Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പച്ചാളത്തും ഇടപ്പള്ളിയിലും വിസ്മയം തീർത്ത് ഖജനാവിന് ലാഭക്കണക്ക് നൽകി; വാരികയ്ക്കുള്ളിൽ വച്ച് കോട്ടയത്തെ അച്ചായൻ നൽകി പണം തിരസ്‌കരിച്ചും വിവാഹ സമ്മനം മടക്കി നൽകിയും മാതൃക കാട്ടിയ ഈ മനുഷ്യൻ വീണ്ടും വിസ്മയമാകുന്നു; പാലാരിവട്ടം പാലം കേരളത്തിനായി അത്ഭുത പ്രതിഭ പുനർനിർമ്മിക്കുക ഖജനാവിൽ നിന്ന് ചില്ലികാശ് എടുക്കാതെ; അഴിമതികൾ മാത്രം ചർച്ചയാകുന്ന നാട്ടിൽ നന്മയുടെ വികസന വഴിയിലൂടെ വീണ്ടും ഇ ശ്രീധരൻ; പാമ്പൻ പാലത്തിന്റെ കരുത്ത് വീണ്ടും അത്ഭുതമൊരുക്കുമ്പോൾ

പച്ചാളത്തും ഇടപ്പള്ളിയിലും വിസ്മയം തീർത്ത് ഖജനാവിന് ലാഭക്കണക്ക് നൽകി; വാരികയ്ക്കുള്ളിൽ വച്ച് കോട്ടയത്തെ അച്ചായൻ നൽകി പണം തിരസ്‌കരിച്ചും വിവാഹ സമ്മനം മടക്കി നൽകിയും മാതൃക കാട്ടിയ ഈ മനുഷ്യൻ വീണ്ടും വിസ്മയമാകുന്നു; പാലാരിവട്ടം പാലം കേരളത്തിനായി അത്ഭുത പ്രതിഭ പുനർനിർമ്മിക്കുക ഖജനാവിൽ നിന്ന് ചില്ലികാശ് എടുക്കാതെ; അഴിമതികൾ മാത്രം ചർച്ചയാകുന്ന നാട്ടിൽ നന്മയുടെ വികസന വഴിയിലൂടെ വീണ്ടും ഇ ശ്രീധരൻ; പാമ്പൻ പാലത്തിന്റെ കരുത്ത് വീണ്ടും അത്ഭുതമൊരുക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: ദ്വീർഘമായ കർമ്മപദത്തിൽ നിന്നും വിശ്രമ വഴിയിലേക്ക് പോകുമ്പോൾ ഇ ശ്രീധരന് പറയാനുള്ളത് നേട്ടങ്ങളുടെ കഥയാണ്. കൊച്ചി മെട്രോ എന്ന ആശയം 2008ൽ തുടങ്ങി 2012ൽ പൂർത്തിയായി. കൊച്ചി മെട്രോയൊഴികെ ബാക്കിയൊന്നും ഉദ്ദേശിച്ച രീതിയിൽ നടന്നില്ലെന്ന പരിഭവവും അദ്ദേഹം പങ്കുവെച്ചു. നടക്കാതെ പോയ പദ്ധതികളുടെ കൂട്ടത്തിൽ കോഴിക്കോട്ടെയും തിരുവനന്തപുരത്തെയും ലൈറ്റ് മെട്രോ, നിലമ്പൂർ-നഞ്ചൻകോട് റെയിൽവേ ലൈൻ, ഹൈസ്പീഡ് റെയിൽവേ പദ്ധതി എല്ലാം ഞങ്ങൾ ഏറ്റെടുത്തതാണ്. ഒന്നും നടപ്പാക്കാനായില്ല. സ്ഥലമെടുപ്പിലെ കാലതാമസം മൂലം കൊച്ചി മെട്രോ പൂർത്തിയാകാൻ കൂടുതൽ സമയമെടുത്തുവെന്നും അദ്ദേഹം പറയുന്നു. ഇനി വിശ്രമ ജീവിതം. വിമരിക്കലിന്റെ വിശ്രമ ജീവിതത്തിന് മുമ്പ് മറ്റൊരു സമ്മാനം കൂടി മലയാളിക്ക് നൽകുകയാണ് ശ്രീധരൻ.

ശ്രീധരൻ പണം ചെലവാക്കുമ്പോഴും പാലാരിവട്ടം മേൽപ്പാലം പുനർ നിർമ്മിക്കുന്നതിനുള്ള ചെലവ് വഹിക്കണമെന്ന നിയമപരമായ ബാധ്യതയിൽനിന്ന് നിർമ്മാണ കമ്പനിയായ ആർ.ഡി.എസിന് ഒഴിയാനാകില്ല. പൊതുമരാമത്ത് വകുപ്പുമായുള്ള കരാർ പ്രകാരം മേൽപ്പാലം പൊളിച്ചുപണിയുന്നതിന്റെ പൂർണ ചെലവും അവർ വഹിക്കേണ്ടി വരും. നിർമ്മാണം പൂർത്തിയാക്കിയതായുള്ള സർട്ടിഫിക്കറ്റ് കൊടുത്ത് മൂന്നു വർഷത്തിനുള്ളിൽ ഉണ്ടാകുന്ന എല്ലാ തകരാറും പരിഹരിക്കുക എന്നത് കരാറുകാരന്റെ ബാധ്യതയാണ്. ഈ സമയപരിധിക്കുള്ളിലാണ് തകരാർ ഉണ്ടായിരിക്കുന്നത്. നിർമ്മാണ അഴിമതിയിൽ ആർ.ഡി.എസ് കമ്പനിയുടമയും പ്രതിയായതിനാൽ പാലം പുനർ നിർമ്മിക്കുന്നതിനുള്ള ചെലവ് അവരിൽനിന്ന് ഇപ്പോൾ ഈടാക്കില്ലെന്ന് മന്ത്രി ജി. സുധാകരൻ പറഞ്ഞു. കോടതിയിൽ തീർപ്പുണ്ടാകുന്ന മുറയ്ക്കായിരിക്കും അക്കാര്യത്തിൽ തീരുമാനമെടുക്കുക. 20 കോടി ആർഡിഎസിന് നഷ്ടപരിഹാരം നൽകേണ്ടി വരും. ശ്രീധരന്റെ കനിവിൽ ഇത് ഖജനാവിലേക്കും എത്തും. ഇതാണ് അപൂർവ്വ വികസന മാതൃക.

പാലാരിവട്ടം പുനർനിർമ്മാണത്തിനു സംസ്ഥാന സർക്കാർ ഡൽഹി മെട്രോ റെയിൽ കോർപറേഷനു പണം തരേണ്ടതില്ലെന്ന് ഇതിന്റെ ചുമതല ഏറ്റെടുക്കാമെന്ന് സമ്മതിച്ച ഇ. ശ്രീധരൻ മുഖ്യമന്ത്രിയെ അറിയിച്ചു. കൊച്ചിയിൽ ഡിഎംആർസി പണിത 4 പാലങ്ങൾ എസ്റ്റിമേറ്റ് തുകയെക്കാൾ കുറഞ്ഞ സംഖ്യക്കു പൂർത്തിയാക്കിയതു കാരണം ബാക്കി വന്ന 17.4 കോടി രൂപ ബാങ്കിലുണ്ട്. അത് ഉപയോഗിച്ച് പാലാരിവട്ടം പാലം നിർമ്മിക്കാമെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യം ഇന്നലെ വിളിച്ചപ്പോൾ മുഖ്യമന്ത്രിയെയും അറിയിച്ചു. അങ്ങനെ അഴിമതിക്കാർക്കിടയിൽ ശ്രീധരൻ വ്യത്യസ്തനാവുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ ഫോണിൽ സംസാരിച്ചതിനെ തുടർന്നാണ് ഇ. ശ്രീധരൻ നിർമ്മാണ മേൽനോട്ടം ഏറ്റെടുക്കാമെന്ന് സമ്മതിച്ചത്. ഡിഎംആർസി കേരളത്തിലെ പ്രവർത്തനം ഈ മാസം 30ന് അവസാനിപ്പിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ ചുമതല ഏറ്റെടുക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം ഇ. ശ്രീധരൻ സൂചിപ്പിച്ചിരുന്നു. ''ഇന്നലെ മുഖ്യമന്ത്രി വിളിച്ചപ്പോഴും സാങ്കേതികമായും ആരോഗ്യപരമായുമുള്ള പ്രയാസങ്ങൾ അദ്ദേഹത്തെ ബോധ്യപ്പെടുത്തി. ഡിഎംആർസിയുടെ നേതൃത്വത്തിൽ പാലം പുനർനിർമ്മിക്കുന്നതാണു നല്ലതെന്നും സഹായിക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി''- ഇ. ശ്രീധരൻ പറയുന്നു.

ജനങ്ങൾക്കും നാടിനും വേണ്ടി ഈ ചുമതല കൂടി ഏറ്റെടുക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഡിഎംആർസിയിൽ നിന്നു കേരള റെയിൽ ഡവലപ്‌മെന്റ് കോർപറേഷനിലേക്കു പോയ ചീഫ് എൻജിനീയർ കേശവ് ചന്ദ്രനെ ഡപ്യൂട്ടേഷനിൽ തിരികെ കൊണ്ടുവരാനും നിർമ്മാണക്കരാർ ഏറ്റെടുത്ത ഊരാളുങ്കൽ സൊസൈറ്റി എത്രയും വേഗം പണിയാരംഭിക്കാനും ഇടപെടണമെന്ന് മുഖ്യമന്ത്രിയോട് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ഒരാഴ്ചയ്ക്കകം പണി ആരംഭിക്കുമെന്നും 8 - 9 മാസത്തിനകം പാലം തുറന്നു കൊടുക്കാനാവുമെന്നും ഇ. ശ്രീധരൻ പറഞ്ഞു. അങ്ങനെ ഖജനാവിൽ നിന്ന് ചില്ലികാശ് ചെലവാക്കാതെ പഞ്ചവടിപാലത്തെ നേരെയാക്കുകയാണ് വിശ്രമ ജീവിതത്തിന് കടക്കും മുമ്പ് ശ്രീധരൻ എന്ന അതുല്യ പ്രതിഭ.

പാലാരിവട്ടം മേൽപ്പാലം പൊളിച്ചുപണിയുന്ന ജോലികൾ ഒക്ടോബർ ആദ്യം തുടങ്ങും. നിർമ്മാണക്കരാർ ഊരാളുങ്കൽ ലേബർ സൊസൈറ്റിക്കായിരിക്കും. എട്ട് മാസം കൊണ്ട് പാലം പുനർ നിർമ്മിക്കുമെന്നാണ് ഇ. ശ്രീധരൻ അറിയിച്ചിരിക്കുന്നത്. ഒക്ടോബർ ആദ്യം നിർമ്മാണം തുടങ്ങണമെന്ന് ഇ. ശ്രീധരൻ ആവശ്യപ്പെട്ടതായി ഊരാളുങ്കൽ ലേബർ സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി പറഞ്ഞു. നിർമ്മാണത്തിനാവശ്യമായ യന്ത്രങ്ങൾ ഉടൻ എത്തിക്കും. ഡി.എം.ആർ.സി. എറ്റെടുക്കാൻ തയ്യാറായതോടെ ഫണ്ടിനെക്കുറിച്ചുള്ള പ്രശ്‌നവും ഉണ്ടാകില്ലെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ പറഞ്ഞു. നിർമ്മാണം ഡി.എം.ആർ.സി.യെ ഏൽപ്പിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് ഒൻപത് മാസം മുൻപേ ഇറങ്ങിയതാണ്. ഇനി പ്രത്യേകം ഉത്തരവ് ഇറക്കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.

പാലാരിവട്ടം മേൽപ്പാലം പൊളിക്കുമ്പോൾ കിട്ടുന്ന മാലിന്യം എങ്ങനെ കൈകാര്യം ചെയ്യും എന്നത് വലിയ വെല്ലുവിളിയായിരിക്കും. മുറിച്ചെടുക്കുന്ന ഗർഡറുകൾ ചെല്ലാനത്ത് കടൽഭിത്തി നിർമ്മിക്കാൻ ഉപയോഗിക്കാം എന്ന നിർദ്ദേശം ഇ. ശ്രീധരൻ മുന്നോട്ടുവെച്ചിരുന്നു. ഡെക് സ്ലാബ് അടക്കമുള്ള ഭാഗം എന്തിന് ഉപയോഗിക്കും എന്നതിൽ തീരുമാനം ഉണ്ടാകണം.

ഇനി നേട്ടങ്ങളുടെ വിശ്രമ ജീവിതം

ദ്വീർഘമായ കർമ്മപദത്തിൽ നിന്നും വിശ്രമ വഴിയിലേക്ക് പോകുമ്പോൾ ഇ ശ്രീധരന് പറയാനുള്ളത് നേട്ടങ്ങളുടെ കഥയാണ്. കൊച്ചി മെട്രോ എന്ന ആശയം 2008ൽ തുടങ്ങി 2012ൽ പൂർത്തിയായി. കൊച്ചി മെട്രോയൊഴികെ ബാക്കിയൊന്നും ഉദ്ദേശിച്ച രീതിയിൽ നടന്നില്ലെന്ന പരിഭവവും അദ്ദേഹം പങ്കുവെച്ചു. നടക്കാതെ പോയ പദ്ധതികളുടെ കൂട്ടത്തിൽ കോഴിക്കോട്ടെയും തിരുവനന്തപുരത്തെയും ലൈറ്റ് മെട്രോ, നിലമ്പൂർ-നഞ്ചൻകോട് റെയിൽവേ ലൈൻ, ഹൈസ്പീഡ് റെയിൽവേ പദ്ധതി എല്ലാം ഞങ്ങൾ ഏറ്റെടുത്തതാണ്. ഒന്നും നടപ്പാക്കാനായില്ല. സ്ഥലമെടുപ്പിലെ കാലതാമസം മൂലം കൊച്ചി മെട്രോ പൂർത്തിയാകാൻ കൂടുതൽ സമയമെടുത്തുവെന്നും അദ്ദേഹം പറയുന്നു.

ശ്രീനഗറിലെയും ജമ്മുവിലെയും ലൈറ്റ് മെട്രോ പദ്ധതികളിലും ദാൽ തടാകത്തിന്റെ പുനരുദ്ധാരണത്തിലുമാണ് വിരമിക്കലിന് ശേഷം ശ്രീധരൻ സജീവമാകുക. നടപ്പായാൽ രാജ്യത്തെ ആദ്യ ലൈറ്റ് മെട്രോകളാകും അവ. അതുകൊണ്ടാണ് അവയുമായി സഹകരിക്കുന്നത്. ലൈറ്റ് മെട്രോ ആദ്യം നടപ്പാകേണ്ടിയിരുന്നത് തിരുവനന്തപുരത്താണ്. അത് സർക്കാർ വേണ്ടെന്നുവെച്ചതല്ലേ. പദ്ധതിയുമായി മുന്നോട്ടുപോയിരുന്നെങ്കിൽ ഈ സമയംകൊണ്ട് കേരളത്തിൽ ലൈറ്റ് മെട്രോ സർവീസ് തുടങ്ങാമായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്.

വിശ്രമ ജീവിതം സ്വന്തം നാട്ടിൽ തന്നെയാകണം എന്നാണ് ഇ ശ്രീധരൻ പറയുന്നത്. വിരമിച്ചശേഷം പൊന്നാനിയിലെ വീട്ടിൽത്തന്നെയുണ്ടാകും. ഭാരതപ്പുഴ പുനരുജ്ജീവനം ലക്ഷ്യമിട്ട രീതിയിൽ നടപ്പാക്കണമെന്നുണ്ട്. മാലിന്യക്കൂമ്പാരമായി പുഴ മാറാതിരിക്കാനാണു ജാഗ്രത. മുനിസിപ്പാലിറ്റി, പഞ്ചായത്ത് മേഖലകളിൽനിന്ന് മാലിന്യമെത്തുന്നത് പുഴയിലേക്കാണ്. അതുതടയാൻ കളക്ടർമാർക്കും തദ്ദേശസ്ഥാപനങ്ങൾക്കുമെല്ലാം കത്തുനൽകിയിട്ടുണ്ട്. മൂല്യബോധമുള്ള ഒരു തലമുറയ്ക്കായി നടപ്പാക്കുന്ന ഫൗണ്ടേഷൻ ഫോർ റീസ്റ്റോറേഷൻ ഓഫ് നാഷണൽ വാല്യൂസ് (എഫ്.ആർ.എൻ.വി.) പദ്ധതിയുടെ ദേശീയ പ്രസിഡന്റാണ്. അതിന്റെ പ്രവർത്തനങ്ങൾക്ക് ഇടയ്ക്ക് ഡൽഹിയിലേക്കു യാത്രയുണ്ട്. മറ്റൊരാളെ ചുമതലയേൽപ്പിച്ച് ആ സ്ഥാനത്തുനിന്ന് ഒഴിവാകണമെന്നുണ്ട്. ഗുരുവായൂർ അഷ്ടപദിയാട്ടം ട്രസ്റ്റിന്റെ ട്രസ്റ്റിയാണ്. അതു തുടരുമെന്നും ശ്രീധരൻ പറയുന്നു.

റെയിൽവേയിൽ അസിസ്റ്റന്റ് എൻജിനിയറായി ഔദ്യോഗിക ജീവിതം തുടങ്ങി

പാലക്കാട് ജില്ലയിലെ കറുകപുത്തൂരിൽ കീഴൂട്ടിൽ നീലകണ്ഠൻ മൂസതിന്റെയും കാർത്യായനിയുടെയും മകനായി മിഥുനത്തിലെ അവിട്ടം നാളിലാണ് എളാട്ടുവളപ്പിൽ ശ്രീധരന്റെ ജനനം. ഒമ്പതു മക്കളിൽ ഏറ്റവും ഇളയവനായ ശ്രീധരൻ പിന്നീട് ലോകം ശ്രദ്ധിച്ച പ്രതിഭാശാലിയായ സിവിൽ എൻജിനിയർമാരിൽ ഒന്നാമനായി മാറുകയായിരുന്നു.

1954ൽ ഇന്ത്യൻ റെയിൽവേയിൽ അസിസ്റ്റന്റ് എൻജിനിയറായി ജോലിയിൽ പ്രവേശിച്ച ശ്രീധരൻ വിശ്രമമില്ലാത്ത 63 വർഷത്തെ ഔദ്യോഗികജീവിതമാണ് പിന്നിടുന്നത്. പാമ്പൻപാലം 1964ൽ 46 ദിവസത്തിനുള്ളിൽ പുനർ നിർമ്മിച്ചതോടെയാണ് ശ്രീധരനെ രാജ്യം ശ്രദ്ധിച്ചത്. രാജ്യത്തെ ആദ്യ മെട്രോയായി അറിയപ്പെടുന്ന കൊൽക്കത്ത മെട്രോയുടെ രൂപകൽപ്പന ശ്രീധരന്റേതാണ്. കൊച്ചിൻ ഷിപ്യാർഡിൽ ആദ്യ കപ്പൽ റാണിപത്മിനിയുടെ നിർമ്മാണം പൂർത്തിയാകുമ്പോൾ കപ്പൽശാലയുടെ സിഎംഡി ശ്രീധരനാണ്. 1990ൽ റെയിൽവേയിൽനിന്നു വിരമിച്ച് കൊങ്കൺ റെയിൽവേയുടെ തലപ്പത്ത്. കുറഞ്ഞ ഏഴുവർഷവും മൂന്നുമാസവും മാത്രമെടുത്ത് 760 കിലോമീറ്റർ കൊങ്കൺപാത പൂർത്തിയാക്കി. തുടർന്ന് രാജ്യത്തെ അത്യാധുനിക മെട്രോ തീർക്കാനുള്ള ദൗത്യമേറ്റെടുത്ത് ഡിഎംആർസിയിൽ. നിശ്ചിതസമയത്തിന് രണ്ടുവർഷവും ഒമ്പതുമാസവും ശേഷിക്കെ ഏഴുവർഷവും മൂന്നുമാസവുമെടുത്ത് 10,500 കോടി രൂപ ചെലവിൽ ഡൽഹി മെട്രോയുടെ ആദ്യഘട്ടം പൂർത്തിയാക്കി.

നാലരവർഷത്തിനുള്ളിൽ രണ്ടാംഘട്ടവും പാളത്തിലായി. ഇതിനിടെ ജയ്പുർ, ലഖ്നൗ, വിശാഖപട്ടണം മെട്രോകളുടെയെല്ലാം മേൽനോട്ട ചുമതലയും പ്രായത്തിന്റെ പരിമിതികൾ മറന്ന് ഏറ്റെടുത്തു. ഇപ്പോഴും പൊന്നാനിയിലെ വീട്ടിൽനിന്ന് കൊച്ചിയിലേക്കും വിവിധ മെട്രോനഗരങ്ങളിലേക്കും നിരന്തരം യാത്രചെയ്യുന്നു. വിവിധ ജീവകാരുണ്യപ്രവർത്തനങ്ങളുടെയും മാനേജ്മെന്റ് പ്രഭാഷണങ്ങളുടെയും ഭാഗമായി എല്ലായിടത്തും ഓടിയെത്തുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പദ്ധതി ആസൂത്രണങ്ങൾക്കായി വിവിധ സമിതികളിലും പ്രവർത്തിക്കുന്നു. കേന്ദ്ര സർക്കാരിന്റെ റെയിൽവേ പദ്ധതികളുടെ ഉപദേഷ്ടാവുമാണ്. കൊച്ചി മെട്രോയ്ക്ക് നാലായിരം കോടിയോളം രൂപയാണ് നിർമ്മാണ ചെലവ് പ്രതീക്ഷിച്ചത്. അതിന്റെ പകുതി പോലും ശ്രീധരൻ ചെലവാക്കിയില്ലെന്നാണ് സൂചന. കൊച്ചി മെട്രോയൂടെ പകുതി പണികളേ ഇതുവരെ പൂർത്തിയായുള്ളൂ. അതിനിടെ തന്നെ കൊച്ചി മെട്രോ നിർമ്മാണത്തിനു പ്രതീക്ഷിച്ചിരുന്ന ചെലവിൽ നിന്ന് ഇതുവരെ 400 കോടി രൂപ മിച്ചമുണ്ടാക്കാനായെന്നാണ് സൂചന.

ഡിഎംആർസിയിലൂടെ കേരളത്തിന് നൽകിയത് പുതിയ തൊഴിൽ സംസ്‌ക്കാരം

ഡിഎംആർസിയുടെ രീതികൾ കേരളത്തിന് ശരിക്കും പാഠമാകേണ്ടതാണ്. ഇവരുടെ തൊഴിൽ സംസംക്കാരം കേരളത്തിലെ മറ്റു വകുപ്പുകൾ മാതൃകയാക്കുകയാണ് വേണ്ടത്. കൊച്ചി മെട്രോയുടെ മുന്നൊരുക്കം എന്ന നിലയിലാണ് പച്ചാളം മേൽപ്പാലത്തിന്റെ നിർമ്മാണം ഡിഎംആർസിയെ ഏൽപ്പിച്ചത്. അന്ന് പാച്ചാളം മേൽപ്പാലത്തിനായി സർക്കാൻ അനുവദിച്ച 52 കോടി 70 ലക്ഷം രൂപ ആയിരുന്നു. എന്നാൽ മേൽപ്പാലത്തിന്റെ പണികൾ പൂർണമായും പൂർത്തിയായപ്പോൾ എസ്റ്റിമേറ്റ് തുകയേക്കാൾ 13 കോടി ബാക്കി സർക്കാരിനു ലാഭം ഉണ്ടാക്കി കൊടുത്തു. പൊതുവേ പൊതുമരാമത്ത് വകുപ്പിനേക്കാൾ ഉയർന്ന എസ്റ്റിമേറ്റായിരുന്നെങ്കിലും ഡിഎംആർസി അവരുടെ ഭാഗം ഭംഗിയായി നിർവഹിച്ചു. അനുവദിച്ച തുകയേക്കാൾ കുറവിൽ പണിയാൻ സാധിച്ച ഡിഎംആർസിയുടെ കഴിവിൽ കേരളം അഭിമാനം കൊണ്ടു. ഇടപ്പള്ളിയിൽ ലുലു മാൾ എത്തിയതോടെ ഗതാഗതം താറുമാറായി. എല്ലാം തകിടം മറിഞ്ഞു. ഇതിന് പരിഹാരം എത്തിക്കാനായിരുന്നു മേൽപ്പാല നിർമ്മാണം പദ്ധതിയായെത്തിയത്. നഗരത്തെ വീർപ്പ്മുട്ടിച്ച ഗതാഗത കുരുക്കിന് ആശ്വാസം പകർന്ന് ഇടപ്പള്ളി മേൽപ്പാലവും ശ്രീധരന്റെ മികവിന്റെ സാക്ഷ്യപത്രമാകുന്നു.

മെട്രോ നിർമ്മാണത്തിന്റെ ആദ്യഘട്ടത്തിലെ പ്രധാന പ്രശ്‌നം ഇടപ്പള്ളി ജങ്ങ്ഷനിലെ മേൽപ്പാല നിർമ്മാണമായിരുന്നു. റയിൽമേൽപാലവും റോഡ് മേൽപ്പാലവും ഒരുമിച്ചുകൊണ്ടുപോകേണ്ടതുണ്ടായിരുന്നു. ഇവിടെ മറ്റ് മേൽപ്പാലത്തിന് സാധ്യതയുമില്ല. ഇക്കാര്യം സർക്കാരിനെ അറിയിക്കുകയും ഇരു മേൽപ്പാലങ്ങളും യോജിപ്പിച്ച് നവീന സാങ്കേതിക വിദ്യയോടെയാണ് ഇപ്പോൾ പാലങ്ങൾ പൂർത്തിയാക്കിയതെന്നും ഇ ശ്രീധരൻ പറയുന്നു. ആലുവ-എറണാകുളം പാതയിൽ നിലവിലെ റോഡിന് മുകളിലും മെട്രോ റെയിൽ പാതയ്ക്ക് താഴെയുമായാണ് സമാന്തര പാലം വന്നത്.20 മാസം കൊണ്ടാണ് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷന്റെ ഉത്സാഹത്താൽ പാലം പൂർത്തിയായത്.

2013 മെയിൽ ഭരണാനുമതി ലഭിച്ചെങ്കിലും 2015 ജനവരിയിലാണ് നിർമ്മാണം തുടങ്ങിയത്. ഈ നിർമ്മാണത്തിന്റെ ഓരോ ഘട്ടവും ശ്രീധരൻ നേരിട്ട് വിലയിരുത്തിയിരുന്നു. ഡൽഹി ഭൂഗർഭത്തീവണ്ടിപ്പാത പുറമേ കൊൽക്കത്ത ഭൂഗർഭത്തീവണ്ടിപ്പാത , കൊങ്കൺ തീവണ്ടിപ്പാത , തകർന്ന പാമ്പൻപാലത്തിന്റെ പുനർനിർമ്മാണം തുടങ്ങിയ ശ്രദ്ധേയമായ പല ജോലികൾക്കും ഇദ്ദേഹം നേതൃത്വം നൽകി. ഇവിടെയെല്ലാം രാജ്യം കണ്ടത് പറയുന്നത് കൃത്യ സമയത്ത് ചെയ്യുന്ന ശ്രീധരനെയാണ്. അതു തന്നെയാണ് കേരളത്തിലെ കർമ്മ പദ്ധതികളിലും ഈ പാലക്കാട്ടുകാരൻ യാഥാർത്ഥ്യമാക്കുന്നത്.

മെട്രോയുടെ ആദ്യഘട്ടത്തിൽ ലാഭിച്ചു നൽകിയത് 300 കോടി

കൊച്ചി മെട്രോയുടെ ആലുവമുതൽ പാലാരിവട്ടംവരെയുള്ള ഒന്നാം ഘട്ടത്തിലെ ആദ്യഭാഗം പൂർത്തിയായപ്പോൾ 300 കോടിയോളം രൂപ ലാഭമുണ്ടാക്കൻ സാധിച്ചിട്ടുണ്ട്. ഇതിന്റെ ക്രെഡിറ്റ് ശ്രീധരന് കൂടിയുള്ളതാണ്. എന്നാൽ, ഡിഎംആർസിയുടെയും കെഎംആർഎല്ലിന്റെയും പരിശ്രമഫലമായാണി എന്നു പറഞ്ഞ് വിനീതനാകുകയാണ് ശ്രീധരൻ. രണ്ടാംഘട്ടത്തിൽ താനും ഡിഎംആർസിയും ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു വെക്കുന്നു. ആലുവമുതൽ പാലാരിവട്ടംവരെയുള്ള 13 കിലോമീറ്റർ പാതയുടെ നിർമ്മാണത്തിന് ആകെ ചെലവായത് 3750 കോടി രൂപയാണ്. നിശ്ചയിച്ചതിലും 300 കോടിയോളം രൂപ ലാഭം.

ശ്രീധരനെയും ഡി.എം.ആർ.സിയെയും കൊച്ചി മെട്രോയിൽനിന്ന് പുകച്ചുചാടിക്കാൻ പല ഘട്ടങ്ങളിലും ശ്രമങ്ങളുണ്ടായിരുന്നു.ശ്രീധരന്റെ അസാന്നിധ്യത്തിൽ രൂപപ്പെടുന്ന അവിശുദ്ധബാന്ധവത്തിലൂടെ മറിയുന്ന കോടികളുടെ കമ്മീഷൻ പണം കിട്ടാൻ പാഞ്ഞു നടന്നവരായിരുന്നു ഇവർ. പക്ഷേ, ശ്രീധരൻ കൊച്ചി മെട്രോ നിർമ്മാണനേതൃത്വത്തിൽ ഉണ്ടാകണമെന്നാഗ്രഹിച്ചവരുടെ തീർച്ചകളെ മറയ്ക്കാൻ മാത്രം ശക്തി വാദങ്ങൾക്കുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ മറുവശത്ത് ശ്രീധരൻ ഒറ്റയ്ക്കായിട്ടും ഒറ്റയ്ക്കായില്ല. ആറായിരം കോടിയോളം നിർമ്മാണച്ചെലവുവരുന്ന കൊച്ചി മെട്രോ പദ്ധതിയെ അഴിമതിയുടെ കൂത്തരങ്ങാക്കാനുള്ള നീക്കത്തെ ചെറുക്കാൻ ആരുടെയും ആഹ്വാനമില്ലാതെതന്നെ മാധ്യമങ്ങളും പൊതുസമൂഹവും ശ്രീധരനു പിന്നിൽ നിരന്നു.

കേവലം റിട്ടയേർഡ് റെയിൽവേ സിവിൽ എഞ്ചിനീയറോ വമ്പൻ നിർമ്മാണങ്ങൾക്ക് കെല്പുള്ള അനേകം പ്രോജക്ട് മാനേജർമാരിൽ ഒരാളോ മാത്രമായി ഇ. ശ്രീധരനെ എഴുതിത്ത്ത്ത്ത്ത്ത്ത്ത്തള്ളിയവർക്ക് ജനഹൃദയങ്ങളിൽ സ്ഥിരപ്രതിഷ്ഠ നേടിക്കഴിഞ്ഞ ആ അഞ്ചക്ഷരത്തിന്റെ ബലം ശരിക്കും ബോധ്യപ്പെടുകയായിരുന്നു. പാമ്പൻ പാലത്തിന്റെ പുനർനിർമ്മാണം മുതൽ കൊങ്കൺ റെയിൽവെയും ഡൽഹി മെട്രോ പാതയും വരെയുള്ള വമ്പൻ നിർമ്മാണങ്ങൾ പൂർത്തിയാക്കിയ ശ്രീധരന് ജനഹൃദയങ്ങളിലുള്ളത് അതിമാനുഷപരിവേഷം. വാരികയ്ക്കുള്ളിൽ വച്ച് കോട്ടയത്തെ അച്ചായൻ നൽകി പണം തിരസ്‌കരിച്ചും വിവാഹ സമ്മനം മടക്കി നൽകിയും മാതൃക കാട്ടിയ ഈ മനുഷ്യൻ എന്നും യാത്ര ചെയ്തത് വിസ്മയങ്ങളുമായാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP