Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ബ്ലൂടൂത്ത് വഴിയാണെങ്കിലും ഡ്രൈവിങ്ങിനിടെയുള്ള മൊബൈൽഫോൺ ഉപയോഗം നിയമവിരുദ്ധം; മൊബൈൽ ഫോൺ മാത്രമല്ല മറ്റൊരു വിധത്തിലുള്ള ആശയ വിനിമയ സംവിധാനങ്ങളും വാഹനം ഓടിക്കുമ്പോൾ ഉപയോഗിക്കാൻ പാടില്ലെന്ന് 37-ാം ഭേദഗതി: ബ്ലൂടൂത്തും ഹെഡ് സെറ്റും ഉപയോഗിച്ച് ഡ്രൈവിങിനിടെ സംസാരിച്ചാലും പണി കിട്ടും; മോട്ടോർ വെഹിക്കിൾ ഡ്രൈവിങ് റെഗുലേഷനിലെ വ്യവസ്ഥ സംശയങ്ങൾ ദൂരീകരിക്കുമ്പോൾ

ബ്ലൂടൂത്ത് വഴിയാണെങ്കിലും ഡ്രൈവിങ്ങിനിടെയുള്ള മൊബൈൽഫോൺ ഉപയോഗം നിയമവിരുദ്ധം; മൊബൈൽ ഫോൺ മാത്രമല്ല മറ്റൊരു വിധത്തിലുള്ള ആശയ വിനിമയ സംവിധാനങ്ങളും വാഹനം ഓടിക്കുമ്പോൾ ഉപയോഗിക്കാൻ പാടില്ലെന്ന് 37-ാം ഭേദഗതി: ബ്ലൂടൂത്തും ഹെഡ് സെറ്റും ഉപയോഗിച്ച് ഡ്രൈവിങിനിടെ സംസാരിച്ചാലും പണി കിട്ടും; മോട്ടോർ വെഹിക്കിൾ ഡ്രൈവിങ് റെഗുലേഷനിലെ വ്യവസ്ഥ സംശയങ്ങൾ ദൂരീകരിക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ബ്ലൂടൂത്ത് വഴിയാണെങ്കിലും ഡ്രൈവിങ്ങിനിടെയുള്ള മൊബൈൽഫോൺ ഉപയോഗം നിയമവിരുദ്ധം. കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയത്തിന്റെ മോട്ടോർ വെഹിക്കിൾ ഡ്രൈവിങ് റെഗുലേഷനിലാണ് ഈ വ്യവസ്ഥ. നേരത്തെ ഇതു സംബന്ധിച്ച് ചില ആശയക്കുഴപ്പങ്ങൾ ഉണ്ടായിരുന്നു. 2019-ലെ കേന്ദ്രമോട്ടോർവാഹനനിയമഭേദഗതിയിൽ ഡ്രൈവിങ്ങിനിടെ നേരിട്ട് മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നത് വിലക്കി. ഭേദഗതിയിലെ 'നേരിട്ടെന്ന' പ്രയോഗമാണ് ബ്ലൂടൂത്ത്, ഹെഡ്‌സെറ്റുകൾ ഉപയോഗിക്കുന്നതിന് തടസ്സമില്ലെന്ന വാദത്തിന് ഇടയാക്കിയത്. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിനോട് കേരളം വിശദീകരണം പോലും ചോദിച്ചിരുന്നു. ഇതിനിടെയാണ് പുതിയ വിശദാംശങ്ങൾ പുറത്തു വരുന്നത്

വാഹനമോടിക്കുന്നതിനിടെ മൊബൈൽഫോൺ മാത്രമല്ല മറ്റൊരുവിധത്തിലുള്ള ആശയവിനിമയസംവിധാനങ്ങളും ഉപയോഗിക്കാൻ പാടില്ലെന്ന് 37-ാം ഭേദഗതിയിൽ പറയുന്നു. അതുകൊണ്ട് തന്നെ ബ്ലൂ ടൂത്ത് ഉപയോഗിച്ച് ഫോൺ ഉപയോഗിക്കാമെന്ന വാദം അടിസ്ഥാനരഹിതമാണെന്ന് അധികൃതർ പറയുന്നു. 2017-ലെ ഡ്രൈവിങ് റെഗുലേഷൻസ് കേന്ദ്ര നിയമഭേദഗതിക്ക് മുന്നോടിയായി കൊണ്ടുവന്നതാണ്. ഇതിന് ഭേദഗതിയിലും സാധുതയുണ്ട്. ഇതുപ്രകാരം ഒരുവിധത്തിലുള്ള ആശയവിനിമയസംവിധാനങ്ങളും ഡ്രൈവിങ്ങിനിടെ ഉപയോഗിക്കാൻ പാടില്ല.

പുത്തൻതലമുറ വാഹനങ്ങളുമായി മൊബൈൽഫോൺ ബന്ധിപ്പിച്ച് ഉപയോഗിക്കുന്നതും നിയമവിരുദ്ധമാണ്. ഇവയിൽ സെൻട്രൽ കൺസോളിലെ ടച്ച് സ്‌ക്രീനിലൂടെ മൊബൈൽഫോൺ നിയന്ത്രിക്കാം. കോൾചെയ്യാനും സ്വീകരിക്കാനും കഴിയും. മൊബൈൽഫോണോ ഹെഡ്‌സെറ്റോ എടുക്കാതെ സംസാരിക്കാം. വാഹനത്തിലെ സ്റ്റീരിയോസംവിധാനം ഇതിനുപയോഗിക്കാം. ഇതും അപകടങ്ങൾക്കിടയാക്കും. ഫോൺ ചെയ്യണമെങ്കിലോ സ്വീകരിക്കണമെങ്കിലോ ഡ്രൈവർ ടച്ച് സ്‌ക്രീനിൽ കൈയെത്തിക്കണം. സ്‌ക്രീനിൽനിന്ന് വിളിക്കേണ്ടയാളിന്റെ പേര് കണ്ടെത്തണം. ഈ ശ്രദ്ധ തിരിയിൽ അപകടകരമാണെന്നാണ് വിലയിരുത്തൽ.

കാറുകൾക്ക് ഉള്ളിലെ റിയർവ്യൂമിററിൽ ഘടിപ്പിക്കുന്ന സ്‌ക്രീനിൽ വാഹനമോടുന്ന സമയത്ത് ഡ്രൈവറുടെ ശ്രദ്ധതിരിക്കും വിധം വീഡിയോ പ്രദർശിപ്പിക്കുന്നതും നിയമവിരുദ്ധമാണ്. ജി.പി.എസ് ഉപയോഗിക്കുന്നതിന് മാത്രമാണ് ഇളവ്. വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോണിൽ സംസാരിക്കുന്നത് നിരോധിച്ചു കൊണ്ടുള്ള വ്യവസ്ഥ നിയമത്തിൽ നിലവിൽ ഇല്ലാത്തതിനാൽ പൊലീസിന് കേസ് എടുക്കാൻ കഴിയില്ലെന്ന ഹൈക്കോടതി ഡിവിഷൻ ബഞ്ച് വിധി വന്നതിനു ശേഷം മൊബൈൽ ഫോണിൽ സംസാരിച്ച് വാഹനമോടിക്കുന്നതിനെതിരെയുള്ള നിയമ നടപടികൾ അവ്യക്തമായി തുടരുകയായിരുന്നു. മൊബൈൽ ഫോണിൽ സംസാരിച്ച് വാഹനം ഓടിച്ചാൽ കേരള പൊലീസ് ആക്ടിലെ 118 (ഇ) വകുപ്പ് അനുസരിച്ച് ഒരാൾ അറിഞ്ഞുകൊണ്ട് പൊതുജനങ്ങളെയും പൊതു സുരക്ഷയെയും അപകടപ്പെടുത്തുന്ന നടപടിയായി കണക്കാക്കിയാണ് പൊലീസ് കേസ് എടുത്തിരുന്നത്.

മൊബൈൽ ഫോണിൽ സംസാരിച്ച് വാഹനം ഓടിച്ചതിൽ കേസ് എടുത്ത പൊലീസ് നടപടിയെ ചോദ്യം ചെയ്ത് കാക്കനാട് സ്വദേശി എം.ജെ.സന്തോഷ് നൽകിയ ഹർജിയിലാണ് ഡിവിഷൻ ബഞ്ചിന്റെ വിധി വന്നത്. മൊബൈൽ ഫോൺ ഉപയോഗിച്ച് സംസാരിച്ച് വാഹനം ഓടിക്കുന്ന ഒരാളുടെ പ്രവൃത്തി പൊതു ജനങ്ങളെ അപകടപ്പെടുത്തുന്ന ഒന്നാണെന്ന് കണക്കാക്കിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. മൊബൈലിൽ സംസാരിച്ചു കൊണ്ട് വാഹനമോടിക്കുന്നത് തീർത്തും പൊതുസുരക്ഷയ്ക്ക് ഭീഷണിയാവില്ലെന്നാണ് കോടതി പറഞ്ഞത്. മൊബൈലിൽ ചില വിവരങ്ങൾ കേൾക്കുമ്പോൾ വാഹനമോടിക്കുന്ന ആളുടെ ശ്രദ്ധ മാറുമെന്നും അത് അപകടത്തിന് കാരണമാവുമെന്നുള്ള വാദം കോടതി പാടെ തള്ളി. അങ്ങനെയെങ്കിൽ വാഹനങ്ങളിലെ റേഡിയോയിൽ ചില വാർത്തകൾ കേൾക്കുമ്പോഴും ഇതു സംഭവിക്കാമല്ലോ എന്ന് കോടതി അഭിപ്രായപ്പെട്ടു. ഇതിനെല്ലാം വ്യക്തത വരുത്തുന്നതാണ് കേന്ദ്ര നിയമം.

ഗതാഗതനിയമ ലംഘനങ്ങൾക്ക് കടുത്ത ശിക്ഷകൾ വ്യവസ്ഥചെയ്യുന്ന മോട്ടോർവാഹന നിയമഭേദഗതി നിലവിൽ വന്നു കഴിഞ്ഞു. 30 വർഷത്തിനുശേഷമാണ് മോട്ടോർവാഹന നിയമത്തിൽ ഇത്ര വിപുലമായ ഭേദഗതികൾ. ഉയർന്ന ശിക്ഷ വരുന്നതോടെ റോഡപകടങ്ങൾ പരമാവധി കുറയ്ക്കാമെന്നാണ് കരുതുന്നത്. 2019 ഏപ്രിൽ മുതൽ ജൂൺ വരെ 14,076 അപകടങ്ങളാണുണ്ടായി. ഇതിൽ 1203 ജീവനുകൾ പൊലിഞ്ഞു. വർഷം ശരാശരി 45,000 അപകടങ്ങളും 4500 മരണങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്നുണ്ട്. അപകടകരമായ രീതിയിൽ വാഹനമോടിച്ചാൽ ആറുമാസത്തിൽ കുറയാതെ ഒരുവർഷംവരെ തടവോ അയ്യായിരം രൂപ പിഴയോ രണ്ടും കൂടിയോ അനുഭവിക്കേണ്ടിവരും. റെഡ് ലൈറ്റ് മറികടക്കൽ, സ്റ്റോപ്പ് സൈൻ അനുസരിക്കാതിരിക്കൽ, വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുക, അപകടകരമായ ഓവർടേക്, വൺവേ തെറ്റിക്കുക എന്നിവയാണ് അപകടകരമായ രീതികൊണ്ട് അർഥമാക്കുന്നത്. കൈയിൽ മൊബൈൽ ഫോൺ പിടിച്ച് സംസാരിച്ചുകൊണ്ടു ഡ്രൈവ് ചെയ്യുന്നതാണ് കുറ്റകരമാക്കിയിട്ടുള്ളത്. ഡ്രൈവിങ് ലൈസൻസ് ഇല്ലാതെ വാഹനം ഓടിക്കുന്നതിന് 5000 രൂപയാണ് പിഴ. പിന്നിൽ ഇരുന്നുയാത്രചെയ്യുന്നവർക്കും ഇരുചക്രവാഹനയാത്രയ്ക്ക് ഹെൽമെറ്റ് നിർബന്ധമാണ്. മുന്നിലിരിക്കുന്ന കുട്ടികൾക്കും ഹെൽമെറ്റ് ഉണ്ടാവണം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP