Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ടെൻഡറിൽ ബുക്ക് മൈ ഷോ രണ്ടര രൂപ ക്വാട്ട് ചെയ്തപ്പോൾ ഐ നെറ്റ് വിഷൻ ക്വാട്ട് ചെയ്തത് അൻപത് പൈസ; ഐ നെറ്റ് വിഷന് കിട്ടിയ ടെൻഡർ കാൻസൽ ചെയ്ത ഇടത് സർക്കാർ അനുമതി നൽകിയത് ഇൻഫർമേഷൻ കേരള മിഷന്; ഐ നെറ്റ് വിഷൻ വേണ്ടെങ്കിൽ സംവിധാനം ഏറ്റെടുക്കാൻ തങ്ങൾ തയ്യാറാണെന്ന് നിർമ്മാതാക്കളും; ഇ-ടിക്കറ്റിങ് സംവിധാനം വിവാദത്തിലേക്ക്

ടെൻഡറിൽ ബുക്ക് മൈ ഷോ രണ്ടര രൂപ ക്വാട്ട് ചെയ്തപ്പോൾ ഐ നെറ്റ് വിഷൻ ക്വാട്ട് ചെയ്തത് അൻപത് പൈസ; ഐ നെറ്റ് വിഷന് കിട്ടിയ ടെൻഡർ കാൻസൽ ചെയ്ത ഇടത് സർക്കാർ അനുമതി നൽകിയത് ഇൻഫർമേഷൻ കേരള മിഷന്; ഐ നെറ്റ് വിഷൻ വേണ്ടെങ്കിൽ സംവിധാനം ഏറ്റെടുക്കാൻ തങ്ങൾ തയ്യാറാണെന്ന് നിർമ്മാതാക്കളും; ഇ-ടിക്കറ്റിങ് സംവിധാനം വിവാദത്തിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിനിമാ തിയേറ്ററുകളിൽ സർക്കാർ നടപ്പിലാകുന്ന ഇ-ടിക്കറ്റിങ് സംവിധാനം ടിക്കറ്റിങ് രംഗത്തെ കുത്തകയായ ബുക്ക് മൈ ഷോയെ സഹായിക്കാനെന്ന് ആരോപണം. ഇ-ടിക്കറ്റ് സംവിധാനം നടപ്പിലാക്കാൻ കഴിഞ്ഞ യുഡിഎഫ് സർക്കാർ അനുമതി നൽകിയ ഐ നെറ്റ് വിഷനെ ഒഴിവാക്കിയത് ബുക്ക് മൈ ഷോയുടെ ആധിപത്യം ഉറപ്പിക്കാനാണെന്നാണ് ഉയരുന്ന ആരോപണം. ഇൻഫർമേഷൻ കേരളാ മിഷന്റെ സോഫ്റ്റ്‌വെയർ വഴി ഇ ടിക്കറ്റിങ് സംവിധാനം നടപ്പിലാക്കുന്നതിന്നെതിരെ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഐ നെറ്റ് വിഷന്റെ ഉണ്ണി ശിവപാലുമാണ് രംഗത്തിറങ്ങിയിരിക്കുന്നത്. വൻ പ്രതിഷേധമാണ് ഐകെഎം സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഇ ടിക്കറ്റിങ് സംവിധാനം നടപ്പിലാക്കുന്നതിരെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിൽ നിന്നും ഉയരുന്നത്. ഒരു സിനിമയുടെ എല്ലാമെല്ലാമായ നിർമ്മാതാക്കളെ പൂർണമായി ഒഴിവാക്കി പുറത്തു നിന്നുള്ള ഒരു കമ്പനിക്ക് ലാഭം കയ്യിട്ട് വാരാൻ സർക്കാർ അവസരം ഒരുക്കിക്കൊടുത്തിരിക്കുകയാണ് എന്നാണ് ആക്ഷേപം ഉയരുന്നത്. സർക്കാർ ഉത്തരവ് പ്രകാരം തിയേറ്ററുകളിൽ നിന്നും ഒരു ടിക്കറ്റിന്മേൽ അമ്പത് പൈസ ഐകെഎമ്മിനാണ്. അതേസമയം ഓൺലൈൻ ടിക്കറ്റിന്മേൽ ഒരു രൂപ അമ്പത് പൈസയും ഐകെഎമ്മിന് നൽകണം. മെയിന്റനൻസ് ആൻഡ് സപ്പോർട്ട് ചാർജ് ആയാണ് ഈ തുക ഐകെഎമ്മിന് നൽകേണ്ടത്. ഹാർഡ്വെയർ തിയേറ്റർ ഉടമകൾ സ്ഥാപിക്കുമ്പോൾ സോഫ്റ്റ്‌വെയർ സൗജന്യമായി ഐകെഎം നൽകും. ഇ-ടിക്കറ്റിങ് സംവിധാനത്തിനായി ഇരുപത്തിനാല് മണിക്കൂർ ഹെൽപ്പ് ലൈൻ ആയി സ്റ്റേറ്റ് കാൾ സെന്റർ സേവനം ഉപയോഗിക്കാം. മാനേജ് ചെയ്യാൻ ആവശ്യമായ ജീവനക്കാർ ഐകെഎം നൽകും- സർക്കാർ ഇറക്കിയ ഉത്തരവിൽ പറയുന്നു.

കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ടെൻഡറിൽ ഐ നെറ്റ് വിഷൻ പരാജയപ്പെടുത്തിയ കമ്പനിയാണ് ബുക്ക് മൈ ഷോ. ഒരു ടിക്കറ്റിനു രണ്ടര രൂപ ബുക്ക് മൈ ഷോ ആവശ്യപ്പെട്ടപ്പോൾ അൻപത് പൈസയാണ് ഐ നെറ്റ് വിഷൻ ക്വാട്ട് ചെയ്തത്. ഇങ്ങിനെയാണ് ഐ നെറ്റ് വിഷന് ടെൻഡർ കിട്ടുന്നത്. ഇങ്ങിനെ ടെൻഡറിൽ നിന്നും പുറത്തായ ബുക്ക് മൈ ഷോയ്ക്ക് പിൻവാതിൽ പ്രവേശനം വഴി സാന്നിധ്യമുറപ്പിക്കാനുള്ള ഇടത് സർക്കാരിന്റെ നീക്കമായാണ് ഐകെഎം സോഫ്റ്റ്‌വെയറിനെ നിർമ്മാതാക്കൾ കാണുന്നത്. ഓൺലൈൻ ടിക്കറ്റ് പ്ലാറ്റ് ഫോം വഴി മുപ്പത് രൂപയോളമാണ് ഒരു ടിക്കറ്റിൽ നിന്നും ബുക്ക് മൈ ഷോ ഈടാക്കുന്നത്. അവരുടെ പ്ലാറ്റ് ഫോം ഉപയോഗിക്കുന്നതിന്റെ ചാർജ് ആയാണ് ഈ തുക ഈടാക്കുന്നത്. ഐ നെറ്റ് വിഷൻ ആയിരുന്നെങ്കിൽ വെറും അൻപത് പൈസയാണ് ഈടാക്കുമായിരുന്നത്. ജനങ്ങൾക്ക് ഗുണവും ഇൻഡസ്ട്രിക്കും പ്രയോജനം ലഭിക്കുമായിരുന്ന ഈ വർക്ക് ഓർഡർ കാൻസൽ ചെയ്താണ് ഇപ്പോൾ ഐകെഎം സോഫ്റ്റ്‌വെയർ വഴി ബുക്ക് മൈ ഷോയുടെ ആധിപത്യം ഉറപ്പിക്കുന്നത് എന്നാണ് നിർമ്മാതാക്കൾ ആരോപിക്കുന്നത്. ഐ നെറ്റ് വിഷൻ വേണ്ടെങ്കിൽ തങ്ങൾ ടിക്കറ്റിങ് സംവിധാനവും സോഫ്റ്റ്‌വെയറും ഏറ്റെടുക്കാൻ തയ്യാറാണ് എന്നാണ് നിർമ്മാതാക്കളുടെ പക്ഷം. ബുക്ക് മൈ ഷോയ്ക്ക് പ്രേക്ഷകനെ കൊള്ളയടിക്കാനാണ് അവസരം നൽകുന്നത്. നൽകുന്ന ഓരോ തുകയും ഈ ഇൻഡസ്ട്രിയുടെ നിലനിൽപ്പിനും സിനിമയെ ആശ്രയിച്ച് ജീവിക്കുന്നവർക്കും തുണയാകണം. ഇതാണ് നിർമ്മാതാക്കളുടെ ആവശ്യം. നിലവിലെ സംവിധാനത്തിൽ അതിനു അവസരമില്ല. സിനിമയിലെ ലാഭം ബുക്ക് മൈ ഷോയും നിർമ്മാതാക്കളും കൊണ്ടുപോകുകയാണ്. സിനിമയുടെ എല്ലാമെല്ലാമായ നിർമ്മാതാക്കൾ അവഗണിക്കപ്പെടുകയും ചെയ്യുന്നു. ഇതാണ് നിർമ്മാതാക്കളിൽ നിന്നും എതിർപ്പ് ഉയരാൻ കാരണം.

പ്രേക്ഷകന്റെ കയ്യിൽ നിന്നും അന്താരാഷ്ട്ര കുത്തക കമ്പനി ഒരു ടിക്കറ്റിനു മുപ്പത് രൂപയോളമാണ് കൊള്ളയടിച്ച് കൊണ്ട് പോകുന്നത്. ഭരണത്തിലുള്ളവർ അതിനു കൂട്ട് നിൽക്കുകയാണ് എന്നാണ് പ്രൊഡ്യുസേഴ്‌സ് അസോസിയേഷൻ ആരോപിക്കുന്നത്. ഐകെഎം സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഇ ടിക്കറ്റിങ് സംവിധാനം നടപ്പിലാക്കാൻ സർക്കാർ ഉത്തരവിറങ്ങിയതോടെയാണ് എതിർപ്പുമായി പ്രൊഡ്യുസേഴ്‌സ് അസോസിയേഷനും ഉണ്ണി ശിവ്പാലും രംഗത്ത് വന്നിരിക്കുന്നത്. സർക്കാർ ഉത്തരവിനെതിരെ നിർമ്മാതാവ് മേനകാ സുരേഷ് ഇറക്കിയ ഓഡിയോ സന്ദേശം ഇപ്പോൾ സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിൽ വൈറലുമാണ്. ടിക്കറ്റ് ബുക്കിങ് രംഗത്തുള്ള ഏജൻസികൾ ഐകെഎം നൽകിയിരിക്കുന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ച് മാത്രമേ ബുക്കിങ് നടത്താൻ പാടുള്ളൂ. സർക്കാർ സോഫ്റ്റ്‌വെയറുമായി കണക്റ്റ് ചെയ്ത് ഏജൻസികൾക്ക് ഓൺലൈൻ ടിക്കറ്റ് ബുക്കിങ് നടത്താവുന്നതാണ്. സർക്കാർ ഉത്തരവിൽ പറയുന്ന ഈ വാചകങ്ങൾ തന്നെ ബുക്ക് മൈ ഷോയ്ക്ക് തിയെറ്ററുകളിൽ ഉള്ള ആധിപത്യത്തിനു തെളിവായി പ്രൊഡ്യുസേഴ്‌സ് അസോസിയേഷൻ ഉയർത്തിക്കാട്ടുന്നത്. നിലവിൽ തിയേറ്റർ ഉടമകളും ബുക്ക് മൈ ഷോയുമായി ധാരണയുണ്ട്. ഐകെഎം സോഫ്റ്റ്‌വെയർ വെയർ വരുമ്പോൾ ആ സോഫ്റ്റ്‌വെയറുമായി അസോസിയേറ്റ് ചെയ്ത് ബുക്ക് മൈ ഷോയ്ക്ക് തുടരാം. ഇതിനുള്ള അവസരമാണ് ഐകെഎം സോഫ്റ്റ്‌വെയർ വഴി വന്നത് എന്നാണ് നിർമ്മാതാക്കളുടെ ആരോപണം.

സിനിമാ നിർമ്മാതാവിന് ഒരു പൈസ പോലും കൊടുക്കാതെ ലാഭം തിയേറ്റർ ഉടമകളും ബുക്ക് മൈ ഷോയും കൈപ്പറ്റുകയാണ്. സർക്കാരിനു കിട്ടാനുള്ളത് സർക്കാരിനും കിട്ടുന്നുണ്ട്. വെള്ളം കുടിക്കുന്നത് നിർമ്മാതാക്കളാണ്. ഇങ്ങിനെ ലാഭം മുഴുവൻ ഇവർ ഊറ്റിക്കൊണ്ട് പോകുമ്പോൾ അടൂർ ഗോപാലകൃഷ്ണൻ കമ്മറ്റി പറഞ്ഞ ഒരു ടിക്കറ്റിൽ നിന്നും ഒരു രൂപ അല്ലെങ്കിൽ രണ്ടു രൂപ പ്രൊഡ്യുസറിനു നൽകണമെന്ന നിർദ്ദേശം പോലും പാലിക്കപ്പെടുന്നില്ല. സിനിമാ പ്രവർത്തകർ അടങ്ങുന്ന സാംസ്‌കാരിക ക്ഷേമനിധി ബോർഡിനു വരെ ഇതിൽ നിന്നും പണം പോകേണ്ടതുണ്ട്. ആ പണവും പോകുന്നില്ല. എല്ലാം അനർഹർ കൈപ്പറ്റുകയാണ്. ഇതാണ് നിർമ്മാതാക്കളുടെ ആരോപണം. നിർമ്മാതാക്കൾ ഇത്തരം ആരോപണങ്ങൾ നടത്തുമ്പോൾ ഐ നെറ്റ് വിഷന്റെ എംഡിയും നടനും നിർമ്മാതാവും കൂടിയായ ഉണ്ണി ശിവപാൽ വഞ്ചനയുടെ കഥയാണ് മറുനാടനോട് പറഞ്ഞത്.

2015-ൽ ടെൻഡർ വഴി ഇ ടിക്കറ്റിങ് സംവിധാനത്തിനു സർക്കാർ വർക്ക് ഓർഡർ നൽകിയതാണ്. പദ്ധതിയുമായി മുന്നോട്ടു പോകുമ്പോഴാണ് ഇടത് സർക്കാർ ഏകപക്ഷീയമായി ഞങ്ങളെ കരാറിൽ നിന്നും ഒഴിവാക്കുന്നത്. ടെൻഡർ വിജയിച്ച് കരാർ ഏറ്റെടുത്ത ഞങ്ങളെ അങ്ങിനെ ഏകപക്ഷീയമായി ഒഴിവാക്കാൻ കഴിയില്ല. ഇതിനുള്ള സോഫ്റ്റ്‌വെയറും ഹാർഡ്വെയറുമൊക്കെ ഞങ്ങളുടെതായിരുന്നു. സർക്കാർ ചതിയാണ് കാണിച്ചത്. ഈ കാര്യത്തിൽ ഹൈക്കോടതിയിൽ കേസുമുണ്ട്. പത്തു കോടി രൂപയാണ് ഐ നെറ്റ് വിഷൻ പദ്ധതിക്കായി മുടക്കിയത്. ഈ തുക അങ്ങിനെ തന്നെ നഷ്ടമായി കൈപൊള്ളി നിൽക്കുകയാണ്. ഈ കാര്യത്തിനാണ് ഞങ്ങൾ ഹൈക്കോടതിയിൽ കേസ് നൽകിയത്. ഈ കേസ് അങ്ങിനെ തന്നെ നിൽക്കുമ്പോഴാണ് ഐകെഎം സോഫ്റ്റ്‌വെയർ ഉപയോഗിക്കാൻ തീരുമാനമായുള്ള സർക്കാർ ഉത്തരവ് ഇറങ്ങുന്നത്. ബുക്ക് മൈ ഷോ രണ്ടര രൂപ ക്വാട്ട് ചെയ്തപ്പോൾ ഞങ്ങൾ അൻപത് പൈസയാണ് ക്വാട്ട് ചെയ്തത്. അങ്ങിനെയാണ് ടെൻഡർ ഞങ്ങൾക്ക് ലഭിച്ചത്. ഈ ആശയം ഐ നെറ്റ് വിഷന്റെതാണ്. സോഫ്റ്റ്‌വെയർ സർക്കാരിനു നൽകി ഈ സോഫ്റ്റ്‌വെയർ സർക്കാർ രണ്ടു വർഷം ഓടിച്ചതാണ്. ഈ സോഫ്റ്റ്‌വെയർ രീതിയാണ് ഐകെഎം കടം കൊണ്ടത്. ഞങ്ങളും കെൽട്രോണും ഐകെഎമ്മുമായി ചേർന്ന് 2012-ൽ തുടങ്ങിയ പദ്ധതിയാണ് സർക്കാർ മാറിയപ്പോൾ ഐകെഎമ്മിന്റെ സ്വന്തമായി മാറിയത്. സോഫ്റ്റ്‌വെയറും ഹാർഡ്വെയറുമായി പത്ത് കോടി രൂപയാണ് സർക്കാർ ഏകപക്ഷീയമായി പെരുമാറിയപ്പോൾ നഷ്ടം വന്നത്-ഐനെറ്റ് വിഷന്റെ ഉണ്ണി ശിവപാൽ പറയുന്നു.

ഐ നെറ്റ് വിഷന്റെ ഉണ്ണി ശിവപാൽ പറയുന്ന കഥ

2012-ൽ തുടങ്ങിയ സെൻട്രലൈസ്ഡ് ടിക്കറ്റ് സംവിധാനത്തിന്റെ ആലോചനയാണിത്. ഞങ്ങളും കെൽട്രോണും ഐകെഎമ്മും ചേർന്ന് തുടങ്ങിയ പ്രോജക്റ്റ് ആണിത്. ബിഒടിയായി തുടങ്ങാനായിരുന്നു പദ്ധതി. എല്ലാ പണവും ഞങ്ങൾ മുടക്കാനായിരുന്നു തീരുമാനം. സർക്കാരിനു അഞ്ചു പൈസ ചെലവില്ലാത്ത സംവിധാനമാണ്. തിയേറ്ററുകൾക്ക് വേണ്ട മെഷീൻ അടക്കം നൽകാനായിരുന്നു തീരുമാനം. അഞ്ചു വർഷത്തിനു ശേഷം വേണമെങ്കിൽ ഈ എഗ്രിമെന്റ് കണ്ടിന്യൂ ചെയ്യാനായിരുന്നു തീരുമാനം. അപ്പോൾ ടെൻഡർ വേണമെന്ന് സർക്കാർ നിർദ്ദേശം വെച്ചു. ബുക്ക് മൈ ഷോയും ഈ ടെൻഡറിൽ പങ്കു കൊണ്ടിരുന്നു. ബുക്ക് മൈ ഷോ രണ്ടര രൂപ ക്വാട്ട് ചെയ്തപ്പോൾ ഞങ്ങൾ അൻപത് പൈസ ക്വാട്ട് ചെയ്തു. ടെൻഡർ ഞങ്ങൾക്ക് ലഭിച്ചു. ചലച്ചിത്ര പ്രവർത്തകരുടെ ക്ഷേമ നിധികൂടി ഉൾക്കൊള്ളിച്ചാണ് പദ്ധതി രൂപം കൊണ്ടത്. അന്ന് മേനകാ സുരേഷ് ആയിരുന്നു ക്ഷേമനിധി ബോർഡ് ചെയർമാൻ. ഈ മെഷീൻ വന്നു കഴിഞ്ഞാൽ സുതാര്യത വരില്ല. ടാക്‌സ് വെട്ടിപ്പ് വരില്ല. ഇവർ ഇതൊന്നും പറയാതെ സെസിനെതിരെ കോടതിയിൽ കേസ് നൽകി. ഞങ്ങളെ ബഹുരാഷ്ട്ര കുത്തക എന്നാണ് തിയേറ്റർ ഉടമകൾ അന്ന് പറഞ്ഞത്. ഞങ്ങളുടെ ഡാറ്റ പുറത്തുകൊടുക്കാൻ കഴിയില്ലെന്നാണ് ഇവർ പറഞ്ഞത്. 2012 മുതൽ ഈ കേസ് നടക്കാൻ തുടങ്ങിയിട്ടുണ്ട്. ഇരുപത്തിനാലും മാസം ട്രയൽ ആയി ഈ മെഷീൻ ഓടിച്ചു നൽകിയിരുന്നു. യുഡിഎഫ് സർക്കാർ ഉള്ളപ്പോൾ ഞങ്ങൾക്ക് വർക്ക് ഓർഡർ തന്നു. 2015-ൽ തന്നെ മെയ്‌ ഒന്ന് മുതൽ ഞങ്ങൾ എല്ലാ തിയേറ്ററിലും ഇത് ഇംപ്ലിമെന്റ് ചെയ്തു. സോഫ്റ്റ്‌വെയർ ഉൾപ്പെടെ ഞങ്ങളാണ് ചെയ്തത്. മെഷീനും ഞങ്ങളുടെത്. വലിയ ചതി ഇതിൽ ഒളിഞ്ഞു കിടക്കുന്നുണ്ട്. ഞങ്ങളുടെ ആശയവും സോഫ്റ്റ്‌വെയറും സർക്കാർ അടിച്ചുമാറ്റുകയാണ് ഉണ്ടായത്.

ഞങ്ങളും കെൽട്രോണും ഐകെഎമ്മുമായി എല്ലാ ഡോക്യുമെന്റും ഷെയർ ചെയ്തതാണ്. ഞങ്ങളുടെ ആശയം അടിച്ചു മാറ്റപ്പെട്ടതാണ്. ഭരണമാറ്റമാണ് ഞങ്ങളെ ചതിച്ചത്. തിയറ്ററുകാർ ബുക്ക് മൈ ഷോയുമായി ധാരണയായി. എല്ലാവരും കൂടെ പാലം വലിച്ചു. സർക്കാർ എടുത്ത നിലപാടാണ് പ്രശ്‌നം സൃഷ്ടിച്ചത്. ഞങ്ങൾ പ്രൈവറ്റ് പാർട്ടിക്ക് കൊടുക്കുന്നില്ല. സ്വന്തമായി ചെയ്യുന്നു എന്നാണ് സർക്കാർ അറിയിച്ചത്. ഞങ്ങളുമായുള്ള ഉടമ്പടി കാൻസൽ ചെയ്യാൻ പോലും നിൽക്കാതെയാണ് സർക്കാർ തീരുമാനം എടുത്തത്. നിങ്ങൾ എന്താണ് നേരത്തെ വരാതിരുന്നത് എന്നാണ് സാസ്‌കാരിക മന്ത്രി എ.കെ.ബാലൻ പറഞ്ഞത്. സർക്കാർ ഞങ്ങൾക്ക് നൽകിയ വർക്ക് ഓർഡർ മുന്നിലിരിക്കെയാണ് നിങ്ങൾ എന്തുകൊണ്ട് നേരത്തെ വരാതിരുന്നത് ബാലൻ മന്ത്രി ചോദിക്കുന്നത്. ടെൻഡർ ലഭിച്ച ഞങ്ങളെ അറിയിക്കാതെയാണ് ഉടമ്പടി കാൻസൽ ചെയ്യുന്നതായി സർക്കാർ കോടതിയിൽ പറഞ്ഞത്. 2016 ഡിസംബറിൽ ഞങ്ങൾ കോടതിയിൽ കൊടുത്ത കേസ് ഇപ്പോഴും ഹൈക്കോടതിയിൽ തുടരുന്നുണ്ട്. ഈ കേസ് ഒന്നും മുഖവിലയ്ക്ക് എടുക്കാതെയാണ് പുതിയ ഉത്തരവ് സർക്കാർ ഇറക്കിയത്.

ഐകെഎം ഇറക്കിയിരിക്കുന്നത് സോഫ്റ്റ്‌വെയർ മാത്രമാണ്. ഇതിലൂടെ ബുക്ക് മൈ ഷോയാണ് ആധിപത്യം ഉറപ്പിച്ചിരിക്കുന്നത്. ബുക്ക് മൈ ഷോയുള്ള തിയേറ്ററുകളിൽ നിന്നൊന്നും ബുക്ക് മൈ ഷോ പുറത്തു പോകുന്നില്ല. തിയേറ്ററുകൾക്ക് കുറെ പണം നൽകി ഇവർ ബഹുരാഷ്ട്ര കുത്തക കളി കളിക്കുകയാണ് ചെയ്തത്. ബുക്ക് മൈ ഷോയിൽ നിന്ന് ഇവരെല്ലാം കാശ് വാങ്ങിയിട്ടുണ്ട്. അതിന്റെ പ്രതിഫലമായി ബുക്ക് മൈ ഷോയ്ക്ക് വേദി ഒരുക്കിക്കൊടുകയാണ് ഇവർ ചെയ്യുന്നത്. മുപ്പത് രൂപ വരെയാണ് ബുക്ക് മൈ ഷോ ഒരു ടിക്കറ്റിൽ നിന്നും കമ്മിഷൻ വാങ്ങിക്കുന്നത്. ഐകെഎം സോഫ്‌റ്റ്‌വെയർ വരുമ്പോൾ ബുക്ക് മൈ ഷോയുടെ പ്ലാറ്റ്‌ഫോം അങ്ങിനെ തന്നെ കിടക്കുകയല്ലേ. ഈ പ്ലാറ്റ് ഫോം അവർക്ക് ഉപയോഗിക്കാം. സിനിമാ ഇൻഡസ്ട്രിയെ നിയന്ത്രിക്കുന്ന പ്രമുഖർ ഇതിനു ഒത്താശ നൽകുകയും ചെയ്യുന്നു. പത്ത് കോടിയോളം രൂപ നിക്ഷേപിച്ചാണ് ഞാൻ സോഫ്റ്റ്‌വെയറും തിയേറ്ററുകളിലെ മെഷീനുമായി ഇറങ്ങിയത്. സർക്കാർ എന്തിനു വൺ സൈഡായി നീങ്ങി. ഞങ്ങളുടെ മെഷീൻ ഉപയോഗിച്ചിരുന്നെങ്കിൽ തിയറ്ററുകാർക്ക് ഒരു വെട്ടിപ്പിനും അവസരം വരില്ല. കാരണം സെർവർ സ്റ്റേറ്റ് ഡാറ്റ സെന്ററിൽ ഇരിക്കുകയാണ്. എല്ലാ മുതൽമുടക്കുകളും ഞങ്ങൾ നടത്തിയിരുന്നു. അതെല്ലാം പാഴിലായ അവസ്ഥയായി.

വലിയൊരു അഴിമതി ഇതിനു പിന്നിലുണ്ട്. അഞ്ചു വർഷം കൊണ്ട് മുപ്പതുകോടി രൂപ ഇൻവെസ്റ്റ് ചെയ്ത് തിരിച്ചെടുക്കാം. ഓൺലൈൻ ചാർജ് ആയി അന്ന് തീരുമാനിച്ചത് പത്ത് രൂപ. ഞങ്ങൾക്ക് ലഭിക്കുന്നത് 42 പൈസയും. ഈ പ്ലാറ്റ്‌ഫോം ബുക്ക് മൈ ഷോയ്ക്കും ഉപയോഗിക്കാം. അപ്പോൾ റവന്യൂ ഞങ്ങളും ബുക്ക് മൈ ഷോയും ഷെയർ ചെയ്യണം. ആർക്കും ഉപയോഗിക്കാവുന്ന പ്ലാറ്റ്‌ഫോം ആണിത്. സോഫ്റ്റ്‌വെയർ മാത്രമാണ് ഐകെഎം നൽകുക. മെഷീൻ തിയറ്ററുകാർ വെക്കണം. അപ്പോൾ കൃത്രിമം നടക്കാനുള്ള സാധ്യത കൂടുകയാണ്. ഇത് ബുക്ക് മൈ ഷോ അടക്കമുള്ളവർക്ക് സഹായകരമാകും. മുപ്പത് രൂപയാണ് ബുക്ക് മൈ ഷോ ഒരു ടിക്കറ്റിനു മേൽ കമ്മിഷൻ പറ്റുന്നത്. പ്രൊഡ്യുസർ അസോസിയേഷന് ഇതിൽ ഒരു പൈസ പോലും വിഹിതമില്ല. ബുക്ക് മൈ ഷോയുടെ ഓൺലൈൻ പ്ലാറ്റ്‌ഫോം ഐകെഎം സോഫ്റ്റ്‌വെയറിലേക്ക് ഇവർക്ക് ഘടിപ്പിക്കാം. മുപ്പത് രൂപ എന്നത് അവർ കൂട്ടി വാങ്ങിയാലും ആർക്കും ചോദിക്കാൻ കഴിയില്ല. കാരണം ബുക്ക് മൈ ഷോയുടെ പ്ലാറ്റ് ഫോം ഉപയോഗിക്കാൻ ഇവർക്ക് ചാർജ് നൽകണം. അത് എത്രയെന്നു ഇവർക്ക് തീരുമാനിക്കാം. മുപ്പത് രൂപയാണ് ഇവർ നിലവിൽ ഈടാക്കുന്നത്. ജനങ്ങൾക്കും ഗുണം, ഇൻഡസ്ട്രിക്കും ഗുണം. എവിടെനിന്നും ഓരോ ടിക്കറ്റ് സെയിലും മോണിട്ടർ ചെയ്യാൻ കഴിയുന്ന രീതിയിലുള്ളതാണ്. എന്റെ സ്വപ്നമായിരുന്നു ഇത്. എനിക്ക് ഐടി കമ്പനിയുണ്ട്. അങ്ങിനെയാണ് ഈ സോഫ്റ്റ്‌വെയർ വികസിപ്പിച്ചത്. കെഎസ്എഫ്ഡിസിക്ക് ട്രയൽ ആണ് നൽകിയത്. ഒരു കുഴപ്പവും ഇല്ലായിരുന്നു. ഒരു മാസം ഓടിക്കാൻ പറഞ്ഞിട്ട് ഇരുപത്തിനാല് മാസമാണ് അവർ ഓടിച്ചത്.

നിർമ്മാതാവ് മേനകാ സുരേഷിന്റെ ശബ്ദസന്ദേശം ഇങ്ങനെ:

2011 മുതൽ 2016 വരെ സ്സാംസ്‌കാരിക ക്ഷേമനിധി ബോർഡിന്റെ ചെയർമാനായിരുന്നു ഞാൻ. ആ കാലത്ത് ഇ-ടിക്കറ്റിങ് സംവിധാനം നടപ്പിലാക്കാനായി ഒത്തിരി മീറ്റിങ്ങുകൾ ഈ കാര്യത്തിൽ നടത്തിയിട്ടുണ്ട്. സ്സാംസ്‌കാരിക ക്ഷേമനിധി ബോർഡും ഐകെഎമ്മുമായി നിരവധി മീറ്റിംഗുകൾ നടത്തി ഞാൻ ധാരണയിൽ എത്തി. കെൽട്രോൺ അതിനു പിന്തുണ നൽകി. കെൽട്രോൺ ഒരു ടെൻഡർ വിളിച്ചിരുന്നു. മൂന്നു-നാല് പേർ ആ ടെൻഡറിൽ ഉൾപ്പെട്ടിരുന്നു. അതിൽ ഏറ്റവും പ്രമുഖ കമ്പനിയായ, ഇപ്പോൾ ഓൺലൈൻ ടിക്കറ്റ് വിൽക്കുന്ന ബുക്ക് മൈ ഷോ ഉൾപ്പെടെയുള്ള ആളുകൾ ആ ടെൻഡറിലുണ്ടായിരുന്നു. ഐ നെറ്റ് വിഷൻ അതിലുണ്ടായിരുന്നു. ഉണ്ണി ശിവപാൽ ആണ് അതിന്റെ മാനേജിങ് ഡയരക്ടർ. നടനും നിർമ്മാതാവുമാണ് ഉണ്ണി ശിവപാൽ. ആ കമ്പനി ടെൻഡർ സമർപ്പിച്ചു. ഞങ്ങൾ ആരും അതിന്റെ ഭാഗഭാക്കല്ല. കെൽട്രോൺ ആണ് ടെൻഡർ വിളിച്ചത്. അതിൽ ഉണ്ണി ശിവപാലിന്റെ കമ്പനി 50-60 പൈസയാണ് അതിൽ ക്വാട്ട് ചെയ്തതത് എന്നാണ് എന്റെ ഓർമ്മ. ബുക്ക് മൈ ഷോ രണ്ടു രൂപയാണ് ടെൻഡറിൽ ക്വാട്ട് ചെയ്തത്. വേറൊരു കമ്പനിയുണ്ടായിരുന്നു. അത് ഏതെന്നു ഞാൻ ഓർക്കുന്നില്ല. രണ്ടു രൂപ വെച്ച കമ്പനിയെ തള്ളിക്കൊണ്ട് കെൽട്രോൺ ഐ നെറ്റ് വിഷൻ എന്ന കമ്പനിയെ സെലക്റ്റ് ചെയ്തു. ആ കമ്പനിയെ ഷോർട്ട് ലിസ്റ്റ് ചെയ്തുകൊണ്ട് ആ കമ്പനിക്ക് ഇതു കൊടുക്കാം എന്ന് പറഞ്ഞുകൊണ്ട് ഉത്തരവ് അന്ന് ഇറക്കുകയും ചെയ്തു. അതിനു മുൻപ് ഇ-ടിക്കറ്റിങ് തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 2012-ൽ തന്നെ ലിബർട്ടി ബഷീർ കേസ് കൊടുക്കുകയും ആ കേസ് നീണ്ടു നീണ്ടു പോവുകയും ചെയ്തു. അവസാനം ആ കേസ് ഫൈറ്റ് ചെയ്തു ഞങ്ങൾ വിജയിക്കുകയും ചെയ്തു. അങ്ങിനെ ഐ നെറ്റ് വിഷനെ ഷോർട്ട് ലിസ്റ്റ് ചെയ്തു വരുന്ന സമയത്താണ് സർക്കാർ മാറി പുതിയ സർക്കാർ വരുന്നത്.

അതിനു തൊട്ടു മുൻപ് തന്നെ പൊതു മരാമത്ത് വകുപ്പ് സെക്രട്ടറിയായിരുന്ന മുഹമ്മദ് ഹനീഷ് സാർ ഇതെല്ലാം ശരിയാക്കി, എല്ലാ ഉത്തരവും ആക്കിയെങ്കിലും പുതിയ സർക്കാർ വന്നപ്പോൾ മീറ്റിങ് വിളിച്ചു. എ.കെ.ബാലൻ കൾച്ചറൽ മിനിസ്റ്റർ ആയ സമയത്ത്, അന്ന് ഞാൻ പോയിട്ടില്ല, പുതിയ ചെയർമാൻ വരുന്ന സമയത്തിന് മുൻപ് ഒരു മീറ്റിങ് വിളിച്ചിരുന്നു.

ആ സമയത്ത് ഫെഫ്കയുടെ ബി.ഉണ്ണിക്കൃഷ്ണൻ, എക്‌സിബിറ്റെഴ്‌സ് ഫെഡറേഷന്റെ ലിബർട്ടി ബഷീറും കൂടി പറഞ്ഞു, എനിക്കിപ്പോഴും ഓർമ്മയുണ്ട്. ഞാൻ അത് നിഷേധിക്കുന്നില്ല. അത്‌കൊണ്ടാണ് ഞാൻ ഇപ്പോൾ പറയുന്നത്. ഇത് ഒരു കുത്തക മുതലാളിക്കാണ് കൊടുത്തിരിക്കുന്നത്, അത് ശരിയാവില്ല. ഐ നെറ്റ് വിഷൻ എന്ന് പറഞ്ഞാൽ അത് കുത്തക മുതലാളിയാണ്. അന്ന് 50 പൈസ പറഞ്ഞ ആ തുക ഞങ്ങൾ ചർച്ച ചെയ്ത് 42 പൈസയാക്കി. അതാണ് അതിന്റെയകത്തുള്ള ഏറ്റവും വലിയ കാര്യം. 50 പൈസ ക്വാട്ട് ചെയ്തത് 42 പൈസയാക്കി. ഈ 42 പൈസയാണ് കുത്തക മുതലാളി അടിച്ചുകൊണ്ട് പോകുന്നു എന്ന് പറഞ്ഞത്. അതിൽ നിന്നും മാറി, ബഹുമാനപ്പെട്ട മന്ത്രിക്ക് അതിനെപ്പറ്റി കൂടുതൽ അറിയാതിരുന്നതുകൊണ്ട് അദ്ദേഹം അത് സ്റ്റേ ചെയ്ത പോലെ അത് മാറ്റിവയ്ക്കാൻ പറഞ്ഞു. അന്ന് സെക്രട്ടറിയായിരുന്ന, കെഎസ്ഡിഎഫ്‌സിയുടെ എംഡിയായിരുന്ന ദീപ നായർ കൂടി ഉള്ള ഒരു സദസ്സിലാണ് ഈ തീരുമാനം എടുത്തത്. അന്നത് നടപ്പാക്കാൻ പറ്റിയില്ല. പിന്നെ ഞാൻ മാറി. പുതിയ ചെയർമാൻ വന്നു. അത് പിന്നെ നടന്നിട്ടില്ല. ഒരു കുത്തക മുതലാളി 42 പൈസയ്ക്ക് എടുത്ത സാധനമാണ് പിന്നെ 30 രൂപയ്ക്ക് ബുക്ക് മൈ ഷോ, 25 രൂപ, 30 രൂപ ഏറ്റവും വലിയ തമാശ അതാണ് .. ബുക്ക് മൈ ഷോ, പ്രേക്ഷകന്റെ കയ്യിൽ നിന്നും കൊള്ളയടിച്ച് കൊണ്ട്, ഒരു കുത്തക മുതലാളി, അത് അന്താരാഷ്ട്ര കുത്തകയാണ്. ഈ കുത്തക മുതലാളിക്ക് ഇവരെല്ലാം കൂട്ടുനിന്നു അതിന്റെ എല്ലാം ഇവർ പറ്റി.

ഓരോ ടിക്കറ്റിനും പുറത്ത് പത്തും പന്ത്രണ്ടും രൂപ തിയേറ്ററുകാർ പറ്റി. ഒരു പ്രൊഡ്യൂസർ എന്ന നിലയിൽ ഒരു പൈസ പോലും കൊടുക്കാതെ, ഈ ബുക്ക് മൈ ഷോയും ഈ എക്‌സിബിറ്റെഴ്‌സും കൂടി അവർ അങ്ങോട്ടും ഇങ്ങോട്ടും ഉള്ള അണ്ടർ സ്റ്റാൻഡിംഗിന്റെ പേരിൽ പ്രൊഡ്യുസറിനെ മാറ്റി നിർത്തിക്കൊണ്ട് അവർ വാങ്ങിച്ചുകൊണ്ട് പോയി. അതല്ലേ ഏറ്റവും വലിയ പ്രശ്‌നം. നമ്മൾ കണക്കാക്കേണ്ടത് അതാണ്. ഒരു പ്രേക്ഷകന്റെ കയ്യിൽ നിന്നും 30 രൂപ അധികം വാങ്ങിക്കുന്നു. ഒരു രൂപ അല്ലെങ്കിൽ രണ്ടു രൂപ പ്രൊഡ്യുസറിന് നൽകാൻ ആവശ്യപ്പെട്ടു, അടൂർ ഗോപാലകൃഷ്ണൻ കമ്മറ്റി അത് അംഗീകരിച്ചതാണ്. അത് ഇന്നേവരെ പ്രൊഡ്യുസർക്ക് ലഭിച്ചിട്ടില്ല. അതേസമയം 12 ഉം 15 രൂപ എക്‌സിബിറ്ററിന് കിട്ടുന്നത് യാതൊരു ഒരു ഉളുപ്പും ഇല്ലാതെ അവർ വാങ്ങിക്കുന്നുണ്ട്. പ്രൊഡ്യുസറിന് ഒന്നും കൊടുക്കുന്നില്ല. പബ്‌ളിസിറ്റി, പ്രിന്റ്, സകല കാര്യങ്ങളും തിയെറ്ററിൽ കൊണ്ട് കൊടുക്കുന്നത്... ബുക്ക് മൈ ഷോയിൽ നിന്നും പണം വാങ്ങിക്കുന്നുണ്ട്. തിയെറ്ററുകാർ കോടിക്കണക്കിന് രൂപ ലക്ഷക്കണക്കിന് രൂപ അഡ്വാൻസ് വാങ്ങിക്കുന്നുണ്ട്. ഇല്ലെങ്കിൽ അവർ അത് പറയട്ടെ.. ഇത് സത്യസന്ധമായ കാര്യമാണ്. കോടിക്കണക്കിന് രൂപ.. പ്രേക്ഷകൻ കൊടുക്കുന്ന പൈസയിൽ നിന്നും കിട്ടുന്ന, ചെറിയ ഒരാളെയാണ് കുത്തക എന്ന് പറയുന്നത്.. അതിൽ നിന്നും എത്രയോ ഇരട്ടി വാങ്ങിക്കുന്ന ബുക്ക് മൈ ഷോ.. അന്താരാഷ്ട്ര കുത്തക മുതലാളിയുടെ കയ്യിൽ നിന്നും ഒരുളുപ്പുമില്ലാതെ ഇവരൊക്കെ ഈ പൈസ് വാങ്ങിക്കുന്നു.

അന്ന് പറഞ്ഞ കാര്യങ്ങൾ തിരിച്ചെടുക്കേണ്ട സമയമായിരിക്കുന്നു. നമ്മൾ ഇതിനകത്ത് പ്രതിഷേധിക്കേണ്ട കാര്യമുണ്ട്. പ്രൊഡ്യുസറിന് എന്ത് കിട്ടുന്നു. അഞ്ചു രൂപ പ്രൊഡ്യുസറിന് നല്കാമല്ലോ? ഇപ്പോൾ ഇ ടിക്കറ്റിങ് ഏർപ്പെടുത്തുമ്പോൾ അവിടെയും ഇവർ കയറിയിരിക്കുകയാണ്. ഒരു രൂപ ആയിക്കൊട്ടെ. ഐകെഎമ്മിന് ഒരു രൂപ കൊടുക്കുന്നു. ഒന്നര രൂപ ഓൺലൈൻ ടിക്കറ്റിംഗിന് കൊടുക്കുന്നു. അതിന്റെ പുറത്ത് കുത്തക മുതലാളി വരുകയാണെങ്കിൽ അവർക്ക് അതുവഴി ചെയ്യാമെന്ന്. ഇവർക്ക് കൊടുത്തിട്ട് ബാക്കി പൈസ അവർക്ക് ഇതുവഴി ചെയ്യാമെന്നാണ് ഇപ്പോഴുള്ള ഉത്തരവിൽ ഉള്ളത്. അപ്പോൾ വീണ്ടും നമ്മുടെ തലയ്ക്ക് അടികിട്ടിയിരിക്കുകയാണ്. ഇവർ മുപ്പത് എന്നുള്ളത് മുപ്പത്തിയോന്നരയോ മുപ്പത്തി രണ്ടരയോ മുപ്പത്തിയഞ്ചോ ആക്കും. അപ്പോഴും സർക്കാരിനു കണക്ക് മാത്രം കിട്ടിയാൽ മതി. സർക്കാരിന്റെ പൈസ സർക്കാരിനു കിട്ടുന്നുണ്ട്. അപ്പോൾ അവരെ വിലസനായിട്ടു വിട്ടിരിക്കുകയാണ്. അത് സമ്മതിക്കാൻ പറ്റില്ല.അങ്ങിനെ ഒരു രീതിയിലേക്ക് ഇത് പോകാൻ കഴിയില്ല. ഒന്നൊര രൂപ സർക്കാർ എടുക്കുന്നെങ്കിൽ അത് ഞങ്ങൾ ചെയ്യാം. പ്രൊഡ്യുസേഴ്‌സ് ഓൺലൈൻ ടിക്കറ്റിങ് ചെയ്യാം. ഞങ്ങൾ ഡിസ്ട്രിബ്യൂ ട്ടെഴ്‌സ് ചെയ്യാം. ചേംബർ ചെയ്യാം. അല്ലെങ്കിൽ ഞങ്ങൾ ഒരുമിച്ച് ചെയ്യാം. എന്തിനാണ് ഇതിന്റകത്ത് ഒരു മിഡിൽമാൻ. ഞങ്ങളെയൊക്കെ കൊള്ളയടിച്ച് കൊണ്ട് പോകുന്ന ബുക്ക് മൈ ഷോ എന്ന ഫോറത്തിനു ഇതിന്റെ അകത്തുകൊണ്ടുവരേണ്ട കാര്യം എന്താണ്? ഒരു കുത്തക മുതലാളി ഇതിന്റകത്ത് വരേണ്ട കാര്യമില്ല. ഒരു കമ്പനി ഇതിന്റ്കത്ത് വരേണ്ട കാര്യമില്ല.

ഞങ്ങൾക്ക് കിട്ടും ആ പൈസ. അല്ലെങ്കിൽ ഞങ്ങളുടെ അസോസിയേഷന് കിട്ടും. അസോസിയേഷൻ മെമ്പേഴ്‌സിന്റെ വെൽഫയറിന് അത് യൂസ് ചെയ്യാൻ കഴിയും. അല്ലാതെ കണ്ട കുത്തക മുതലാളിക്ക് കൊടുക്കുകയല്ല ചെയ്യേണ്ടത്. ഇത് ഇവിടുത്തെ എക്‌സിബിറ്റെഴ്‌സ് ഇവരുമായി ചേർന്നുകൊണ്ട് ഇപ്പം എനിക്ക് തോന്നുന്നത് ഇവിടുത്തെ പ്രൊഡ്യുസെഴ്‌സ് അസോസിയേഷൻ മാത്രമല്ല എല്ലാവരും ഒരുമിച്ച് നിന്ന് എതിർക്കണം. ഇത് എക്‌സിബിറ്റെഴ്‌സ് ബുക്ക് മൈ ഷോയുമായി കൈകോർത്ത് ഇപ്പം പറ്റുന്നത് സർക്കാറിന് ഒന്നര രൂപ കിട്ടിയാൽ മതി.അത് ഒരു വേറെ ഒരു വരുമാനം. ഇനി നമ്മൾ കൊടുക്കുന്നതിനേക്കാൾ ഒരു രൂപയോ ഒന്നൊര രൂപയോ ഇനിയും അധികം കൊടുക്കേണ്ടി വരും. ഇനി മുപ്പത്തിയോന്നര രൂപ കൊടുക്കേണ്ടി വരും. അതുവേണ്ട.. അത് സമ്മതിക്കാനും പറ്റില്ല.

അതിനു സർക്കാർ ഒരു കാര്യം ചെയ്യേണ്ടത് അവര് വേണ്ട... കുത്തക മുതലാളിയെ ഒഴിവാക്ക്.. ഞങ്ങൾ ചെയ്യാം...ത്രൂ ഞങ്ങൾ ചെയ്യാം.. പത്ത് രൂപയ്ക്ക് എത്ര രൂപയാണ് എക്‌സിബിറ്റെഴ്‌സിനു വേണ്ടത് എന്ന് പറ... അത് വയ്ക്കാം...അങ്ങിനെ ഒരു കാര്യം വ വെച്ചുകൊണ്ട് പതിനഞ്ചു രൂപയ്ക്ക് ഇത് ചെയ്യാൻ കഴിയുമല്ലോ...ഇപ്പോൾ മുപ്പത് രൂപയ്ക്ക് ചെയ്യുന്നത്... അതിനെക്കുറിച്ച് ആലോചിക്കാനും അത് ശക്തമായ രീതിയിൽ നമ്മൾ ഇടപെടാനും നമ്മൾ തീരുമാനിക്കണം. ഈ മെസേജ് പുറത്തു പോയാലും എനിക്ക് ആരെയും പേടിയില്ല...ഒരാളെയും പേടിയില്ല. എന്ത് പറഞ്ഞാലും എനിക്ക് ഒരു പ്രശ്‌നവുമില്ല. ഇത് നടപ്പാക്കിയിരിക്കണം. ഒരു കാരണവശാലും ഇത് ചെയ്യുകയാണെങ്കിൽ സർക്കാരും ഞങ്ങളും കൂടി ചെയ്യും...സർക്കാരും കുത്തക മുതലാളിയുമായിട്ട് ചെയ്യാൻ ഒക്കത്തില്ല. അത് സമ്മതിക്കരുത്.... അത് ഒരു കാരണവശാലും സമ്മതിക്കാൻ കഴിയത്തില്ല. അത് ശരിയല്ല. അത് ചെയ്യുന്നത് ഏറ്റവും വലിയ ദ്രോഹമാണ്. പ്രൊഡ്യുസറോടും ഡിസ്ട്രിബ്യൂട്ടറോടും ചെയ്യുന്ന അപരാധമാണ്. എക്‌സിബിറ്റെഴ്‌സിനു കാശ് കിട്ടിയാൽ മാത്രം മതി. പക്ഷെ ഇത് ശരിയായ നടപടിയല്ല...ഇത് പിൻവലിക്കണം. ഒരു കമ്പനിയെ ഇവിടുന്നു മാറ്റി നിർത്തിക്കൊണ്ട്... എല്ലാം ഞങ്ങൾ വഴി പോട്ടെ...ഈ സോഫ്റ്റ്‌വെയർ ഉണ്ടാക്കാൻ ഒരു പ്രശ്‌നവുമില്ല. എല്ലാവരും ഒരുമിച്ച് നിന്ന് ഇതിനെതിരെ പോരാടണം-സുരേഷ് കുമാർ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP