Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202328Tuesday

കനത്ത നാശം വിതച്ച ഭൂചലനത്തിന് പിന്നാലെ നൂറിലേറെ തുടർ ചലനങ്ങളെന്ന് റിപ്പോർട്ട്; തുർക്കിയിലും സിറിയയിലുമായി മരിച്ചവരുടെ എണ്ണം 6,200 പിന്നിട്ടു; 33 മണിക്കൂറിനുശേഷം നാല് വയസുകാരിക്ക് പുതുജീവൻ നൽകി രക്ഷാപ്രവർത്തനം; ദുരിതാശ്വാസ സാമഗ്രികളുമായി തുർക്കിയിലേക്കും സിറിയയിലേക്കും കൂടുതൽ ഇന്ത്യൻ വ്യോമസേന വിമാനങ്ങൾ

കനത്ത നാശം വിതച്ച ഭൂചലനത്തിന് പിന്നാലെ നൂറിലേറെ തുടർ ചലനങ്ങളെന്ന് റിപ്പോർട്ട്; തുർക്കിയിലും സിറിയയിലുമായി മരിച്ചവരുടെ എണ്ണം 6,200 പിന്നിട്ടു; 33 മണിക്കൂറിനുശേഷം നാല് വയസുകാരിക്ക് പുതുജീവൻ നൽകി രക്ഷാപ്രവർത്തനം; ദുരിതാശ്വാസ സാമഗ്രികളുമായി തുർക്കിയിലേക്കും സിറിയയിലേക്കും കൂടുതൽ ഇന്ത്യൻ വ്യോമസേന വിമാനങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

അങ്കാറ: തെക്കുകിഴക്കൻ തുർക്കിയെയും അതിർത്തി പങ്കിടുന്ന സിറിയയെയും കനത്ത ദുരിതത്തിലേക്ക് തള്ളിവിട്ട ഭൂചലനത്തിൽ മരണം 6200 പിന്നിട്ടതായി റിപ്പോർട്ട്. ഇരു രാജ്യങ്ങളിലുമായി നിലംപതിച്ച ആയിരക്കണക്കിന് കെട്ടിടങ്ങൾക്കിടയിൽ അകപ്പെട്ടുകിടക്കുന്നവർക്കായി കൊടുംശൈത്യം മറികടന്ന് രക്ഷാപ്രവർത്തകർ ചൊവ്വാഴ്ചയും തിരച്ചിൽ തുടരുകയാണ്.

രക്ഷാപ്രവർത്തനം തുടരുന്നതിനിടെ ഭൂചലനം നടന്ന് 33 മണിക്കൂർ പിന്നിട്ട ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് നാലുവയസുകാരിയെ ജീവനോടെ കണ്ടെടുത്തത് രക്ഷാപ്രവർത്തകരിൽ ആശ്വാസം പകർന്നു. തുർക്കിയിലെ ഹതായിലാണ് രക്ഷാപ്രവർത്തകർ നാല് വയസുകാരിയെ കണ്ടെത്തിയത്. ഹതായ് പ്രവിശ്യയിലെ മൂന്ന് നില കെട്ടിടത്തിന്റെ ഒന്നാം നിലയിൽ നിന്നാണ് ഗുൽ ഇനാലിൻ എന്ന നാലു വയസുകാരിയെ വീണ്ടെടുത്തത്.

തുർക്കിയിൽ ദുരന്തബാധിതമായ പത്ത് പ്രവിശ്യകളിൽ മൂന്ന് മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തുർക്കി പ്രസിഡന്റ് റജബ് ത്വയിബ് എർദോഗൻ ആണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. തുർക്കിയിൽ മാത്രം 3549 പേരാണ് മരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. രക്ഷാപ്രവർത്തനം വേഗത്തിൽ നടക്കുന്നത് ഉറപ്പാക്കാനാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്ന് എർദോഗൻ പറഞ്ഞു.

അതിശക്തമായ മഴയും മഞ്ഞുവീഴ്ചയും തുർക്കിയിലെ രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. മരണനിരക്ക് കുത്തനെ ഉയർന്നേക്കാമെന്ന് ലോകാരോഗ്യ സംഘടന സൂചന നൽകി. അദാന കേന്ദ്രീകരിച്ചാണ് നിലലിൽ രക്ഷാപ്രവർത്തനങ്ങൾ ഏകീകരിക്കുന്നത്. ദുരത്തിൽ നിന്ന് രക്ഷപ്പെട്ട് എത്തിയവർക്ക് വേണ്ടി ക്യാമ്പുകൾ തയ്യാറാക്കിയിരിക്കുന്നതും അദാനയിലാണ്.

അടിയന്തര സഹായത്തിന് ഇന്ത്യയിൽ നിന്ന് പുറപ്പെട്ട എൻഡിആർഎഫ് സംഘം അദാനയിൽ ക്യാമ്പ് ചെയ്യുകയാണ്. ഇവിടെനിന്ന് മറ്റു പ്രദേശങ്ങളിലേക്ക് രക്ഷാ പ്രവർത്തനത്തിന് പോകാനാണ് നൂറുപേർ അടങ്ങിയ സംഘത്തിന്റെ തീരുമാനം.

സഹായഹസ്തം നീട്ടിയ വിവിധ ലോകരാജ്യങ്ങളിൽ നിന്നുള്ളവരടക്കം കാൽ ലക്ഷത്തോളം ദൗത്യസേനാംഗങ്ങൾ ദുരന്തഭൂമിയിൽ കർമനിരതരാണെന്ന് തുർക്കി അധികൃതർ പറഞ്ഞു. എന്നാൽ, ദുരന്തമേഖലയുടെ വ്യാപ്തി പരിഗണിക്കുമ്പോൾ രക്ഷാപ്രവർത്തനം എല്ലായിടത്തുമെത്താത്ത അവസ്ഥയാണ്. പൂജ്യത്തോടടുക്കുന്ന താപനിലയും നൂറിലേറെ തുടർചലനങ്ങളും സ്ഥിതി കൂടുതൽ വഷളാക്കുകയാണ്.

തുർക്കിയിൽ മാത്രം 6000 കെട്ടിടങ്ങൾ തകർന്നിട്ടുണ്ട്. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമായ ഗസ്സിയാൻതെപിനടുത്ത, ദുരന്തം ഏറെ ബാധിച്ച ഹത്തായ് പ്രവിശ്യയിൽ ഒട്ടേറെ പേർ കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണെന്ന് രക്ഷാപ്രവർത്തകർ പറയുന്നു.

ഇവിടെയുള്ള അന്റാക്യ നഗരത്തിൽ തകർന്ന കെട്ടിടത്തിൽ അകപ്പെട്ടുകിടക്കുന്ന തന്റെ മാതാവിന്റെ നിലവിളി പുറത്തേക്കു കേൾക്കാമെന്നും വലിയ കോൺക്രീറ്റ് പാളി നീക്കിയാൽ മാത്രമേ അവർക്കരികിലെത്താൻ കഴിയൂവെന്നും പ്രദേശവാസിയായ നർഗുൽ അത്തായ് അസോസിയേറ്റഡ് പ്രസിനോട് പറഞ്ഞു. രക്ഷാപ്രവർത്തകരും വലിയ യന്ത്രങ്ങളും ഇനിയും എത്തിയിട്ടില്ലാത്തതിനാൽ, 70കാരിയായ മാതാവിനെ രക്ഷിക്കാൻ കഴിയുമോ എന്നറിയില്ലെന്നും അവർ വിതുമ്പലോടെ വിവരിച്ചു.

സ്വതവേ ആരോഗ്യസംവിധാനങ്ങൾ കുറവുള്ളതിനാൽ പരിക്കേറ്റവർക്ക് മതിയായ ചികിത്സ നൽകാനാവാത്ത അവസ്ഥയാണെന്ന്, വടക്കൻ സിറിയയിൽ ദൗത്യത്തിലുള്ള ഡോക്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് സംഘത്തിന്റെ മേധാവി സെബാസ്റ്റ്യൻ ഗെയ് പറഞ്ഞു.

100 സേനാംഗങ്ങളും പ്രത്യേക പരിശീലനം നേടിയ ഡോഗ് സ്‌ക്വാഡുകളും അവശ്യസജ്ജീകരണങ്ങളുമായി ഇന്ത്യയിൽ നിന്നുള്ള രക്ഷാദൗത്യസംഘങ്ങൾ തുർക്കിയിൽ എത്തിച്ചേർന്നിട്ടുണ്ട്. അവശ്യ മരുന്നുകളുമായി പ്രത്യേക പരിശീലനം നേടിയ ഡോക്ടർമാരുടെ സംഘവും പാരാമെഡിക്കൽ സംഘവുമാണ് രക്ഷാപ്രവർത്തനത്തിൽ പങ്കുചേരുന്നത്. അങ്കാറയിലെ ഇന്ത്യൻ എംബസിയും ഇസ്താബുളിലെ കോൺസുലേറ്റ് ജനറലുമായി കൂടിയാലോചിച്ച് ദുരിതാശ്വാസസാമഗ്രികൾ അയക്കുമെന്നും പിഎംഒ അറിയിച്ചിരുന്നു.

രക്ഷാദൗത്യത്തിനും തിരച്ചിലിനുമായി ഇന്ത്യയിൽ നിന്നുള്ള ആദ്യസംഘം തുർക്കിയിലേക്ക് തിരിച്ചതായി വിദേശകാര്യമന്ത്രി ഡോ. എസ് ജയ്ശങ്കർ ചൊവ്വാഴ്ച രാവിലെ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. 50 എൻഡിആർഎഫ് സെർച്ച് ആൻഡ് റെസ്‌ക്യൂ ടീം അംഗങ്ങൾ, പ്രത്യേക പരിശീലനം ലഭിച്ച ഡോഗ് സ്‌ക്വാഡ്, ഡ്രില്ലിങ് മെഷീനുകൾ, ദുരിതാശ്വാസ സാമഗ്രികൾ, മരുന്ന്, മറ്റ് അവശ്യസേവനങ്ങളും ഉപകരണങ്ങളുമായി സി-17 വിമാനം തുർക്കിയിലേക്ക് തിരിച്ചതായാണ് വിദേശകാര്യമന്ത്രി അറിയിച്ചത്.

ഇന്ത്യൻ വ്യോമസേനയുടെ രണ്ട് സി-17 വിമാനങ്ങൾ കൂടി ചൊവ്വാഴ്ച വൈകുന്നേരത്തോടെ തുർക്കിയിലേക്ക് പുറപ്പെട്ടിരുന്നു. ആഗ്രയിലെ സൈനിക ആശുപത്രിയിൽ നിന്ന 89 അംഗ മെഡിക്കൽ സംഘത്തിൽ ഓർത്തോപീഡിക് സർജിക്കൽ ടീം, ജനറൽ സർജിക്കൽ സ്‌പെഷ്യലിസ്റ്റ് ടീം, മെഡിക്കൽ സ്‌പെഷ്യലിസ്റ്റ് ടീം എന്നിവയാണ് ഉൾപ്പെട്ടിട്ടുള്ളത്. കൂടാതെ 30 കിടക്കകൾ, വൈദ്യസഹായ സംവിധാനമൊരുക്കാനുള്ള എക്‌സ്‌റേ മെഷീനുകൾ, വെന്റിലേറ്ററുകൾ, ഓക്‌സിജൻ ജനറേഷൻ പ്ലാന്റ്, കാർഡിയാക് മോണിറ്റേഴ്‌സ് എന്നിവയും ഇന്ത്യൻ വ്യോമസേന വിമാനത്തിൽ അയച്ചിരുന്നു.

തുർക്കിക്ക് ആവശ്യമായ സഹായങ്ങൾ എത്തിക്കുമെന്ന് ഇൻഡിഗോ വിമാന കമ്പനി അറിയിച്ചിരുന്നു. ചരക്ക് വിമാനങ്ങളിലാകും ഇൻഡിഗോ സഹായങ്ങളെത്തിക്കുക.നിലവിൽ ബോയിങ്-777 വിമാനം വഴി തുർക്കിയിൽ സഹായമെത്തിക്കുന്നുണ്ട്. ഇതിന് പുറമേയാണ് സൗജന്യമായ മാനുഷിക സഹായങ്ങൾ നൽകാൻ കമ്പനി തീരുമാനമെടുത്തത്. രക്ഷാദൗത്യത്തിനായി ദേശീയ ദുരന്ത നിവാരണ സേനയുടെ ആദ്യ സംഘം തുർക്കിയിലെ അദാനയിലെത്തിയിരുന്നു. വ്യോമസേനയുടെ സി-17 വിമാനത്തിലാണ് സംഘം യാത്രയായത്.

തിങ്കളാഴ്ച പുലർച്ച നാലിനാണ് യു.എസ് ജിയളോജിക്കൽ സർവേ മാപിനിയിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. മണിക്കൂറുകൾക്കുശേഷം 7.6 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ചലനവുമുണ്ടായി. പിന്നീട് നിരവധി തുടർ കമ്പനങ്ങളുണ്ടായി. ഭൂകമ്പമാപിനിയിൽ 7.8, 7.6, 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങൾ വൻനാശനഷ്ടമാണ് ഇരുരാജ്യങ്ങളിലും വരുത്തിയിരിക്കുന്നത്. തകർന്നുവീണ ആയിരക്കണക്കിന് കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. ഇന്ത്യയുൾപ്പെടെ 45 രാജ്യങ്ങൾ ഇതിനോടകം സഹായവാഗ്ദാനം നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP