Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അബുദാബിയിൽ തെരുവോരത്ത് തങ്ങുന്ന മത്സ്യത്തൊഴിലാളികൾ പട്ടിണിയിൽ എന്ന വ്യാജ വാർത്താ വിവാദം: ദുബായ് പൊലീസ് കസ്റ്റഡിയിൽ എടുത്ത ഏഷ്യാനെറ്റ് ന്യൂസ് സംഘം മോചിതരായി; ന്യൂസ് ടീമിനെ വിട്ടയച്ചെങ്കിലും ഒപ്പം കുടുങ്ങിയ ശക്തി തിയേറ്റർ ഭാരവാഹികൾക്ക് ജാമ്യമില്ല; ന്യൂസ് ടീമിനെ കുടുക്കിയത് സിപിഎം അനുകൂല സംഘടനയായ ശക്തിയുടെ ഭാരവാഹികളും കെഎംസിസിയും തമ്മിലെ ശീതസമരം

അബുദാബിയിൽ തെരുവോരത്ത് തങ്ങുന്ന മത്സ്യത്തൊഴിലാളികൾ പട്ടിണിയിൽ എന്ന വ്യാജ വാർത്താ വിവാദം: ദുബായ് പൊലീസ് കസ്റ്റഡിയിൽ എടുത്ത ഏഷ്യാനെറ്റ് ന്യൂസ് സംഘം മോചിതരായി; ന്യൂസ് ടീമിനെ വിട്ടയച്ചെങ്കിലും ഒപ്പം കുടുങ്ങിയ ശക്തി തിയേറ്റർ ഭാരവാഹികൾക്ക് ജാമ്യമില്ല; ന്യൂസ് ടീമിനെ കുടുക്കിയത് സിപിഎം അനുകൂല സംഘടനയായ ശക്തിയുടെ ഭാരവാഹികളും കെഎംസിസിയും തമ്മിലെ ശീതസമരം

എം മനോജ് കുമാർ

തിരുവനന്തപുരം: ദുബായിൽ വാർത്താ വിവാദത്തിൽ അകപ്പെട്ട ഏഷ്യാനെറ്റ് ന്യൂസ് സംഘം മോചിതരായി. തെരുവോരത്ത് തങ്ങുന്ന മത്സ്യത്തൊഴിലാളികളെ കൊറോണയിൽ ആലംബം നഷ്ടപ്പെട്ടവരായി ചിത്രീകരിച്ച വാർത്താ വിവാദത്തിൽ അകപ്പെട്ട ഏഷ്യാനെറ്റ് സംഘമാണ് മോചിതരായത്. സംഭവത്തിൽ ഇവരുടെ മൊഴി രേഖപ്പെടുത്തി ദുബായ് പൊലീസ് വിട്ടയക്കുകയായിരുന്നു. ഏഷ്യാനെറ് ന്യുസ് ക്യാമറാമാൻ സുജിത്ത് സുന്ദരേശൻ, ഏഷ്യാനെറ് ന്യുസിലെ പ്രസാദ് എന്നിവരെയാണ് വിട്ടയച്ചത്. എന്നാൽ അറസ്റ്റിലായ ശക്തി തിയേറ്റർ ഭാരവാഹികൾക്ക് ജാമ്യം ലഭിച്ചില്ല എന്ന വിവരമാണ് ദുബായിൽ നിന്നും ലഭിക്കുന്നത്. വാർത്താ വിവാദത്തിൽ അകപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസ് സംഘം ദുബായ് പൊലീസിന്റെ കസ്റ്റഡിയിലായത് ദുബായ് മലയാളികളെ ഞെട്ടിച്ചിരുന്നു. ലീഗിന്റെ പ്രവാസി സംഘടനയായ കെഎംസിസിയും സിപിഎമ്മിന്റെ പ്രവാസി സംഘടനയായ ശക്തി തിയേറ്റേഴ്സ് ഭാരവാഹികളും തമ്മിലുള്ള ശീതസമരമാണ് ഏഷ്യാനെറ്റ് സംഘത്തെ കുടുക്കിയത്.

വിവാദ വാർത്ത ഏഷ്യാനെറ്റ് സംഘത്തിനു നൽകിയത് ആരെന്ന വിവരമാണ് ദുബായ് പൊലീസ് തിരക്കിയത്. ശക്തി തിയേറ്റർ ഭാരവാഹികളാണ് തങ്ങൾക്ക് വാർത്ത നൽകിയത്. മത്സ്യത്തൊഴിലാളികളും തങ്ങൾ ആലംബം നഷ്ടപ്പെട്ടവരാണ് എന്ന രീതിയിൽ ഞങ്ങളോട് പ്രതികരിച്ചു. അതിനാലാണ് വാർത്ത നൽകിയത്. ഇതോടെയാണ് ഏഷ്യാനെറ്റ് സംഘത്തെ വിട്ടയച്ചത്. ഒരു പകൽ മുഴുവൻ ഏഷ്യാനെറ്റ് സംഘം കസ്റ്റഡിയിൽ തുടർന്നിരുന്നു. ദുബായ് പൊലീസ് കസ്റ്റഡിയിൽ എടുത്ത ശേഷം അബുദാബി പൊലീസിന് കൈമാറാനുള്ള നീക്കങ്ങൾക്കിടയിൽ വന്ന അതിശക്തമായ ഉന്നത തല സമ്മർദ്ദമാണ് ഏഷ്യാനെറ്റ് സംഘത്തെ രക്ഷിച്ചത് എന്നാണ് ലഭിക്കുന്ന വിവരം. പ്രവാസി വ്യവസായിയും രാജീവ് ചന്ദ്രശേഖർ എംപിയും മുഖ്യമന്ത്രി പിണറായി വിജയനും ഏഷ്യാനെറ്റ്-ശക്തി ഭാരവാഹികളെ രക്ഷിക്കാനുള്ള ശ്രമത്തിൽ കൈകൊർത്തിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് സംഘത്തെ രക്ഷിക്കാൻ കഴിഞ്ഞെങ്കിലും ശക്തി ഭാരവാഹികൾ പൊലീസ് കസ്റ്റഡിയിൽ തുടരുകയാണ്. ഇവർക്ക് ജാമ്യം ലഭിച്ചിട്ടില്ല എന്നാണ് ലഭിക്കുന്ന സൂചനകൾ. വാർത്ത കേരളത്തിൽ ഇരുന്നു റിപ്പോർട്ട് ചെയ്ത ഏഷ്യാനെറ്റ് റിപ്പോർട്ടർ അരുണും കേസ് എന്ന കുരുക്കിൽ നിന്ന് ഒഴിവായതായാണ് സൂചന. ഏഷ്യാനെറ്റിൽ വാർത്ത വന്നു ഒൻപത് ദിവസങ്ങൾക്ക് ശേഷമാണ് ന്യൂസ് സംഘത്തെ തേടി ദുബായ് പൊലീസ് എത്തിയത്. അർദ്ധരാത്രി ഇവർ താമസിച്ചിരുന്ന ഫ്‌ളാറ്റിൽ എത്തിയാണ് ഏഷ്യാനെറ്റ് സംഘത്തെ കസ്റ്റഡിയിൽ എടുത്തത്.

അബുദാബി നഗരമധ്യത്തിൽ തെരുവോരത്ത് അന്തിയുറങ്ങുന്ന മലയാളികൾ അടക്കമുള്ള തൊഴിലാളികൾ കഴിഞ്ഞ ഒന്നരമാസമായി പട്ടിണിയിൽ എന്ന വാർത്ത നൽകിയതാണ് ഏഷ്യാനെറ്റിനും ശക്തി തിയേറ്റർ ഭാരവാഹികൾക്കും ഒരുപോലെ വിനയായത്. വാർത്ത പാളിയതോടെ ഏഷ്യാനെറ്റ് ന്യുസ് സംഘവും ശക്തി തിയേറ്റർ ഭാരവാഹികളും ഒരുപോലെ നിയമക്കുരുക്കിൽ പെടുകയായിരുന്നു. ഏഷ്യാനെറ്റ് സംഘത്തെ തേടി പൊലീസ് എത്തും മുൻപ് തന്നെ ഏഷ്യാനെറ്റിനു വാർത്ത നല്കിയ ശക്തി തിയേറ്റർ ഭാരവാഹികളെ അബുദാബി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർക്ക് ഇനിയും ജാമ്യം ലഭിച്ചിട്ടില്ല എന്നാണ് അറിയുന്നത്. ശക്തി തിയേറ്റേഴ്സ് വിളിച്ചു പറഞ്ഞ പ്രകാരം സ്ഥലത്തെത്തിയ ഏഷ്യാനെറ്റ് ന്യൂസ് സംഘം നല്കിയ വാർത്തയാണ് വിവാദമാവുകയും അറസ്റ്റിനു വഴിവെക്കുകയും ചെയ്തത്.

വിസിറ്റിങ് വിസയിൽ യുഎയിൽ എത്തി മൂന്നു മാസം തെരുവോരത്ത് തങ്ങി മടങ്ങിപ്പോകുന്ന മത്സ്യത്തൊഴിലാളികളെ കുറിച്ചുള്ള വാർത്തയാണ് വിവാദമായത്. സ്ഥിരമായി കടലിൽ പോകുന്ന മീൻ പിടുത്ത തൊഴിലാളികൾ മരച്ചുവട്ടിൽ വിശ്രമിക്കുന്നതാണ് ശക്തി തിയറ്റേഴ്‌സ് വ്യാജവാർത്തയാക്കി പ്രചരിപ്പിച്ചത്. മലപ്പുറത്ത് നിന്നുള്ളവർ ഉൾപ്പെടെയുള്ള സംഘമാണിത്. കൊറോണയിൽ കുടുങ്ങി വഴിയാധാരമായവർ എന്ന വ്യാഖ്യാനം ഇവർക്ക് വാർത്തയിൽ നൽകിയതോടൊപ്പം ഒന്നരമാസം പട്ടിണിയിൽ എന്നതും വിനയായി. ഒന്നരമാസമായി മലയാളികൾ ഉൾപ്പെടുന്ന സംഘം പട്ടിണിയിലാണ് എന്ന വാർത്തയിലെ പരാമർശമാണ് അബുദാബി അധികൃതരെ ചൊടിപ്പിച്ചത്. ഒന്നരമാസം എന്നത് നോമ്പ് കാലമാണ്. എല്ലാവരും നോമ്പ് എടുക്കുകയും പട്ടിണിയിൽ അകപ്പെടാതിരിക്കുകയും ചെയ്യേണ്ട സമയം. ഈ സുപ്രധാന സമയത്ത് അബുദാബി നഗരമധ്യത്തിൽ പ്രവാസികൾ പട്ടിണിയിൽ എന്ന വാർത്ത അധികൃതർക്ക് ക്ഷീണമായി. ഒരാഴ്ച മുൻപാണ് ഈ വാർത്ത ഏഷ്യാനെറ്റ് ന്യൂസ് നൽകിയത്. ഈ വാർത്തയുടെ അറബിക് ട്രാൻസിലേഷൻ അബുദാബി അധികൃതർക്ക് ലഭിച്ചതായാണ് സൂചന. അബുദാബി സി ഐ ഡി വിഭാഗമാണ് അറസ്റ്റിൽ ഇടപെട്ടത്. വാർത്തയുടെ നൽകിയതിനു പിന്നാലെ പേരിൽ ശക്തി തിയേറ്റേഴ്സ് ഭാരവാഹികൾ അറസ്റ്റിലായിരുന്നു.

ശക്തി തിയേറ്റേഴ്സ് ഭാരവാഹികളുടെ അറസ്റ്റിനു പിന്നാലെയാണ് ന്യൂസ് ക്യാമറാമാനും അക്കൗണ്ടന്റുും ഉൾപ്പെടുന്ന എഷ്യാനെറ്റ് ന്യൂസ് സംഘവും അറസ്റ്റിലായത്. കഴിഞ്ഞ ദിവസം അർദ്ധരാത്രി ഒന്നരയോടെ ഇവർ തങ്ങിയിരുന്ന ദുബായ് ഖിസൈസിലെ ഫ്ളാറ്റിൽ എത്തിയാണ് ദുബായ് പൊലീസ് ഏഷ്യാനെറ്റ് സംഘത്തെ അറസ്റ്റ് ചെയ്തത്. സിപിഎം പ്രവാസി ഭാരവാഹികളും എഷ്യാനെറ്റ് ന്യൂസ് സംഘവും അറസ്റ്റിലായത് കേരള ഭരണ നേതൃത്വത്തെയും ഞെട്ടിച്ചിട്ടുണ്ട്. സിപിഎം പ്രവാസി സംഘടനക്കാർക്ക് ജാമ്യം ലഭിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നേരിട്ടിടപെട്ടിട്ടുണ്ട്. പ്രമുഖ പ്രവാസി വ്യവസായിയുടെ സഹായമാണ് തേടിയത്. തുടർന്ന് അനുരഞ്ജന ചർച്ചകൾ നടന്നതായാണ് വിവരം.

കെഎംസിസിക്ക് ശക്തമായ സ്വാധീനമുള്ള സ്ഥലമാണ് അബുദാബി. തങ്ങളുടെ തട്ടകത്തിൽ തങ്ങൾ അറിയാതെ സിപിഎം പ്രവാസി സംഘടനകളും മറ്റു സംഘടനകളും സഹായപ്രവർത്തനങ്ങളുമായി ഇറങ്ങിയപ്പോൾ കെഎംസിസി അപകടം മണത്തു. അവർ ഉടൻ തന്നെ ഈ കാര്യത്തിലുള്ള അതൃപ്തി വ്യക്തമാക്കിയിരുന്നു. തങ്ങളോടു പറഞ്ഞിരുന്നെങ്കിൽ ഈ കാര്യം തങ്ങൾ തന്നെ പരിഹരിക്കുമായിരുന്നു എന്നുള്ള പ്രതികരണമാണ് കെഎംസിസി നടത്തിയത്. പ്രതിക്രിയയായി ശക്തി തിയേറ്റേഴ്സ് ഭാരവാഹികൾക്ക് നല്ലൊരു തട്ട് കൊടുക്കാനുള്ള ശ്രമങ്ങളും നടത്തി. ഈ ശ്രമമാണ് അറസ്റ്റിനു വഴി വെച്ചത് എന്നാണ് ലഭിക്കുന്ന വിവരം. സംഭവം അന്വേഷിച്ച് ഇറങ്ങിയപ്പോൾ സംഭവത്തിൽ പതിരില്ല എന്ന് മനസിലാക്കിയപ്പോൾ കെഎംസിസി ശക്തമായ നിലപാട് സ്വീകരിക്കുകയായിരുന്നു. അറസ്റ്റ് എഷ്യാനെറ്റ് ന്യൂസിനും സിപിഎമ്മിനും ഒരുപോലെ ക്ഷീണമായിരുന്നു.

വാർത്ത കേരളത്തിൽ നിന്ന് റിപ്പോർട്ട് ചെയ്ത ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ അരുണും അറസ്റ്റ് ഭീഷണിയിലായിരുന്നു. അറസ്റ്റ് വിവരം അറിഞ്ഞു ഏഷ്യാനെറ്റ് ന്യൂസിന്റെ ഉടമയായ രാജീവ് ചന്ദ്ര ശേഖർ എം പി ഇടപെട്ടു കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തിയിരുന്നു. ഈ വാർത്ത റിപ്പോർട്ട് ചെയ്ത കെ ആർ അരുൺ കുമാറിന്റെ സമീപകാല വാർത്തകൾ കേന്ദ്രവിദേശ കാര്യാ സഹമന്ത്രി വി മുരളീധരനിൽ കടുത്ത അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. കേരളത്തിൽ ഇരുന്നുകൊണ്ട് ഒരു ടി വി റിപ്പോർട്ടർ ഗൾഫിലെ വിവരങ്ങൾ തെറ്റായി പ്രചരിപ്പിക്കുന്നു എന്ന് വി.മുരളീധരൻ ഫെയ്‌സ് ബുക്ക് ലൈവിൽ പ്രതികരിച്ചത് അരുണിന് എതിരായിരുന്നു. ഇത് രാജീവ് ചന്ദ്രശേഖർ നടത്തുന്ന ശ്രമങ്ങൾക്കുള്ള തിരിച്ചടിയായിരുന്നു.

വാർത്തയുടെ പേരിലുള്ള അറസ്റ്റ് വിവരം ദുബായ് മലയാളികളിൽ ഞെട്ടലും ഭീതിയും ഉത്കണ്ഠയും വളർത്തിയിട്ടുണ്ട്. സംഘടനാ പോരുകൾ ഈ രീതിയിൽ പോകാമോ എന്നാണ് അറസ്റ്റിന്റെ പാശ്ചാത്തലത്തിൽ ദുബായ് മലയാളികൾ ഉയർത്തിയിരിക്കുന്ന ചോദ്യം. അറസ്റ്റിനു പ്രേരകമായ വാർത്ത എഷ്യാനെറ്റ് ന്യൂസിന് നൽകിയത് ശക്തി തിയേറ്റേഴ്സ് ഭാരവാഹികളാണ്. ഏഷ്യനെറ്റ് സംഘത്തിനു അകമ്പടിയായി സിപിഎം പ്രവാസി സംഘടനാ ഭാരവാഹികൾ കൂടി എത്തിയിരുന്നു. കെഎംസിസിയുടെ തട്ടകത്തിൽ കയറി ശക്തി തിയേറ്റേഴ്സ് നടത്തിയ ഇടപെടൽ കെഎംസിസിയെ ചൊടിപ്പിച്ചിരുന്നു. വാർത്ത വന്നതിനു പിന്നാലെ തന്നെ ഈ സംഘത്തിലെ ഒരാളെ ശക്തി തിയേറ്റേഴ്സ് അധികൃതർ ടിക്കറ്റ് നൽകി നാട്ടിലേക്ക് വിട്ടിരുന്നു. മറ്റു പ്രവാസി സംഘടനകളും ഇവർക്ക് തിരിച്ചു പോക്കിനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കിയിരുന്നു.

വിസിറ്റിങ് വിസയിൽ എത്തി മൂന്നു മാസം തങ്ങി തിരികെ പോകുന്നവർക്ക് കൊറോണ കാരണം വഴിയാധാരമായവർ എന്ന വ്യാഖ്യാനം നൽകിയത് എന്തിനെന്നു വ്യക്തമല്ല. കെഎംസിസിയെക്കാൾ കൂടുതൽ സേവന പ്രവർത്തനങ്ങൾ തങ്ങൾ ചെയ്യുന്നുണ്ട് എന്ന് വരുത്തി തീർക്കാനാണ് ശക്തി വ്യാജ വാർത്തക്ക് കളമൊരുക്കിയത്. ഈ അത്യുത്സാഹം വിനയാവുകയും ചെയ്തു. വന്ദേഭാരത് മിഷൻ വഴി സൗജന്യ ടിക്കറ്റ് ലഭിക്കുമെന്ന തോന്നൽ വാർത്ത സൃഷ്ടിക്കാൻ വഴിയോരത്തെ പ്രവാസികൾക്കും പ്രേരണയായി. കൊറോണയിൽ വലിയ സേവനങ്ങൾ ചെയ്യുന്നു എന്ന് വരുത്തി തീർക്കാൻ സിപിഎം പ്രവാസി സംഘടന ഒരുക്കിയ തിരക്കഥ വലിയ നിയമ കുരുക്കായി മാറിയിരിക്കുകയാണ്. അതോടൊപ്പം ഗൾഫിലെ മലയാളി സംഘടനകൾ തമ്മിലുള്ള വടംവലി എല്ലാ സീമകളും ലംഘിച്ച് മുന്നോട്ടു പോവുകയാണ് എന്ന സൂചനകളും സംഭവം നൽകുന്നു.

ഗൾഫിലെത്തുന്ന മലയാളികൾ ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേര് പറഞ്ഞു ഒപ്പമുള്ളവരെ കുടുക്കാൻ ശ്രമിക്കുന്ന വിനാശകരമായ കഥകളാണ് ഈ കൊറോണ കാലത്ത് പുറത്ത് വരുന്നത്. മതനിന്ദാ കുറ്റത്തിൽ കുടുക്കാൻ ശ്രമിക്കുക. മതനിന്ദ ആരോപിച്ച് പരസ്യമായി മുഖത്തടിക്കുക, കേസിൽ കുടുക്കുക, മതത്തിന്റെ പേര് പറഞ്ഞു ദുബായിൽ തങ്ങളെ കുടുക്കാൻ ശ്രമിക്കുന്നവരെ നാട്ടിൽ എത്തി കൈകാര്യം ചെയ്യാനുള്ള ഒരുക്കങ്ങൾ മറ്റുള്ളവർ നടത്തുക. കേന്ദ്ര സർക്കാരിനെ സ്വാധീനിച്ച് സംഭവങ്ങൾ വെളിപ്പെടുത്തി ഗൾഫിൽ ഉള്ളവർ എയർപോർട്ടിൽ എത്തുമ്പോൾ തന്നെ അവരെ കുരുക്കാൻ ശ്രമിക്കുക തുടങ്ങി ഒട്ടുവളരെ കാര്യങ്ങളാണ് ഇപ്പോൾ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ നിന്നും പുറത്ത് വരുന്ന വിവരങ്ങൾ. മുൻപുള്ള ഒരു തലമുറയ്ക്ക് അപരിചിതമായ കാര്യങ്ങളാണ് ഇപ്പോൾ നടക്കുന്നത്. അതുകൊണ്ട് തന്നെ മലയാളികൾ പലവിധ കാരണങ്ങളാൽ അസ്വസ്ഥരായാണ് ഗൾഫിൽ തുടരുന്നത്. അതിനിടയ്ക്കാണ് വിനാശകരമായി കൊറോണ കൂടി എത്തുന്നത്. ഒട്ടുവളരെ മലയാളികൾക്ക് കൊറോണ കാരണം ജീവൻ നഷ്ടമായി കഴിഞ്ഞു. പക്ഷെ കിടമത്സരങ്ങൾ ഗൾഫിൽ തുടരുക തന്നെ എന്ന വിവരങ്ങളാണ് ഏഷ്യനെറ്റ് ന്യൂസ് സംഘം അകപ്പെട്ട വാർത്താ വിവാദം തെളിയിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP