Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്ലീനത്തിന്റെ ശോഭ കെടുത്തിയ ദേശാഭിമാനിയിലെ 'ചാക്ക്' പരസ്യം; സാന്റിയാഗോ മാർട്ടിനിൽ നിന്നും വാങ്ങിയ 'രണ്ട് കോടി'; വെള്ളാപ്പള്ളിയുടെ റേഞ്ച് റോവറിൽ യാത്ര; സിബിഐയെ പോടാ പുല്ലേ.. എന്നു വിളിച്ച തലക്കനം; അഞ്ജു ബോബി ജോർജ്ജിനെ ശകാരിച്ചും മുഹമ്മദലിയെ മലയാളിയാക്കിയും സോഷ്യൽ മീഡിയയിൽ താരമായി: ഇ പി ജയരാജൻ എന്നും വിവാദങ്ങളുടെ കൂടെപ്പിറപ്പ്

പ്ലീനത്തിന്റെ ശോഭ കെടുത്തിയ ദേശാഭിമാനിയിലെ 'ചാക്ക്' പരസ്യം; സാന്റിയാഗോ മാർട്ടിനിൽ നിന്നും വാങ്ങിയ 'രണ്ട് കോടി'; വെള്ളാപ്പള്ളിയുടെ റേഞ്ച് റോവറിൽ യാത്ര; സിബിഐയെ പോടാ പുല്ലേ.. എന്നു വിളിച്ച തലക്കനം; അഞ്ജു ബോബി ജോർജ്ജിനെ ശകാരിച്ചും  മുഹമ്മദലിയെ മലയാളിയാക്കിയും സോഷ്യൽ മീഡിയയിൽ താരമായി: ഇ പി ജയരാജൻ എന്നും വിവാദങ്ങളുടെ കൂടെപ്പിറപ്പ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കണ്ണൂർ രാഷ്ട്രീയത്തിലെ അതികായനാണ് ഇ പി ജയരാജൻ എന്ന സിപിഐ(എം) കേന്ദ്ര കമ്മിറ്റി അംഗം. മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞാൽ മന്ത്രിസഭയിലെ രണ്ടാമൻ, സിപിഎമ്മിലെ ഏറ്റവും മിടുക്കനായ ഫണ്ട് റൈസർ, കണ്ണൂർ ലോബിയിലെ കരുത്തൻ.. ഇങ്ങനെ നിരവധി വിശേഷങ്ങളുണ്ട് ഇ പി ജയരാജന്. എന്നാൽ, ബന്ധുസ്‌നേഹം മൂത്ത് വിവാദത്തിൽ കുടുങ്ങി ജയരാജൻ രാജിവെക്കുമ്പോൾ സിപിഎമ്മിൽ അത് പുതിയ അന്തച്ഛിദ്രങ്ങൾക്ക് ഇടയാക്കുമോ എന്ന കാര്യമാണ് ഇനി അറിയേണ്ടത്. പിണറായി വിജയന്റെ വിശ്വസ്തനായിട്ടും വ്യവസായ മന്ത്രിപദം രാജിവെക്കാൻ ഇടയാക്കിയത് അണികളിൽ നിന്നുള്ള കടുത്ത വിമർശനങ്ങളായിരുന്നു. എല്ലാക്കാലത്തും വിവാദങ്ങൾ കൂടെപ്പിറപ്പായിരുന്നു ഇ പി ജയരാജന്. അന്നൊക്കെ പാർട്ടി അണികളിൽ നിന്നുള്ള പിന്തുണ കൊണ്ടാണ് അദ്ദേഹം പിടിച്ചു നിന്നത്. എന്നാൽ, ഇപ്പോൽ അണികളുടെ രോഷം തന്നെയാണ് ജയരാജന്റെ രാജിയിലേക്ക് നയിച്ചത്.

സിപിഐ(എം) കണ്ണൂർ ലോബിയിലെ കരുത്തനെന്ന നിലയിൽ പ്രസ്താവനകൾ കൊണ്ടും നടപടികൾ കൊണ്ടും പലപ്പോഴും ഇ പി ജയരാജൻ വിവാദത്തിൽ ചാടിയിട്ടുണ്ട്. ഇത് പലപ്പോഴും സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കുകയും ചെയ്തു. ഇത്തരം നിരവധി വിവാദങ്ങളുണ്ട്. ദേശാഭിമാനിയുടെ ചുമതലക്കാരനായിരുന്ന വേളയിലാണ് കേന്ദ്രകമ്മിറ്റി അംഗമായ ജയരാജൻ ഏറെ വിവാദങ്ങളിൽ ചാടിയത്. ഇതിനൊക്കെ കാരണം മുൻകോപവും പെട്ടന്നുള്ള തീരുമാനങ്ങളിയിരുന്നു. പാർട്ടിയിലെ പരമ്പരാഗത ശീലങ്ങളെ തള്ളിപ്പറഞ്ഞാണ് പലപ്പോഴും അദ്ദേഹം ചാനലുകാരുടെ നോട്ടപ്പുള്ളിയായത്. ഇത് പല സമയത്തും തുടർന്നു പോന്നു.

സിപിഎമ്മിലെ കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന വേളയിൽ അണികളുടെ പ്രിയങ്കരനായിരുന്നു ഇ പി ജയരാജൻ. അന്ന് ചാനലുകൾ പഴയതു പോലെ സജീവമായിരുന്നില്ല. എന്നാൽ പത്രക്കാർ അന്നും ജയരാജന്റെ ചില തെറ്റുകൾ കണ്ടുപിടിച്ചു. അന്ന് വിവാദമായത് ഇപിയുടെ വീട് നിർമ്മാണമായിരുന്നു. പാപ്പിനിശേരി കീച്ചേരിയിൽ വലിയ വീട് നിർമ്മിക്കാൻ അദ്ദേഹം ഉപയോഗിച്ചത് യന്ത്രക്കല്ലായിരുന്നു. അക്കാലത്ത് യന്ത്രക്കല്ലിനെതിരെ സിഐടിയു നിലപാട് സ്വീകരിച്ച സമയമായിരുന്നു. ചെങ്കല്ല് തൊഴിലാളികളുടെ വികാരം മാനിക്കാതെ പാർട്ടിയിലെ മുതിർന്ന നേതാവ് തന്നെ യന്ത്രക്കല്ല് വീട് പണിയാൻ ഇറക്കിയ ഇരട്ടത്താപ്പ് മാദ്ധ്യമങ്ങൾ വാർത്തയാക്കി. അന്നും സിപിഎമ്മിനകത്ത് വികാരം ഉയർന്നു. എന്നാൽ, വി എസ് അച്യുതാനന്ദനായിരുന്നു അന്ന് പാർട്ടി സെക്രട്ടറി. വി എസ് പോലും അന്ന് ജയരാജനെ തള്ളിപ്പറഞ്ഞു.

പിന്നീട് ദേശാഭിമാനി ജനറൽ മാനേജറായപ്പോഴാണ് ഇ പി ജയരാജൻ വിവാദങ്ങളിൽ പെട്ടത്. ഇതിൽ ഏറെ വിവാദമായത് ലോട്ടറി വ്യാപാരി സാന്റിയാഗോ മാർട്ടിനിൽനിന്ന് ദേശാഭിമാനി പത്രത്തിന് വേണ്ടി രണ്ടു കോടിരൂപയുടെ ബോണ്ട് വാങ്ങിയെന്നതായിരുന്നു. അന്യസംസ്ഥാന ലോട്ടറിക്കെതിരെ വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാർ ശക്തമായ നടപടിയെടുക്കുമ്പോഴായിരുന്നു ഈ ഇടപാട്. ഇതോടെ പ്രതിപക്ഷം ശരിക്കും ഇത് ആയുധമാക്കി. മാർട്ടിന്റെ രണ്ട് മക്കളിൽനിന്നായിരുന്നു പണം വാങ്ങിയത്.

വിവാദം പാർട്ടിയുടെയും സർക്കാരിന്റെയും പ്രതിച്ഛായയ്ക്ക് ദോഷമായപ്പോൾ ദേശാഭിമാനി ജനറൽ മാനേജർ സ്ഥാനത്തുനിന്ന് ജയരാജനെ മാറ്റി. രണ്ട് കോടി തിരിച്ചുകൊടുക്കുമെന്ന് പാർട്ടി പ്രഖ്യാപിച്ചു. പണം വാങ്ങിയതിൽ ചുമതല നിർവഹിച്ച ജയാരജന്റെ ഭാഗത്തുനിന്ന് ജാഗ്രത കുറവുണ്ടായി എന്നായിരുന്നു സംസ്ഥാന സെക്രട്ടറേയിറ്റ് നൽകിയ വിശദീകരണം. ജനറൽ മാനേജർ തസ്തികയിലേക്ക് വൈകാതെ തന്നെ ജയരാജൻ മടങ്ങിയെത്തി. മന്ത്രിയായി ചുമതലയേൽക്കുമ്പോഴാണ് ആ പദവി ഒഴിഞ്ഞത്. മാർട്ടിന് പണം തിരിച്ചുകൊടുത്തുവെന്ന സിപിഐഎം അവകാശപ്പെട്ടു.

ഇതിന ശേഷം പിണറായി ചേരിയിൽ ശക്തമായി തുടർന്നു ഇ പി ജയരാജൻ. കണ്ണൂരിൽ നായനാർ ഫുട്‌ബോളുമായി ബന്ധപ്പെട്ടെ പണപ്പിരിവിലും പ്രതിക്കൂട്ടിൽ ഈ നേതാവായിരുന്നു. വെറുക്കപ്പെട്ടവൻ എന്ന് വി എസ് അച്യുതാനന്ദൻ വിളിച്ച ഫാരിസ് അബൂബക്കറുമായി സിപിഐഎമ്മിന്റെ ബന്ധം പരസ്യപ്പെടുന്നത് കണ്ണൂരിൽ നടന്ന ഇകെ നായനാർ സ്മാരക ഫുട്‌ബോൾ ടൂർണമെന്റിലൂടെയായിരുന്നു. ഇപി ജയരാജനായിരുന്നു ടൂർണമെന്റിന്റെ സംഘാടകൻ. ടൂർണമെന്റെ മുഖ്യ സ്‌പോൺസർ ഫാരിസ് അബൂബക്കറും. ഫുട്‌ബോൾ കളത്തിന് പുറത്ത് പാർട്ടി നേതാക്കളുമായി ഫാരിസിന് വളരെ അടുത്ത ബന്ധമാണെന്ന് പിന്നീടുള്ള സംഭവങ്ങൾ വെളിപ്പെടുത്തി. ഇപ്പോഴും ഇ പിയും ഫാരീസും തമ്മിൽ അടുത്ത ബന്ധമാണെന്നാണ് വാർത്തകൾ.

അത് കൂടാതെ ദേശാഭിമാനിയുമായി ബന്ധപ്പെട്ട മറ്റ് വിവാദങ്ങളിലും അദ്ദേഹം പെട്ടിരുന്നു. സിപിഐ(എം) പാലക്കാട് പാർട്ടി പ്ലീനത്തിൽ ദേശാഭിമാനിയിൽ വന്ന പരസ്‌യം പ്ലീനത്തിന്റെ ശോഭ മുഴുവൻ കെടുത്തിയതായിരുന്നു. ആരോപണ വിധേയരുമായി പാർട്ടിക്കും പാർട്ടി നേതാക്കൾക്കുമുള്ള വഴിവിട്ട ബന്ധങ്ങൾ അവസാനിപ്പിക്കണമെന്നതായിരുന്നു പ്ലീനം തീരുമാനം. പ്ലീനത്തിന്റെ സമാപന ദിവസം ഇറങ്ങിയ ദേശാഭിമാനി പത്രത്തിലെ ഒന്നാം പേജിൽ പാലക്കാട്ടെ വിവാദ വ്യവസായി ചാക്ക് രാധാകൃഷ്ണന്റെ സൂര്യ ഗ്രൂപ്പിന്റെ പരസ്യം പ്രത്യക്ഷപ്പെട്ടു. മലബാർ സിമന്റസ് അഴിമതി ഉൾപ്പടെ രാധാകൃഷ്ണനെതിരെ വിവിധ ആരോപണങ്ങൾ ഉയർന്നുനിൽക്കുമ്പോഴായിരുന്നു പാർട്ടിയെ ശുദ്ധീകരിക്കാൻ ചേർന്ന പ്ലീന ദിവസത്തിലെ പാർട്ടി പത്രത്തിലെ പരസ്യം. ഇത് സംബന്ധിച്ച മാദ്ധ്യമങ്ങളുടെ ചോദ്യത്തോട് ക്ഷുഭിതനായി ജയരാൻ പ്രതികരിച്ചു. ഇതോടെ മാദ്ധ്യമങ്ങൾ വിവാദങ്ങൾ കൂടുതൽ കത്തിക്കുകയും ചെയ്തു.

പിന്നെയും ദേശാഭിമാനിയുമായി ബന്ധപ്പെട്ട വിവാദങ്ങളുണ്ടായി. തിരുവനന്തപുരത്തെ ദേശാഭിമാനിയുടെ ഓഫീസ് മന്ദിരം വിൽപനയിലും വി എം രാധാകൃഷ്ണനുമായുള്ള ഇപി ജയരാജന്റെ അടുപ്പം പ്രകടമായി. മാഞ്ഞാലിക്കുളത്തെ ഓഫീസ് തുച്ഛവിലയ്ക്ക് കൈമാറിയെന്നാണ് പാർട്ടി തലത്തിൽ ഉയർന്ന ആരോപണം. രാധാകൃഷ്ണന്റെ ബിനാമിയുടെ പേരിലായിരുന്നു ഓഫീസ് കൈമാറ്റം. ഇതിന് ശേഷവും ജയരാജൻ വിവാദങ്ങലിൽ ചാടി. എന്നാൽ, അപ്പോഴൊക്കെ പിണറായി വിജയന്റെ പിന്തുണ ജയരാജനുണ്ടായിരുന്നു.

കണ്ണൂരിലെ പാർട്ടിക്ക് വേണ്ടി പണമുണ്ടാക്കിയ ഫണ്ട റൈസറായിരുന്നു ഇ പി. അതുകൊണ്ട് സ്ഥിരവരുമാനം ലഭിക്കാൻ വേണ്ടി സംരംഭങ്ങളെല്ലറ്റിനും പിന്നിൽ ജയരാജനുണ്ടായിരുന്നു. കണ്ണൂർ പറശിനിക്കടവിലെ വിസ്മയ വാട്ടർ തീം പാർക്ക്, വളപട്ടണത്തെ കണ്ടൽ പാർക്ക്. ഇപി ജയരാജൻ മുൻകൈയെടുത്ത് തുടങ്ങിയ രണ്ട് സംരംഭങ്ങളും വിവാദങ്ങളുണ്ടാക്കി. വിമർശനങ്ങൾ ഉണ്ടായെങ്കിലും വിസ്മയ വാട്ടർ തീം പാർക്ക് അവിടെ തന്നെ തുടർന്നു. സിപിഐ(എം) മലപ്പുറം സംസ്ഥാന സമ്മേളനത്തിന് മുമ്പ് പാർട്ടിയിലെ ചൂടുപിടിച്ച സംവാദങ്ങളിലൊന്നായിരുന്നു വിസ്മയ വാട്ടർ തീം പാർക്ക്. വിവാദങ്ങളുയർന്നെങ്കിലും സംരംഭവുമായി ഇപി ജയരാജനും പാർട്ടിയും മുന്നോട്ടുപോയി.

കണ്ണൂരിലെ വളപട്ടണം പുഴയോരത്ത് ഇപി ജയരാജന്റെ നേതൃത്വത്തിലുള്ള സഹകരണ സ്ഥാപനം കണ്ടൽ പാർക്ക് സ്ഥാപിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചു. പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങി. കണ്ടൽ വെട്ടി നശിപ്പിച്ചുകൊണ്ട് ജയരാജനും സിപിഐഎം പുഴയോരം സ്വന്തമാക്കുന്നു എന്ന വിമർശനം ഉയർന്നു. ആരോപണം ജയരാജന്റെ രാഷ്ട്രീയ എഥിരാളിയായ കോൺഗ്രസ് നേതാവ് കെ സുധാകരൻ സമർത്ഥമായി തന്നെ ഉപയോഗിച്ചു. കണ്ടൽ വെട്ടിനശിപ്പിച്ചുള്ള പ്രവൃത്തിപാടില്ലെന്ന് കോടതി ഉത്തരവിട്ടു. ഇതോടെ കണ്ടൽപാർക്ക് തുറക്കാനാവാതെ അടച്ചുപൂട്ടേണ്ടി വന്നു.

പിണറായിക്ക് വേണ്ടി അരയും തലയും മുറുക്കി എപ്പോഴും ജയരാജൻ രംഗത്തുണ്ടായിരുന്നു. പിണറായി വിജയന്റെ പരീക്ഷണ കാലഘട്ടമായ ലാവ്‌ലിൻ കേസിൽ പിണറായിക്ക് വേണ്ടി വാദിച്ച് ശക്തമായി നിന്നത് ജയരാജനായിരുന്നു. കേസിൽ സിബിഐ അന്വേഷണ ഉയർന്നപ്പോൾ 'പോടാ പുല്ലേ സിബിഐ' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രയോഗം. പാർട്ടി പൊതുയോഗത്തിലായിരുന്നു സിബിഐക്കെതിരായ ഈ കടുത്ത വിമർശനം. ലാവ്‌ലിൻ കേസിൽ പിണറായിക്ക് വേണ്ടി പ്രതിരോധം തീർക്കുന്നതിൽ ഏറ്റവും മുന്നിലായിരുന്നു ഇപി ജയരാജൻ. ഇതിന്റെ ഭാഗമായാണ് സിബിഐയെ വെല്ലുവിളിച്ച് പാർട്ടി അണികളെ ആവേശഭരിതരാക്കാനുള്ള ഈ പ്രയോഗം അദ്ദേഹം നടത്തിയത്.

കഴിഞ്ഞ എൽഡിഎഫ് സർക്കാറിന്റെ കാലത്ത് ഉയർന്ന മറ്റൊരു വിവാദത്തിലും ഇ പി പ്രതിനായകനായിരുന്നു. എറണാകുളത്തെ ലിസ് എന്ന പണമിരട്ടിപ്പ് സ്ഥാനപനത്തിനെതിരായ കേസുകൾ ഒത്തുതീർക്കാൻ ഉടമ ചാക്കോയിൽ നിന്ന് ഇപി ജയരാജൻ ഏറ്റവും അടുത്ത വിശ്വസ്തൻ വഴി പണം വാങ്ങിയതായി ആരോപണം. ഉറപ്പ് നൽകിയത് പ്രകാരം കേസ് ഒത്തുതീർപ്പായില്ല. ഇക്കാര്യം ചൂണ്ടിക്കാണിച്ച് ചാക്കോ പാർട്ടി സെക്രട്ടറി പിണറായി വിജയന് കത്ത് നൽകി. ഇപി ജയരാജന് നൽകാനെന്ന പേരിലാണ് പണം വാങ്ങിയതെന്നായിരുന്നു പരാതിയിലെ ഉള്ളടക്കം. ഈ വിവാദവും പാർട്ടി സമർത്ഥമായി ഒതുക്കി.

വലിയ വായിലുള്ള വർത്തമാനം പലപ്പോഴും ഇപി ജയരാജനെ വിവാദത്തിലായിരുന്നു. മാദ്ധ്യമങ്ങൾ ഈ പരാമർശങ്ങളൊക്കെ ശരിക്കും ഉപയോഗിക്കുകയും ചെയ്തു. പരിപ്പുവടയും കട്ടൻ ചായയും കഴിച്ച് മുഷിഞ്ഞ വേഷവുമായി കുളിക്കാതെ നടക്കുന്ന പഴയ കാല പാർട്ടി പ്രവർത്തനത്തിന്റെ കാലം കഴിഞ്ഞു എന്നായിരുന്നു ജയരാജന്റെ നിരീക്ഷണം. മാറ്റമുൾക്കൊണ്ടാണ് ജയരാജന്റെ ഈ പരാമർശമെന്ന് സിപിഐഎം പ്രവർത്തകർ വാദിച്ചപ്പോൾ പാർട്ടിയുടെ മാറ്റമാണ് പ്രകടകമാകുന്നതെന്ന് എതിരാളികൾ പരിഹസിച്ചു.

മുതാലാളിമാരുമായുള്ള ബന്ധമായിരുന്നു ജയരാജനെ പ്രതിക്കൂട്ടിലാക്കിയ മറ്റ് ആരോപണങ്ങൾ. കർഷക തൊഴിലാളി സംഘടനയായ കെഎസ്‌കെടിയുവിന്റെ മാർച്ചിൽ പങ്കെടുക്കാൻ വ്യവസായിയായ വെള്ളാപ്പള്ളിയുട ആഡംബര കാറിലായിരുന്നു ജയരാജൻ എത്തിയത്. ലാൻഡ് റോവറിൽ ജയരാജൻ എത്തിയതോടെ മാദ്ധ്യമങ്ങൾക്ക് ചാകരയായി. ഇംഗ്ലണ്ടിൽ നിന്നും ടാക്‌സി രജിസ്‌ട്രേഷനിൽ ഇറക്കുമതി ചെയ്ത കാർ സ്വകാര്യവാഹനമായി ഉപയോഗിക്കുകയായിരുന്നുവെന്നും ലക്ഷങ്ങളുടെ നികുതിവെട്ടിപ്പ് നടത്തിയ കാറിലാണ് ജയരാജൻ വന്നതെന്നും പിന്നീട് പുറത്തറിഞ്ഞു.

ഇത്തവണ മന്ത്രിയായപ്പോഴും ആദ്യം വിവാദത്തിൽ നിരഞ്ഞത് ഇപി ജയരാജനായിരുന്നു. തുടർന്ന് സോഷ്യൽ മീഡിയയിൽ കടുത്ത ട്രോളിംഗിനും അദ്ദേഹം ഇരയായി. ബോക്‌സിങ് ഇതിഹാസം മുഹമ്മദലിയുടെ മരണത്തിൽ ടെലിവിഷൻ ചാനലിലൂടെ അനുശോചിച്ചപ്പോൾ മുഹമ്മദലിയെ ഗോൾഡ് മെഡൽ നേടിയ മലയാളി കായികതാരമായാണ് ഇപി ജയരാജൻ വിശേഷിപ്പിച്ചത്. കായിക മന്ത്രി എന്ന നിലയിലായിരുന്നു ഈ പ്രതികരണം. ഈ അബദ്ധം ശരിക്കും ഫേസ്‌ബുക്ക് ആഘോഷിച്ചു. എന്നാൽ ഇങ്ങനെ വിമർശനമേറ്റ വേളയിൽ തന്നെ സോഷ്യൽ മീഡിയയുടെ പിന്തുണയും ജയരാജന് ലഭിച്ചു. ഇത് അഞ്ജു ബോബി ജോർജ്ജിന്റെ നിയമനത്തിലെ തെറ്റുകൾ ചൂണ്ടിക്കാട്ടിയതിന്റെ പേരിലായിരുന്നു.

സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് അഞ്ജു ബോബി ജോർജിനെ മന്ത്രി ശകാരിച്ചത് വലിയ വാർത്തയായിരുന്നു. മന്ത്രി ശകാരിച്ചുവെന്ന ആരോപണം അഞ്ജു ബോബി ജോർജ്ജ് തന്നെയാണ് ഉന്നയിച്ചത്. മാദ്ധ്യമങ്ങളും പ്രതിപക്ഷവും ഈ സംഭവം ഏറ്റെടുത്തെങ്കിലും മുഖ്യമന്ത്രിയുടെ ഉറച്ച പിന്തുണ അദ്ദേഹത്തിന് തുണയായി. സ്പോർട്സ് കൗൺസിലിൽ സ്വന്തക്കാരെ നിയമിച്ചുവെന്നായിരുന്നു അഞ്ജുവിനെതിരെ ജയരാജൻ ഉന്നയിച്ച പ്രധാന ആരോപണം. ഈ വിവാദത്തിൽ നിന്നും കരകയറി വന്നപ്പോഴാണ് ജയരാജൻ നിയമന വിവാദത്തിൽ പെട്ടത്.

ഭാര്യാ സഹോദരികൂടിയായ കേന്ദ്ര കമ്മിറ്റി അംഗം പികെ ശ്രീമതിയുടെ മകൻ പികെ സുധീറിനെ വ്യവസായ വകുപ്പിന് കീഴിൽ കെഎസ്‌ഐഇ മാനേജിങ് ഡയറക്ടറായി നിയമിച്ചതാണ് ആദ്യം പുറത്തുവന്ന ബന്ധുനിയമനം. പിന്നാലെ മറ്റ് ബന്ധുനിയമനങ്ങളുടെ വിവരങ്ങളും പുറത്തുവന്നു. ജ്യേഷ്ഠന്റെ മകൾ ദീപ്തി നിഷാദിനെ ക്ലേസ് ആൻഡ് സിറാമിക്‌സ് പ്രോടക്ടേഴ്‌സിന്റെ ജനറൽ മാനേജർ സ്ഥാനത്തു നിയമനിച്ചതും കുടത്ത എതിർപ്പിന് ഇയാക്കി. ഇതോടെ ദീപ്തി രാജിവെക്കുകയും ചെയ്തു. എന്നിട്ടും അണികളുടെ രോഷം ശമിച്ചില്ല. സോഷ്യൽ മീഡിയയിലൂടെ കടുത്ത വിമർശനങ്ങൾ പിന്നാലെ വന്നു. ഇതോടെയാണ് ജയരാജന് മുന്നിൽ എല്ലാ വഴികളും അടഞ്ഞത്. പാർട്ടി സെക്രട്ടറിയേറ്റ് തലത്തിൽ കടുത്ത വിമർശനം നേരിടുകയും ചെയ്തു. ഇതോടെയാണ് അദ്ദേഹം രാജിവച്ചത്.

എന്നാൽ വ്യവസായ മന്ത്രിസ്ഥാനം രാജിവച്ചെങ്കിലും ജയരാജനെതിരെ ഇനിയും നടപടി ഉണ്ടാകും. പാർട്ടി തലത്തിൽ അദ്ദേഹത്തിനെതിരെ നടപടിയുണ്ടാകുമെന്നത് ഉറപ്പാണ്. എന്നാൽ പാർട്ടിയുടെ മികച്ച സംഘാടകൻ എന്ന നിലയിൽ സിപിഐ(എം) അദ്ദേഹത്തെ പൂർണ്ണമായും കൈവിടില്ല. എന്നാൽ, പാർട്ടിയിലും മന്ത്രിസഭയിലും ഏറ്റവും കരുത്തനായി നിന്ന വേളയിലാണ് ജയരാജന്റെ പതനം എന്നതും വീഴ്‌ച്ചയുടെ ആഘാതത്തിലായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP