Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

കൊച്ചുവേളിയിൽ നിന്ന് കാസർകോടു വരെ 532 കിലോമീറ്റർ; 11 ജില്ലകളിലൂടെ കടന്നു പോകുന്ന പാതയിൽ കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, തൃശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ എന്നീ സ്റ്റേഷനുകൾ; നാലു മണിക്കൂറിൽ തിരുവനന്തപുരത്തു നിന്ന് കാസർകോടേക്ക് യാത്ര; അർധ അതിവേഗ റെയിൽ ഇടനാഴി നിർമ്മാണത്തിന്റെ മേൽനോട്ടത്തിന് എത്തുക മെട്രോ മാനും? കൊങ്കണും പാമ്പൻപാലവും നിർമ്മിച്ച ഇ ശ്രീധരനെ തേടി മലയാളിയുടെ സ്വപ്‌ന പദ്ധതിയും: പിണറായി സർക്കാർ ലക്ഷ്യമിടുന്നതുകൊച്ചി മെട്രോ മോഡൽ

കൊച്ചുവേളിയിൽ നിന്ന് കാസർകോടു വരെ 532 കിലോമീറ്റർ; 11 ജില്ലകളിലൂടെ കടന്നു പോകുന്ന പാതയിൽ കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, തൃശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ എന്നീ സ്റ്റേഷനുകൾ; നാലു മണിക്കൂറിൽ തിരുവനന്തപുരത്തു നിന്ന് കാസർകോടേക്ക് യാത്ര; അർധ അതിവേഗ റെയിൽ ഇടനാഴി നിർമ്മാണത്തിന്റെ മേൽനോട്ടത്തിന് എത്തുക മെട്രോ മാനും? കൊങ്കണും പാമ്പൻപാലവും നിർമ്മിച്ച ഇ ശ്രീധരനെ തേടി മലയാളിയുടെ സ്വപ്‌ന പദ്ധതിയും: പിണറായി സർക്കാർ ലക്ഷ്യമിടുന്നതുകൊച്ചി മെട്രോ മോഡൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കാസർകോട് മുതൽ തിരുവനന്തപുരം വരെ സംസ്ഥാനത്ത് നടപ്പാക്കുന്ന അർധ അതിവേഗ റെയിൽപാതാ പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത് വികസന കുതിപ്പ്. സിൽവർ ലൈനിന് കേന്ദ്ര റെയിൽവെ മന്ത്രാലയം തത്വത്തിൽ അനുമതി നൽകിയ സാഹചര്യത്തിൽ പദ്ധതിക്കുവേണ്ട നിക്ഷേപ സമാഹരണവുമായി പിണറായി സർക്കാർ അതിവേഗം മുന്നോട്ടു പോകും. കിഫ്ബിയിൽ പെടുത്താതെ സ്വതന്ത്രമായ രീതിയിലാകും പണം കണ്ടെത്തുക.

ഇന്ത്യൻ റെയിൽവെയും സംസ്ഥാന സർക്കാരും ചേർന്ന് രൂപീകരിച്ച കെആർഡിസിഎൽ ആണ് പദ്ധതി നടപ്പാക്കുന്നത്. 200 കിലോമീറ്റർ വരെ വേഗത്തിൽ ട്രെയിൻ ഓടിക്കാവുന്ന രണ്ട് റെയിൽലൈനുകളാണ് പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്നത്. പദ്ധതിയുടെ അവസാന അനുമതി വിശദമായ പദ്ധതി റിപ്പോർട്ട് സമർപ്പിച്ചതിനുശേഷം ലഭിക്കും. കൊച്ചി മെട്രോയുടെ മോഡലും പരീക്ഷിക്കപ്പെടും. ഇതിനോടാകും കേന്ദ്ര സർക്കാരിന് കൂടുതൽ താൽപ്പര്യം. കൊച്ചി മെട്രോയുടെ വിജയം കേരളാ സർക്കാരിനും ആവേശമാകും. വിമാനത്താവള മോഡൽ പരീക്ഷിച്ചാൽ അതിലേക്ക് സ്വകാര്യ വ്യക്തികൾ കടന്നുവരുമെന്നതാണ് കേന്ദ്ര സർക്കാരിനെ ഇതിനെതിരെ നിലപാട് എടുക്കാൻ പ്രേരിപ്പിക്കുന്നത്. അതിവേഗ റെയിൽ പാതയുടെ നിർമ്മാണവും ഇ ശ്രീധരനെ സർക്കാർ ഏൽപ്പിച്ചേക്കും. ഇത് കൂടി മുന്നിൽ കണ്ടാണ് ശ്രീധരനുമായി കൂടുതൽ അടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിച്ചതും. അങ്ങനെ വന്നാൽ കൊച്ചി മെട്രോയുടെ വിജയ ശിൽപി തന്നെ അതിവേഗ റെയിൽപാതയ്ക്കും മേൽനോട്ടത്തിനെത്തും.

കൊങ്കണും പാമ്പൻ പാലവും എല്ലാം നിർമ്മിച്ച ശ്രീധരന് റെയിൽവേ നിർമ്മാണങ്ങളിൽ വലിയ അനുഭവ സമ്പത്തുണ്ട്. നിക്ഷേപസമാഹരണത്തിനുള്ള ആസൂത്രണവുമായി സർക്കാർ മുന്നോട്ടു പോകുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ ഈയിടെ ജപ്പാൻ സന്ദർശിച്ചപ്പോൾ പദ്ധതി നിക്ഷേപത്തെക്കുറിച്ചു ചർച്ച നടത്തിയിരുന്നു. സംസ്ഥാനത്തെ വർധിച്ചുവരുന്ന അതിരൂക്ഷമായ ഗതാഗത പ്രശ്‌നത്തിന് പരിഹാരമെന്ന നിലയിലാണ് നാലു മണിക്കൂറിൽ തിരുവനന്തപുരത്തുനിന്ന് കാസർകോടു വരെ യാത്ര ചെയ്യാവുന്ന അർധ അതിവേഗ റെയിൽ ഇടനാഴി വിഭാവനം ചെയ്തിരിക്കുന്നത്. ഈ പരിസ്ഥിതി സൗഹൃദ പദ്ധതി യാഥാർഥ്യമാകുന്നതോടെ റോഡപകടങ്ങൾക്കുപുറമെ ബസുകളടക്കമുള്ള വാഹനങ്ങൾ സൃഷ്ടിക്കുന്ന മലിനീകരണം ഗണ്യമായി കുറയ്ക്കാനാകുമെന്ന് സംസ്ഥാന സർക്കാർ വിലയിരുത്തുന്നു.

കൊച്ചുവേളിയിൽ നിന്ന് കാസർകോടു വരെ 532 കിലോമീറ്ററിൽ പൂർത്തിയാക്കുന്ന തരത്തിലാണ് റെയിൽപാത നിർമ്മിക്കുന്നത്. 11 ജില്ലകളിലൂടെ കടന്നുപോകുന്ന പാതയിൽ പത്തു സ്റ്റേഷനുകളുണ്ടാകും. കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, തൃശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ എന്നിവയാണ് സ്റ്റേഷനുകൾ. തിരുവനന്തപുരം, നെടുമ്പാശേരി വിമാനത്താവളങ്ങൾ പാതയുടെ പരിധിയിൽ വരും. സ്ഥലമെടുപ്പ് ഒഴിവാക്കാനും ചെലവു കുറയ്ക്കാനുമായി നഗരങ്ങളിൽ ആകാശപാതയായിട്ടാണ് കേരള റെയിൽ ആസൂത്രണം ചെയ്തിരിക്കുന്നത്. തിരുവനന്തപുരം-എറണാകുളം യാത്രാസമയം ഒന്നര മണിക്കൂറാണ്.

തിരുവനന്തപുരം മുതൽ തൃശൂർ വരെ നിലവിലുള്ള പാതയിൽനിന്ന് മാറിയാണ് നിർദ്ദിഷ്ട റെയിൽഇടനാഴി നിർമ്മിക്കുന്നത്. തൃശൂർ മുതൽ കാസർകോടു വരെ നിലവിലുള്ള പാതയ്ക്ക് സമാന്തരമായിരിക്കും. ഓരോ 500 മീറ്ററിലും പുതിയ പാതയ്ക്കടിയിലൂടെ ക്രോസിങ് സൗകര്യമുണ്ടായിരിക്കും. റെയിൽ ഇടനാഴി നിർമ്മാണത്തിലൂടെ അര ലക്ഷത്തോളം തൊഴിലവസരങ്ങളാണ് ലഭിക്കുന്നത്. പദ്ധതി പൂർത്തിയാകുമ്പോൾ 11,000 പേർക്ക് തൊഴിൽ ലഭിക്കും. അറ്റകുറ്റപ്പണിക്കും മറ്റുമായി പാതയ്ക്കു സമാന്തരമായി റോഡും വിഭാവനം ചെയ്തിട്ടുണ്ട്. ഇതു പക്ഷേ തുടർച്ചയായ റോഡ് ആയിരിക്കുകയില്ല. നദികളിലും മറ്റുമായി നിർമ്മിക്കുന്ന പാലങ്ങളിൽ ഈ റോഡ് ഒഴിവാക്കും. ചരക്കുലോറികൾ ട്രെയിനിൽ കയറ്റി ലക്ഷ്യസ്ഥാനത്തെത്തിക്കുന്ന റോൾ ഓൺ റോൾ ഔട്ട് (റോറോ) സർവ്വീസും ഉറപ്പാക്കും. സ്റ്റേഷനുകളിൽനിന്ന് യാത്രക്കാർക്ക് ലക്ഷ്യസ്ഥാനത്തെത്തുവാൻ വൈദ്യുതി വാഹന സൗകര്യങ്ങളും പ്രദാനം ചെയ്യും. ഈ വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനും പാർക്ക് ചെയ്യുന്നതിനുമുള്ള സജ്ജീകരണമേർപ്പെടുത്തും.

കേരളത്തിലെ റെയിൽപാതയിൽ ഗതാഗതം ഇപ്പോൾതന്നെ 115 ശതമാനമാണ്. ഭാവിയിൽ കൂടുതൽ ട്രെയിനുകൾ ഓടിക്കാനോ നിലവിലുള്ള ട്രെയിനുകളുടെ വേഗം കൂട്ടാനോ കഴിയാത്ത സ്ഥിതിയാണ്. ദിനംപ്രതി നിരവധി ജീവനുകൾ പൊലിയുന്ന തരത്തിൽ റോഡുമാർഗമുള്ള ഗതാഗതം അതീവദുഷ്‌കരമായി മാറിയിരിക്കുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള വികസനം ലക്ഷ്യമാക്കി കേരളത്തിൽ അതിവേഗ റെയിൽ ഇടനാഴി നിർമ്മിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുള്ളത്. പാരീസിലെ സിസ്ട്ര എന്ന സ്ഥാപനമാണ് സാധ്യതാപഠനം പൂർത്തിയാക്കിയത്. പദ്ധതി നൂറുശതമാനം പരിസ്ഥിതി സൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങൾക്കായി ഐഐഎം അഹമ്മദാബാദുമായി ധാരണാപത്രം ഒപ്പുവയ്ക്കും. സൗരോർജവിനിയോഗം പരമാവധി ഉപയോഗിക്കാനും സ്റ്റീലും കോൺക്രീറ്റും പുനർസംസ്‌കരിച്ച് ഉപയോഗിക്കാനും നടപടി സ്വീകരിക്കും. നിർമ്മാണത്തിലുണ്ടാകുന്ന പാഴ്‌വസ്തുക്കളും ഇങ്ങനെ സംസ്‌കരിക്കും. മലിനീകരണം തീരെയില്ലാത്ത യന്ത്രങ്ങളാണ് കേരള റെയിൽ നിർമ്മാണത്തിനുപയോഗിക്കുന്നത്. ഹരിത നിർമ്മാണ വ്യവസ്ഥകൾ പാലിച്ചുകൊണ്ടായിരിക്കും സ്റ്റേഷനുകളും മറ്റു കെട്ടിടങ്ങളും നിർമ്മിക്കുന്നത്.

പദ്ധതി നടപ്പാക്കുന്നതിനുള്ള സുപ്രധാന നാഴികക്കല്ലാണ് ഇപ്പോൾ പിന്നിട്ടിരിക്കുന്നതെന്ന് കെആർഡിസിഎൽ മാനേജിങ് ഡയറക്ടർ ശ്രീ വി. അജിത് കുമാർ അറിയിച്ചു. കെആർഡിസിഎൽ നടത്തിയ ഒരു വർഷം നീണ്ട പ്രാഥമിക സാധ്യതാപഠനത്തിൽ വിജയകരമായി നടപ്പാക്കാനാവുമെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന മന്ത്രിസഭ പദ്ധതി അംഗീകരിച്ചിരുന്നു. തുടർന്നാണ് ഈ റിപ്പോർട്ട് കേന്ദ്ര റെയിൽവെ മന്ത്രാലയത്തിന്റെ പരിഗണനയ്ക്ക് സമർപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. വിശദമായ പദ്ധതി റിപ്പോർട്ട് തയാറാക്കുന്നതിന്റെ ഭാഗമായി വിവിധ സർവെകളും പഠനങ്ങളും നടന്നുവരികയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP