Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മാനുഷിക്ക് വേണ്ടി ഉണ്ണിക്കൃഷ്ണൻ വിസ്മയ വസ്ത്രം തീർത്തത് ആറുദിവസത്തെ പരിശ്രമത്തിലൂടെ; ലോകസുന്ദരിയായ ഹരിയാനക്കാരിക്ക് വേണ്ടി വസ്ത്രമൊരുക്കാൻ അവസരം ലഭിച്ചതിൽ സന്തോഷിച്ച് അങ്ങാടിപ്പുറം സ്വദേശി; വെറും പത്താംക്‌ളാസുകാരനായ പെരിന്തൽമണ്ണയിലെ ക്രിസ്റ്റിനാസ് ഉടമ ഫാഷൻ ഡിസൈനർ ആയത് അമ്മയിൽ നിന്ന് പഠിച്ച പാഠങ്ങളിൽ സ്വന്തം കലാവിരുതിന്റെ നൂലിഴകൾ തുന്നിച്ചേർത്ത്

മാനുഷിക്ക് വേണ്ടി ഉണ്ണിക്കൃഷ്ണൻ വിസ്മയ വസ്ത്രം തീർത്തത് ആറുദിവസത്തെ പരിശ്രമത്തിലൂടെ; ലോകസുന്ദരിയായ ഹരിയാനക്കാരിക്ക് വേണ്ടി വസ്ത്രമൊരുക്കാൻ അവസരം ലഭിച്ചതിൽ സന്തോഷിച്ച് അങ്ങാടിപ്പുറം സ്വദേശി; വെറും പത്താംക്‌ളാസുകാരനായ പെരിന്തൽമണ്ണയിലെ ക്രിസ്റ്റിനാസ് ഉടമ ഫാഷൻ ഡിസൈനർ ആയത് അമ്മയിൽ നിന്ന് പഠിച്ച പാഠങ്ങളിൽ സ്വന്തം കലാവിരുതിന്റെ നൂലിഴകൾ തുന്നിച്ചേർത്ത്

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: ഫെമിന മിസ് ഇന്ത്യ പട്ടം നേടിയതിലൂടെ ലോകസുന്ദരിയാവാൻ നിയോഗം ലഭിച്ച ഹരിയാന സ്വദേശി മാനുഷി ചില്ലറുടെ വസ്ത്രങ്ങൾ രൂപകൽപന ചെയ്തതിന്റെ ക്രെഡിറ്റ് മലയാളിക്ക്. സ്വയം പഠനത്തിലൂടെ ഫാഷൻ വസ്ത്രങ്ങൾ ഡിസൈൻചെയ്യുന്ന രംഗത്ത് എത്തുകയും മികവു പുലർത്തുകയും ചെയ്തതിലൂടെ പെരിന്തൽമണ്ണ അങ്ങാടിപ്പുറം സ്വദേശിയായ യുവാവിനെ തേടി മാനുഷിയുടെ വസ്ത്രം രൂപകൽപന ചെയ്യാനുള്ള നിയോഗം എത്തുകയായിരുന്നു.

തന്റെ ഭാവനയിൽ വിരിഞ്ഞ വസ്ത്രം അണിഞ്ഞ് മാനുഷി ഇന്ത്യൻ സുന്ദരിയായപ്പോഴും ഇപ്പോൾ ലോകസുന്ദരിപ്പട്ടം കയ്യെത്തി പിടിച്ചപ്പോഴും അതിൽ സന്തോഷിക്കുകയാണ് അങ്ങാടിപ്പുറം സ്വദേശിയായ ഉണ്ണിക്കൃഷ്ണൻ.

ലോകസുന്ദരിപ്പട്ടം നേടിയ മാനുഷി ചില്ലർക്കുവേണ്ടി ജൂണിൽ നടന്ന മിസ് ഇന്ത്യ മത്സരത്തിൽ നാഷണൽ കോസ്റ്റ്യൂം രൂപകല്പന ചെയ്യാനുള്ള നിയോഗം പെരിന്തൽമണ്ണ അങ്ങാടിപ്പുറം സ്വദേശി പച്ചാടൻ ഉണ്ണിക്കൃഷ്ണനെ തേടിയെത്തിയത് കലാമികവിനുള്ള അംഗീകാരം എന്ന നിലയിലാണ്. ഫാഷൻ ഡിസൈനിങ് രംഗത്തേക്ക് ഉണ്ണിക്കൃഷ്ണൻ എത്തിപ്പെടുന്നത് കലാപരിചയം മാത്രം കൈമുതലാക്കിയാണ്. പത്താംക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഉണ്ണിക്കൃഷ്ണൻ ഫാഷൻ ഡിസൈനിങ് കോഴ്സ് പഠിച്ചിട്ടില്ല. അമ്മ ജാനകിക്കൊപ്പം 25 വർഷമായി തുന്നൽജോലി ചെയ്ത പരിചയമായിരുന്നു കൈമുതൽ.

ചെറുപ്പംമുതലേ ചിത്രരചനയിൽ വൈദഗ്ധ്യമുണ്ടായിരുന്നു ഉണ്ണികൃഷ്ണന്. ഹരിആനന്ദിന്റെ ഫാഷൻഷോ കണ്ടത് ഫാഷൻ ഡിസൈനിങ് രംഗത്തേക്കു വരാൻ പ്രചോദനമായി. അഞ്ചുവർഷമായി ഫാഷൻ ഡിസൈനിങ്ങിൽ പലപല മാതൃകകൾ രൂപപ്പെടുത്തി സ്വയം പഠനത്തിലൂടെ മുന്നേറുകയായിരുന്നു ഈ ചെറുപ്പക്കാരൻ. പിന്നീട് ഫേസ്‌ബുക്കിലൂടെയുള്ള ബന്ധങ്ങളാണ് ഈ രംഗത്ത് കൂടുതൽ അറിയാനും സ്വയം മുന്നേറാനും വഴിതുറന്നത്.

ഡൽഹി ഗ്ലാം ആനന്ദിന്റെ സാരഥി നിഖിൽ ആനന്ദ് ഈ സാധാരണക്കാരന്റെ കഴിവിൽ വിശ്വാസമർപ്പിച്ചതോടെ തലവര മാറി. അങ്ങനെയാണ് മാനുഷി ചില്ലർക്കു വേണ്ടി മിസ് ഇന്ത്യ മത്സരത്തിന് വസ്ത്രം രൂപകൽപന ചെയ്യാൻ അവസരം എത്തുന്നത്. വിശ്രമമില്ലാത്ത ആറ് രാപകലുകൾ കൊണ്ടാണ് ഉണ്ണിക്കൃഷ്ണൻ മാനുഷിക്കുള്ള വസ്ത്രം തയ്യാറാക്കിയത്.

നവംബർ 14-ന് ജപ്പാനിലെ ടോക്കിയോയിൽ നടന്ന മിസ് ഇന്റർനാഷണൽ ഫൈനലിൽ ഇന്ത്യൻ ഫൈനലിസ്റ്റ് കൊൽക്കത്തക്കാരി അങ്കിതാകുമാരിക്ക് നാഷണൽ കോസ്റ്റ്യൂം രൂപകല്പനചെയ്തതും ഉണ്ണിക്കൃഷ്ണനായിരുന്നു. പെരിന്തൽമണ്ണയിൽ ക്രിസ്റ്റിനാസ് എന്ന സ്ഥാപനം നടത്തുകയാണ് ഉണ്ണിക്കൃഷ്ണൻ. എറണാകുളത്ത് പുതിയ ഫാഷൻ ഡിസൈനിങ് സ്ഥാപനം തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് ഈ യുവാവ് ഇപ്പോൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP