Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അരക്കോടിയിലേറെ അംഗങ്ങളുള്ള യുവജന സംഘടനയാണ് ഡിവൈഎഫ്ഐ; ഒരു ക്വട്ടേഷൻ നേതാവ് ഞങ്ങളെ വെല്ലുവിളിക്കേണ്ട; അവന്റെ ഏത് വെല്ലുവിളിയും നേരിടാനുള്ള ചങ്കുറുപ്പ് ഞങ്ങൾക്കുണ്ട്; ആകാശ് തില്ലങ്കേരിക്ക് മറുപടിയുമായി ഡിവൈഎഫ്‌ഐ; താൻ സിപിഎമ്മിനെ വെല്ലുവിളിച്ചിട്ടില്ലെന്ന് തിരുത്തി തില്ലങ്കേരിയും; മാധ്യമങ്ങൾ വളച്ചൊടിച്ചെന്നും ന്യായീകരണം

അരക്കോടിയിലേറെ അംഗങ്ങളുള്ള യുവജന സംഘടനയാണ് ഡിവൈഎഫ്ഐ; ഒരു ക്വട്ടേഷൻ നേതാവ് ഞങ്ങളെ വെല്ലുവിളിക്കേണ്ട; അവന്റെ ഏത് വെല്ലുവിളിയും നേരിടാനുള്ള ചങ്കുറുപ്പ് ഞങ്ങൾക്കുണ്ട്; ആകാശ് തില്ലങ്കേരിക്ക് മറുപടിയുമായി ഡിവൈഎഫ്‌ഐ; താൻ സിപിഎമ്മിനെ വെല്ലുവിളിച്ചിട്ടില്ലെന്ന് തിരുത്തി തില്ലങ്കേരിയും; മാധ്യമങ്ങൾ വളച്ചൊടിച്ചെന്നും ന്യായീകരണം

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: താൻ സിപിഎമ്മിനെ വെല്ലുവിളിച്ചെന്ന വാർത്ത തള്ളി ആകാശ് തില്ലങ്കേരി. കണ്ണിപൊയിൽ ബാബുവധക്കേസിലെ പ്രതികളുമായി താൻ കൂട്ടുചേർന്നു എന്ന വിഷയത്തിലാണ് ആകാശ് തില്ലങ്കേരി നേരത്തെ പ്രകോപനപരമായ പോസ്റ്റിട്ടത്. എന്നാൽ, സിപിഐഎമ്മിനെ താൻ വെല്ലുവിളിച്ചുവെന്ന തരത്തിലുള്ള വാർത്തകൾ വസ്തുതാ വിരുദ്ധമെന്ന് തില്ലങ്കേരി വാദിക്കുന്നു. തന്റെ പ്രവർത്തികൾക്ക് പാർട്ടിയെ വലിച്ചിഴക്കേണ്ട എന്ന് മുഴുവൻ മാധ്യമങ്ങളോടും താഴ്മയായ് ഒരിക്കൽ കൂടി അഭ്യർത്ഥിക്കുകയാണെന്നും ആകാശ് ഫേസ്‌ബുക്കിലെഴുതിയ വിശദീകരണത്തിൽ വ്യക്തമാക്കുന്നു. അതേസമയം, ക്വട്ടേഷൻ നേതാവ് എന്ത് പത്ര സമ്മേളനം നടത്തിയാലും അതിനെ നേരിടാനുള്ള ചങ്കുറുപ്പ് തങ്ങൾക്കുണ്ടെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് സതീഷ് പ്രതികരിച്ചു. ഇത്തരത്തിലുള്ള സാമൂഹിക വിപത്തിനെ വിപത്താണെന്ന് തന്നെ പറയുകയും സമൂഹത്തെ നശിപ്പിക്കുന്ന സംഘമാണെന്ന് തുറന്നുപറയുകയും ചെറുത്തുനിൽക്കുകയും ചെയ്തിട്ടുണ്ടെന്നും സതീഷ് ചാനൽ ചർച്ചയിൽ പറഞ്ഞു.

ആകാശ് തില്ലങ്കേരിയുടെ കുറിപ്പ്:

അനശ്വര രക്തസാക്ഷി സഖാവ് കണ്ണിപൊയിൽ ബാബുവേട്ടൻ വധത്തിലെ പ്രതികളുമായ് ഞാൻ കൂട്ട് ചേർന്നു എന്നുള്ള രീതിയിൽ ഉത്തരവാദിത്തപ്പെട്ട ചിലരിൽ നിന്നുണ്ടായ പ്രതികരണം എനിക്ക് താങ്ങാൻ കഴിയുന്നതിലും വലിയ വേദനയാണ് ഉണ്ടാക്കിയത് . ആ ആരോപണം പത്രസമ്മേളനം വിളിച്ച് ഞാൻ നിഷേധിക്കും എന്ന രീതിയിൽ ഒരു കമന്റിനു മറുപടി കൊടുത്തത് ' ഞാൻ പാർട്ടിയെ വെല്ലുവിളിക്കുന്നു , ഭീഷണിപ്പെടുത്തുന്നു ' എന്ന രീതിയിൽ മാധ്യമങ്ങൾ വളച്ചൊടിച്ച് വാർത്തയാക്കിയത് കണ്ടു..

ഷുഹൈബ് വധവുമായ് പ്രതിചേർക്കപെട്ടപ്പോൾ എന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത് ഇവിടത്തെ മാധ്യമങ്ങൾക്കും ജനങ്ങൾക്കും അറിയാവുന്നതാണ്.. എനിക്കെതിരെ ഇപ്പോൾ മാധ്യമങ്ങളും , രാഷ്ട്രീയ ശത്രുക്കളും ഉയർത്തുന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് ഉത്തരവാദിത്തപ്പെട്ട ഏജൻസികളുടെ അന്വേഷണം കഴിയുന്നതോടെ നിങ്ങൾക്ക് ബോധ്യമാകും..

പാർട്ടി പുറത്താക്കിയ , സ്വതന്ത്ര വ്യക്തിയായ ഞാൻ ചെയ്യുന്ന എന്തെങ്കിലും പ്രവർത്തികൾക്ക് ഞാൻ മുൻ പാർട്ടിപ്രവർത്തകൻ ആയിരുന്നതിന്റെ പേരിൽ പാർട്ടി ഉത്തരവാദിത്തം ഏൽകേണ്ട കാര്യവും ഇല്ല.. രക്തസാക്ഷികളെ ഞാൻ ഒറ്റു കൊടുത്തു എന്ന് ആരെങ്കിലും ആരോപിച്ചാൽ അത് തികച്ചും വസ്തുതാവിരുദ്ധം ആണ് എന്ന് ഒരിക്കൽ കൂടി പറയുകയാണ്..

എന്റെ പ്രവർത്തികൾക്ക് പാർട്ടിയെ വലിച്ചിഴക്കേണ്ട എന്ന് മുഴുവൻ മാധ്യമങ്ങളോടും തഴ്മയായ് ഒരിക്കൽ കൂടി അഭ്യർത്ഥിക്കുകയാണ്.. നിങ്ങൾ എന്നെ എത്ര വേണമെങ്കിലും വിചാരണ ചെയ്തുകൊള്ളു , എന്നാൽ എന്റെ പ്രവർത്തനങ്ങൾക്ക് പാർട്ടി ഉത്തരവാദിത്തം പറയണം എന്ന വാദം ബാലിശമാണ് എന്ന് ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തുന്നു..

ആകാശ് തില്ലങ്കേരിയുടെ വിവാദപോസ്റ്റ്:

''യുവജന സംഘടനയിലെ ഉത്തരവാദപ്പെട്ടവർ തന്നെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ സഖാവ് ബാബുവേട്ടന്റെ കൊലയാളികളുടെ കൂടെ ക്വട്ടേഷൻ നടത്തി എന്ന് ധ്വനിപ്പിച്ചു പോസ്റ്റുകൾ ഇടുമ്പോൾ ആരായാലും ഇതേപോലെ പ്രതികരിച്ചു പോകും. അതൊരുതരം വൈകാരികത ഇളക്കി വിടലാണ്..ബോധപൂർവ്വം അത് നിർമ്മിച്ചെടുത്തത് ആണ്..എന്നെ അടുത്തറിയുന്നവർ അത് വിശ്വസിക്കില്ലെങ്കിലും പറയുന്നത് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ആവുമ്പോൾ അതിൽ ആധികാരികത ഉണ്ടെന്ന് അവർ ധരിച്ചുപോകും.. അങ്ങിനെ രക്തസാക്ഷികളെ ഒറ്റുകൊടുത്തവർ ആരാണെങ്കിലും അവരുടെ പേരുപറഞ്ഞു തന്നെ തുറന്നുകാട്ടണം..ഞാൻ വെല്ലുവിളിക്കുന്നു ആ പ്രചാരണം എന്റെ പേരിൽ അഴിച്ചുവിടുന്നവരെ.. ഞാനത് ചെയ്തെന്ന് നിങ്ങൾ തെളിയിക്കുമെങ്കിൽ ഞാൻ തെരുവിൽ വന്ന് നിൽക്കാം,നിങ്ങളെന്നെ കല്ലെറിഞ്ഞു കൊന്നോളൂ..അതിൽ കുറഞ്ഞ ശിക്ഷ ഒന്നും പാർട്ടിയെ ഒറ്റുകൊടുത്തവന് കൽപ്പിക്കാൻ ഇല്ല.. ഇതുപോലുള്ള നുണപ്രചാരണങ്ങൾ ശ്രദ്ധയിൽ പെടുത്തിയിട്ടും അവർ തിരുത്താൻ തയ്യാറല്ലെങ്കിൽ എനിക്കും പരസ്യമായി പ്രതികരിക്കേണ്ടി വരും.. പാർട്ടി ഷുഹൈബ് കേസിൽ പ്രതിചേർക്കപെട്ടപ്പോൾ എന്നെ പുറത്താക്കിയതാണ്..അത് എനിക്കും നിങ്ങൾക്കും പാർട്ടിക്കും എല്ലാവർക്കും ബോധ്യമുള്ള കാര്യമാണ്..അന്ന് മുതൽ ഞാൻ ചെയ്യുന്ന ഏതൊരു കാര്യത്തിലും പാർട്ടിക്ക് ഉത്തരവാദിത്വമേൽക്കേണ്ട ബാധ്യത ഇല്ല..അതൊരു വസ്തുതയാണ്..എന്നുകരുതി ഒറ്റരാത്രികൊണ്ട് ഒറ്റുകാരനാക്കുന്ന പ്രവണത പാർട്ടിയെ സ്നേഹിക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ എനിക്ക് അംഗീകരിക്കാൻ കഴിയില്ല...'

പാർട്ടി എന്നെ തള്ളിപ്പറഞ്ഞതിൽ എനിക്ക് പ്രയാസമില്ല..മജ്ജയും മാംസവും ഉള്ള മനുഷ്യന് തെറ്റ് സംഭവിക്കും..അത് തിരുത്താനും തള്ളാനും കൊള്ളാനും ഒക്കെ പാർട്ടിക്ക് അതിന്റേതായ രീതികളുണ്ട്..പാർട്ടി കുറെ മുമ്പേ നടപടിയെടുത്തു പുറത്താക്കിയ ഒരാളാണ് ഞാൻ,പാർട്ടിയുടെ ഏതെങ്കിലും ഘടകത്തിൽ അംഗമായിരുന്നെങ്കിൽ മാത്രമേ പാർട്ടിക്ക് എന്നിൽ ഒരു കടിഞ്ഞാൺ ഉണ്ടാവുകയുള്ളു ,അങ്ങിനെ ഉണ്ടെങ്കിൽ മാത്രമേ പാർട്ടിയുടെ അച്ചടക്കവും മര്യാദകളും പാലിക്കുന്ന ഒരാളാണോ ഞാൻ എന്ന് പാർട്ടിക്കും നിരീക്ഷിക്കാൻ സാധിക്കുകയുള്ളു..പാർട്ടി പുറത്താക്കിയത് മുതൽ എന്റെ അഭിപ്രായങ്ങളും പ്രവർത്തികളും പാർട്ടിയെ പഴിചാരേണ്ട ആവശ്യമില്ല..പിന്നെ ഞാനെന്തിന് ഇടതുപക്ഷ രാഷ്ട്രീയം ഫേസ്‌ബുക്കിൽ പ്രചരിപ്പിക്കുന്നു എന്നാണെങ്കിൽ എന്റെ ചോയ്സ്, എന്റെ ഇഷ്ടം ആ രാഷ്ട്രീയമായതു കൊണ്ട് മാത്രം. ഒരു കമ്മിറ്റിയുടെ ആഹ്വാനത്തിനും കാത്ത് നിന്നിട്ടല്ല എന്റെ ബോധ്യങ്ങളുടെ അടിസ്ഥാനത്തിൽ..എന്നുകരുതി പാർട്ടിയെ ഒറ്റുകൊടുത്തവൻ എന്ന കിരീടം ബോധപൂർവ്വം എന്റെ തലയിൽ കെട്ടിവെക്കുന്ന ചുരുക്കം ചില യുവജന നേതാക്കൾക്ക് മുന്നിൽ തലകുനിക്കാനോ കാലുപിടിക്കാനോ തൽക്കാലം നിർവാഹമില്ല..''

ഡിവൈഎഫ്‌ഐയുടെ മറുപടി

ആകാശ് തില്ലങ്കേരി ഫേസ്‌ബുക്കിലൂടെ നടത്തിയ വെല്ലുവിളിക്ക് മറുപടിയുമായി ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് സതീഷ്. ഇത്തരം കൊള്ളസംഘങ്ങൾ സാമൂഹിക വിപത്താണെന്നും ഇവർക്കെതിരെ എക്കാലത്തും ശക്തമായ നിലപാട് സ്വീകരിച്ച പ്രസ്ഥാനമാണ് ഡിവൈഎഫ്ഐയെന്നും സതീഷ് പ്രതികരിച്ചു. ക്വട്ടേഷൻ നേതാവ് എന്ത് പത്ര സമ്മേളനം നടത്തിയാലും അതിനെ നേരിടാനുള്ള ചങ്കുറുപ്പ് ഞങ്ങൾക്കുണ്ട്. ഇത്തരത്തിലുള്ള സാമൂഹിക വിപത്തിനെ വിപത്താണെന്ന് തന്നെ പറയുകയും സമൂഹത്തെ നശിപ്പിക്കുന്ന സംഘമാണെന്ന് തുറന്നുപറയുകയും ചെറുത്തുനിൽക്കുകയും ചെയ്തിട്ടുണ്ടെന്നും സതീഷ് നിലപാട് വ്യക്തമാക്കി.

സതീഷിന്റെ പ്രതികരണം ഇങ്ങെനെ:

ഡിവൈഎഫ്ഐക്ക് മടിയിൽ കനമുണ്ടെന്ന് ആരും കരുതേണ്ടതില്ല. നമ്മുടെ നാട്ടിൽ ചില തെറ്റായ പ്രവണതകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുകയും, അത് ജനങ്ങൾക്ക് മുൻപാകെ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ ജാഗ്രതയോടെ നിലപാട് സ്വീകരിക്കുകയും ചെയ്ത സംഘടനയാണ് ഡിവൈഎഫ്ഐ. ഏത് അന്വേഷണവും ധൈര്യപൂർവ്വം നടക്കട്ടെ, പ്രതികൾ ശിക്ഷിക്കപ്പെടുകയും ചെയ്യണമെന്നുമുള്ള നിലപാടാണ് ഞങ്ങൾക്കുള്ളത്.

ഇത്തരം കൊള്ളസംഘങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച പാർട്ടിയാണിത്. ഇതുപോലുള്ള ഒരുപാട് ക്വട്ടേഷൻ സംഘങ്ങളുടെ വെല്ലുവിളി ഏറ്റെടുത്ത് മുന്നോട്ടുപോയ പ്രസ്ഥാനമാണിത്. ഒരു ക്വട്ടേഷൻ വെല്ലുവിളിയുടെ മുന്നിലും ഞങ്ങൾ മുട്ടുമടക്കിയതിന്റെ ചരിത്രം ഞങ്ങൾക്കില്ല. ഇരുപത്തിഏഴായിരത്തിൽപ്പരം യൂണിറ്റ് കമ്മിറ്റിയുള്ള അരക്കോടിയിലേറെ അംഗങ്ങളുള്ള യുവജന സംഘടനയാണ് ഡിവൈഎഫ്ഐ, അത്തരത്തിലൊരു സംഘടനയെ ഒരു ക്വട്ടേഷൻ നേതാവ് വെല്ലുവിളിക്കേണ്ട, അവന്റെ ഏത് വെല്ലുവിളിയും ഞങ്ങൾ സ്വീകരിക്കുന്നു.

ക്വട്ടേഷൻ നേതാവ് എന്ത് പത്ര സമ്മേളനം നടത്തിയാലും അതിനെ നേരിടാനുള്ള ചങ്കുറുപ്പ് ഞങ്ങൾക്കുണ്ട്. ഇത്തരത്തിലുള്ള സാമൂഹിക വിപത്തിനെ വിപത്താണെന്ന് തന്നെ പറയുകയും സമൂഹത്തെ നശിപ്പിക്കുന്ന സംഘമാണെന്ന് തുറന്നുപറയുകയും ചെറുത്തുനിൽക്കുകയും ചെയ്തിട്ടുണ്ട്. അത്തരത്തിൽ നിരവധി ക്വട്ടേഷൻ സംഘങ്ങളെ ചെറുത്ത ചരിത്രം ഈ യുവജന പ്രസ്ഥാനത്തിനുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP