Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലോകത്ത് ഡിഎംആർസി മാത്രമല്ല, ഒരു സ്ഥാപനത്തെയോ വ്യക്തിയേയോ ആശ്രയിച്ച് പദ്ധതികൾ എവിടെയങ്കിലും നടത്താൻ പറ്റുമോ.... കൺസൾട്ടൻസി കരാർ നൽകിയതിൽ അപാകതയുണ്ട്; ഉറഞ്ഞു തുള്ളി വർഷങ്ങൾക്ക് മുമ്പ് മെട്രോ മാനെ അപമാനിച്ചത് സിപിഎം മുൻ എംഎൽഎ ശിവൻകുട്ടി; ആധുനിക കേരളത്തിലെ ഏറ്റവും വലിയ എൻജിനീയറിങ് ദുരന്തം എൻജിനീയറിങ് വിസ്മയമാവാൻ അധികനാളുകളില്ലെന്ന് ഇപ്പോൾ പുകഴ്‌ത്തുന്നത് സിപിഎം മന്ത്രി സുധാകരനും; പാലാരിവട്ടത്ത് പ്രതീക്ഷ ശ്രീധരൻ ഇഫക്ടിൽ

ലോകത്ത് ഡിഎംആർസി മാത്രമല്ല, ഒരു സ്ഥാപനത്തെയോ വ്യക്തിയേയോ ആശ്രയിച്ച് പദ്ധതികൾ എവിടെയങ്കിലും നടത്താൻ പറ്റുമോ.... കൺസൾട്ടൻസി കരാർ നൽകിയതിൽ അപാകതയുണ്ട്; ഉറഞ്ഞു തുള്ളി വർഷങ്ങൾക്ക് മുമ്പ് മെട്രോ മാനെ അപമാനിച്ചത് സിപിഎം മുൻ എംഎൽഎ ശിവൻകുട്ടി; ആധുനിക കേരളത്തിലെ ഏറ്റവും വലിയ എൻജിനീയറിങ് ദുരന്തം എൻജിനീയറിങ് വിസ്മയമാവാൻ അധികനാളുകളില്ലെന്ന് ഇപ്പോൾ പുകഴ്‌ത്തുന്നത് സിപിഎം മന്ത്രി സുധാകരനും; പാലാരിവട്ടത്ത് പ്രതീക്ഷ ശ്രീധരൻ ഇഫക്ടിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഒടുവിൽ അതിവേഗ ഔദ്യോഗിക അറിയിപ്പും. അപകടാവസ്ഥയിലായ പാലാരിവട്ടം മേൽപ്പാലത്തിന്റെ പുനർനിർമ്മാണം ഏറ്റെടുക്കാൻ സമ്മതം അറിയിച്ചുകൊണ്ട് ഇ.ശ്രീധരൻ സർക്കാരിന് കത്ത് നൽകി. ഇതോടെ സർക്കാർ പ്രതീക്ഷയിലാകുകയാണ്. ശ്രീധരന്റെ കത്ത് ലഭിച്ചുവെന്ന് മന്ത്രി ജി.സുധാകരൻ അറിയിച്ചു. സമൂഹ മാധ്യമത്തിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ആധുനിക കേരളത്തിലെ ഏറ്റവും വലിയ എൻജിനീയറിങ് ദുരന്തം എൻജിനീയറിങ് വിസ്മയമാവാൻ അധികനാളുകളില്ലെന്നും അദ്ദേഹം ഫെയ്‌സ് ബുക്കിൽ കുറിച്ചു.

മുഖ്യമന്ത്രിയും ഞാനും ഫോൺ മുഖാന്തിരം അദ്ദേഹവുമായി ആശയ വിനിമയം നടത്തിയപ്പോൾ ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും വിശ്രമ ജീവിതം ആരംഭിക്കാൻ തീരുമാനിച്ചിരിക്കുകയാണെന്നും അതിനാൽ പാലം നിർമ്മാണം ഏറ്റെടുക്കുന്നത് സംബന്ധിച്ച് ആലോചിച്ച് മറുപടി പറയാമെന്നും ഇ.ശ്രീധരൻ അറിയിച്ചിരുന്നു. പിന്നീട് സംസ്ഥാന സർക്കാരിന്റെ പ്രത്യേക അഭ്യർത്ഥന മാനിച്ച് പാലാരിവട്ടം പാലത്തിന്റെ പുനർനിർമ്മാണ പ്രവർത്തനം ഏറ്റെടുക്കുന്നതിന് തയാറാണെന്ന് അദ്ദേഹം ഫോൺ മുഖാന്തിരം അറിയിച്ചിരുന്നു. ഇന്ന് പാലം നിർമ്മാണം ഏറ്റെടുക്കുന്നതിന് സമ്മതമറിയിച്ചു കൊണ്ടുള്ള ഔദ്യോഗികമായ കത്ത് ലഭിച്ചുവെന്ന് സുധാകരൻ പറയുന്നു.

പാലം പുനർനിർമ്മാണത്തിനായി വിവിധ പ്രവൃത്തികൾ നടപ്പിലാക്കുന്നതിനായി സർക്കാർ ഡിപ്പോസിറ്റ് ചെയ്ത തുകയുടെ ബാക്കി നിൽപ്പായ തുക ചിലവഴിച്ച് ഡി.എം.ആർ.സി തന്നെ നിർമ്മാണ പ്രവർത്തനം ഏറ്റെടുക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി മേൽപ്പാല നിർമ്മാണം ഉടൻ ആരംഭിക്കുവാൻ വേണ്ട നടപടികൾ സ്വീകരിക്കുന്നതിന് ആർ.ബി.ഡി.സി.കെയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ശ്രീ.ഇ.ശ്രീധരന്റേയും ഡി.എം.ആർ.സിയുടേയും സമർത്ഥ നേതൃത്വത്തിൽ കേരളത്തിലെ ഏറ്റവും ഗതാഗത സാന്ദ്രതയുള്ള സ്ഥലത്ത് ഉയരുന്ന പുനർ നിർമ്മിക്കപ്പെടുന്ന പാലാരിവട്ടം പാലം എട്ട്, ഒൻപത് മാസങ്ങൾ കൊണ്ട് പൂർത്തിയാവുമെന്നും യാത്രക്കാരുടെ പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരമാവുമെന്നും വിശ്വസിക്കപ്പെടുന്നു.സംസ്ഥാന സർക്കാരിന് അധിക സാമ്പത്തിക ബാദ്ധ്യതയില്ലാതെയാണ് ഡി.എം.ആർ.സി നിർമ്മാണം ഏറ്റെടുത്ത് നടത്തുന്നത്-മന്ത്രി കുറിച്ചു.

ഇതോടെ ശ്രീധരനെ മുമ്പ് സിപിഎം നേതാവ് ശിവൻകുട്ടി വിമർശിച്ചതും ചർച്ചയാവുകയാണ്. കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ലൈറ്റ് മെട്രോ പദ്ധതിയുടെ കരാർ ഡിഎംആർസിക്ക് നൽകിയത് മാനദണ്ഡങ്ങൾ പാലിച്ചല്ല എന്നായിരുന്നു സിപിഎം നേതാവായിരുന്ന വി ശിവൻകുട്ടിയുടെ അന്നത്തെ ആരോപണം.''ലോകത്ത് ഡിഎംആർസി മാത്രമല്ല, ഒരു സ്ഥാപനത്തെയോ വ്യക്തിയേയോ ആശ്രയിച്ച് പദ്ധതികൾ എവിടെയങ്കിലും നടത്താൻ പറ്റുമോ..കൺസൾട്ടൻസി കരാർ നൽകിയതിൽ അപാകതയുണ്ട്''-എന്നിങ്ങനെ ആയിരുന്നു സിപിഎം നേതാവിന്റെ വിമർശനം. ശ്രീധരന്റെ മറുപടി കേൾക്കാൻ പോലും തയ്യാറാകാതെ വി ശിവൻകുട്ടി എംഎൽഎയും സിപിഎം സംഘവും ഇത് സംബന്ധിച്ച സെമിനാറിൽ നിന്ന് അന്ന് നേതാക്കൾ ഇറങ്ങിപ്പോവുകയും ചെയ്തു.

മെട്രോമാൻ ഇ ശ്രീരനെ അപമാനിക്കരുത് എന്ന് കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടുവെങ്കിലും ശിവൻകുട്ടി വഴങ്ങിയില്ല. ''കേരളത്തിന് വേണ്ടെങ്കിൽ താനും ഡിഎംആർസിയും പദ്ധതിയിൽ നിന്ന് പിന്മാറാൻ തയ്യാറാണ്. ഞാൻ കേരളത്തിലുള്ളയാളാണ്.കേരളത്തോട് തനിക്ക് പ്രതിബന്ധതയുണ്ട്. എന്നും ശ്രീധരൻ ശിവൻകുട്ടിക്ക് മറുപടി നൽകി. ഇ ശ്രീധരനെ കേരളത്തിന് വേണം എന്ന ആവശ്യവുമായി മോഹൻലാൽ എഴുതിയ ബ്ലോഗും അക്കാലത്ത് ചർച്ചയായി. അന്ന് ഇ ശ്രീധരനെതിരെ ശക്തമായി രംഗത്തെത്തിയ സിപിഎം നേതാക്കൾ ഇപ്പോൾ അനാവശ്യവിവാദത്തിൽ തൂങ്ങി ഇ ശ്രീധരന് വേണ്ടി വാദിക്കുന്നത് കാലം നൽകിയ തിരിച്ചടിയാണെന്നാണ് സോഷ്യൽ മീഡിയ പരിഹാസം. ഇങ്ങനെ എങ്കിലും ഇ ശ്രീധരനെ അംഗീകരിച്ചല്ലോ എന്നാണ് കളിയാക്കൽ.

2015ൽ സംഭവിച്ചത്

2015ൽ ലൈറ്റ് മെട്രോ പ്രായോഗികമാക്കുന്നതിന് വേണ്ട നിർദ്ദേശങ്ങൾക്കായി തിരുവനന്തപുരം വികസന അഥോറിറ്റി(ട്രിഡ) സംഘടിപ്പിച്ച ശില്പശാലയിൽ സംസാരിക്കുമ്പോഴായിരുന്നു സിപിഎമമിന്റെ വിമർശനം. ഡി.എം.ആർ.സി.ക്ക് കൺസൾട്ടൻസി കരാർ നൽകിയതിൽ വൻ ക്രമക്കേടുണ്ടെന്ന് ആരോപിച്ചതിനെത്തുടർന്നുണ്ടായ വാക്കേറ്റത്തിനൊടുവിൽ വി.ശിവൻകുട്ടി എംഎ‍ൽഎ., മേയർ കെ.ചന്ദ്രിക തുടങ്ങിയ എൽ.ഡി.എഫ്. അംഗങ്ങൾ ശില്പശാലയിൽനിന്ന് ഇറങ്ങിപ്പോയി.

ലൈറ്റ് മെട്രോ പദ്ധതിയെക്കുറിച്ച് വിശദീകരിക്കാനെത്തിയ ഇ.ശ്രീധരന്റെ മുന്നിൽ എൽ.ഡി.എഫ്., കോൺഗ്രസ് അംഗങ്ങൾ തമ്മിൽ വാക്പോരും സംഭവിച്ചിരുന്നു. പദ്ധതിയെക്കുറിച്ച് പവർപോയിന്റ് പ്രസന്റേഷൻ നടത്തിയ ശേഷം ഇ.ശ്രീധരൻ സീറ്റിലേക്ക് മടങ്ങിയതിനുപിന്നാലെ വി.ശിവൻകുട്ടി എംഎ‍ൽഎ. ഡി.എം.ആർ.സി.ക്കെതിരെ വിമർശമുന്നയിക്കുകയായിരുന്നു. മോണോറെയിൽ പദ്ധതി അട്ടിമറിച്ചത് ഇ.ശ്രീധരനാണെന്നും മത്സരാധിഷ്ഠിത ടെൻഡർ വിളിക്കാതെ ഡി.എം.ആർ.സി.യെ കൺസൾട്ടന്റായി നിയമിച്ചതിൽ അഴിമതിയും ഭരണഘടനാലംഘനവുമുണ്ടെന്നും ശിവൻകുട്ടി പറഞ്ഞു.

വിമർശമുന്നയിച്ച ശേഷം മറുപടി കേൾക്കാൻ നിൽക്കാതെ തനിക്ക് അത്യാവശ്യമായി ഒരിടത്ത് പോകേണ്ടതുണ്ടെന്നുപറഞ്ഞ് ശിവൻകുട്ടി എണീറ്റതോടെയാണ് ബഹളം തുടങ്ങിയത്. ആരോപണമുന്നയിച്ച ശിവൻകുട്ടി, ശ്രീധരന്റെ മറുപടി കേൾക്കാൻ തയ്യാറാകണമെന്ന് നഗരസഭാ കൗൺസിലർമാരായ കോൺഗ്രസ്സിലെ കെ.മഹേശ്വരൻനായരും ആർ.ഹരികുമാറും ആവശ്യപ്പെട്ടു. എന്നാൽ, താനിറങ്ങുകയാണെന്ന് ശിവൻകുട്ടി പറഞ്ഞു. തുടർന്ന് വാക്കേറ്റം രൂക്ഷമായി. ഒടുവിൽ മേയർ കെ.ചന്ദ്രിക, ഡെപ്യൂട്ടി മേയർ ജി.ഹാപ്പികുമാർ, മരാമത്ത് സമിതി അധ്യക്ഷൻ വി എസ്.പത്മകുമാർ എന്നിവരെയും ഒപ്പം കൂട്ടി ശിവൻകുട്ടി യോഗം ബഹിഷ്‌കരിക്കുകയായിരുന്നു.

ശില്പശാലയ്ക്കൊടുവിൽ ശിവൻകുട്ടിയുടെ വിമർശങ്ങൾക്ക് ഇ.ശ്രീധരൻ അക്കമിട്ട് മറുപടി നൽകി. കൊച്ചി മെട്രോ പദ്ധതി സുതാര്യമായി നടപ്പാക്കാൻ തങ്ങളുടെ പങ്കാളിത്തം ആവശ്യപ്പെട്ടത് എൽ.ഡി.എഫ്. ആണെന്നും ശ്രീധരൻ ഓർമിപ്പിച്ചു.

വിമർശിച്ചവർ കുടുങ്ങി

ശ്രീധരൻ കാര്യക്ഷമതയില്ലാത്തവനും അഴിമതിക്കാരനുമാണെന്ന് കത്തയച്ച ഐ.എ.എസ് പ്രമുഖർ, ഇന്ന് അഴിമതിക്കേസുകളിൽ പ്രതികളായത് വിധിവൈപരീത്യം. സുഗമവും സുരക്ഷിതവും കൃത്യനിഷ്ഠയുമുള്ള മെട്രോ യാത്രാസംസ്‌കാരം രാജ്യത്തിന് സമ്മാനിച്ച ഇ.ശ്രീധരന്റെ ജീവിതം പുതുതലമുറയ്ക്കുള്ള പാഠപുസ്തകമാണ്. രാമേശ്വരവും തമിഴ്‌നാടും കൂട്ടിമുട്ടിക്കുന്ന പാമ്പൻപാലം 1963ൽ കടലെടുത്തപ്പോൾ, 31കാരനായ യുവഎക്സിക്യുട്ടീവ് എൻജിനിയറെ പുനർനിർമ്മാണം ഏൽപ്പിച്ചപ്പോൾ ജനറൽമാനേജർ ബി.സി.ഗാംഗുലിയെ പലരും വിമർശിച്ചു. പുതിയപാലം പണിയാൻ സർക്കാരിനോട് ഒരുവർഷം സാവകാശം നേടിയ റെയിൽവേ, ശ്രീധരന് ആറുമാസമാണ് നൽകിയത്. പണിതീരാൻ ഒരാഴ്ചകൂടി വേണമെന്ന് റെയിൽവേമന്ത്രി എസ്.കെ.പാട്ടീൽ പാർലമെന്റിനെ അറിയിച്ച രാത്രിയിൽ പാമ്പൻപാലത്തിന്റെ അവസാന ഗർഡറുമിട്ട് രാമേശ്വരത്തേക്കുള്ള ട്രെയിനിന് ശ്രീധരൻ പച്ചക്കൊടി വീശിക്കഴിഞ്ഞിരുന്നു. 46ദിവസം കൊണ്ട് പാമ്പൻപാലം പുതുക്കിപ്പണിത ശ്രീധരൻ രാഷ്ട്രപതിയുടെ മെഡലായിരുന്നു സമ്മാനം.

അറബിക്കടലിനും പശ്ചിമഘട്ടത്തിനുമിടയിലൂടെ മലയും പുഴയും കുന്നും കടന്ന് ശ്രീധരൻ ഒരുക്കിയ 760കിലോമീറ്റർ റെയിൽപാത, ബ്രിട്ടീഷുകാർ പോലും അസാദ്ധ്യമെന്ന് എഴുതിത്ത്ത്ത്ത്ത്തള്ളിയതായിരുന്നു. മൂന്ന് സംസ്ഥാനങ്ങളിലെ അരലക്ഷം ഭൂവുടമകളിൽ നിന്ന് ഒരുവർഷത്തിനുള്ളിൽ നേരിട്ട് ഭൂമിയേറ്റെടുത്ത ശ്രീധരന്റെ എൻജിനിയറിങ് വൈദഗ്ദ്ധ്യവും നിശ്ചയദാർഡ്യവുമാണ് രാജ്യം പിന്നീട് കണ്ടത്. പശ്ചിമഘട്ടമലകൾ പിളർന്നും തുരന്നും കൂറ്റൻ പാലങ്ങളുണ്ടാക്കിയും കൊങ്കൺപാതയ്ക്ക് ശ്രീധരൻ വഴിയൊരുക്കി. 92ടണലുകൾ, 179വൻപാലങ്ങൾ, 1819ചെറുപാലങ്ങൾ എന്നിവയൊരുക്കി പ്രകൃതിയുടെ പ്രതിബന്ധങ്ങൾ മറികടക്കാൻ ശ്രീധരന് വേണ്ടിവന്നത് ഏഴുവർഷവും മൂന്നുമാസവും. 82.5കിലോമീറ്ററിലേറെയുള്ള മൊത്തം തുരങ്കങ്ങളും കപ്പലുകൾക്ക് കടന്നുപോകാവുന്ന തരത്തിലെ പാലങ്ങളും മണ്ണിടിച്ചിൽ മറികടക്കാൻ കോൺക്രീറ്റ് പമ്പുചെയ്തുണ്ടാക്കിയ കൃത്രിമപാറയുമെല്ലാം ശ്രീധരനൊരുക്കിയ അത്ഭുതങ്ങളാണ്, അതും പറഞ്ഞതിലും മൂന്നുവർഷം മുൻപ്.

ഡൽഹിയിൽ നിന്ന് ഹരിയാനയിലേക്കുള്ള രണ്ടരമണിക്കൂർ ബസ്യാത്രയെ മെട്രോയിലെ ശീതികരിച്ച മുക്കാൽമണിക്കൂർ യാത്രയാക്കി മാറ്റിയത് പട്ടാമ്പിക്കാരൻ ശ്രീധരനായിരുന്നു. ശീതീകരിച്ച ട്രെയിനുകളിലെ വളഞ്ഞുപുളഞ്ഞുള്ള ആകാശയാത്ര രാജ്യതലസ്ഥാനത്തിന്റെ മുഖംമാറ്രി. കൃത്യതയുള്ള സർവീസുകൾ ഡൽഹിയുടെ ജീവിതതാളമായി മാറി. പട്ടാമ്പി കറുകപുത്തൂരിൽ അമ്മാളുഅമ്മയുടെയും നീലകണ്ഠൻ മൂസിന്റെയും മകനായ എളാട്ടുവളപ്പിൽ ശ്രീധരൻ ശുദ്ധവെജിറ്റേറിയനാണ്. പുലർച്ചെ നാലരയ്ക്കുണർന്ന് അരമണിക്കൂർ ഭാഗവതപാരായണം. പ്രാണായാമം, യോഗ, ധ്യാനം. ഒരുമണിക്കൂർ പ്രഭാതസവാരി. സ്വാമി ഭൂമാനന്ദതീർത്ഥയാണ് ആത്മീയഗുരു. എട്ടേമുക്കാലിന് ഓഫീസിലെത്തും. ഫയലുകളെല്ലാം ഏകാഗ്രതയോടെ പഠിക്കും. മൊബൈൽഫോൺ ഉപയോഗം നന്നേകുറവ്. രാത്രി ഒമ്പതരയ്ക്ക് ഉറക്കം. ഭഗവദ്ഗീതയാണ് മാർഗ്ഗദർശി. ഭാര്യ-രാധ. ഇംഗ്ലണ്ടിൽ ഡോക്ടറായ അച്യുത്മേനോൻ, ബംഗളുരുവിൽ എ.ബി.ബിയിൽ ചീഫഎൻജിനിയറായ കൃഷ്ണദാസ് എന്നിവർ മക്കൾ.

പാലക്കാട് ബേസൽ സ്‌കൂൾ പഠനകാലത്ത് ഫുട്ബോൾ, അത്‌ലറ്റിക് താരം. പാലക്കാട് വിക്ടോറിയയിലെ പഠനകാലത്ത് സൗത്ത്മലബാർ കായികമേളയിൽ ഹർഡിൽസ് മത്സരത്തിൽ ഒന്നാമൻ. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറായിരുന്ന ടി.എൻ.ശേഷൻ സ്‌കൂളിലും കോളേജിലും സഹപാഠി. കാക്കിനട എൻജിനിയറിങ് കോളേജിലെ ഫുട്ബോൾ ടീം ക്യാപ്റ്റൻ. കോഴിക്കോട് പോളിടെക്നിക് അദ്ധ്യാപകനായശേഷമാണ് 1954ഡിസംബറിൽ റെയിൽവെയിൽ ചേർന്നത്.കൊച്ചിൻ കപ്പൽശാലയുടെ ചെയർമാനായിരുന്നപ്പോഴാണ് ഒരുവർഷം കൊണ്ട് റാണിപത്മിനി കപ്പൽ നീറ്രിലിറക്കിയത്. 48തുരങ്കങ്ങളുള്ള കർണാടകത്തിലെ ഹാസൻ-മംഗലാപുരം പാതയും പറഞ്ഞസമയത്തിനകം പൂർത്തിയാക്കി. അങ്ങനെ വിസ്മയങ്ങൾ പലതു തീർത്തു ശ്രീധരൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP