Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ശരിയാക്കാം എന്നുമാത്രം പറഞ്ഞ മുഖ്യമന്ത്രി കാണാൻ പോലും അനുമതി നിഷേധിച്ചു'; പിണറായിക്കെതിരെ മെട്രോമാൻ ഇ ശ്രീധരൻ; മുഖ്യമന്ത്രി മുഖം തിരിച്ചത് തലശ്ശേരി - മൈസൂർ പാതയ്ക്കെതിരെ ഡിഎംആർസി റിപ്പോർട്ട് നൽകിയതിലുള്ള അനിഷ്ടത്തെ തുറന്ന്; പിന്മാറ്റം കരാർ കാലാവധി കഴിഞ്ഞതുകൊണ്ടാണെന്ന ഒഴുക്കൻ മറുപടിയുമായി പിണറായിയും

'ശരിയാക്കാം എന്നുമാത്രം പറഞ്ഞ മുഖ്യമന്ത്രി കാണാൻ പോലും അനുമതി നിഷേധിച്ചു'; പിണറായിക്കെതിരെ മെട്രോമാൻ ഇ ശ്രീധരൻ; മുഖ്യമന്ത്രി മുഖം തിരിച്ചത് തലശ്ശേരി - മൈസൂർ പാതയ്ക്കെതിരെ ഡിഎംആർസി റിപ്പോർട്ട് നൽകിയതിലുള്ള അനിഷ്ടത്തെ തുറന്ന്; പിന്മാറ്റം കരാർ കാലാവധി കഴിഞ്ഞതുകൊണ്ടാണെന്ന ഒഴുക്കൻ മറുപടിയുമായി പിണറായിയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലൈറ്റ് മെട്രോ പ്രതിസന്ധിയിൽ മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തി മെട്രോമാൻ ഇ ശ്രീധരൻ. ഡിഎംആർസിയുടെ ഭാഗത്ത് വീഴ്ചയില്ലെന്ന് തുറന്നുപറഞ്ഞ് ഇ.ശ്രീധരൻ രംഗത്തെത്തി. കേന്ദ്രാനുമതി ലഭിക്കാൻ ചുരുങ്ങിയത് രണ്ടുവർഷമെടുക്കുമെന്ന് അറിയിച്ചിരുന്നു. സംസ്ഥാനം പ്രാഥമിക പ്രവൃത്തി തുടങ്ങാമെന്ന ഉപദേശം സർക്കാർ അംഗീകരിച്ചിരുന്നുവെന്നും വാർത്താസമ്മേളനത്തിൽ ഇ,ശ്രീധരൻ തുറന്നടിച്ചു.

ഉത്തരവിറക്കി 15 മാസം കഴിഞ്ഞിട്ടും കരാർ ഒപ്പിട്ടില്ല, ജോലി തുടങ്ങാനായുമില്ല. പ്രതിമാസം 16 ലക്ഷം രൂപ ചെലവിട്ടാണ് ഡിഎംആർസി ഓഫീസുകൾ നടത്തിയത്. മുഖ്യമന്ത്രിയേയും പൊതുമരാമത്ത് മന്ത്രിയേയും പലതവണ നേരിൽക്കണ്ടിട്ടും ഒന്നും നടന്നില്ല. ശരിയാക്കാം എന്നല്ലാതെ മുഖ്യമന്ത്രി നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നും ശ്രീധരൻ പറഞ്ഞു. പിന്മാറും മുൻപ് മുഖ്യമന്ത്രിയെ കാണാൻ അനുമതി തേടിയിട്ടും ലഭിച്ചില്ലെന്നും ഇ.ശ്രീധരൻ ആരോപിച്ചു. പിന്മാറിയത് ഡിഎംആർസിയുടെ സാമ്പത്തികതാൽപര്യം സംരക്ഷിക്കാനാണ്. മുന്നറിയിപ്പില്ലാതെ ഡിഎംആർസിയെ ഒഴിവാക്കാൻ നീക്കം ഉണ്ടായതായും ശ്രീധരൻ വെളിപ്പെടുത്തി.

പദ്ധതി സമർപ്പിച്ച് കേന്ദ്ര അനുമതി ലഭിക്കാൻ സാധാരണ രണ്ടു കൊല്ലമെടുക്കും. ഇപ്പോൾത്തന്നെ പ്രാരംഭ പ്രവർത്തികൾ ആരംഭിക്കാറുണ്ട്. ഇതനുസരിച്ച് 2016 ൽ ഡിഎംആർസി ഇത് ആരംഭിച്ചു. എൽഡിഎഫ് സർക്കാർ വന്ന ശേഷവും ഇത് തുടരാനുള്ള തീരുമാനം എടുത്തു. ഇതുപ്രകാരം ഡിഎംആർസിയെ ഇത്തരം ജോലികൾ ചെയ്യുന്നതിന് അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവും ഇറക്കി. ഡിസംബർ 2016ൽ ആണ് ഇത്. 15 മാസത്തിനു ശേഷവും ഇതിനുള്ള കരാർ ഒപ്പിടാൻ സാധിച്ചില്ല. എന്നാൽ ഇതിനിടയിലും ഡിഎംആർസി മറ്റു പ്രവർത്തനങ്ങൾ നടത്തിവന്നിരുന്നു. എല്ലാ മാസവും 16 ലക്ഷത്തോളം ചിലവഴിച്ച് രണ്ട് ഓഫീസുകൾ പ്രവർത്തിച്ചുവരികയാണ്.

കരാർ ഒപ്പിട്ട് ജോലികൾ ആരംഭിക്കണമെന്നും കാര്യങ്ങൾക്ക് യാതൊരു പുരോഗതിയും ഇല്ലെന്ന് പലതവണ മുഖ്യമന്ത്രിയെയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയെയും കണ്ട് പറഞ്ഞിരുന്നു. രേഖാമൂലം കാര്യങ്ങൾ വിശദീകരിച്ചിരുന്നു. എന്നാൽ ഒരുവിധത്തിലുള്ള നടപടിയും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. ജോലികൾ നടക്കാതെ പ്രതിമാസം തുക ചെലവഴിക്കാനാകില്ല. ഇങ്ങനെയാണെങ്കിൽ പദ്ധതിയിൽനിന്ന് പിന്മാറുകയാണെന്ന് കാണിച്ച് ജനുവരി 24ന് ഒരു നോട്ടീസ് നൽകി. മുഖ്യമന്ത്രിയെ നേരിട്ടു കാണാൻ അനുമതി തേടിയെങ്കിലും അനുവാദം ലഭിച്ചില്ല. നിവൃത്തിയില്ലാതെ ഫെബ്രുവരി 16ന് പ്രവർത്തനം നിർത്തുകയും ജീവനക്കാരെ സ്ഥലംമാറ്റുകയും ചെയ്തു. മാർച്ച് 15ഓടുകൂടി പൂർണമായും ഓഫീസ് പ്രവർത്തനങ്ങളും അവസാനിപ്പിക്കും. ഇത്രയൊക്കെ ആയതിനു ശേഷം പിന്മാറുന്നത് വലിയ മനസ്താപത്തോടെയാണെന്നും ശ്രീധരൻ പറഞ്ഞു.

ലൈറ്റ് മെട്രോയുടെ നിർമ്മാണത്തിനുള്ള സാങ്കേതികവിദ്യ നിലവിൽ ഇന്ത്യയിൽ ഡിഎംആർസിക്കു മാത്രമേ ഉള്ളൂ. ഡിഎംആർസി പിൻവാങ്ങിയാൽ വിദേശ ഏജൻസികളെ സമീപിക്കേണ്ടി വരും. ഇന്ത്യയിൽ മറ്റ് ഏജൻസികളൊന്നുമില്ല. ഏറ്റവും ലാഭകരവും വേഗമേറിയതും ഡിഎം ആർ സിയാണ്. എന്നാൽ, ഡിസംബർ 18ന് ചേർന്ന കെഎംആർഎൽ യോഗത്തിൽ ഡിഎംആർസിയെ പ്രാരംഭ പ്രവർത്തനങ്ങളിൽനിന്ന് ഒഴിവാക്കുന്നതിനുള്ള ആലോചനകളും നടന്നു. ഈ സാഹചര്യത്തിലാണ് പദ്ധതിയിൽനിന്ന് സ്വയം പിന്മാറാൻ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാരിനോട് പരിഭവമൊന്നുമില്ല. സർക്കാരും ഡിഎംആർസിയും തമ്മിലുള്ള ഒരു വടംവലിയായി ഇതിനെ കാണരുത്. എന്തുകൊണ്ട് പിന്മാറുന്നു എന്ന് ജനങ്ങൾ അറിയണം എന്നുള്ളതുകൊണ്ടാണ് ഇപ്പോൾ ഇത് പറയുന്നത്.

കരാർ കാലാവധി കഴിഞ്ഞെന്ന മുഖ്യമന്ത്രിയുടെ നിയസഭയിലെ പ്രസ്താവന ശരിയല്ല. ഇതുവരെ കരാർ ഉണ്ടായിട്ടില്ല. പിന്നെങ്ങനെയാണ് കാലവധി കഴിയുകയെന്നും അദ്ദേഹം ചോദിച്ചു. കൊച്ചി മെട്രോ നഷ്ടമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണ മൂലമാണ്. കൊച്ചി മെട്രോ എന്നല്ല, ലൈറ്റ് മെട്രോ അടക്കം ഒരു മെട്രോയും ലാഭം ഉണ്ടാക്കില്ല. പൂർണ സജ്ജമായാലേ ഗുണകരമാകു. മാത്രമല്ല സർക്കാർ പദ്ധതികൾ ലാഭം മാത്രം ലക്ഷ്യമിട്ടുള്ളതല്ല, അത് സേവനം കൂടിയാണ്. ലാഭമില്ലെന്ന് മാത്രം പറഞ്ഞ് പിൻവാങ്ങാനാവില്ല വരുമാനത്തിൽ നിന്ന് ചെലവ് കണ്ടെത്താനാവുമെന്ന സ്ഥിതി മാത്രമേ പരമാവധി സാധ്യമാകൂ എന്നും ശ്രീധരൻ പറഞ്ഞു.

തലശ്ശേരി - മൈസൂർ പാതയ്ക്കെതിരെ ഡിഎംആർസി റിപ്പോർട്ട് നൽകിയത് സർക്കാരിന് അനിഷ്ടമുണ്ടാക്കിയതാണ് ശ്രീധരനോട് മുഖ്യമന്ത്രി മുഖം തിരിക്കാൻ കാരണമെന്ന സൂചനയും അദ്ദേഹം നൽകി. മുഖ്യമന്ത്രിക്ക് ഉൾപ്പെടെ താൽപര്യമുണ്ടായിരുന്നു തലശ്ശേരി -മൈസൂർ പ്രൊജക്ടിൻ. എന്നാൽ, കേന്ദ്രസർക്കാറിനും കർണാടകത്തിനും പദ്ധതിയിൽ യാതൊരു താൽപ്പര്യവും ഉണ്ടായിരുന്നില്ല. അതേസമയം കേരളത്തിലെ മൂന്നിലൊന്ന് ജനങ്ങൾക്ക് മാത്രം ഗുണമുള്ള പ്രൊജക്ടാണ് അത്. ഞങ്ങളുടെ എല്ലാ റിപ്പോർട്ടുകളും സത്യസന്ധവും സുതാര്യമാണെന്നും ശ്രീധരൻ വ്യക്തമാക്കി.

അപമാനിതനായെന്ന തോന്നലില്ല. മന്ത്രി സുധാകരന്റെ പ്രസ്താവന അദ്ദേഹത്തിന്റെ ശൈലിയാണ്. ജന്മനാട്ടിൽ വന്ന് പുലിവാല് പിടിച്ചെന്നും കരുതുന്നില്ല.കേരളത്തിനായി മറ്റു പല കാര്യങ്ങളിലും പങ്കാളിയാണ്. ഇത് ഡിഎംആർസിയും സർക്കാരും തമ്മിലുള്ള പോരാട്ടമായി ചിത്രീകരിക്കരുതെന്നും ശ്രീധരൻ ആവശ്യപ്പെട്ടു. താൻ കാരണമാണ് ഡി എം ആർ സി ഈ പ്രൊജക്ട് എറ്റെടുത്തതെന്നും താൻ പിൻവാങ്ങുന്നതിനാൽ അവരും പിൻവാങ്ങുന്നെന്ന് മാത്രമെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം ഈ വിഷയത്തിൽ നിയമസഭയിൽ പ്രതികരിച്ച മുഖ്യമന്ത്രി ഒഴുക്കൻ മറുപടിയാണ് ന്ൽകിയത്. ഡിഎംആർസിയുടെ പിന്മാറ്റം കരാർ കാലാവധി കഴിഞ്ഞതുകൊണ്ടാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. സാമ്പത്തികനില പരിഗണിച്ചേ ലൈറ്റ് മെട്രോ നടപ്പാക്കാനാവൂയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊച്ചി മെട്രോയുടെ മാതൃകയിൽ കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ പങ്കാളിത്തത്തോടെ തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിൽ ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കുന്നതിനു തീരുമാനിച്ചിരുന്നു. ഡിഎംആർസി തയാറാക്കിയ പദ്ധതി രേഖ സർക്കാർ അംഗീകരിക്കുകയും ഭരണാനുമതി നൽകുകയും ചെയ്തിട്ടുണ്ട്. ഇതിനായി കേന്ദ്രസർക്കാരിനു വിശദമായ പദ്ധതിരേഖയും സമഗ്ര ഗതാഗത പദ്ധതി റിപ്പോർട്ടും സമർപ്പിച്ചിരുന്നു.

തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതിയുടെ പ്രാരംഭ നടപടികളുടെ ഭാഗമായി ശ്രീകാര്യം, ഉള്ളൂർ, പട്ടം എന്നീ സ്ഥലങ്ങളിൽ മേൽപ്പാലങ്ങളുടെ നിർമ്മാണത്തിനും അതിനാവശ്യമായ സ്ഥലമെടുപ്പിനും 272 കോടി രൂപയുടെ ഭരണാനുമതി നൽകിയിട്ടുണ്ട്. കഴക്കൂട്ടം - കേശവദാസപുരം പാത വികസനത്തിനും സ്ഥലമെടുപ്പിനും സർക്കാർ ഭരണാനുമതി നൽകി നടപടികൾ ആരംഭിച്ചിട്ടുണ്ട്. 13.33 കി.മീ ദൈർഘ്യമുള്ള കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതിക്ക് 8.2819 ഹെക്ടർ സർക്കാർ ഭൂമി ഡിപ്പോ/യാർഡ് നിർമ്മാണത്തിനായി അനുവദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP