Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അമിതമായി എംസാന്റ് കയറ്റിയതിന് പിഴ ചുമത്തിയപ്പോൾ ഇപ്പോൾ പണമില്ലെന്നും ലോഡ് ഇറക്കിയതിന് ശേഷം കായംകുളം ആർ.ടി ഓഫീസിൽ അടയ്ക്കാമെന്നും അപേക്ഷ; മനസ്സലിവ് തോന്നിയ മോട്ടോർ വാഹന ഉദ്യോഗസ്ഥരെ പറ്റിച്ച് മടങ്ങി വരാതെ ഡ്രൈവർ; റോഡ് ടെസ്റ്റിനിറങ്ങിയപ്പോൾ പെറ്റി അടയ്ക്കാതെ മുങ്ങിയ ടോറസ് വീണ്ടും മുന്നിൽ; കണ്ടപാടേ ലോറി ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ട വിരുതനെ തേടി നെട്ടോട്ടം

അമിതമായി എംസാന്റ് കയറ്റിയതിന് പിഴ ചുമത്തിയപ്പോൾ ഇപ്പോൾ പണമില്ലെന്നും ലോഡ് ഇറക്കിയതിന് ശേഷം കായംകുളം ആർ.ടി ഓഫീസിൽ അടയ്ക്കാമെന്നും അപേക്ഷ; മനസ്സലിവ് തോന്നിയ മോട്ടോർ വാഹന ഉദ്യോഗസ്ഥരെ പറ്റിച്ച് മടങ്ങി വരാതെ ഡ്രൈവർ; റോഡ് ടെസ്റ്റിനിറങ്ങിയപ്പോൾ പെറ്റി അടയ്ക്കാതെ മുങ്ങിയ ടോറസ് വീണ്ടും മുന്നിൽ; കണ്ടപാടേ ലോറി ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ട വിരുതനെ തേടി നെട്ടോട്ടം

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ കണ്ടപ്പോൾ പിഴയടക്കാതെ ടോറസ് ലോറി വഴിയിലുപേക്ഷിച്ച് ഡ്രൈവർ കടന്നു കളഞ്ഞു. കായംകുളം സബ്.ആർ.ടി.ഓ പരിധിയിലാണ് സംഭവം. കഴിഞ്ഞ ദിവസം കെ.എൽ 25 6665 എന്ന രജിസ്ട്രേഷൻ നമ്പരിലുള്ള ടോറസ് ലോറി കായംകുളത്തിന് സമീപം വച്ച് മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർ പിടിച്ചിരുന്നു. അമിതമായി എംസാന്റ് കയറ്റിയതിന് പിഴ ചുമത്തുകയും ചെയ്തു. എന്നാൽ തന്റെ പക്കൽ ഇപ്പോൾ പണമില്ലെന്നും ലോഡ് ഇറക്കിയതിന് ശേഷം തിരികെ വരുമ്പോൾ കായംകുളം ആർ.ടി ഓഫീസിൽ അടയ്ക്കാമെന്നും ഉറപ്പു നൽകി. ഡ്രൈവറുടെ നിസ്സഹായാവസ്ഥയിൽ മനസ്സലിവ് തോന്നിയ ഉദ്യോഗസ്ഥർ അങ്ങനെ വാഹനവുമായി പോകാൻ നിർദ്ധേശിച്ചു. കരുനാഗപ്പള്ളിയിൽ ലോഡിറക്കി തിരികെ വരാമെന്ന് പറഞ്ഞ ഡ്രൈവർ പിന്നീട് വന്നില്ല. പെറ്റി എഴുതിയതിനാൽ ചെക്ക് റിപ്പോർട്ട് ക്ലോസാകാതെ കിടക്കുകയായിരുന്നു. വിവരം ജോയിന്റ് ആർ.ടി.ഓയെ അറിയിച്ചപ്പോൾ വാഹനം കണ്ടെത്താൻ നിർദ്ദേശിച്ചു.

അങ്ങനെ ഇന്ന് രാവിലെ വെഹിക്കിൾ ഇൻസ്പെക്ടർമാർ റോഡ് ടെസ്റ്റിനും മറ്റുമായി ഇറങ്ങിയപ്പോൾ പെറ്റി അടയ്ക്കാതെ കടന്നു കളഞ്ഞ ടോറസ് വാഹനം ദേശീയപാതയിൽ കായംകുളം പാലത്തിന് മുകളിൽ വച്ച് കാണാനിടയായി. മോട്ടോർ വാഹന വകുപ്പിന്റെ വാഹനം കണ്ടതോടെ പന്തികേട് മണത്ത ഡ്രൈവർ ലോറി ദേശീയപാതയിൽ പാലത്തിന് മുകളിൽ ഉപേക്ഷിച്ച് ഓടി രക്ഷപെട്ടു. ഉടൻ തന്നെ ഉദ്യോഗസ്ഥർ എത്തി പരിശോധിച്ചപ്പോൾ വാഹനത്തിന്റെ താക്കോലുമായിട്ടാണ് ഡ്രൈവർ കടന്നുകളഞ്ഞത് എന്ന് മനസ്സിലായി. റോഡ് ടെസ്റ്റിനും മറ്റ് പരിശോധനകൾക്കുമായി ഉദ്യോഗസ്ഥർക്ക് പോകേണ്ടതിനാൽ വാഹനത്തിനടുത്ത് കാത്തു നിൽക്കാൻ കഴിയില്ലായിരുന്നു. ലോറി ഡ്രൈവർ എടുത്തുകൊണ്ട് പോകാതിരിക്കാനായി ഉദ്യോഗസ്ഥർ തങ്ങളുടെ കാറുകൾ ലോറിയുടെ മുന്നിലും പിന്നിലുമായി പാർക്ക് ചെയ്ത് തടസ്സമുണ്ടാക്കി.

പരിശോധനകളും മറ്റും കഴിഞ്ഞെത്തിയ ഉദ്യോഗസ്ഥർ വാഹനം വിശദമായി പരിശോധിച്ചു. കഴിഞ്ഞ ദിവസത്തെപോലെ ഇന്നും അമിത ലോഡായിരുന്നു. വിശദമായ പരിശോധനയിൽ അമിത ഭാരം മൂലം ടയർ പോട്ടിയതും സ്റ്റാർട്ട് ചെയ്യുമ്പോൾ കാലപ്പഴക്കം മൂലം വയറുകൾ ദ്രവിച്ചിരിക്കുന്നതിനാൽ ഷോർട്ട് സർക്യൂട്ട് മൂലം തീ പൊരി ചിതറുന്നതും ശ്രദ്ധയിൽപെട്ടു. താക്കോൽ ഇല്ലാത്തതിനാൽ ഇഗ്‌നിഷൻ സ്വിച്ച് ജംപ് ചെയ്ത് സ്റ്റാർട്ടാക്കി വാഹനം കരീലക്കുളങ്ങര പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. വാഹന ഉടമ കരുനാഗപ്പള്ളി മരുതൂർകുളങ്ങര കൊല്ലശ്ശേരി വടക്കതിൽ നജീബിന് നോട്ടീസ് അയച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം 53,000 രൂപയായിരുന്നു പിഴ ചുമത്തിയത്. ഡ്രൈവർക്കെതിരെ വാഹനം ദേശീയപാതയിൽ അലക്ഷ്യമായി ഉപേക്ഷിച്ചു കടന്നതിനെതിരെയും കേസെടുത്തു. കായംകുളം സബ് റീജിയണൽ ആർ.ടി ഓഫീസിലെ എം വിഐമാരായ ജയചന്ദ്രൻ, സിയാദ്,എ.എംവി.ഐമാരായസുനിൽകുമാർ,മോഹൻലാൽ,പ്രജു എന്നിവരാണ് വാഹനം പിടിച്ചെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP