Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202116Saturday

എറണാകുളം നോർത്തിലേയും പച്ചാളത്തേയും ഇപ്പള്ളിയിലേയും കോഴിക്കോട്ടെ പന്നിയങ്കര മേൽപ്പാലവും നിർമ്മിച്ചതിൽ മിച്ചം വന്നത് 20 കോടി; പാലാരിവട്ടം പാലം പുനർനിർമ്മിക്കാൻ മടക്കി നൽകുന്ന ഈ തുക മതിയാകും; ഡിസംബറിൽ എല്ലാ ഔദ്യോഗിക ചുമതലയും ഒഴിയും; ഇനി ഇ ശ്രീധരന്റെ മനസ്സിലുള്ളത് ഭാരതപ്പുഴ പുനരുജ്ജീവനവും കശ്മീരിലെ ദാൽ തടാകത്തിന്റെ പുനരുദ്ധാരണവും; വിശ്രമ ജീവിതത്തിലും മെട്രോമാന്റെ മനസ് വെമ്പുന്നത് വെല്ലുവിളികൾക്കൊപ്പം സഞ്ചരിക്കാൻ

എറണാകുളം നോർത്തിലേയും പച്ചാളത്തേയും ഇപ്പള്ളിയിലേയും കോഴിക്കോട്ടെ പന്നിയങ്കര മേൽപ്പാലവും നിർമ്മിച്ചതിൽ മിച്ചം വന്നത് 20 കോടി; പാലാരിവട്ടം പാലം പുനർനിർമ്മിക്കാൻ മടക്കി നൽകുന്ന ഈ തുക മതിയാകും; ഡിസംബറിൽ എല്ലാ ഔദ്യോഗിക ചുമതലയും ഒഴിയും; ഇനി ഇ ശ്രീധരന്റെ മനസ്സിലുള്ളത് ഭാരതപ്പുഴ പുനരുജ്ജീവനവും കശ്മീരിലെ ദാൽ തടാകത്തിന്റെ പുനരുദ്ധാരണവും; വിശ്രമ ജീവിതത്തിലും മെട്രോമാന്റെ മനസ് വെമ്പുന്നത് വെല്ലുവിളികൾക്കൊപ്പം സഞ്ചരിക്കാൻ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരൻ ഡിസംബർ 31-ന് ഔദ്യോഗിക പദവിയിൽ നിന്നു വിരമിക്കും. ഡി.എം.ആർ.സി.ക്ക് ഇനി ചുമതലകളൊന്നും കേരളത്തിലില്ല. ഈ സാഹചര്യത്തിൽ ഡിഎംആർസി കേരളത്തിലെ പ്രവർത്തനവും അവസാനിപ്പിക്കും. കൊച്ചി മെട്രോ കേരളത്തിന് നൽകിയാണ് ഡിഎംആർസിയുടെ മടക്കം. ഇ ശ്രീധരനായിരുന്നു എല്ലാത്തിനും നേതൃത്വം നൽകിയത്.

ഡി.എം.ആർ.സി.യിലെ ഔദ്യോഗിക ചുമതലകളിൽ നിന്ന് വിരമിക്കും വരെ എന്റെ സഹായം എല്ലാവർക്കും ലഭിക്കുമെന്ന് ഇ ശ്രീധരൻ മാതൃഭൂമിയോട് പറഞ്ഞു. ഡി.എം.ആർ.സി.യുടെ പേരിലാണ് ഞാൻ എല്ലാ കാര്യങ്ങളും ചെയ്യുന്നത്. വ്യക്തിപരമായ രീതിയിലല്ല. പാലാരിവട്ടം പാലത്തിന്റെ കാര്യത്തിലുൾപ്പെടെ സാങ്കേതിക സഹായമൊന്നും ഇനി സർക്കാരിന് ആവശ്യമായി വരുമെന്ന് തോന്നുന്നില്ല. നിർമ്മാണത്തിനുള്ള ഡിസൈനുൾപ്പെടെ എല്ലാം തയ്യാറാണെന്നും ശ്രീധരൻ പറഞ്ഞു. പൂർണ്ണ വിശ്രമത്തിനാണ് ശ്രീധരൻ മാനസികമായി തയ്യാറെടുക്കുന്നത്. വിരമിച്ച ശേഷവും തുടരാൻ ശ്രീധരൻ ഉദ്ദേശിക്കുന്ന ചില ജോലികളുണ്ട്. അതിൽ ചിലതാണ് ഭാരതപ്പുഴ പുനരുജ്ജീവനവും കശ്മീരിലെ ദാൽ തടാകത്തിന്റെ പുനരുദ്ധാരണവുമെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.

തൈക്കൂടത്തുനിന്ന് പേട്ട വരെ എത്തിയതോടെ കൊച്ചി മെട്രോയുടെ ആദ്യഘട്ടം പൂർത്തിയായി. ആദ്യഘട്ടത്തിന്റെ ഭാഗമായി ചമ്പക്കര പാലത്തിന്റെ ജോലികളും സൗത്തിലെ മെട്രോ സ്റ്റേഷനു സമീപത്തെ ചെറിയൊരു നിർമ്മാണവുമാണ് ശേഷിക്കുന്നത്. ഇവ ഈ മാസം തീരും. ഡി.എം.ആർ.സി.യുടെ കൊച്ചിയിലെ ജീവനക്കാരിൽ ഭൂരിഭാഗം പേരെയും മറ്റു സ്ഥലങ്ങളിലേക്ക് മാറ്റി. ഇനി കുറച്ചുപേർ മാത്രമാണ് കൊച്ചിയിലുള്ളത്. 30-ന് ഓഫീസ് ഒഴിയും. മെട്രോ ജോലികളുടെ കുറച്ച് പണം കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൽ (കെ.എം.ആർ.എൽ.) നിന്ന് കിട്ടാനുണ്ട്. ആവശ്യമെങ്കിൽ ഇതിന്റെ കാര്യങ്ങൾക്ക് ഒന്നോ രണ്ടോ ജീവനക്കാർ കൊച്ചിയിലുണ്ടാകുമെന്നും ശ്രീധരൻ പറയുന്നു.

50 വർഷം മുൻപ് 60 ചതുരശ്ര കിലോമീറ്ററുണ്ടായിരുന്ന ദാൽ തടാകം ഇപ്പോൾ 25 ചതുരശ്ര കിലോമീറ്ററായി കുറഞ്ഞു. ദാൽ തടാകത്തിന്റെ പുനരുദ്ധാരണ ജോലികൾ പൂർത്തിയാകാൻ മൂന്നു വർഷമെങ്കിലും എടുക്കുമെന്നാണ് ശ്രീധരന്റെ വിലയിരുത്തൽ. തടാകത്തിലെ കളകൾ മാറ്റുന്നതിനായി കൊച്ചിൻ ഷിപ്പ്യാർഡിന്റെ സഹായത്തോടെ ഒരു യന്ത്രം രൂപകല്പന ചെയ്തു. ഇതുകൊടുങ്ങല്ലൂരിലാണ് നിർമ്മിച്ചത്. കോവിഡിന്റെ സമയത്താണ് ഇതുകൊടുങ്ങല്ലൂരിൽനിന്ന് റോഡ് മാർഗം കശ്മീരിലെത്തിച്ചത്. അവിടെ കള മാറ്റുന്ന ജോലികൾ തുടങ്ങി. ശ്രീനഗറിലെ 70 ശതമാനം അഴുക്കുചാലുകളും ദാൽ തടാകത്തിലേക്കാണ് തുറക്കുന്നത്. ഈ സാഹചര്യത്തിലാണ് ശുചീകരണ പ്രക്രിയ.

സർക്കാരിന് അധികച്ചെലവില്ലാതെ പാലാരിവട്ടം മേൽപ്പാലത്തിന്റെ പുനർനിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടതെന്ന് ശ്രീധരൻ പറയുന്നു. അനിശ്ചിതമായി നീണ്ടുപോയ സാഹചര്യത്തിൽ പാലാരിവട്ടം പാലത്തിന്റെ നിർമ്മാണം ഡി.എം.ആർ.സി.ക്ക് ഇനി ഏറ്റെടുക്കാൻ കഴിയില്ല. പല അസോസിയേഷനുകളും അനാവശ്യമായി ഇടപെട്ടതാണ് പാലത്തിന്റെ നിർമ്മാണം വൈകിച്ചത്. അല്ലെങ്കിൽ, ജൂണിൽ നിർമ്മാണം പൂർത്തിയാകേണ്ടതായിരുന്നുവെന്നും ശ്രീധരൻ വെളിപ്പെടുത്തി.

എറണാകുളം നോർത്ത്, പച്ചാളം, ഇടപ്പള്ളി, കോഴിക്കോട് പന്നിയങ്കര മേൽപ്പാലങ്ങൾ ഉൾപ്പെടെയുള്ള സർക്കാർ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയ വകയിൽ മിച്ചംവന്ന തുക ഡി.എം.ആർ.സി.യുടെ കൈവശമുണ്ട്. ഏകദേശം 20 കോടിയോളം രൂപ വരുമിത്. ഈ പണം ഡി.എം.ആർ.സി. മടക്കി നൽകിയെങ്കിലും സാങ്കേതിക പ്രശ്‌നങ്ങൾ കാരണം ചെക്ക് മടങ്ങി. ഇതിനിടയിലാണ്, പാലാരിവട്ടം മേൽപ്പാലത്തിന്റെ പുനർനിർമ്മാണം വരുന്നത്.

ഡി.എം.ആർ.സി.യുടെ കൈവശമുള്ള പണം ഉപയോഗിച്ച് നിർമ്മാണം പൂർത്തിയാക്കാമെന്ന് സർക്കാരിനെ അറിയിച്ചു. പാലം നിർമ്മാണത്തിന് പണം സർക്കാർ നൽകേണ്ട കാര്യമില്ലെന്നും അറിയിച്ചിരുന്നു. വിവിധ അസോസിയേഷനുകളും മറ്റും അനാവശ്യമായി ഇടപെട്ടതോടെ നിർമ്മാണം തുടങ്ങാനാകാത്ത സാഹചര്യമായി. കഴിഞ്ഞ വർഷം ഒക്ടോബറിൽ തുടങ്ങി, ഈ വർഷം ജൂണിൽ പൂർത്തിയാക്കാനാണ് ഉദ്ദേശിച്ചിരുന്നത്. പാലത്തിന്റെ വിഷയം ഇപ്പോൾ സുപ്രീംകോടതിയുടെ പരിഗണനയിലാണ്.

പാലാരിവട്ടം പാലത്തിനായി രൂപരേഖയും എസ്റ്റിമേറ്റുമെല്ലാം ഡി.എം.ആർ.സി. തയ്യാറാക്കിയിരുന്നു. ഇതും കൈവശമുള്ള പണവും ആർക്ക് കൈമാറണമെന്നു ചോദിച്ച് പൊതുമരാമത്ത് മന്ത്രിക്ക് കത്തെഴുതിയിരുന്നു. ഇവ കൈമാറേണ്ടത് ആർക്കാണെന്ന് സുപ്രീംകോടതി ഉത്തരവ് വന്നതിനു ശേഷം അറിയിക്കാമെന്നാണ് സർക്കാർ വ്യക്തമാക്കിയിരിക്കുന്നതെന്നും ശ്രീധരൻ വെളിപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP