Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202028Saturday

നാളികേരം മുതൽ നാൽകാലി വരെ; അനസ് എടത്തൊടിക ആദ്യമായി കളിച്ചപ്പോൾ അണിഞ്ഞ ജെഴ്സിയും നിലമ്പൂർ ആയിഷ വായിച്ചുതീർത്ത പത്രങ്ങളു; കനോലി കനാലിലെ മാലിന്യം മുതൽ ഐടി സ്ഥാപനങ്ങളിലെ ഇ മാലിന്യങ്ങൾ വരെ;കിണറു കുഴിച്ചും വെൽഡിങ് ജോലികൾ ചെയ്തും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താൻ നൂറു വഴികളുമായി ഡിവൈഎഫ്ഐയുടെ റീസൈക്കിൾ കേരള പദ്ധതി; നാടിന്റേയും നാട്ടാരുടേയും പിന്തുണ!

ജാസിം മൊയ്തീൻ

കോഴിക്കോട്: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കരുത്തേകാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വ്യക്തികളും സംഘടനകളും സ്ഥാപനങ്ങളുമെല്ലാം സംഭാവന നൽകുന്നുണ്ട്. എന്നാൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കണ്ടെത്താനായി വ്യത്യസ്തമായ ക്യാമ്പെയിനുമായി രംഗത്തു വന്നിരിക്കുകയാണ് ഡിവൈഎഫ്ഐ. റീസൈക്കിൾ കേരള എന്നാണ് പദ്ധതിയുടെ പേര്. പാഴ്‌വസ്തുക്കൾ ശേഖരിച്ച് വിൽപന നടത്തുകയും അതിലൂടെ ലഭിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടക്കുന്നതുമായിരുന്നു പദ്ധതി.

ഈ രൂപത്തിൽ തന്നെയായിരുന്നു പദ്ധതിയുടെ ആദ്യഘട്ട പ്രവർത്തനങ്ങളും. എന്നാൽ പിന്നീട് മറ്റനേകം മാർഗ്ഗങ്ങളിലൂടെയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്തുകയാണ് സംസ്ഥാനത്തെ ഡിവൈഎഫ്ഐ പ്രവർത്തകർ. മലപ്പുറം ജില്ലയിലാണ് ഇത്തരത്തിൽ വ്യത്യസ്തമായ പദ്ധതികളിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്തുന്ന പ്രവർത്തനങ്ങൾ സജീവമായി നടക്കുന്നത്. നേരത്തെ ജില്ലയിൽ ഒരു യൂണിറ്റിൽ നിന്ന് 1000 രൂപ എന്ന നിരക്കിൽ 25 ലക്ഷം രൂപയാണ് സംഘടന പ്രതീക്ഷിച്ചിരുന്നതെങ്കിൽ തങ്ങളുടെ പ്രതീക്ഷകൾക്കപ്പുറത്തുള്ള സഹകരണമാണ് ജില്ലയിൽ നിന്നുണ്ടായിരിക്കുന്നതെന്ന് ഡിവൈഎഫ്ഐ മലപ്പുറം ജില്ലാ സെക്രട്ടറി പികെ മുബഷിർ മറുനാടൻ മലയാളിയോട് പറഞ്ഞു.

മലപ്പുറത്ത് ഈ പദ്ധതിയുടെ ഭാഗമായി ഇപ്പോൾ പ്രധാനമായും നടക്കുന്നത് പൊതുജനങ്ങളിൽ നിന്ന് അവർക്ക് നൽകാനാവുന്ന തരത്തിലുള്ള വിഭവങ്ങൾ ശേഖരിക്കുകയാണ്. നാളികേരമാണ് ഇത്തരത്തിൽ ശേഖരിക്കുന്ന വിഭവങ്ങളിൽ പ്രധാനം. നാളികേരം കൊണ്ട് നാളത്തെ കേരളം എന്ന പേരിൽ 3 ലക്ഷം നാളികേരങ്ങൾ മലപ്പുറത്ത് നിന്ന് മാത്രം ശേഖരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പികെ മുബഷിർ പറഞ്ഞു. യൂണിറ്റിലെ പ്രവർത്തകർ വീടുകളിൽ കയറിയാണ് നാളികേരളങ്ങൾ ശേഖരിക്കുന്നത്.

ഒരു തേങ്ങ മുതൽ ആയിരം നാളികേരങ്ങൾ വരെ നൽകിയവരുണ്ട്. ഊർങ്ങാട്ടിരിയിൽ ഒരു വ്യക്തി അദ്ദേഹത്തിന്റെ 80 സെന്റ് സ്ഥലത്തുള്ള തെങ്ങിൽ നിന്നുള്ള മുഴുവൻ തേങ്ങയും ഈ പദ്ധതിയിലേക്ക് എടുക്കാൻ വേണ്ടി സമ്മതം തന്നിട്ടുണ്ട്. ഡിവൈഎഫ്ഐ പ്രവർത്തകർ തന്നെയാണ് വീട്ടുകാർ കാണിച്ചുകൊടുക്കുന്ന തെങ്ങുകളിൽ കയറി തേങ്ങയിടുന്നതും. ഡിവൈഎഫ്ഐ കൊണ്ടോട്ടി ബ്ലോക്ക് സെക്രട്ടറി ശ്രീജിത്ത് തന്നെയാണ് കൊണ്ടോട്ടി മേഖലയിൽ നാളികേരം ശേഖരിക്കുന്നതിനായി തെങ്ങിൽ കയറുന്നത്. ഇത്തരത്തിൽ 3 ലക്ഷം നാളികേരളങ്ങൾ അടുത്ത ദിവസങ്ങളിൽ മലപ്പുറം ജില്ലയിൽ നിന്ന് മാത്രം ശേഖരിക്കാനാകുമെന്ന് പികെ മുബഷിർ പറഞ്ഞു.

ഈ പദ്ധതിയുടെ ഭാഗമായി ഇന്നലെ നടന്ന മറക്കാനാവത്തൊരു അനുഭവവും മുബഷിർ പങ്കുവെക്കുന്നു. 2016 ലെ മലപ്പുറം ജില്ലയിലെ മികച്ച ക്ഷീര കർഷകക്കുള്ള അവാർഡ് നേടിയ നിഷ വിജയ് തന്റെ പിറന്നാൾ ദിനത്തിൽ ഒരു പശുക്കിടാവിനെ ഈ പദ്ധതിയിലേക്ക് സംഭാവന നൽകിയത് ഏറ്റവും മനോഹരമായൊരു അനുഭവമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരത്തിൽ ഏറ്റവും മികച്ച പിന്തുണയാണ് ജില്ലയിൽ നിന്നും പദ്ധതിക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. എടുത്ത് പറയേണ്ട മറ്റൊന്ന് ഇന്ത്യൻ ഫുട്ബോൾ താരം അനസ് എടത്തൊടികയുടെ സംഭാവനയാണ്.

അദ്ദേഹം ഇന്ത്യക്ക് വേണ്ടി ആദ്യമായി കളിച്ച മത്സരത്തിൽ ധരിച്ചിരുന്ന ജഴ്സി അദ്ദേഹം ഈ പദ്ധതിയിലേക്ക് സംഭാവന ചെയ്തിട്ടുണ്ട്. ഏതൊരു കളിക്കാരനും വളരെ വൈകാരികമായ ബന്ധമുള്ളതായിരിക്കും അയാൾ ആദ്യമായി രാജ്യത്തിന് വേണ്ടി കളിച്ചപ്പോൾ ധരിച്ച ജഴ്സിയോട്. അതാണ് അദ്ദേഹം നൽകിയിട്ടുള്ളത്. ഡിവൈഎഫ്ഐ കൊണ്ടോട്ടി മേഖല കമ്മറ്റി ഈ ജെഴ്സി ഇപ്പോൾ ലേലത്തിൽ വെച്ചിരിക്കുകയാണ്. ഫുട്ബോളിനെ ഏറ്റവുമധികം സ്നേഹിക്കുന്ന ആളുകളുള്ള മലപ്പുറത്ത് ഇത് ഉയർന്ന വിലക്ക് ലേലംചെയ്യാനാകും. വിവിധ കലാകാരന്മാരും ഇതിനോടകം തന്നെ പദ്ധതിയുടെ ഭാഗമായിട്ടുണ്ട്. ശിൽപികളും ചിത്രകാരന്മാരും തങ്ങളുടെ സൃഷ്ടികൾ ഇതിനോടകം ഈ പദ്ധതിയിലേക്ക് സംഭാവന നൽകിയിട്ടുണ്ട്.

ചിത്രകാരൻ മനു കള്ളക്കാട് 5000 രൂപ വിലവരുന്ന തന്റെ ചിത്രം ഈ പദ്ധതിയിലേക്ക് നൽകിയിട്ടുണ്ട്. ഇതു കൂടാതെ നിരവധി ഡിവൈഎഫ്ഐ പ്രവർത്തകർ വിവിധ ജോലികൾ ചെയ്തും റീസൈക്കിൾ കേരള പദ്ധതിയിലേക്ക് പണം കണ്ടെത്തുന്നുണ്ട്. നിലമ്പൂർ മൂത്തേടം പൂളപ്പൊയക യൂണിറ്റിലെ പ്രിൻസ് ഫിലിപ്പ്, പ്രവീൺ, സുരേഷ്‌കുമാർ തുടങ്ങിയവർ വെൽഡിങ് ജോലികൾ ചെയ്ത് ലഭിച്ച തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനായി തയ്യാറായി. മറ്റൊരിടത്ത് ഡിവൈഎഫ്ഐ പ്രവർത്തകർ കിണർ കുഴിച്ച് ലഭിച്ച കൂലിയും ഈ പദ്ധതിയിലേക്ക് നൽകി.

എടക്കരയിലെ പ്രവർക്കകരാകട്ടെ ലോറികളിൽ ഹോളോബ്രിക്്സ് കല്ലുകളിറക്കി അതിലൂടെ ലഭിച്ച പണവവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നു.ഇതുകൂടാതെ ജില്ലയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ വരാനിരിക്കുന്ന ചെറിയപെരുന്നാൾ ആഘോഷിക്കാനായി മാറ്റിവെച്ച പണവും റീസൈക്കിൾ കേരള പദ്ധതി വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. വേങ്ങരയിൽ എ സനൽകുമാറിന്റെ കൃഷിത്തോട്ടത്തിലെ ചീരയാണ് റീസൈക്കിൾ കേരളയിലേക്ക് ലഭിച്ചത്. വേങ്ങര കൂരിയാണ് പ്രദേശത്തെ പ്രവർത്തകർ ഈ ചീര വീടുകൾ തോറും കെട്ടുകളാക്കി കയറിയിറങ്ങി വിൽപന നടത്തി. വിറ്റ് കിട്ടുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനാണെന്ന് പറഞ്ഞപ്പോൾ വിലയേക്കാളധികം പണം നൽകി വീട്ടുകാരും പദ്ധതിയോട് സഹകരിച്ചു.

ഇതോടൊപ്പം തന്നെ പാഴ്‌വസ്തുക്കളുടെ ശേഖരണവും നടക്കുന്നുണ്ട്. ഡിവൈഎഫ്ഐ പ്രവർത്തകർ വീടുകൾ തോറും കയറിയിറങ്ങി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്തുന്നതിനായി പാഴ്‌വസ്തുക്കൾ ശേഖരിക്കുന്നുണ്ട്. പഴയ പത്രങ്ങളും ആക്രിസാധനങ്ങളുമെല്ലാം ഇതിനായി ശേഖരിക്കുന്നു. കഴിഞ്ഞ പ്രളയ കാലത്തും മലപ്പുറത്തെ ഡിവൈഎഫ്ഐ പ്രവർത്തകർ ഇത്തരത്തിൽ പഴയ പത്രങ്ങൾ ശേഖരിച്ച് വിറ്റ് അതിലൂടെ ലഭിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിരുന്നു.

ഇതുകൂടാതെ ഇന്നലെ വെളിയങ്കോട് പൂക്കൈതയിൽ യൂണിറ്റിലെ പ്രവർത്തകർ കനോലി കനാൽ വൃത്തിയാക്കുകയും അതിലൂടെ ലഭിച്ച മാലിന്യങ്ങൾ ഈ പദ്ധതിയിലേക്കുള്ള വിഭവങ്ങളാക്കി മാറ്റുകയും ചെയ്തു. ഇന്ന് കനോലി കനാൽ കടന്നുപോകുന്ന മറ്റിടങ്ങളിലെ പ്രവർത്തകരും ഈ മാതൃക ഏറ്റെടുക്കുകയും ചെയ്തു. ഇതു കൂടാതെ ഐടി സ്ഥാപനങ്ങളിൽ നിന്നുള്ള ഇ മാലിന്യങ്ങളും ഇത്തരത്തിൽ ശേഖരിച്ച് വിഭവങ്ങളാക്കി മാറ്റും. ഇത്തരത്തിൽ വിവിധ മാർഗ്ഗങ്ങളിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് മലപ്പുറത്തെ ഡിവൈഎഫ്ഐ പ്രവർത്തകർ. തങ്ങൾ പ്രതീക്ഷച്ചതിനേക്കാൾ വലിയ പിന്തുണയാണ് ജനങ്ങളിൽ നിന്ന് ലഭിക്കുന്നത്. ഇത്തരം ആളുകളുടെ പിന്തുണയുള്ളപ്പോൾ ഈ മഹാമാരിയെ കേരളത്തിന് ഒറ്റക്കെട്ടായി ചെറുത്ത് തോൽപ്പിക്കാൻ കഴിയുമെന്നും ഡിവൈഎഫ്ഐ മലപ്പുറം ജില്ലാ സെക്രട്ടറി പികെ മുബഷീർ മറുനാടൻ മലയാളിയോട് പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP