Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

''നീ അകത്ത് നിൽക്കാതെ വെളിയിൽ വാടി... നിന്നെ കാണിച്ചു തരാം': ആക്രോശവുമായി സിപിഎം ഭരിക്കുന്ന പഞ്ചായത്ത് പ്രസിഡന്റ്; ഭീഷണി മുഴക്കിയത് ലോക് ഡൗൺ കാലത്ത് പട്ടിണി മാറ്റാൻ കുറച്ച് അരിയെങ്കിലും എത്തിച്ചാൽ മതിയായിരുന്നുവെന്ന വീഡിയോയിലെ ഡയലോഗ്; ഒപ്പം കുടിവെള്ളം കൂടിമുട്ടിച്ച് ചെമ്മണംതോട് കോളനിക്കാരെ പൊറുതിമുട്ടിക്കൽ; സിപിഎം ഇടയാൻ തുടങ്ങിയത് ആലത്തൂരിൽ രമ്യ ഹരിദാസിന് വോട്ട് കുത്തിയപ്പോൾ മുതൽ; കോവിഡ് ഭീതിക്കിടെ പാലക്കാട് മുതലമടയിൽ സിപിഎം രാഷ്ട്രീയ വിരോധം തീർക്കുന്നത് ഇങ്ങനെ

''നീ അകത്ത് നിൽക്കാതെ വെളിയിൽ വാടി... നിന്നെ കാണിച്ചു തരാം': ആക്രോശവുമായി സിപിഎം ഭരിക്കുന്ന പഞ്ചായത്ത് പ്രസിഡന്റ്; ഭീഷണി മുഴക്കിയത് ലോക് ഡൗൺ കാലത്ത് പട്ടിണി മാറ്റാൻ കുറച്ച് അരിയെങ്കിലും എത്തിച്ചാൽ മതിയായിരുന്നുവെന്ന വീഡിയോയിലെ ഡയലോഗ്; ഒപ്പം കുടിവെള്ളം കൂടിമുട്ടിച്ച് ചെമ്മണംതോട് കോളനിക്കാരെ പൊറുതിമുട്ടിക്കൽ; സിപിഎം ഇടയാൻ തുടങ്ങിയത് ആലത്തൂരിൽ രമ്യ ഹരിദാസിന് വോട്ട് കുത്തിയപ്പോൾ മുതൽ; കോവിഡ് ഭീതിക്കിടെ പാലക്കാട് മുതലമടയിൽ സിപിഎം രാഷ്ട്രീയ വിരോധം തീർക്കുന്നത് ഇങ്ങനെ

എം മനോജ് കുമാർ

പാലക്കാട്: കൊറോണ കാലത്ത് കോളനിയിൽ വന്ന പട്ടിണി വീഡിയോ സന്ദേശം വഴി പുറത്ത് വിട്ടതിനെ തുടർന്നു കോളനിക്കാർക്ക് പഞ്ചായത്ത് ഭരിക്കുന്ന സിപിഎമ്മിന്റെ ഭീഷണി. മുതലമട പഞ്ചായത്ത് മീങ്കര വാർഡിലെ ചെമ്മണംതോട് കോളനിക്കാണ് ഭീഷണി വന്നത്. പഞ്ചായത്ത് പ്രസിഡന്റ് ബേബി സുധയും സിപിഎം ലോക്കൽ നേതൃത്വവും ചേർന്നാണ് കോളനിനിവാസികളെ ഭീഷണിപ്പെടുത്തിയത്. കൊറോണ കാരണം കുടുംബങ്ങൾ പട്ടിണിയിൽ തുടരുമ്പോഴാണ് സിപിഎം ഭീഷണി കൂടി നേരിടേണ്ടി അവസ്ഥ വന്നത്. അന്നന്നത്തെ ഭക്ഷണത്തിനുള്ള വക തേടുന്ന കോളനിയിലെ പതിനഞ്ചോളം കുടുംബങ്ങളാണ് ഭീഷണിയിൽ പെട്ട് വലയുന്നത്. കൊറോണ കാരണം ജോലിയില്ലാത്തതിനാൽ കുടുംബങ്ങൾ പട്ടിണിയിലാണ്. കുട്ടികൾക്ക് പോലും നൽകാൻ ഭക്ഷണമില്ല. കോളനിയിലെ പട്ടിണി ജനങ്ങളെ വീഡിയോ സന്ദേശം വഴി അറിയിച്ചതിനാണ് പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവർ എത്തി കോളനിയിൽ കയറി കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയത്.

സിപിഎമ്മിന് കോളനിയിൽ നിന്നും ലഭിച്ചിരുന്ന വോട്ടുകൾ ഇക്കുറി ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ലഭിച്ചില്ല. കോളനിയിലെ സാമൂഹിക പ്രവർത്തക ബീന ഇവരെ സഹായിക്കാൻ വന്നതോടെ ഇവർ ബീനയ്ക്ക് ഒപ്പമായി. ബീന കോൺഗ്രസുകാരിയാണ്. തിരഞ്ഞെടുപ്പ് വന്നപ്പോൾ വോട്ടുകൾ ഇവരിൽ പലരും രമ്യാ ഹരിദാസിന് നൽകി. സിപിഎമ്മിന് വന്നിരുന്ന കോളനി വോട്ടുകൾ കോൺഗ്രസിനു പോയതോടെ സിപിഎം പ്രാദേശിക നേതൃത്വം രോഷാകുലരായി. ഇതോടെ കോളനിയെ തിരിഞ്ഞു നോക്കാത്ത ഇവർ കോളനിയ്‌ക്കെതിരെ നിലപാടും എടുത്തു. കുടിവെള്ളം അടക്കമുള്ള സൗകര്യങ്ങൾ കട്ട് ചെയ്യാനും ശ്രമം നടത്തി എന്നാണ് ആരോപണം വന്നത്. ഈ ഘട്ടത്തിലാണ് കൊറോണ വരുന്നത്. പുരുഷന്മാർക്കും സ്ത്രീകൾക്കും ജോലിക്ക് പോകാൻ കഴിയാത്ത അവസ്ഥയായി. കോളനി മുഴുവൻ പട്ടിണിയിലായി. ഈ പട്ടിണി ബീന വീഡിയോ വഴി പുറത്തെത്തിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്തുള്ള രോഷം ഈ വീഡിയോ കൂടി പുറത്ത് വന്നതോടെ അണപൊട്ടി. ഇതോടെയാണ് പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവർ കോളനിയിൽ കയറി ഭീഷണി മുഴക്കിയത്.

സിപിഎം ഭരിക്കുന്ന മുതലമട പഞ്ചായത്തിലെ പട്ടിണി പുറത്തറിയിച്ചതിനാണ് ഭീഷണി വന്നത്. കോളനിക്കാരെ മുഴുവൻ പുറത്താക്കുമെന്നാണ് പുറമ്പോക്കിൽ വീട് കെട്ടി കഴിയുന്ന ഇവർക്ക് നേരെ വന്ന ഭീഷണി. രാജ്യം ലോക്ക് ഡൗണിൽ തുടരുമ്പോൾ അതെല്ലാം ലംഘിച്ചാണ് കഴിഞ്ഞ ദിവസം പഞ്ചായത്ത് പ്രസിഡനറും സിപിഎം പ്രാദേശിക നേതൃത്വവും അടങ്ങുന്ന വലിയ ആൾക്കൂട്ടം പട്ടിണിയിൽ തുടരുന്നവരെ ഭീഷണിപ്പെടുത്തിയത്. വീഡിയോ പുറത്ത് വന്നത് തങ്ങൾക്ക് മാനക്കേടായി എന്ന് മനസിലാക്കിയാണ് കോളനിയിലെത്തി പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള സംഘം ഭീഷണി മുഴക്കിയത്. ഇവരുടെ ദുരിതം മനസിലാക്കി വീഡിയോ ഷൂട്ട് ചെയ്ത് വെളിയിൽ വിട്ട സാമൂഹിക പ്രവർത്തക ബീനയ്ക്കും ഭീഷണിയുണ്ട്. വീഡിയോ ഷൂട്ട് ചെയ്ത് പുറത്ത്വിട്ടതിനാണ് ഭീഷണി മുഴക്കിയത്. ഈ വീഡിയോ വെളിയിൽ വിട്ടതിനെ തുടർന്നു കോളനിക്കാർക്കുള്ള വെള്ളം പഞ്ചായത്ത് കട്ട് ചെയ്‌തെന്നാണ് സാമൂഹിക പ്രവർത്തക ബീന മറുനാടനോട് പറഞ്ഞത്. കുഴൽക്കിണർ വഴി പഞ്ചായത്ത് എത്തിക്കുന വെള്ളത്തിനു ആദ്യം രണ്ടായിരം രൂപയും മോട്ടോർ പുരയ്ക്ക് 500 രൂപ താനും നൽകിയിട്ടുണ്ട്. പക്ഷെ ഈ വീഡിയോ വെളിയിൽ വിട്ടതിനെ തുടർന്നു പഞ്ചായത്ത് വക വെള്ളം ഇപ്പോൾ വരുന്നില്ല. എനിക്കും കോളനിക്കാർക്കുമാണ് വെള്ളം ലഭിക്കാത്തത്. അപ്പുറവും ഇപ്പുറവും വെള്ളമുണ്ട്. പ്രശ്‌നത്തിൽ ഉൾപ്പെട്ട കോളനിക്കാർക്കും എനിക്കും വെള്ളമില്ല. കുടിവെള്ളം മുട്ടിക്കുന്ന പണിയാണ് പഞ്ചായത്ത് അധികൃതരും സിപിഎമ്മും കാണിക്കുന്നത്-ബീന പറയുന്നു.

കൊറോണ പടർന്നതോടെ മീങ്കരയിലെ ചെമ്മണംതോട് കോളനി പട്ടിണിയിലാണ്. പത്ത് പതിനഞ്ചു കുടുംബങ്ങൾ ഇവിടെയുണ്ട്. പുരുഷന്മാർക്കും സ്ത്രീകൾക്കും ജോലിക്ക് പോകാൻ കഴിയുന്നില്ല. ജോലിയുമില്ല. അതോടെ അരിവാങ്ങാൻ കാശില്ലാത്ത അവസ്ഥയായി. വാർഡ് കൗൺസിലർ സൗമ്യ ശങ്കറും സിപിഎംകാരിയാണ്. പക്ഷെ ഇവർ വാർഡിലില്ല. മറ്റൊരിടത്താണ് താമസം. വാർഡ് കൗൺസിലറുടെ അഭാവത്തിൽ സിപിഎം പ്രാദേശിക നേതൃത്വമാണ് കാര്യങ്ങൾ നോക്കുന്നത്. പക്ഷെ ഇവർ കോളനിയെ തിരിഞ്ഞു നോക്കില്ല. കോളനിയിൽ തന്നെ താമസിക്കുന്ന ബീന ഇവരുടെ പട്ടിണി മനസിലാക്കി. പ്രശ്‌നം പുറത്തെത്തിക്കാനാണ് ഇവരെക്കൊണ്ട് തന്നെ പ്രതികരണമുള്ള വീഡിയോ എടുത്ത് ബീന പുറത്ത് വിട്ടത്. ഇത് സിപിഎമ്മിനും പഞ്ചായത്ത് അധികൃതർക്കും രസിച്ചില്ല. ഇതോടെ പഞ്ചായത്ത് അധികൃതർ രംഗത്ത് വരുകയായിരുന്നു. കൊറോണ കാരണം ജോലിയില്ലാത്ത അവസ്ഥ നേരിടുമ്പോൾ റേഷൻ വാങ്ങാൻ ശ്രമിച്ചാൽ റേഷൻ കാർഡുമില്ല. കുട്ടികൾ അടങ്ങുന്ന കുടുംബം പട്ടിണിയിലുമായി. ചെമ്മണംതോട് കോളനി പുറമ്പോക്കിലാണ്. അതിനാൽ പഞ്ചായത്ത് അധികൃതർക്ക് നടപടിയെടുക്കാം. അതുകൊണ്ട് തന്നെയാണ് കൊലനിക്കാരെ മുഴുവൻ ഇറക്കിവിടും എന്ന് സിപിഎം ഭീഷണി മുഴക്കുന്നത്-ബീന പറയുന്നു. രമ്യാ ഹരിദാസ് എംപിയുടെ അടുക്കൽ പ്രശ്‌നം എത്തിയിട്ടുണ്ട്. അവർ കാര്യം അന്വേഷിക്കാൻ രണ്ടു പേരെ പറഞ്ഞുവിട്ടിട്ടുണ്ട്. പക്ഷെ വീഡിയോ വന്നപ്പോൾ ഇവർക്ക് സഹായം കിട്ടിത്തുടങ്ങിയിട്ടുണ്ട്. വ്യാപാരികൾ അടക്കമുള്ളവർ അരി എത്തിച്ചിട്ടുണ്ട്. കുറച്ച് ആളുകൾവേറെയും സഹായം എത്തിച്ചിട്ടുണ്ട്.

തല്ലാനും പിടിക്കാനും വന്നു; അകത്ത് നിൽക്കാതെ പുറത്തിറങ്ങെടീ എന്നാണ് പറഞ്ഞത്: ബീന

പട്ടിണി വീഡിയോ വന്ന ശേഷം പഞ്ചായത്ത് പ്രസിഡനറും സിപിഎം പ്രാദേശിക നേതാക്കൾ ഉൾപ്പെടെ കോളനിയിലേക്ക് വന്നു. പട്ടിണി പുറത്ത് പറഞ്ഞതിന് കോളനിയിൽ കയറി ഭീഷണി മുഴക്കി. അത് കഴിഞ്ഞാണ് എനിക്ക് നേരെ ഭീഷണി വന്നത്. എന്നെ തല്ലാനും പിടിക്കാനും വന്നു. ഈ വീഡിയോ ഷൂട്ട് ചെയ്യുന്നത് കണ്ടപ്പോൾ ഫോൺ തട്ടിപ്പറിക്കാൻ ശ്രമിച്ചു. എന്റെ ഫോണിൽ തൊട്ടാൽ സ്വഭാവം മാറുമെന്നു ഞാൻ പറഞ്ഞപ്പോൾ പിൻവാങ്ങി. നിങ്ങൾക്ക് ആവശ്യം വന്നാൽ ഞങ്ങളോട് പറഞ്ഞാൽ മതി ചെയ്തു തരാം എന്നാണ് പറഞ്ഞത്. ഇത്രയും നാൾ എത്ര പ്രശ്‌നങ്ങൾ വന്നു. . പ്രളയം വന്നപ്പോൾ പോലും ഈ കോളനിയിലുള്ള പട്ടിണിപ്പാവങ്ങൾക്ക് അരി ലഭിച്ചില്ല. ഇത് ഞാൻ ചൂണ്ടിക്കാട്ടി. വീഡിയോ ഷൂട്ട് ചെയ്തത് ഞങ്ങൾക്ക് മാനക്കേടായി എന്ന് പറഞ്ഞാണ് എന്നെ തല്ലാൻ വന്നത്. നീ അകത്ത് നിൽക്കാതെ വെളിയിൽ വാടി... നിന്നെ കാണിച്ചു തരാം എന്ന് പറഞ്ഞായി പിന്നെ എന്റെ നേർക്കുള്ള ബഹളം. സിപിഎം നേതാവായ സുദേവൻ അടക്കമുള്ളവരാണ് പ്രശ്‌നമുണ്ടാക്കിയത്.

സുദേവനോട് ഞാൻ പറഞ്ഞു. അവർ പട്ടിണിയിലാണ്. അതുകൊണ്ട് അവരുടെ പ്രശ്‌നം വീഡിയോവിൽ ഷൂട്ട് ചെയ്തു. നാലാൾ അറിഞ്ഞാലല്ലേ അവർക്ക് വല്ലതും കിട്ടുകയുള്ളൂ. നിങ്ങൾ ഇത്രയും കാലം ഇവരുടെ കാര്യം അന്വേഷിച്ചോ. ഇപ്പോൾ ഞാൻ അയച്ചു കൊടുത്തപ്പോഴാണ് പ്രശ്‌നം വന്നത്. കോളനിക്കാരെ ഓടിച്ചു വിടും എന്ന് പറഞ്ഞാണ് ഇവർ ഭീഷണി മുഴക്കിയത്. വീഡിയോയിൽ ആരെയും കുറ്റം പറയുന്നില്ല. ഈ മൂലയ്ക്ക് കിടന്നാൽ അവരെ ആരെയും സഹായിക്കില്ല എന്നാണ് ഞാൻ പറഞ്ഞത്. കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. അപ്പോഴാണ് ഇത്രയും ആളുകൾ പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള ആളുകൾ തടിച്ചു കൂടി പ്രശ്‌നമുണ്ടാക്കുന്നത്. സുദേവൻ അടക്കമുള്ളവർ പെണ്ണുങ്ങളെക്കൊണ്ട് എന്നെ തല്ലിക്കാനാണ് നോക്കിയത്-ബീന പറയുന്നു. ഇത് മീങ്കര വാർഡിലേ ചെമ്മനംതോട് കോളനി. കോളനി നിവാസികൾ പണിക്ക് പോയിട്ട് ദിവസങ്ങളായി. ഇവർക്ക് റേഷൻ കാർഡ് പലർക്കുമില്ല. അരിയും സാധനങ്ങളുമില്ല. മുഴുപട്ടിണി. കൊറോണ കാലത്ത് പട്ടിണി. ഒരു നേരത്തെ ആഹാരം വേണം. ഇതാണ് യാചന. 15 കുടുംബങ്ങളുണ്ട്. അത്രയേറെ ദാരിദ്ര്യത്തിലാണ് കഴിയുന്നത്. ആരുടേയും സഹായം ലഭിക്കുന്നില്ല-ഇതാണ് വീഡിയോ പറയുന്നത്.

കോളനിയിലെ സ്ത്രീ വീഡിയോയിൽ പറയുന്നത്:

ഈ കോളനിയിൽ പതിനഞ്ചോളം കുടുംബങ്ങളുണ്ട്. ഞങ്ങൾക്ക് റേഷൻ കാർഡ് ഇല്ല. അന്നന്ന് പണിയെടുത്ത് ആ ദിവസത്തെ ഭക്ഷണം വാങ്ങുന്നവരാണ്. കൊറോണ കാരണം പണിക്ക് പോകാൻ കഴിയുന്നില്ല. കുടുംബത്തിലെ മുഴുവൻ പേരും പട്ടിണിയിലാണ്. ആരോടും കടം ചോദിക്കാൻ കഴിയില്ല.

പണിയുമില്ല. റേഷൻ കാർഡ് ഇല്ല. ഉണ്ടെങ്കിൽ റേഷൻ കടയിൽ നിന്നും അരി വാങ്ങാൻ കഴിയുമായിരുന്നു. ഇവിടുത്തെ കുട്ടികൾ പട്ടിണിയിലാണ്. കറിക്ക് ഉള്ളത് കിട്ടിയില്ലെങ്കിലും പ്രശ്‌നമില്ലായിരുന്നു. അരി മാത്രം എത്തിച്ചാൽ മതിയായിരുന്നു. അത്രയേ ഞങ്ങൾക്ക് ആവശ്യമുള്ളു-യുവതി പറയുന്നു. ഒരു നേരത്തെ ഭക്ഷണത്തിനു യാചിക്കുന്ന ഇവരുടെ വാക്കുകൾ നമ്മുടെ മനസ്സിൽ കയറിയിട്ടുണ്ടെങ്കിൽ ഇവർക്ക് സഹായം എത്തിക്കാൻ ഈ വീഡിയോ ഷെയർ ചെയ്ത് സർക്കാരിനു മുന്നിലെത്തിക്കണം. ഇതൊരു വലിയ സഹായമാകും എന്ന് പറഞ്ഞാണ് വീഡിയോ അവസാനിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP