Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഷർട്ടിന്റെ കോളർ പിടിച്ച് തൂക്കിയെടുത്ത് സ്റ്റെയർ കേസിന്റെ പിന്നിൽ കൊണ്ട് നിർത്തിയതേ ഓർമ്മയുള്ളൂ; പിന്നീട് തുരുതുരാ അടി വന്നു വീണു; രാഖി ആരോ പൊട്ടിച്ചെടുത്തു; ചെറുവിരലിലെ ദശ പോയത് അറിയാതെയാണ് പിന്നീട് മൃദംഗം വായിക്കാൻ കയറിയത്; മൃദംഗത്തിൽ ചോര തെറിച്ചപ്പോഴാണ് വിരലിലെ ദശ പോയത് അറിഞ്ഞത്; കയ്യിൽ കെട്ടിയത് ആർഎസ്എസ് രാഖി ആയിരുന്നില്ല; ഞാൻ സംഘപരിവാറുകാരനുമല്ല; കാര്യവട്ടം കാര്യവട്ടം കാമ്പസിൽ എസ്എഫ്ഐ മർദ്ദനമേറ്റ മൃദംഗം കലാകാരൻ കലാമണ്ഡലം രാജീവ് മറുനാടനോട്

ഷർട്ടിന്റെ കോളർ പിടിച്ച് തൂക്കിയെടുത്ത് സ്റ്റെയർ കേസിന്റെ പിന്നിൽ കൊണ്ട് നിർത്തിയതേ ഓർമ്മയുള്ളൂ; പിന്നീട് തുരുതുരാ അടി വന്നു വീണു; രാഖി ആരോ പൊട്ടിച്ചെടുത്തു; ചെറുവിരലിലെ ദശ പോയത് അറിയാതെയാണ് പിന്നീട്  മൃദംഗം വായിക്കാൻ കയറിയത്; മൃദംഗത്തിൽ ചോര തെറിച്ചപ്പോഴാണ് വിരലിലെ ദശ പോയത് അറിഞ്ഞത്; കയ്യിൽ  കെട്ടിയത് ആർഎസ്എസ് രാഖി ആയിരുന്നില്ല; ഞാൻ സംഘപരിവാറുകാരനുമല്ല; കാര്യവട്ടം കാര്യവട്ടം കാമ്പസിൽ എസ്എഫ്ഐ മർദ്ദനമേറ്റ മൃദംഗം കലാകാരൻ കലാമണ്ഡലം രാജീവ് മറുനാടനോട്

എം മനോജ് കുമാർ

തൃശൂർ: ചെറുവിരലിലെ ദശപോയത് അറിയാതെയാണ് കാര്യവട്ടം കാമ്പസിൽ മൃദംഗം വായിച്ചത്. മൃദംഗത്തിലേക്ക് ചിതറിത്തെറിച്ച ചോര കണ്ടിട്ടാണ് കയ്യിലെ ദശ പോയത് അറിഞ്ഞത്. ഒരു ഷോക്കിലായിരുന്നു ആ സമയത്ത് ഞാൻ. എസ്എഫ്‌ഐ കൂട്ടത്തിൽ നിന്നുള്ള മർദ്ദനത്തിനുശേഷം ആകെ ഒരു ഷോക്കായിരുന്നു. നൂറു പേരോളം ഉള്ള ഒരു കൂട്ടമായിരുന്നു രാഖിയുടെ പേരിൽ എന്നെ വളഞ്ഞത്. ഷർട്ടിന്റെ ബാക്ക് കോളർ പിടിച്ച് തൂക്കിയെടുത്ത് സ്റ്റെയർ കേസിനു താഴേക്ക് കൊണ്ടുപോയാണ് മർദ്ദനം. തുരുതുരെയാണ് അടിവീണത്. എന്തൊക്കെ സംഭവിച്ചു എന്നൊന്നും അറിയുകയുമില്ല. അതുകൊണ്ട് തന്നെയാണ് ചെറുവിരലിലെ ദശ പോയത് ഞാൻ അറിയാതെയിരുന്നത്. മർദ്ദനമേറ്റു കഴിഞ്ഞയുടൻ മൃദംഗത്തിനായി സ്റ്റേജിൽ കയറേണ്ടിയും വുന്നു. അടിയോ മറ്റു പ്രശ്‌നങ്ങളോ പ്രതീക്ഷിച്ചതല്ല. കാര്യവട്ടം ക്യാമ്പസ് ശാന്തമായ ക്യാമ്പസ് ആണെന്നാണ് തോന്നിയത്. ആ തോന്നൽ ശരിയല്ലെന്ന് ഈ വെള്ളിയാഴ്ച വൈകീട്ട് കാര്യവട്ടം കാമ്പസ് എന്നെ ബോധ്യപ്പെടുത്തി- രാഖി കെട്ടി എന്നതിന്റെ പേരിൽ എസ്എഫ്‌ഐയുടെ ക്രൂരമർദ്ദനത്തിനു വിധേയനായ ചെറുതുരുത്തി തൊയക്കാട്ട് രാജീവ് സോന എന്ന കലാമണ്ഡലം രാജീവ് മറുനാടൻ മലയാളിയോട് പറഞ്ഞു.

ഞാൻ കെട്ടിയത് ആർഎസ്എസ് രാഖി ആയിരുന്നില്ല.അച്ഛന്റെ സഹോദരന്റെ മകൾ സ്‌നേഹ കെട്ടിയ രാഖി ആണ് എന്റെ കൈയിൽ കിടന്നത്. എനിക്ക് ആർഎസ്എസ് പശ്ചാത്തലവുമില്ല. എന്റെ അച്ഛൻ രവീന്ദ്രൻ കേരളാ കോൺഗ്രസ് മാണി വിഭാഗം മണ്ഡലം പ്രസിഡന്റ് ആണ്. 'അമ്മ ചിന്താമണി ഇതേ വാർഡിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുണ്ട്. അച്ഛനും ഇതേ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുണ്ട്. രണ്ടു പേരും വിജയിച്ചിട്ടില്ല. എനിക്കും ആർഎസ്എസ് പശ്ചാത്തലമില്ല. എന്റെ കുടുംബത്തിനുള്ളത് കോൺഗ്രസ് പശ്ചാത്തലവുമാണ്.ആർഎസ് എസ് ആണെന്ന് കരുതിയാണ് അവർ എന്നെ മർദ്ദിച്ചത്. ഞാൻ കെട്ടിയത് ആർഎസ്എസ് രാഖി ആണെന്ന് അവർ അറിഞ്ഞില്ല. എന്നോട് ആർഎസ്എസ് പശ്ചാത്തലമുണ്ടോ എന്ന് ചോദിച്ചതുമില്ല. രാഖി കണ്ട് ആർഎസ്എസ് രാഖി എന്ന് തെറ്റിദ്ധരിച്ചാണ് അടി വീണത്-രാജീവ് പറയുന്നു.

കാര്യവട്ടം ക്യാമ്പസിൽ നിന്ന് ഏൽക്കേണ്ടി വന്ന ഭീകരമർദ്ദനം രാജീവിന്റെ വാക്കുകളിൽ:

കേരളാ യൂണിവേഴ്സിറ്റി കലോത്സവം കാര്യവട്ടം കാമ്പസിലായിരുന്നു. ഒരു പരിപാടിക്ക് മൃദംഗം വായിച്ച ശേഷം അടുത്ത ഓട്ടൻ തുള്ളലിന് മൃദംഗം വായിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ഈ വെള്ളിയാഴ്ച ഞാൻ. അപ്പോഴേക്കും വൈകുന്നേരമായിരുന്നു. കലാമണ്ഡലം മോഹനകൃഷ്ണൻ അവിടെയുണ്ട്. അദ്ദേഹത്തിന്റെ വിദ്യാർത്ഥികൾ ആയിരുന്നു എനിക്ക് ചുറ്റും. ആൺകുട്ടികളുമുണ്ട്, പെൺകുട്ടികളുമുണ്ട്. ആൺകുട്ടികളുടെ പരിപാടി കഴിഞ്ഞു. പെൺകുട്ടികൾ സ്റ്റേജിലേക്ക് കയറാൻ കാത്തുനിൽക്കുകയാണ്. എനിക്ക് ചുറ്റുമുള്ള ഇടം എസ്എഫ്‌ഐ വിദ്യാർത്ഥികൾ അപ്പോഴേക്കും കയ്യടക്കിയിരുന്നു.

ഒരു സംഘം എസ്എഫ്‌ഐക്കാർ എന്നോട് ഏത് കോളേജിൽ ആണെന്ന് ചോദിച്ചു. കോളേജിൽ അല്ല. കലാകാരൻ ആണെന്ന് പറഞ്ഞു. അവർ മടങ്ങിപ്പോയി. പിന്നീട് ഒരു സംഘം വേറെ വന്നു. രാഖി കയ്യിൽ കെട്ടി അവിടെ നിൽക്കാൻ കഴിയില്ല എന്ന് പറഞ്ഞു. ഈ സാധനം കെട്ടി ഇന്ത്യയിൽ പലയിടത്തും പ്രോഗ്രാമിന് പോയിട്ടുണ്ട്. എന്തിനു രാഖി അഴിക്കണം-ഞാൻ ചോദിച്ചു. ഇവിടെ ഇങ്ങിനെയാണ്. ഈ സാധനം കെട്ടി ഇവിടെ ഇരിക്കാൻ കഴിയില്ല. എന്ന് ഇവർ തീർത്ത് പറഞ്ഞു. അല്ലെങ്കിൽ കാമ്പസിൽ നിന്ന് പുറത്തുപോകണം എന്ന് പറഞ്ഞു. എന്ത് വന്നാലും രാഖി ഞാൻ അഴിക്കില്ല.

എന്റെ പെങ്ങൾ കെട്ടിത്തന്ന രാഖിയാണ്. കാമ്പസിൽ നിന്നും ഞാൻ പുറത്തു പോകാം. പക്ഷെ ഞാൻ പോയാൽ ഞാൻ മൃദംഗം വായിക്കേണ്ട പരിപാടി ഇവിടെ മുടങ്ങും. അതവർക്ക് മനസിലായി. എങ്കിൽ പിന്നെ രാഖി അഴിച്ചിട്ടു പോയാൽ മതി എന്ന് പറഞ്ഞു. നിങ്ങൾ എന്ത് പറഞ്ഞാലും എനിക്കിട്ടു രണ്ടു പൊട്ടിക്കും. നിങ്ങൾ തല്ലിക്കൊള്ളൂ. എന്ത് വന്നാലും രാഖി ഞാൻ അഴിക്കില്ലെന്നു അവരോട് തീർത്ത് പറഞ്ഞു. പുറകിലേക്ക് തിരിഞ്ഞു നോക്കി ഞാൻ ഞെട്ടിപ്പോയി. എസ്എഫ്‌ഐ കൂട്ടം എന്നെ വളഞ്ഞുവെച്ചിരിക്കുകയായിരുന്നു. തൊട്ടടുത്ത നിമിഷം ഞാൻ അവരുടെ കയ്യിൽ അകപ്പെടുന്നതാണ് പിന്നെ ഞാൻ കണ്ടത്.

ബാക്ക് കോളറിൽ പിടിമുറുക്കി അവർ എന്നെ സ്റ്റെയർ കേസിനു താഴേക്ക് തള്ളിനീക്കി. പിന്നെ തുരുതുരാ മർദ്ദനം ആയിരുന്നു. ചുണ്ടു പൊട്ടി. മൂക്ക് പൊട്ടി. തല തൊടാൻ കഴിഞ്ഞിരുന്നില്ല. അത്രമാത്രം വേദനയായിരുന്നു. അതിന്നിടയിൽ അവർ രാഖി കയ്യിൽ നിന്ന് പൊട്ടിച്ചെടുത്തു. എന്നെ വലിച്ച് സ്റ്റെയർ കേസിൽ നിന്നും താഴെയിറക്കുന്ന വേളയിലും താഴെ എത്തിച്ച് രാഖി പൊട്ടിച്ചെടുക്കുന്ന സമയം വരെ എനിക്ക് അടികൊണ്ടു. അടികൊള്ളൂന്ന സമയത്തും തിരികെ മൃദംഗം വായിക്കുന്ന സമയത്തും ഞാൻ ഒന്നും അറിഞ്ഞിരുന്നില്ല. തിരികെ വീട്ടിൽ എത്തിയപ്പോഴാണ് മർദ്ദനത്തിന്റെ ഭീകരത എനിക്ക് തന്നെ വ്യക്തമാകുന്നത്-രാജീവ് പറയുന്നു.

ഇപ്പോൾ രാജീവ് ഡിജിപിക്ക് പരാതി നൽകാനുള്ള ഒരുക്കത്തിലാണ്. അന്ന് തിരുവനന്തപുരത്ത് പരാതി നൽകാതിരുന്നത് വേറെയും പരിപാടികൾ ഉള്ളത് കാരണമാണ്. പരാതിയും ആശുപത്രിയിൽ പോയി കിടക്കലുമായാൽ എന്റെ പരിപാടികൾ മുഴുവൻ മുടങ്ങും.അതിനാൽ പരാതി നൽകിയിട്ടില്ല-രാജീവ് വിശദമാക്കുന്നു. കലാകാരന് രാഖി കിട്ടിയതിന്റെ പേരിൽ പേരിൽ അടികിട്ടിയത് ഇപ്പോൾ കേരളം മുഴുവൻ ചർച്ചയാകുകയാണ്. ആർഎസ്എസ് അല്ലാത്ത രാജീവിനെ തേടി ഇപ്പോൾ തുരുതുരാ ഫോൺ കോളുകളാണ്. ബിജെപിയുടെ മുതിർന്ന നേതാവും മുൻ മിസോറാം ഗവർണറുമായ കുമ്മനം രാജശേഖരനും മുതിർന്ന ആർഎസ്എസ്-ബിജെപി നേതാക്കളും രാജീവിനെ ബന്ധപ്പെട്ടുകഴിഞ്ഞിരിക്കുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണം മുറുകുന്നതിനിടെ തിരഞ്ഞെടുപ്പ് കാലത്ത് രാഖിയുടെ പേരിൽ മർദ്ദനം വന്നത് സിപിഎം നേതാക്കൾക്കും തലവേദനയായി മാറിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP