Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഴിമതിക്കാരോട് വിട്ടുവീഴ്‌ച്ച ചെയ്യാത്ത പിണറായി 'ക്രിമിനൽ പൊലീസുകാരോട്' സന്ധി ചെയ്യുന്നോ? ഉണ്ണിത്താൻ വധശ്രമക്കേസ് പ്രതിക്ക് സർവീസിൽ സുഖവാസം ഒരുക്കി മുഖ്യമന്ത്രി; അബ്ദുൽ റഷീദിനെ ക്രൈംബ്രാഞ്ച് എസ് പിയായി നിയമിച്ചത് വെല്ലുവിളിയെന്ന് മാധ്യമപ്രവർത്തകർ; തുണയായത് അടിയുറച്ച സഖാവായത്

അഴിമതിക്കാരോട് വിട്ടുവീഴ്‌ച്ച ചെയ്യാത്ത പിണറായി 'ക്രിമിനൽ പൊലീസുകാരോട്' സന്ധി ചെയ്യുന്നോ? ഉണ്ണിത്താൻ വധശ്രമക്കേസ് പ്രതിക്ക് സർവീസിൽ സുഖവാസം ഒരുക്കി മുഖ്യമന്ത്രി; അബ്ദുൽ റഷീദിനെ ക്രൈംബ്രാഞ്ച് എസ് പിയായി നിയമിച്ചത് വെല്ലുവിളിയെന്ന് മാധ്യമപ്രവർത്തകർ; തുണയായത് അടിയുറച്ച സഖാവായത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പൊലീസിലെ അച്ചടക്കലംഘനത്തിനും അഴിമതിക്കും ക്രിമിനൽവത്കരണത്തിനുമെതിരെ ഇടയ്ക്കിടെ 'കർശന മുന്നറിയിപ്പ് 'നല്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണത്തിൽ സ്വന്തം പാർട്ടിക്കാരനും ക്രിമിനൽ കേസിലെ പ്രതിയുമായ പൊലീസ് ഉദ്യോഗസ്ഥനു സർവീസിൽ സുഖവാസം. മാധ്യമപ്രവർത്തകൻ വി ബി ഉണ്ണിത്താനെ വധിക്കാൻ ശ്രമിച്ച കേസിലെ നാലാംപ്രതിയായ എൻ അബ്ദുൽ റഷീദിനെയാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ് പിയായി നിയമിച്ചു കൊണ്ട് സർക്കാർ 'ആദരി'ച്ചത്.

2011 ഏപ്രിലിൽ കൊല്ലം ശാസ്താംകോട്ടയിൽ വച്ചാണ് ഉണ്ണിത്താന് നേരെ വധശ്രമമുണ്ടായത്.ആക്രമണത്തിൽ ഉണ്ണിത്താന് ഗുരുതരമായി പരുക്കേറ്റിരുന്നു. കേസ് അന്വേഷിച്ച സി ബി ഐ സംഭവത്തിൽ പങ്കുണ്ടെന്ന് തെളിഞ്ഞതിനെത്തുടർന്ന് അന്ന് കൊല്ലം ഡി വൈ എസ് പിയായിരുന്ന അബ്ദുൽറഷീദിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

തുടർന്ന് 20012ൽ അന്നത്തെ യു ഡി എഫ് സർക്കാർ ഇയാളെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. അതേ വർഷം ജൂലൈയിൽ അബ്ദുൽ റഷീദിനെ നാലാം പ്രതിയാക്കി സി ബി ഐ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ഇതേ കേസിലെ മുഖ്യ പ്രതിയായിരുന്ന ഹാപ്പി രാജേഷിന്റെ കൊലപാതകത്തിലും ഇയാൾക്ക് പങ്കുള്ളതായി സി ബി ഐ കണ്ടെത്തിയിരുന്നു.

മൂന്നു മാസം ജയിലിൽ കിടന്ന അബ്ദുൽ റഷീദിന് ഒടുവിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഉപാധികളോടെ ജാമ്യം നൽകുകയായിരുന്നു. ഇയാളുടെ പാസ്പോർട്ടും കോടതി കണ്ടുകെട്ടുകയുണ്ടായി. പക്ഷേ ഇയാളെ സർവീസിൽ തിരിച്ചെടുക്കാൻ അന്നത്തെ യു ഡി എഫ് സർക്കാർ തയ്യാറായില്ല. എന്നാൽ എൽ ഡി എഫ് സർക്കാർ അധികാരത്തിലെത്തിയതോടെ അടിയുറച്ച സി പി എമ്മുകാരനായ അബ്ദുൽ റഷീദിന്റെ നല്ലകാലം തെളിയുകയായിരുന്നു.

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഇയാളെ സർവീസിൽ തിരിച്ചെടുത്തു. കൊല്ലം ഡി സി ആർ ബി അസിസ്റ്റന്റ് കമ്മീഷണർ ആക്കിക്കൊണ്ടായിരുന്നു തുടക്കം. പിന്നീട് കൊല്ലം ക്രൈംബ്രാഞ്ച് ഡി വൈ എസ് പിയാക്കി. ഏറ്റവുമൊടുവിൽ കഴിഞ്ഞ ജനുവരിയിൽ സർക്കാർ എസ് പിയായി സ്ഥാനക്കയറ്റം നൽകാൻ തീരുമാനിച്ച 23 ഡി വൈ എസ് പിമാരുടെ പട്ടികയിലും ഇയാളെ തിരുകിക്കയറ്റി.

ഉന്നതതല ഡി പി സി ചേർന്നായിരുന്നു പട്ടിക തയ്യാറാക്കിയത്. എന്നാൽ ഈ പട്ടികയിൽ അബ്ദുൽ റഷീദിന്റെ പേര് ഉണ്ടായിരുന്നില്ല. പിന്നീട് ആഭ്യന്തരവകുപ്പിൽ നിന്ന് അംഗീകാരത്തിനായി സർക്കാരിലേക്കെത്തിയപ്പോഴാണ് അബ്ദുൽ റഷീദിന്റെ പേര് ചേർക്കപ്പെട്ടത്. ക്രിമിനൽകേസിൽ പ്രതിയായ അബ്ദുൽ റഷീദിനെ പ്രമോട്ട് ചെയ്യുന്നതിനെതിരെ അന്ന് പൊലീസ് സേനയിലടക്കം വ്യാപകപ്രതിഷേധം ഉയർന്നിരുന്നു. ഈ എതിർപ്പുകൾക്കെല്ലാം മറികടന്നാണ് ഇയാളെ ഇപ്പോൾ തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ് പിയായി നിയമിച്ചിരിക്കുന്നത്.

കഴിഞ്ഞ വർഷം ജൂലൈയിൽ ഡി വൈ എസ് പിമാരുടെ സംഘടനയായ സർവീസ് ഓഫീസ് അസോസിയേഷൻ കൊച്ചിയിൽ സംഘടിപ്പിച്ച ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനോടോപ്പം ഇയാൾ വേദി പങ്കിട്ടത് ഏറെ വിവാദമായിരുന്നു. സംഘടനയുടെ പ്രസിഡന്റ് കൂടിയായ ഇദ്ദേഹമായിരുന്നു ചടങ്ങിൽ അധ്യക്ഷനായത്.

ഇയാളെ വേദിയിലിരുത്തിക്കൊണ്ടായിരുന്നു മുഖ്യമന്ത്രി അന്ന് സംസ്ഥാന പൊലീസിലെ അഴിമതിയെയും ക്രിമിനൽവത്കരണത്തയും സ്വജനപക്ഷപാതത്തെയും കുറിച്ച് വാതോരാതെ പ്രസംഗിച്ചത്. എന്നാൽ ഇയാളുടെ ക്രിമിനൽ പശ്ചാത്തലം അറിയാതെയാണ് മുഖ്യമന്ത്രി ചടങ്ങിനെത്തിയതെന്നായിരുന്നു അന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞത്. പക്ഷേ പിന്നീടുണ്ടായ നടപടികളെല്ലാം ആ വാദത്തിന്റെ മുനയൊടിക്കുന്നതായിരുന്നു.

ഉണ്ണിത്താൻ വധശ്രമക്കേസിന് പിന്നാലെ മറ്റ് നിരവധി കേസുകളിലും പ്രതിയാണ് അബ്ദുൽ റഷീദ്. കൊല്ലത്ത്് സ്റ്റോപ്പില്ലാതിരുന്ന രാജധാനി എക്സ്പ്രസ് സ്റ്റേഷനിൽ നിർത്തിച്ച കേസിലും ടോട്ടൽ ഫോർ യു തട്ടിപ്പ് അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥന്റെ മുഖത്ത് കാർക്കിച്ച് തുപ്പിയ കേസിലും പ്രതിയാണ് ഇദ്ദേഹം. എന്തായാലും ഉണ്ണിത്താൻ വധശ്രമക്കേസിലെ പ്രതിയായ അബ്ദുൽ റഷീദിനെ സർക്കാർ സംരക്ഷിക്കുന്നതിലുള്ള തങ്ങളുടെ പ്രതിഷേധം മുഖ്യമന്ത്രിയെ നേരിട്ടു കണ്ട് അറിയിക്കാൻ തയ്യാറെടുക്കുകയാണ് കേരള പത്രപ്രവർത്തക യൂണിയൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP