക് ഒഴിവാക്കുക വഴി ഒരു കുടുംബത്തിന് അധികമായി നൽകിയ ആനുകൂല്യം 70 രൂപ മാത്രം. മുൻഗണനേതര വിഭാഗത്തിന് (വെള്ള കാർഡ്) 15 കിലോ അരി സൗജന്യമായി കൊടുത്തതും 750 രൂപ വരുന്ന കിറ്റ് 1, 000 രൂപക്ക് നൽകുന്നത് (350 കോടി) മാത്രമേ സർക്കാരിന് കോവിഡിന്റെ പേരിൽ അധിക ചെലവ് വന്നിട്ടുള്ളൂ.

ക്ഷേമ നിധി ബോർഡുകളിൽ നിന്നും അതിലെ അംഗങ്ങൾക്ക് നൽകുന്ന 1, 000 രൂപയും 10,000 രൂപ വായപ്പയും അവർ അടയ്ക്കുന്ന മാസ വിഹിതത്തിൽ നിന്നും എടുത്താണ്. സർക്കാരിന്റെ ഔദാര്യമല്ല. ആ പണം നിശ്ചിത പ്രായശേഷം അവർക്ക് കിട്ടുന്ന പണത്തിൽ നിന്നും കുറവ് ചെയ്യും. ഇനി കോവിഡിന് ചികിൽസിക്കാൻ ഒരു രോഗിക്ക് 25, 000 രൂപ ചെലവ് എന്നാണ് മന്ത്രി പറഞ്ഞത്. ഇന്ന് വരെ നോക്കിയാൽ രോഗികൾ 500 ൽ താഴെ. എത്ര വരും? ഒരു മാസം ഉണ്ടായ വരുമാന നഷ്ടം മാത്രമേ കൊറോണ വകയുള്ളൂ എന്ന് ചുരുക്കം. ഇതിൽ നിന്ന് മനസ്സിലാക്കേണ്ടത് സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് ഉത്തരവാദി കോവിഡല്ല മറിച്ച് സർക്കാരിന്റെ ധൂർത്തും സാമ്പത്തിക അച്ചടക്കമില്ലായ്മയും തന്നെയാണ് എന്നാണ്.

കേരള സർക്കാരിന്റെ ധൂർത്തിന്റെയും കൊള്ളയുടെയും ചില കാണക്കുകൾ പരിശോധിക്കാം
(1) മന്ത്രിസഭാ സത്യപ്രതിജ്ഞ ചെലവ് 3.71 കോടി രൂപ (2) നൂറാം ദിവസം ആഘോഷിച്ചത് ചെലവ് 2.24 കോടി രൂപ . (3) ഒന്നാം വാർഷികം ചെലവ് 18.6 കോടി രൂപ (4) ആയിരം ദിനം ആഘോഷം ചെലവ് 10.27 കോടി രൂപ

(5) സിപിഎം ഭരിക്കുന്ന സഹകരണ സ്ഥാപനങ്ങൾ അഴിമതിയും, ധൂർത്തും, കെടുകാര്യസ്ഥതയും മൂലം വരുത്തിയ ബാധ്യത കേരള സർക്കാർ ഏറ്റെടുക്കുക വഴി റബ്‌കോ 238 കോടി രൂപ. മാർക്കറ്റ്‌ഫെഡ് 27 കോടി രൂപ. റബർ മാർക്ക് 41 കോടി രൂപ ആകെ 306 കോടി രൂപ

(6) ഒരു ശുപാർശ പോലും നടപ്പിലാക്കാത്ത വി. എസ് അച്യുതാനന്തന്റെ ഭരണ പരിഷ്‌ക്കാര കമ്മീഷൻ . 31/12/19 വരെ ചെലവ് 7,13, 36, 666 രൂപ (7) യുവജന കമ്മീഷൻ അധ്യക്ഷയുടെ ശമ്പളം മാത്രം മാസം ഒരു ലക്ഷം രൂപ. കാറും ആനുകൂല്യങ്ങളും പുറമേ . മിഷൻ കോർഡിനേറ്റർ ചെറിയാൻ ഫിലിപ്പ് . ഇവർക്കു പുറമേ കാബിനറ്റ് പദവിയോടെ R. ബാലകൃഷ്ണ പിള്ളയും ചീഫ് വിപ്പും.

(8) മുഖ്യമന്ത്രിക്ക് കേരള ചരിത്രത്തിൽ ആദ്യമായി ആറ് ഉപദേശികൾ. ഇവരിൽ പ്രസ് അഡ്വൈസർ പ്രഭാവർമ്മയുടെ ശമ്പള സ്‌കെയിൽ 93, 000 - 1,20,000 നിയമ ഉപദേഷ്ടാവ് ജയകുമാറിന് 77, 400 - 1,15, 200 .ഹൈക്കോടതിയിൽ 150 ഗവ: പ്ലീഡർമാർ ഉള്ളപ്പോൾ ലൈസൻ ഓഫീസർ വേലപ്പൻ നായർക്ക് പ്രതിമാസം ചെലവ് 1,14, 000 രൂപ ഇതൊക്കെ ഉണ്ടായിട്ടും സ്പിൻക്ലറിൽ വാദിക്കാൻ മുംബെ വക്കീൽ എൻ.എസ്. നിപ്പനായി. നൽകിയത് ലക്ഷങ്ങൾ.

(9) ആറ്റിങ്ങലിൽ തോറ്റ മുൻ സീനിയർ എംപി. ഡോ. സമ്പത്തിന് ഡൽഹിയിൽ നിയമനം. അലവൻസ് അടക്കം പ്രതിമാസം 1,75, 000 രൂപ പ്രതിഫലം. 8 സഹായികൾ . കാറുകൾ മറ്റ് പ്രതിമാസ ചെലവ് 50 ലക്ഷം. നാടിന് എന്ത് നേട്ടം? ഉത്തരം പറയണം ശ്രീ. തോമസ് ഐസക്ക്.

(10) ഹെലിക്കോപ്റ്റർ പ്രതിമാസ വാടക 1,64, 00000 + GST ഇത് ആദ്യത്തെ ഇരുപത് മണിക്കൂറിന് . കൂടുതൽ ആയാൽ മണിക്കൂറിന് 67, 926 രൂപ വച്ച് മണിക്കൂറിന് അധികം തുക. അതിപ്പോ വെറുതേ വെയിലത്ത് ശംഖുമഖത്ത് കിടക്കുന്നു.

(11) മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ വിദേശ യാത്രകൾ 27, പലതും കുടുംബസമേതം. കേരളത്തിന് കിട്ടിയ നേട്ടം എന്ത് എന്ന് വ്യക്തമാക്കാമോ...?

(12) പുതിയ ബുള്ളറ്റ് പ്രൂഫ് കാറിന് ഒന്നര കോടി ! നിലവിൽ നാല് എണ്ണം ഉണ്ട് .

(13) യൂത്ത് കോൺഗ്രസ് പ്രവർത്തകൻ മട്ടന്നൂരെ ഷുഹൈബിനെ കൊന്ന സിപിഎം കാരെ രക്ഷിക്കാൻ വക്കീലിനെ കൊണ്ടുവന്നത് 86 ലക്ഷം . (14) പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും, ശരത് ലാലിനെയും കൊന്ന സിപിഎം നേതാക്കൾക്കെതിരാത CBI അന്വേഷണം അട്ടിമറിക്കാൻ 45 ലക്ഷം രൂപ. അരിയിൽ ഷുക്കൂറിന്റേ കേസ് അട്ടിമറിക്കാൻ ചില വിട്ട ലക്ഷങ്ങൾ ഇതിന് പുറമേയാണ്.

(15) സർവീസിൽ നിന്നും വിരമിച്ച ഇഷ്ട്ടക്കാരെ തിരില്ല് തിരുകി കയറ്റുക വഴി ചെലവ് കോടികൾ . കിഫ്ബി CEO ഡോ. K M അബ്രഹാം. മാസശമ്പളം 3, 32, 750 രൂപ. ചീഫ് പ്രൊജക്റ്റ് എക്‌സാമിനർ വിജയദാസ് 2, 78, 300 രൂപ

(16) മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ പരിപാലനം. ഒൻപത് പേർ. മാസ ശമ്പളം ഒരാൾക്ക് 54,014 രൂപ
(17) മന്ത്രിമാരുടെ ചികിൽസാ ചെലവ് പറയുന്നില്ല. എന്നാലും ഒരു ഉദാഹരണം പറയാം. ധനമന്ത്രി കോട്ടയ്ക്കൽ ആയുർവേദ ആശുപത്രിയിൽ ചികിൽസ നടത്തിയ വക . മരുന്ന് 20, 990, മുറി വാടക 79, 200, തോർത്ത് 195 , തലയണ 250. ചിലർ വാങ്ങിയ കണ്ണാടിയുടെ വിലയും, ഇന്നോവ ക്ക് വാങ്ങിയ ടയറുകളുടെ വിലയും പറയുന്നില്ല.

(18) ADB യിൽ നിന്നും പ്രളയാനന്തരം റീബിൽഡ് കേരളയ്ക്കായ് ലഭിച്ച 1, 780 കോടി രൂപ വകമാറ്റി.
കളമശ്ശേരിയിൽ മാത്രം പ്രളയ ഫണ്ട് തട്ടിപ്പ് 20 ലക്ഷം രൂപ . ഏരിയാ /ലോക്കൽ കമ്മറ്റി നേതാക്കളും തങ്ങളെ കൊണ്ട് ആവുന്നതു പോലെ . സഖാക്കന്മാരുടെ കൊള്ള നിർബാധം അരങ്ങേറുമ്പോൾ പ്രളയ ധനസഹായം കിട്ടാതെ ആത്മഹത്യ ചെയ്തവർ നിരവധി. പ്രളയ ഫണ്ടിൽ ചിലവഴിച്ചത് 30 % ത്തിൽ താഴെ. ബാക്കി മുഴുവൻ വകമാറ്റി. ഓഖി ഫണ്ടിന്റെ കാര്യം തഥൈവ.

(19) പതിനാല് ജില്ലകളിലെയും സാംസ്കാരിക നിലയങ്ങളുടെയും നവോത്ഥാന സമുച്ചയത്തിന്റെ 700 കോടിയും കേരള സഭാ ഹാളിന്റെ 17 കോടിയും , നവോത്ഥാന മതിലിന്റെ 50 കോടിയും വേറെ.

(20) രണ്ട് ഡി ജി പി പദവി ഉണ്ടാകേണ്ടിടത്ത് 12 ഡിജിപി പദവി.

(21) ന്യൂസ് ചാനലുകളിൽ സംപ്രേഷണം ചെയ്യുന്ന 'നാം മുന്നോട്ട്' പരിപാടിക്ക് പ്രതിവർഷം 6. 37 കോടി രൂപയും അഞ്ചുവർഷത്തേക്ക് 31.85 കോടി രൂപയും ചെലവ്. ഈ പ്രതിവാര ടെലിവിഷൻ പരിപാടി 'നാം മുന്നോട്ടി'ന്റെ നിർമ്മാണം പാർട്ടി ചാനലിനാണ് കരാർ നല്കിയിരിക്കുന്നത് ഒരു എപ്പിസോഡിന് 2. 25 ലക്ഷം രൂപ എന്ന നിരക്കിലാണ്. ഒരു വർഷം പാർട്ടി ചാനലിന് എപ്പിസോഡ് നിർമ്മാണത്തിനു നൽകുന്നത് 1.17 കോടി രൂപ. അഞ്ചു വർഷത്തേക്ക് 5.85 കോടി രൂപ. സംപ്രേഷണം ചെയ്യുന്ന വകയിൽ വേറെയും വരുമാനം ചാനലിന് ലഭിക്കുന്നുണ്ട്. ഏറ്റവും മുൻനിര ചാനലിന് ആഴ്ചയിൽ ഒരു എപ്പിസോഡ് സംപ്രേഷണം ചെയ്യാൻ 1.25 ലക്ഷം രൂപ. ചില ചാനലുകൾ അതിലും കുറഞ്ഞ തുകയ്ക്കാണ് സംപ്രേഷണം ചെയ്യുന്നത്. ശരാശരി ഒരു ലക്ഷം രൂപ വച്ച് ഒരാഴ്ചത്തെ സംപ്രേഷണ ചെലവ് കൂട്ടിയാൽ 12 ന്യൂസ് ചാനലുകൾക്ക് 10 ലക്ഷം രൂപ നല്കണം. 52 ആഴ്ചത്തേക്ക് 5.2 കോടി രൂപ. അഞ്ചു വർഷത്തക്ക് 26 കോടി രൂപ. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് പി ആർ ഡിയും സിഡിറ്റും ചേർന്ന് നിർമ്മിച്ച് ദൂരദർശനിൽ സാമ്പത്തിക ബാധ്യതകളില്ലാതെ സംപ്രേഷണം ചെയ്ത പരിപാടിയാണ് ഇന്നു കോടികളുടെ ഇടപാട് നടക്കുന്നത്.

(22) മുഖ്യമന്ത്രിയുടെ വെബ്സൈറ്റിനും സാമൂഹ്യമാധ്യമ പ്രചാരണങ്ങൾക്കും പുറംകരാർ നല്കിയിരിക്കുന്നത് 4.23 കോടി രൂപയ്ക്കാണ്.

(23) ഡോ. സമ്പത്തിനെ കൂടാതെ സർക്കാർ കാബിനറ്റ് റാങ്കു നല്കിയ അഞ്ചുപേർ വൻ സാമ്പത്തിക ബാധ്യതയാണ്. ആർ ബാലകൃഷ്ണപിള്ള - മുന്നാക്ക കോർപറേഷൻ ചെയർമാൻ, വി എസ് അച്യുതാനന്ദൻ - ഭരണപരിഷ്‌കാര കമ്മീഷൻ, കെ. രാജൻ - ചീഫ് വിപ്പ്, അഡ്വക്കറ്റ് ജനറൽ സി.പി. സുധാകര പ്രസാദ് എന്നിവർക്കാണ് കാബിനറ്റ് റാങ്ക്. ഇവർക്ക് ഔദ്യോഗിക വസതി, ജീവനക്കാർ, വാഹനം, ടി.എ, ഡി.എ, ചികിത്സാചെലവ് തുടങ്ങിയ ആനുകൂല്യങ്ങളുമുണ്ട്. ഒരു കാബിനറ്റ് റാങ്ക്കാരന് പ്രതിമാസം ശരാശരി 12 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്നു. ഒരു വർഷം 1.44 കോടി. അഞ്ചുപേർക്ക് 8.64 കോടി രൂപയുടെ പ്രതിവർഷ ചെലവ്

പ്രിയപ്പെട്ട തോമസ് ഐസക്ക് ഇനി പറയൂ ആരാണ് മുണ്ട് ഉടുക്കേണ്ടത്. സർക്കാരിന്റെ ധൂർത്തും, കൊള്ളയും കെടുകാര്യസ്ഥതയുമല്ലേ കാര്യങ്ങൾ ഇത്രയും വഷളാക്കിയത്. ഞങ്ങളുടെ നികുതിപ്പണമല്ലേ ഇങ്ങനെ കൊള്ളയടിക്കുന്നത്. അറിയാനുള്ള അവകാശം ഈ നാട്ടിലെ സാധാരണ പൗരനുണ്ട്. സസ്‌നേഹം പൗരന്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP