Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

'ഒരു പക്ഷെ മോഹനൻ വൈദ്യരുടെ അടുത്ത് പോയില്ലായിരുന്നെങ്കിൽ അദ്ദേഹം ഇന്നും ജീവിച്ചിരുന്നേനെ..'; ഹൃദയവാൽവിലെ ബ്ലോക്ക് മാറിയെന്ന് തെറ്റിദ്ധരിപ്പിച്ച് തന്റെ സുഹൃത്തിനെ വൈദ്യർ കൊലക്ക് കൊടുത്തെന്ന യുവാവിന്റെ പോസ്റ്റ് വൈറൽ; പ്രാപ്പിയോണിക് അസിഡീമിയ ബാധിച്ച കുട്ടി മരണപ്പെട്ട സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്താൻ പൊലീസിന് നിർദ്ദേശം; ചികിൽസാലയത്തിലേക്ക് ഡിവൈഎഫ്ഐ മാർച്ച്; വിവാദ ചികിൽസൻ മോഹനൻ വൈദ്യർക്ക് കുരുക്ക് മുറുകുന്നു

'ഒരു പക്ഷെ മോഹനൻ വൈദ്യരുടെ അടുത്ത് പോയില്ലായിരുന്നെങ്കിൽ അദ്ദേഹം ഇന്നും ജീവിച്ചിരുന്നേനെ..'; ഹൃദയവാൽവിലെ ബ്ലോക്ക് മാറിയെന്ന് തെറ്റിദ്ധരിപ്പിച്ച് തന്റെ സുഹൃത്തിനെ വൈദ്യർ കൊലക്ക് കൊടുത്തെന്ന യുവാവിന്റെ പോസ്റ്റ് വൈറൽ; പ്രാപ്പിയോണിക് അസിഡീമിയ ബാധിച്ച കുട്ടി മരണപ്പെട്ട സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്താൻ പൊലീസിന് നിർദ്ദേശം; ചികിൽസാലയത്തിലേക്ക് ഡിവൈഎഫ്ഐ മാർച്ച്; വിവാദ ചികിൽസൻ മോഹനൻ വൈദ്യർക്ക് കുരുക്ക് മുറുകുന്നു

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: നാട്ടുചികിൽസകൻ എന്നറിയപ്പെടുന്ന ചേർത്തല സ്വദേശി മോഹനൻ വൈദ്യർക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ.  പ്രൊപ്പിയോണിക് അസിഡീമിയ എന്ന രോഗം ബാധിച്ച് കുഞ്ഞിന് ഓട്ടിസമാണെന്ന് തെറ്റിദ്ധരിപ്പിച്ച് നിലവിലുള്ള മരുന്നുകൾ നിർത്താൻ പറഞ്ഞ് ചികിൽസ നടത്തി മരണത്തിനിടയാക്കി എന്ന ഗുരുതരമായ ആരോപണം നേരിടുന്നതിനിടെയാണ് മോഹനൻ വൈദ്യർക്കെതിരെ പുതിയ വെളിപ്പെടുത്തലുകൾ വരുന്നത്. ഹൃദയവാൽവിൽ ബ്ലോക്കുണ്ടായിരുന്ന തന്റെ സുഹൃത്ത് മോഹനൻ വൈദ്യരുടെ അടുത്ത് ചികിത്സ തേടിയതും യാതൊരു കുഴപ്പവുമില്ലനെന്ന് പറഞ്ഞ് അയാളെ വൈദ്യർ തിരിച്ചയച്ചെന്നും ഗൾഫിൽ മടങ്ങിപ്പോയ നാലാം ദിനം സുഹൃത്ത് ഹാർട്ട് അറ്റാക്ക് വന്ന് മരിച്ചെന്നും ഷംസീർ എന്ന യുവാവ് ഫേസ്‌ബുക്കിൽ വെളിപ്പെടുത്തിയത് ഇപ്പോൾ വൈറലായിരിക്കയാണ്. ഇതോടെ സോഷ്യൽ മീഡിയയിൽ മോഹനൻ വൈദ്യർക്കെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്.

ഇതിനിടെ പ്രാപ്പിയോണിക് അസിഡീമിയ ബാധിച്ച കുട്ടി മരണപ്പെട്ട സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്താൻ ആലപ്പുഴ പൊലീസ് സൂപ്രണ്ടിന് എഐജി (അസിസ്റ്റന്റ് ഇൻസ്പെക്റ്റർ ജനറൽ ഓഫ് പൊലീസ്) ടി.എഫ്. സേവ്യർ ഐപിസ് നിർദ്ദേശം നൽകി. സാമൂഹിക പ്രവർത്തകൻ അഡ്വക്കേറ്റ് ശ്രീജിത്ത് പെരുമന നൽകിയ പരാതിയിലാണ് നടപടി. കുട്ടിയുടെ രക്ഷിതാക്കൾക്കെതിരെയും കേസെടുക്കേണ്ടി വരുമെന്ന് പൊലീസ് എഐജി പറഞ്ഞു. ചേർത്തല മതിലകത്ത് 'ജനകീയ നാട്ടുവൈദ്യശാല' എന്ന പേരിൽ ചികിൽസനടത്തിവരുന്ന മോഹനൻ നായർക്കെതിരെ നരഹത്യക്ക് ഉൾപ്പെടെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് ചികിൽസിക്കുന്ന സ്ഥലമുൾപ്പെടെ പരിശോധിച്ച് അടച്ചുപൂട്ടാണ് അഡ്വക്കേറ്റ് ശ്രീജിത്ത് പെരുമന പരാതി നൽകിയത്.

മരിച്ച കുട്ടിയുടെ രക്ഷിതാക്കൾ ഒരു സാമൂഹിക പ്രവർത്തകന്റെ നിർദേശമനുസരിച്ചാണ്, അമൃതാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ഡോക്ടർമാരുടെ നിർദ്ദേശങ്ങൾ വകവെക്കാതെ, മോഹനൻ നായർ എന്ന വൈദ്യന്റെ അടുത്തേക്ക് കുട്ടിയെ ചികിത്സയ്ക്കായി കൊണ്ടുപോയത്. മരണപ്പെട്ട കുട്ടിയുടെ രക്ഷിതാക്കൾക്കും ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ സാധിക്കില്ലെന്നും അവർക്കെതിരെയും കേസെടുക്കണമെന്നും അഡ്വക്കേറ്റ് ശ്രീജിത്ത് പെരുമന പറഞ്ഞു.സംഭവം കഴിഞ്ഞ ദിവസം വാർത്തകളിൽ നിന്നും അറിഞ്ഞെന്നും പറഞ്ഞ എഐജി, വ്യാജ വൈദ്യന്മാർക്കെതിരെ കർശന നടപടിയെടുക്കണമെന്ന സുപ്രീംകോടതിയുടെ 837/2009 കേസിലെ ഉത്തരവു പ്രകാരം അന്വേഷണം നടത്താൻ ആലപ്പുഴ എസ്‌പി ടോമി ഐപിഎസിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അഡ്വ. ശ്രീജിത്ത് വ്യക്തമാക്കി.

പാരമ്പര്യവൈദ്യനാണെന്നും, ആയുർവേദം പഠിച്ചിട്ടുണ്ടെന്നുമൊക്കെ അവകാശപ്പെടുന്നതിനാൽ മോഹനൻ വൈദ്യരെ ന്യായീകരിക്കാൻ ചില ആയുർവേദ ഡോക്ടർമാർ നേരത്തെ മുന്നിലുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അവരും അദ്ദേഹത്തെ കൈവിട്ടിരിക്കയാണ്. മോഹനൻ വൈദ്യർ വ്യാജ ചികിൽസകൻ ആണെന്ന് വ്യക്തമാക്കിയ ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ ഇയാൾക്കെതിരെ നരഹത്യക്ക് ക്രിമിനൽ കേസെടുക്കണമെന്ന് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.കേരളത്തിൽ വ്യാപകമായ വ്യാജചികിത്സ തടയണമെന്ന് സുപ്രിംകോടതി 897/2009 ഉത്തരവിലൂടെ ആവശ്യപ്പെട്ടെങ്കിലും സർക്കാർ ഇത് കണ്ടഭാവം നടിച്ചിട്ടില്ല.

സുപ്രീംകോടതി ഉത്തരവ് പ്രകാരം വ്യാജ ചികിത്സകർക്കെതിരെ കർശന നടപടി ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ പൊലീസിനോട് ഒരു വർഷം മുൻപ് തന്നെ ആവശ്യപ്പെട്ടിട്ടും ഒരു നടപടിയുമെടുക്കാൻ പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല.പുതിയ പശ്ചാത്തലത്തിൽ സംഘടന മോഹനനെതിരെ ഡിജിപിക്ക് വീണ്ടും പരാതി നൽകിയിട്ടുണ്ട്. വ്യാജചികിത്സകരോടുള്ള മൃദുസമീപനം ജനങ്ങളുടെ ജീവൻ തന്നെ അപകടത്തിലാക്കിയിരിക്കുന്നു.ഇതിനെതിരെ സർക്കാർ ഇനിയും നടപടി സ്വീകരിക്കുന്നില്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് എ.എം.എ.ഐ തീരുമാനിച്ചിട്ടുള്ളത്. ഇതിനു വേണ്ടി സംസ്ഥാനത്തെ ആയിരക്കണക്കിന് വ്യാജ ചികിൽസകരുടെ പട്ടിക തയാറാക്കി വരികയാണെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ : രാജു തോമസും, ജനറൽ സെക്രട്ടറി ഡോ : സാദത്ത് ദിനകറും പ്രസ്താവനയിൽ അറിയിച്ചു.

സംഭവം സോഷ്യൽ മീഡിയയിലും വലിയ വിവാദങ്ങൾക്ക് വഴിവെച്ചരിക്കയാണ്.പ്രൊപ്പിയോണിക് അസിഡീമിയ ബാധിച്ച് ഗുരുതരാവസ്ഥയിലായ കുട്ടിയെ ഫിറോസ് കുന്നുംപറമ്പിലിന്റെ നിർദ്ദേശപ്രകാരമാണ് മാതാപിതാക്കൾ മോഹനൻ വൈദ്യരെ കാണിക്കുന്നത്. എന്നാൽ കുഞ്ഞിന് ഓട്ടിസം ആണെന്ന് പറഞ്ഞ് കഴിച്ചുകൊണ്ടിരുന്ന മരുന്നുകൾ പോലും മോഹനൻ നിർത്തുകയായിരുന്നു. തൃശ്ശൂർ മെഡിക്കൽ കോളജിലെ ഡോക്ടർ വിപിൻ കളത്തിൽ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. ഈ വിവാദത്തിന് പിന്നാലെയാണ് ഹൃദയത്തിന് ബ്ലോക്കുള്ളയാളെ, അസുഖം മാറിയെന്ന് തെറ്റിദ്ധരിപ്പിച്ച് കൊലക്കുകൊടുത്തതായി പരാതി ഉയർന്നത്.

ഷംസീറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്.

മോഹനൻ വൈദ്യർക്ക് ഒരുപാട് ആരാധകർ ഉണ്ട്.... പല അസുഖങ്ങളും അദ്ദേഹത്തിന്റെ ചികിത്സ കൊണ്ട് മാറിയതായി അവകാശപ്പെടുന്നവരും ഉണ്ട്.... എന്റെ ചില സുഹൃത്തുക്കളും ആ കൂട്ടത്തിൽ ഉണ്ട്....

എന്റെ ഒരു സുഹൃത്ത്.. അദ്ദേഹത്തിന് ഹാർട്ടിന് ബ്ളോക് സംഭവിച്ച കാലത്താണ് ഞങ്ങൾ അടുത്തു ബന്ധപ്പെടുന്നത്....

അദ്ദേഹത്തിന് ചികിത്സക്ക് വേണ്ടി എറണാകുളത്ത് അടക്കം പലപ്രാവശ്യം ഞാൻ കൂടെ പോയിട്ടുണ്ട്...

അങ്ങനെ ഇരിക്കെ ഒരു ദിവസം എന്നോട് പഞ്ചായത്ത് മെമ്പറുടെ ഒരു കത്ത് വാങ്ങികൊടുക്കാൻ ആവശ്യപ്പെട്ടു ...

നിലവിലുള്ള ചികിത്സ നിർത്തി മോഹനൻ വൈദ്യരെ കാണിക്കാൻ വേണ്ടിയാണ് കത്ത്....

നാട്ട് ചികിത്സയാണ്...

ഒരു രോഗം ചികിൽസിക്കാൻ എന്തിനാണ് പഞ്ചായത്തു മെമ്പറുടെ കത്ത് നിങ്ങൾ ഈ ചെയ്യുന്ന ചികിത്സ തന്നെ തുടരൂ നാട്ട് ചികിത്സ ഒക്കെ ഒരു ഭാഗ്യ പരീക്ഷണം മാത്രമാണ് എന്ന് ഞാൻ പറഞ്ഞു......

കത്ത് ഞാൻ വാങ്ങിത്തരില്ല എന്ന് തീർത്ത് പറഞ്ഞു....

പിന്നീട് അദ്ദേഹം എങ്ങനെയോ നേരിട്ട് മെമ്പറുടെ കത്ത് സംഘടിപ്പിച്ചു വൈദ്യരുടെ ചികിത്സ തുടങ്ങി....

രണ്ട് മൂന്ന് മാസങ്ങൾക്ക് ശേഷം എന്നോട് പറഞ്ഞു അസുഖം ഒക്കെ ബേദമായി... ഞാൻ ഗൾഫിലേക്ക് പോകുകയാണ്....
മോഹനൻ വൈദ്യർ പറഞ്ഞത് എനിക്ക് അങ്ങനെ ഒരു അസുഖമേ ഇല്ല എന്നാണ്.....

അദ്ദേഹം ഈ അസുഖം കാരണമായിരുന്നു ഗൾഫ് നിർത്തി പോന്നത്...

ഞാൻ ചോദിച്ചു നിങ്ങൾ വേറെ എവിടെ എങ്കിലും ടെസ്റ്റ് ചെയ്തോ

അതിന്റെ ആവശ്യം ഇല്ല രണ്ട് മാസം അദേഹം പറഞ്ഞപോലെ ഒക്കെ ചെയ്തിട്ടുണ്ട് ഇപ്പോൾ ഒരു പ്രശ്‌നവും ഇല്ല...
എനിക്ക് അങ്ങനെ ഒരു അസുഖമേ ഇല്ല അതൊക്കെ മരുന്ന് ലോബിയുടെ കളിയാണ് എന്നാണ് വൈദ്യർ പറഞ്ഞത്......

അങ്ങനെ അദ്ദേഹം ഗൾഫിലേക്ക് പോയി... 4 ദിവസം കഴിഞ്ഞപ്പോൾ രാവിലെ പി കെ ഹമീദ്ക്ക വിളിച്ചു ചോദിച്ചു ബഹ്‌റൈനിൽ വച്ചു ഒരാൾ മരണപ്പെട്ടിട്ടുണ്ട് 4 ദിവസം മുൻപ് എത്തിയതാണ് കുറ്റ്യാടികാരനാണ് നിനക്ക്എന്തെങ്കിലും ഐഡിയ ഉണ്ടോ ...

എന്റെ തലയിൽ ഒരു ഇടിമിന്നൽ പാഞ്ഞുപോയത് പോലെ തോന്നി....

ഞാൻ വേഗം ഫോട്ടോ വാട്‌സ്ആപ്പിൽ അയച്ചു കൊടുത്തു ഇങ്ങളെ വിളിച്ച ആൾക്ക് ഈ ഫോട്ടോ അയച്ചു കൊടുത്തു ഇദേഹം ആണോ എന്ന് ചോദിക്കൂ...

5 മിനുട്ടിൽ മറുപടി എത്തി....
അതേ....

എങ്ങനെ ആണ് മരണപ്പെട്ടത്.....
ഹാർട്ട് അറ്റാക്ക് ആണ്....

നിങ്ങൾക്ക് ബ്ലോക്കും ഇല്ല ഒരു അസുഖവും ഇല്ലാ എന്ന് പറഞ്ഞ് മോഹനൻ വൈദ്യർ മരണത്തിലേക്ക് പറഞ്ഞു വിട്ട ആ ആൾ എന്റെ പ്രിയപ്പെട്ട shanavas calicut ആണ്...

ഒരു പക്ഷെ മോഹനൻ വൈദ്യരുടെ അടുത്ത് പോയില്ലായിരുന്നു എങ്കിൽ അദ്ദേഹം ഇന്നും ജീവിച്ചിരുന്നേനെ...

വൈദ്യരുടെ ചികിൽസാലയത്തിലേക്ക് ഡിവൈഎഫ്ഐ മാർച്ച്

കഴിഞ്ഞ ദിവസം കായംകുളം കൃഷ്ണപുരം പഞ്ചായത്തിൽ പ്രവർത്തിക്കുന്ന മോഹനൻ വൈദ്യരുടെ സ്ഥാപനം അടച്ചുപൂട്ടണം എന്നാവശ്യപ്പെട്ടുകൊണ്ട് ഡിവൈഎഫ്ഐ യുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. മാർച്ച് ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ രാഹുൽ ഉദ്ഘാടനം ചെയ്തു.കഴിഞ്ഞ കുറച്ചു നാളുകളായി പാരമ്പര്യ വൈദ്യനാണ് എന്ന അവകാശവാദത്തോടെ ഇദ്ദേഹം ഇവിടെ ചികിത്സ നടത്തുകയാണ്. ഈ സ്ഥാപനം ലൈസൻസ് ഇല്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന് ഡിവൈഎഫ്ഐ നേതാക്കൾ ആരോപിച്ചു. അദ്ദേഹത്തിന് പാരമ്പര്യ വൈദ്യൻ എന്ന അവകാശപ്പെടാൻ പോലും യോഗ്യതയില്ല.ഇയാളുടെ പിതാവ് എവിടെയും നാട്ടുവൈദ്യൻ ആയിരുന്നില്ല എന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. മോഹനൻ ചേർത്തലയിൽ വന്ന് താമസിക്കുന്ന വ്യക്തിയാണ്. ഇയാൾ പുരയിടം വാങ്ങിയ സ്ഥലത്ത് ഒരു വൈദ്യൻ താമസിച്ചിരുന്നു എന്നതും അവർ ഔഷധസസ്യങ്ങൾ അവിടെ നട്ടുപിടിപ്പിച്ചിരുന്നു എന്നതും നേരാണ്. എന്നാൽ മോഹനൻ നായരോ ഇയാളുടെ പൂർവികാരോ ആരും വൈദ്യന്മാർ അല്ല.- ഡിവൈഎഫ്ഐ നേതാക്കൾ ചൂണ്ടിക്കാട്ടി.

മുമ്പ് ഇതുപോലെ ഗുരുതരമായ ആരോപണങ്ങൾ ഉയർന്നപ്പോൾ മോഹനൻ നായർ ചികിൽസ നടത്തുന്നത് വിലക്കി സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു. വീണ്ടും സ്വാധീനം ഉപായോഗിച്ച് പുനരാരംഭിക്കുകയായിരുന്നു. നിരവധി പരാതികൾ ഉണ്ടായതിനെ തുടർന്ന് ഇയാളുടെ വീടിനുമുന്നിൽ വെച്ചിരുന്ന ഡോ.മോഹനൻ നായർ എന്നബോർഡ് മാറ്റി 'ഞാൻ ഒരു ഡോക്റ്ററോ വൈദ്യനോ അല്ല' എന്ന് ഒരു ബോർഡ് തൂക്കിയിരുന്നു. ചേർത്തല മതിലകത്ത് 'ജനകീയ നാട്ടുവൈദ്യശാല' എന്ന പേരിളാണ് ഇപ്പോൾ ചികിൽസാലയം പ്രവർത്തിക്കുന്നത്.നേരത്തെ
നിപ്പവൈറസ് പടർന്നു പിടിച്ച സമയത്ത് ജനങ്ങളെ പരിഭ്രാന്തരാക്കുന്ന പ്രചരണങ്ങൾ നടത്തിയത് മോഹനൻ വൈദ്യർക്കെതിരെ സർക്കാർ നടപി എടുത്തിരുന്നു. വവ്വാൽ കടിച്ചെന്ന് പറയുന്ന പഴങ്ങളും മാങ്ങകളും തിന്നുകൊണ്ട് വീഡിയോ ഇറക്കിയ സംഭവത്തിൽ മാപ്പു പറഞ്ഞാണ് മോഹനൻ വൈദ്യർ തടിയൂരിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP