Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202218Thursday

'മരണപ്പെട്ട മകളേക്കാൾ നല്ലത് വിവാഹമോചിതയായ മകൾ'; ഭർതൃവീട്ടിൽ പന്തുതട്ടാൻ ഇട്ടുകൊടുക്കരുത്; മകളായിട്ട് ആ ജീവിതത്തിൽ നിന്നും ഇറങ്ങി വന്നാൽ അവളെ തള്ളിപ്പറയുകയല്ല, മുറുക്കെത്തന്നെ ചേർത്ത് പിടിക്കണം; ഡോക്ടർ ഷിംന അസീസിന്റെ കുറിപ്പ് ശ്രദ്ധേയമാകുന്നു

'മരണപ്പെട്ട മകളേക്കാൾ നല്ലത് വിവാഹമോചിതയായ മകൾ'; ഭർതൃവീട്ടിൽ പന്തുതട്ടാൻ ഇട്ടുകൊടുക്കരുത്; മകളായിട്ട് ആ ജീവിതത്തിൽ നിന്നും ഇറങ്ങി വന്നാൽ അവളെ തള്ളിപ്പറയുകയല്ല, മുറുക്കെത്തന്നെ ചേർത്ത് പിടിക്കണം; ഡോക്ടർ ഷിംന അസീസിന്റെ കുറിപ്പ് ശ്രദ്ധേയമാകുന്നു

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: പെൺമക്കൾക്ക് ഭർതൃവീട്ടിൽ ഒത്തുപോകാൻ പറ്റുന്നില്ലെങ്കിൽ ഇറങ്ങി പോരാനാണ് മാതാപിതാക്കൾ പറയേണ്ടതെന്ന് ഡോക്ടർ ഷിംന അസീസ്.നടിയും മോഡലുമായ ഷഹനയുടെ മരണത്തെ സൂചിപ്പിച്ചുകൊണ്ട് ഫേസ്‌ബുക്കിൽ എഴുതിയ പോസ്റ്റിലാണ് ഡോ. ഷിംന അസീസിന്റെ അഭിപ്രായ പ്രകടനം.

ഭർതൃവീട്ടിൽ പന്തുതട്ടാൻ പെൺമക്കളെ ഇട്ടുകൊടുക്കരുത്. പെൺമക്കൾ ആത്മഹത്യ ചെയ്താൽ അമ്മമാർ സ്ഥിരമായി പറയുന്നതാണ് എന്റെ മകൾ ആത്മഹത്യ ചെയ്യില്ല, അവൻ കൊന്നതാണേ തുടങ്ങിയ വിലാപങ്ങളെന്നും ഡോ. ഷിംന അസീസ് ഫേസ്‌ബുക്കിൽ കുറിച്ചു. എല്ലാം കൈയീന്ന് പോയിട്ട് കുത്തിയിരുന്ന് നെലോളിച്ചാൽ പോയവര് തിരിച്ച് വരില്ലെന്നും ഷിംന ഫേസ്‌ബുക്കിൽ കുറിക്കുന്നു.

ഡോ. ഷിംന അസീസിന്റെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ഇന്നും കണ്ടു ഒരു പെൺകുട്ടിയുടെ മരണത്തെ തുടർന്ന് 'എന്റെ മോൾ ആത്മഹത്യ ചെയ്യില്ല... അവൻ കൊന്നതാണേ....' വിലാപം. പതിവ് പോലെ മരിച്ച കുട്ടിയെ ഭർത്താവ് ഉപദ്രവിക്കാറുണ്ട്, മകൾ പരാതി പറഞ്ഞിട്ടുണ്ട് തുടങ്ങിയ അമ്മയുടെ ആരോപണങ്ങളും... അറിയാൻ വയ്യാഞ്ഞിട്ട് ചോദിക്യാണ്, പെൺമക്കൾക്ക് ഒത്ത് പോവാൻ കഴിയാത്ത ബന്ധമാണെന്ന് പറഞ്ഞാൽ പിന്നെ 'ഇന്ന് ശര്യാവും, മറ്റന്നാൾ നേരെയാവും' എന്ന് പറഞ്ഞ് ആ കുട്ടിയെ അവന് അവന്റെ വീട്ടിൽ പന്തുതട്ടാൻ ഇട്ടു കൊടുക്കുന്നതെന്തിനാണ്..! ഇറങ്ങിപ്പോരാൻ പറഞ്ഞേക്കണം.

ഇനി അഥവാ മകളായിട്ട് ആ ജീവിതത്തിൽ നിന്നും ഇറങ്ങി വന്നാൽ അവളെ തള്ളിപ്പറയുകയല്ല, മുറുക്കെത്തന്നെ ചേർത്ത് പിടിക്കണം. അപ്പോഴല്ലാതെ പിന്നെയെപ്പോഴാണ് നിങ്ങളവളുടെ കൂടെ നിൽക്കേണ്ടത്..! അഭിമാനവും ആകാശവും ഒന്നിച്ച് ഇടിഞ്ഞ് വീഴാനൊന്നും പോണില്ല. കൂടിപ്പോയാൽ അവനും അവന്റെയോ ഇനി നിങ്ങളുടേത് തന്നെയോ നാലും മൂന്നും ഏഴ് ബന്ധുക്കളും നാട്ടുകാരും മകളെക്കുറിച്ച് വല്ലതും പറഞ്ഞുണ്ടാക്കും. അത് നുണയാണെന്ന് നാല് ദിവസം കഴിയുമ്പോൾ എല്ലാർക്കും തിരിഞ്ഞോളും. അത്ര തന്നെ.

മരണപ്പെട്ട മകളേക്കാൾ നല്ലത് വിവാഹമോചിതയായ മകൾ തന്നെയാണ് എന്ന് എന്നാണിനി ഈ സമൂഹത്തിന്റെ തലയിൽ കയറുന്നത്. എല്ലാം കൈയീന്ന് പോയിട്ട് കുത്തിയിരുന്ന് നെലോളിച്ചാൽ പോയവര് തിരിച്ച് വരില്ല.മകളാണ്, അവസാനം ഒരു തുള്ളി വെള്ളം തരാനുള്ളവളാണ്, കയറിലും വിഷത്തിലും പുഴയിലും പാളത്തിലുമൊടുങ്ങുന്നത്... അല്ല, നിങ്ങളും നിങ്ങൾ ഭയക്കുന്ന ഈ ഒലക്കമ്മലെ സമൂഹവും ചേർത്തൊടുക്കുന്നത്.കഥാപാത്രങ്ങളേ മാറുന്നുള്ളൂ... കഥയെന്നുമത് തന്നെ !

വ്യാഴാഴ്ച രാത്രിയാണ് നടിയും മോഡലുമായ കാസർഗോഡ് സ്വദേശിനിയായ ഷഹനയെ കോഴിക്കോട് പറമ്പിൽ ബസാറിലെ വാടക വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഒന്നര വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. കഴിഞ്ഞ നാല് മാസമായി ഇവർ പറമ്പിൽ ബസാറിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഷഹനയുടെ ഭർത്താവായ സജാദിന്റെ നിലവിളി കേട്ടാണ് അയൽവാസികൾ ഇവരുടെ വീട്ടിൽ എത്തിയത്. സജാദിന്റെ മടിയിൽ ഷഹന അവശയായി കിടക്കുന്നതാണ് തങ്ങൾ കണ്ടതെന്ന് അയൽവാസികൾ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഷഹനയെ സജാദ് കൊലപ്പെടുത്തിയതാണെന്നാണ് മാതാപിതാക്കളുടെ ആരോപണം.

ഷഹനയുടെ മാതാവ് മാധ്യമങ്ങളോട് പറഞ്ഞത് ഇങ്ങനെ: ''പണത്തിന് വേണ്ടി എന്റെ മോളെ കൊന്നതാണ്. മദ്യലഹരിയിൽ സജാദ് മർദ്ദിക്കുന്ന വിവരങ്ങൾ കരഞ്ഞ് കൊണ്ട് മോൾ പറയുമായിരുന്നു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കാര്യവും മകൾ പറഞ്ഞിരുന്നു. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടായിരുന്ന മർദ്ദനവും പീഡനവും. അടുത്തിടെ പരസ്യത്തിലഭിനയച്ച് പ്രതിഫലമായി ചെക്ക് ആവശ്യപ്പെട്ടും മർദ്ദിച്ചിരുന്നു. മകളെ സജാദ് കൊന്നത് തന്നെയാണ്. ഉറപ്പാണ്. ഇനിയൊരു പെൺകുട്ടിക്കും ഈ അവസ്ഥയുണ്ടാകരുത്. നീതി ലഭിക്കണം. അവനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം. മർദ്ദിക്കുന്ന കാര്യത്തിൽ മകൾ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ അത് സജാദിന്റെ സുഹൃത്തുക്കൾ ഇടപെട്ട് തടയുകയായിരുന്നു. മരണത്തെ പേടിയാണ് മകൾക്ക്. ഒരിക്കലും സ്വയം മരിക്കില്ല. ഉയരങ്ങളിലേക്ക് പോകണമെന്നാണ് അവർ പറഞ്ഞത്. അവൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ല.'' മാതാവ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP