Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തലസ്ഥാനത്തെ മെട്രോ റെയിൽ ഉൾപ്പടെ ചർച്ചചെയ്യാനെത്തിയ നിധിൻ ഗഡ്കരി ചോദിച്ചത് ഇ ശ്രീധരൻ എവിടെയെന്ന്; കേന്ദ്ര മന്ത്രിയുടെ ചോദ്യത്തിന് പിന്നാലെ ഒരിക്കൽ ഒഴിവാക്കിയ ശ്രീധരനെ തലസ്ഥാനത്തേക്ക് വിളിപ്പിച്ച് പിണറായി; പിറന്നാൾ കേക്കു മുറിച്ചും മധുരം വിളമ്പിയും 88ാം പിറന്നാൾ ആഘോഷങ്ങൾക്ക് സമയം കളയാതെ തിരുവനന്തപുരത്തേക്ക് പാഞ്ഞ് മെട്രോമാൻ; വൈകിയെങ്കിലും കേന്ദ്രത്തിൽ നിന്ന് ഫണ്ട് കിട്ടണമെങ്കിലും ശ്രീധരൻ വേണമെന്ന വെളിപാട് ഉദിച്ച് പിണറായി

തലസ്ഥാനത്തെ മെട്രോ റെയിൽ ഉൾപ്പടെ ചർച്ചചെയ്യാനെത്തിയ നിധിൻ ഗഡ്കരി ചോദിച്ചത് ഇ ശ്രീധരൻ എവിടെയെന്ന്; കേന്ദ്ര മന്ത്രിയുടെ ചോദ്യത്തിന് പിന്നാലെ ഒരിക്കൽ ഒഴിവാക്കിയ ശ്രീധരനെ തലസ്ഥാനത്തേക്ക് വിളിപ്പിച്ച് പിണറായി; പിറന്നാൾ കേക്കു മുറിച്ചും മധുരം വിളമ്പിയും 88ാം പിറന്നാൾ ആഘോഷങ്ങൾക്ക് സമയം കളയാതെ തിരുവനന്തപുരത്തേക്ക് പാഞ്ഞ് മെട്രോമാൻ; വൈകിയെങ്കിലും കേന്ദ്രത്തിൽ നിന്ന് ഫണ്ട് കിട്ടണമെങ്കിലും ശ്രീധരൻ വേണമെന്ന വെളിപാട് ഉദിച്ച് പിണറായി

പി.വിനയചന്ദ്രൻ

തിരുവനന്തപുരം: പിറന്നാളിന് കേക്കുമുറിക്കാനും മധുരം വിളമ്പാനുമൊന്നും കളയാനുള്ളതല്ല, മെട്രോമാൻ ഇ.ശ്രീധരന്റെ വിലപ്പെട്ട സമയം. 88-ാം പിറന്നാളാഘോഷത്തിന് സമയം കളയാതെ സംസ്ഥാനത്തെ വികസന കുതിപ്പിന് ശക്തിപകരാൻ ശ്രീധരൻ തലസ്ഥാനത്തെത്തി. പാലാരിവട്ടത്തെ പൊളിഞ്ഞ പാലം എങ്ങനെ നന്നാക്കണം, വയനാട് ചുരം പാതയ്ക്ക് ബദൽ പാത എങ്ങനെ നിർമ്മിക്കണം, കോഴിക്കോട്ടും തിരുവനന്തപുരത്തും ലൈറ്റ്‌മെട്രോയ്ക്ക് കേന്ദ്രവിഹിതം കിട്ടുമോ, ലൈറ്റ്‌മെട്രോയ്ക്ക് പകരം മീഡിയം മെട്രോ മതിയോ തുടങ്ങിയ സർക്കാരിന്റെ നിരവധി ചോദ്യങ്ങൾക്ക് ഉത്തരം നൽകാനാണ് പിറന്നാളാഘോഷം മാറ്റിവച്ച് മലപ്പുറത്തു നിന്ന് ശ്രീധരൻ തിരുവനന്തപുരത്ത് എത്തിയത്.

88-ാം വയസിലും നാടിനു വേണ്ടി കഠിനാധ്വാനം ചെയ്യുന്ന ഈ മനുഷ്യനെയാണ് എൽ.ഡി.എഫ് സർക്കാർ ലൈറ്റ്‌മെട്രോയുടെ തർക്കത്തെതുടർന്ന് കെട്ടുകെട്ടിച്ചത്. ഒടുവിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരി തിരുവനന്തപുരത്ത് വന്നപ്പോൾ ഒറ്റചോദ്യം, ശ്രീധരൻ എവിടെ..? അതോടെ സർക്കാർ ഓട്ടമായി. ശ്രീധരനെ ചർച്ചയ്ക്ക് തിരുവനന്തപുരത്ത് എത്തിച്ചു. മുഖ്യമന്ത്രിയുടെ സെക്രട്ടറി ശിവശങ്കരനും മന്ത്രി ജി.സുധാകരനും ശ്രീധരനെ ചർച്ചയ്ക്ക് വിളിച്ചു. അങ്ങനെയാണ് പിറന്നാളാഘോഷിച്ച് സമയം കളയാതെ നാടിനു വേണ്ടി ശ്രീധരൻ വീണ്ടും തിരുവനന്തപുരത്ത് എത്തിച്ചത്. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ അദ്ദേഹത്തിന് പിറന്നാളാശംസ നേർന്നു.

മെട്രോയിലേറി കേരളം ഇന്ന് അഭിമാനകുതിപ്പ് തുടങ്ങുമ്പോൾ നിറഞ്ഞ മനസോടെ ഓർക്കേണ്ട പേരാണ് ഇ.ശ്രീധരൻ. കടലെടുത്ത പാമ്പൻപാലം 46ദിവസം കൊണ്ട് പുനർനിർമ്മിച്ച, പശ്ചിമഘട്ട മലനിരകൾ നെടുകെ പിളർന്നും തുരങ്കങ്ങളുണ്ടാക്കിയും മലയാളികൾക്ക് മുംബയിലെത്താൻ 760കിലോമീറ്റർ കൊങ്കൺപാത പണിത അതേ ഇച്ഛാശക്തിയോടെ ശ്രീധരൻ ഒഴുക്കിയ വിയർപ്പിന്റെ വിലയാണ് കൊച്ചിമെട്രോ എന്ന അത്ഭുതം.നിശ്ചയദാർഡ്യവും കൃത്യനിഷ്ഠയും കഠിനപ്രയത്‌നവും കണിശതയും ജീവിതത്തിന്റെ ഭാഗമാക്കിയ ഈ 85കാരനുമുന്നിൽ 'അസാദ്ധ്യം' എന്ന വാക്ക് അപ്രസക്തമാണ്. സ്ഥലമെടുപ്പ് മുതൽ വിദേശബന്ധം വരെ എതിർപ്പുകളുടെ പ്രളയംകടന്നാണ് കൊച്ചിമെട്രോയെ ശ്രീധരൻ ട്രാക്കിലിറക്കിയത്. ശ്രീധരൻ കാര്യക്ഷമതയില്ലാത്തവനും അഴിമതിക്കാരനുമാണെന്ന് കത്തയച്ച ഐ.എ.എസ് പ്രമുഖർ, ഇന്ന് അഴിമതിക്കേസുകളിൽ പ്രതികളായത് വിധിവൈപരീത്യം. സുഗമവും സുരക്ഷിതവും കൃത്യനിഷ്ഠയുമുള്ള മെട്രോ യാത്രാസംസ്‌കാരം രാജ്യത്തിന് സമ്മാനിച്ച ഇ.ശ്രീധരന്റെ ജീവിതം പുതുതലമുറയ്ക്കുള്ള പാഠപുസ്തകമാണ്.

രാമേശ്വരവും തമിഴ്‌നാടും കൂട്ടിമുട്ടിക്കുന്ന പാമ്പൻപാലം 1963ൽ കടലെടുത്തപ്പോൾ, 31കാരനായ യുവഎക്‌സിക്യുട്ടീവ് എൻജിനിയറെ പുനർനിർമ്മാണം ഏൽപ്പിച്ചപ്പോൾ ജനറൽമാനേജർ ബി.സി.ഗാംഗുലിയെ പലരും വിമർശിച്ചു. പുതിയപാലം പണിയാൻ സർക്കാരിനോട് ഒരുവർഷം സാവകാശം നേടിയ റെയിൽവേ, ശ്രീധരന് ആറുമാസമാണ് നൽകിയത്. പണിതീരാൻ ഒരാഴ്ചകൂടി വേണമെന്ന് റെയിൽവേമന്ത്രി എസ്.കെ.പാട്ടീൽ പാർലമെന്റിനെ അറിയിച്ച രാത്രിയിൽ പാമ്പൻപാലത്തിന്റെ അവസാന ഗർഡറുമിട്ട് രാമേശ്വരത്തേക്കുള്ള ട്രെയിനിന് ശ്രീധരൻ പച്ചക്കൊടി വീശിക്കഴിഞ്ഞിരുന്നു. 46ദിവസം കൊണ്ട് പാമ്പൻപാലം പുതുക്കിപ്പണിത ശ്രീധരൻ രാഷ്ട്രപതിയുടെ മെഡലായിരുന്നു സമ്മാനം.

അറബിക്കടലിനും പശ്ചിമഘട്ടത്തിനുമിടയിലൂടെ മലയും പുഴയും കുന്നും കടന്ന് ശ്രീധരൻ ഒരുക്കിയ 760കിലോമീറ്റർ റെയിൽപാത, ബ്രിട്ടീഷുകാർ പോലും അസാദ്ധ്യമെന്ന് എഴുതിത്ത്തള്ളിയതായിരുന്നു. മൂന്ന് സംസ്ഥാനങ്ങളിലെ അരലക്ഷം ഭൂവുടമകളിൽ നിന്ന് ഒരുവർഷത്തിനുള്ളിൽ നേരിട്ട് ഭൂമിയേറ്റെടുത്ത ശ്രീധരന്റെ എൻജിനിയറിങ് വൈദഗ്ദ്ധ്യവും നിശ്ചയദാർഡ്യവുമാണ് രാജ്യം പിന്നീട് കണ്ടത്. പശ്ചിമഘട്ടമലകൾ പിളർന്നും തുരന്നും കൂറ്റൻ പാലങ്ങളുണ്ടാക്കിയും കൊങ്കൺപാതയ്ക്ക് ശ്രീധരൻ വഴിയൊരുക്കി. 92ടണലുകൾ, 179വൻപാലങ്ങൾ, 1819ചെറുപാലങ്ങൾ എന്നിവയൊരുക്കി പ്രകൃതിയുടെ പ്രതിബന്ധങ്ങൾ മറികടക്കാൻ ശ്രീധരന് വേണ്ടിവന്നത് ഏഴുവർഷവും മൂന്നുമാസവും. 82.5കിലോമീറ്ററിലേറെയുള്ള മൊത്തം തുരങ്കങ്ങളും കപ്പലുകൾക്ക് കടന്നുപോകാവുന്ന തരത്തിലെ പാലങ്ങളും മണ്ണിടിച്ചിൽ മറികടക്കാൻ കോൺക്രീറ്റ് പമ്പുചെയ്തുണ്ടാക്കിയ കൃത്രിമപാറയുമെല്ലാം ശ്രീധരനൊരുക്കിയ അത്ഭുതങ്ങളാണ്, അതും പറഞ്ഞതിലും മൂന്നുവർഷം മുൻപ്.

ഡൽഹിയിൽ നിന്ന് ഹരിയാനയിലേക്കുള്ള രണ്ടരമണിക്കൂർ ബസ്യാത്രയെ മെട്രോയിലെ ശീതികരിച്ച മുക്കാൽമണിക്കൂർ യാത്രയാക്കി മാറ്റിയത് പട്ടാമ്പിക്കാരൻ ശ്രീധരനായിരുന്നു. ശീതീകരിച്ച ട്രെയിനുകളിലെ വളഞ്ഞുപുളഞ്ഞുള്ള ആകാശയാത്ര രാജ്യതലസ്ഥാനത്തിന്റെ മുഖംമാറ്രി. കൃത്യതയുള്ള സർവീസുകൾ ഡൽഹിയുടെ ജീവിതതാളമായി മാറി. പട്ടാമ്പി കറുകപുത്തൂരിൽ അമ്മാളുഅമ്മയുടെയും നീലകണ്ഠൻ മൂസിന്റെയും മകനായ എളാട്ടുവളപ്പിൽ ശ്രീധരൻ ശുദ്ധവെജിറ്റേറിയനാണ്. പുലർച്ചെ നാലരയ്ക്കുണർന്ന് അരമണിക്കൂർ ഭാഗവതപാരായണം. പ്രാണായാമം, യോഗ, ധ്യാനം. ഒരുമണിക്കൂർ പ്രഭാതസവാരി. സ്വാമി ഭൂമാനന്ദതീർത്ഥയാണ് ആത്മീയഗുരു. എട്ടേമുക്കാലിന് ഓഫീസിലെത്തും. ഫയലുകളെല്ലാം ഏകാഗ്രതയോടെ പഠിക്കും. മൊബൈൽഫോൺ ഉപയോഗം നന്നേകുറവ്. രാത്രി ഒമ്പതരയ്ക്ക് ഉറക്കം. ഭഗവദ്ഗീതയാണ് മാർഗ്ഗദർശി. ഭാര്യ-രാധ. ഇംഗ്ലണ്ടിൽ ഡോക്ടറായ അച്യുത്മേനോൻ, ബംഗളുരുവിൽ എ.ബി.ബിയിൽ ചീഫഎൻജിനിയറായ കൃഷ്ണദാസ് എന്നിവർ മക്കൾ.

പാലക്കാട് ബേസൽ സ്‌കൂൾ പഠനകാലത്ത് ഫുട്ബാൾ, അത്ലറ്റിക് താരം. പാലക്കാട് വിക്ടോറിയയിലെ പഠനകാലത്ത് സൗത്ത്മലബാർ കായികമേളയിൽ ഹർഡിൽസ് മത്സരത്തിൽ ഒന്നാമൻ. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറായിരുന്ന ടി.എൻ.ശേഷൻ സ്‌കൂളിലും കോളേജിലും സഹപാഠി. കാക്കിനട എൻജിനിയറിങ് കോളേജിലെ ഫുട്ബാൾ ടീം ക്യാപ്റ്റൻ. കോഴിക്കോട് പോളിടെക്‌നിക് അദ്ധ്യാപകനായശേഷമാണ് 1954ഡിസംബറിൽ റെയിൽവെയിൽ ചേർന്നത്.കൊച്ചിൻ കപ്പൽശാലയുടെ ചെയർമാനായിരുന്നപ്പോഴാണ് ഒരുവർഷം കൊണ്ട് റാണിപത്മിനി കപ്പൽ നീറ്രിലിറക്കിയത്. 48തുരങ്കങ്ങളുള്ള കർണാടകത്തിലെ ഹാസൻ-മംഗലാപുരം പാതയും പറഞ്ഞസമയത്തിനകം പൂർത്തിയാക്കി.ജയ്പൂർ, ലക്‌നൗ, വിശാഖപട്ടണം, കാക്കിനട മെട്രോകളുടെ മേൽനോട്ടം ശ്രീധരനാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP