Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202118Monday

ട്രഷറിയിലെ പണം തട്ടിപ്പിൽ പുറത്തുവരുന്നത് സംസ്ഥാനത്തെ ഇ-ഗവേണൻസ് സംവിധാനത്തിലെ പിഴവുകൾ; രണ്ട് കോടി രൂപ ബിജുലാൽ അടിച്ചു മാറ്റിയത് എൻ.ഐ.സി സോഫ്‌റ്റ്‌വെയറിലെ പിഴവുകൾ മുതലെടുത്തു; പരിഷ്‌ക്കരണത്തിന്റെ പേരിൽ കോടികൾ മുടക്കുമ്പോഴും ഗുണമില്ലാത്ത അവസ്ഥ; പിഡബ്ല്യൂസിയും കെപിഎം ജി തുടങ്ങിയ കൺസൾട്ടൻസികളും ഒളിച്ചു കടത്തപ്പെട്ടത് നിക്‌സി റേറ്റ് കോൺട്രാക്ടിന്റെ മറവിൽ

ട്രഷറിയിലെ പണം തട്ടിപ്പിൽ പുറത്തുവരുന്നത് സംസ്ഥാനത്തെ ഇ-ഗവേണൻസ് സംവിധാനത്തിലെ പിഴവുകൾ; രണ്ട് കോടി രൂപ ബിജുലാൽ അടിച്ചു മാറ്റിയത് എൻ.ഐ.സി സോഫ്‌റ്റ്‌വെയറിലെ പിഴവുകൾ മുതലെടുത്തു; പരിഷ്‌ക്കരണത്തിന്റെ പേരിൽ കോടികൾ മുടക്കുമ്പോഴും ഗുണമില്ലാത്ത അവസ്ഥ; പിഡബ്ല്യൂസിയും കെപിഎം ജി തുടങ്ങിയ കൺസൾട്ടൻസികളും ഒളിച്ചു കടത്തപ്പെട്ടത് നിക്‌സി റേറ്റ് കോൺട്രാക്ടിന്റെ മറവിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വഞ്ചിയൂരിലെ ട്രഷറിയിൽ നിന്നും രണ്ട് കോടി രൂപ സീനിയർ അക്കൗണ്ടന്റ് ബിജുലാൽ അടിച്ചു മാറ്റിയ സംഭവത്തോടെ കേരളത്തിലെ ഇ ഗവേണൻസ് സംവിധാനത്തിന്റെ പോരായ്മകളെ കുറിച്ചും ചർച്ചകൾ തുടരുന്നുണ്ട്. ലക്ഷങ്ങൾ ആശ്രയിക്കുന്ന ട്രഷറിയിൽ നടന്ന തട്ടിപ്പു കണ്ടെത്താൻ തന്നെ ദിവസങ്ങൾ എടുത്തു എന്നിടത്താണ് പുതിയ ചോദ്യങ്ങൾ ഉയരുന്നതും. അതേസമയം സംസ്ഥാനത്തിന് ഇ-ഗവേണൻസ് സംബന്ധിച്ച എന്ത് ആവശ്യമുണ്ടെങ്കിലും അപ്പോൾ അവതരിക്കുന്നത് നാഷനൽ ഇൻഫോർമാറ്റിക്‌സ് സെന്ററാണ്. പണിതിട്ടും പണിതിട്ടും കുറവുകൾ തീരാത്ത ഇ-ഗവേൺസ് സമ്പ്രദായം അവസാനിപ്പിച്ചില്ലെങ്കിൽ കോടികളുടെ നഷ്ടമായിരിക്കും ഖജനാവിന് ഉണ്ടാകുകയും ചെയ്യുക. ട്രഷറി തട്ടിപ്പിന്റെ പശ്ചാത്തലത്തിൽ ഇന്ന് വൈകീട്ട മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗം നിർണായക തീരുമാനങ്ങൾ എടുത്തേക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. മംഗളം ദിനപത്രത്തിൽ എസ്‌ നാരായണനാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് നൽകിയിരിക്കുന്നത്.

വിവാദ ദല്ലാളന്മാരുടെ ഇടപെടലിനും മുഖ്യമന്ത്രി അന്ത്യം കുറിച്ചേക്കുമെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. കരാർ പൂർത്തിയാക്കി 'സൗജന്യം' കാത്തിരിക്കുന്ന ഐടി വകുപ്പിനു മുന്നിലേക്ക് നിക്‌സി (NICSI)റേറ്റ് കോൺട്രാക്ട് എന്ന ട്രോജൻ കുതിരയെ എൻ ഐ സി അവതരിപ്പിക്കും. പിൻവാതിൽ നിയമനം, കൺസൾട്ടൻസി രാജ്, തുടങ്ങി പലതും ഒളിച്ചു കടത്താനാണിത്. നിക്‌സി റേറ്റ് കോൺട്രാക്ട് കസ്റ്റമൈസ് ചെയ്യാൻ രണ്ടു പേരെ നിയമിക്കണം എന്നാണ് എൻ ഐ സി യുടെ ആവശ്യം. ഈ രണ്ട് പേർ എന്നത് പിന്നീട് നൂറുകണക്കിനാകും.പി ഡബ്ല്യൂ സി ,കെ പി എം ജി തുടങ്ങിയ കൺസൾട്ടൻസികളും നിക്‌സി റേറ്റ് കോൺട്രാക്ടിന്റെ മറവിൽ ഒളിച്ചു കടത്തപ്പെടും.ഇതോടെ ഇ-ഗവേണൻസ് സംബന്ധമായ സർവ നിയന്ത്രണങ്ങളും എൻ ഐ സി യി ലെ തമ്പുരാക്കന്മാർ ഏറ്റെടുക്കുന്നു. സ്വപ്ന പദ്ധതികളുടെ ഭാരമേറെയുള്ള ഐടി വകുപ്പ് പിന്നെ ആ വഴിക്ക് തിരിഞ്ഞു നോക്കില്ല. ഡവലപ്പർമാർക്കുള്ള അപേക്ഷ ക്ഷണിച്ച് അതിന്റെ അടിസ്ഥാനത്തിൽ എത്തുന്ന ഉദ്യോഗാർത്ഥികളെ എൻ ഐ സി ഉദ്യോസ്ഥർ നേരിട്ടാണ് അഭിമുഖം നടത്തി തിരഞ്ഞെടുക്കുന്നത് . തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഏതോ കമ്പനികളുടെ പേരിൽ ഓഫർ ലെറ്ററുകൾ വരുന്നു. ബോഡി ഷോപ്പിങ് എന്ന് ഐ ടി മേഖലയിൽ ഓമനപ്പേരിട്ട് വിളിക്കുന്ന ഒരു തരം 'മനുഷ്യക്കടത്ത്' തന്നെയാണിത്.ഈ കമ്പനികളെ കുറിച്ചോ അവയുടെ പ്രവർത്തനത്തെക്കുറിച്ചോ ഒരന്വേഷണവും ഉണ്ടാകാറില്ല.

സർക്കാരിന്റെ പക്കൽ നിന്ന് ആറു മാസത്തെ മുൻകൂർ തുക എൻ ഐ സി വാങ്ങിയിട്ടുണ്ടെങ്കിലും ഇങ്ങനെ നിയമിതരാകുന്ന ഡവലപ്പർമാർക്ക് കൃത്യമായി ശമ്പളം നൽകാറില്ല . ശമ്പളം മാസങ്ങളോളം വൈകുന്നതും പതിവാണ്. കൊറോണക്കാലത്ത് ഈ ഡവലപ്പർമാരിൽ പലരും പട്ടിണിയിലായിരുന്നു എന്നാണറിയുന്നത്. ഇതൊക്കെ കൊണ്ടു തന്നെ ഇ-ഗവേണൻസ് സോഫ്റ്റ് വെയറിന്റെ വികസനം ഒരിക്കലും പൂർത്തിയാകാതെ അനന്തമായി തുടർന്നുകൊണ്ടിരിക്കും. പൂർണമായും സൗജന്യമെന്ന പേരിൽ എത്തിയ എൻ ഐ സി ഇതനകം തന്നെ കോടികൾ സർക്കാരിൽ നിന്ന് വിഴുങ്ങിയിരിക്കും. ഇത്തരത്തിൽ ഇ-ഓഫിസിനും സ്പാർക്കിനും ട്രഷറിക്കും വേണ്ടി ഒട്ടേറെ ഡവലപ്പർമാരാണ് പണിയെടുക്കുന്നത്.

ഈ ഡവലപ്പർമാർ വികസിപ്പിച്ച ട്രഷറി ബാങ്കിങ് സോഫ്റ്റ് വെയറിലെ പിഴവ് മുതലെടുത്താണ് വഞ്ചിയൂർ അഡീഷനൽ സബ്ട്രഷറിയിൽ നിന്നും അവിടുത്തെ ഉദ്യോഗസ്ഥൻ 2 കോടി രൂപ അടിച്ചു മാറ്റിയത്. ഈ സോഫ്റ്റ് വെയറിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ NICയോ ഡവലപ്പർമാരോ തയാറാകുന്നില്ല. ഐ ടി വകുപ്പാകട്ടെ നിലാവത്ത് അഴിച്ചുവിട്ട കോഴിയുടെ അവസ്ഥയിലുമാണ്. അതു മാത്രമല്ല, ഏതൊക്കെയോ വിധത്തിൽ ഈ സോഫ്റ്റ് വെയറിന് ഐ എസ് ഓ സർട്ടിഫിക്കേഷനും സംഘടിപ്പിച്ചെടുത്തിരുന്നു. അതായത് സർക്കാർ ഖജനാവിൽ നിന്ന് 2 കോടി രൂപ പുഷ്പം പോലെ കബളിപ്പിച്ചെടുക്കാൻ തക്ക പഴുതുകളുള്ള സോഫ്റ്റ് വെയറിനാണ് ഐ എസ് ഓ സർട്ടിഫിക്കേഷൻ! ആനന്ദലബ്ധിക്കിനി എന്തു വേണം

ഇ -ഗവേണൻസ് പൂർണ അർത്ഥത്തിൽ നിലവിൽ വന്നാൽ സംസ്ഥാന ഭരണനിർവഹണ സംവിധാനത്തിന്റെ നിയന്ത്രണത്തിൽ വരുന്ന മാറ്റങ്ങൾ നോക്കാം. ഒരു കാരണവശാലും ഇ - ഓഫിസിന്റെ നിയന്ത്രണം വിട്ടുകൊടുക്കാൻ എൻ ഐ സി ഒരുക്കമല്ല. കേന്ദ്രത്തിന് ഇതുവഴി സംസ്ഥാന ഭരണത്തിനു മേൽ നിയന്ത്രണം ഉണ്ടാവുകയാണ് ചെയ്യുന്നത്. സംസ്ഥാനത്തിന്റെ ഫയൽ സംവിധാനം മുഴുവൻ കേന്ദ്ര സർക്കാരിന് ആക്‌സെസിബിൾ ആകുന്നു എന്നത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തിന് തന്നെ തുരങ്കം വയ്ക്കുന്ന പ്രവണതയാണ്. അതിനു പുറമേയാണ് ഈ സംവിധാനം വികസിപ്പിക്കുന്നതിന്റെ പേരിലുള്ള അഴിമതിയും കെടുകാര്യസ്ഥതയും.

അതേ സമയം ഐടി വകുപ്പും നിക്‌സിയും ഇടപെടാത്ത സംസ്ഥാനത്തെ ഇ - ഗവേണൻസ് സംവിധാനങ്ങളെല്ലാം നേരേ ചൊവ്വേ നടക്കുന്നുണ്ട്. എട്ടു വർഷമായി പ്രവർത്തിക്കുന്ന കേരള പൊലീസിന്റെ ഇ - ഗവേണൻസ് സംവിധാനമാണ് ഒരുദാഹരണം. കേരളത്തിലെ സർവകലാശാലകളിൽ നിലവിലുള്ള ഇ - ഗവേണൻസ് സംവിധാനങ്ങളും മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP