Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യുവാക്കൾക്ക് ടൂവീലർ എടുത്തു കൊടുക്കുന്ന രക്ഷകർത്താക്കൾ ശ്രദ്ധിക്കണം; പക്വതയുണ്ടെങ്കിലേ അവർക്ക് ടൂവീലർ വാങ്ങി നൽകാവൂ; അല്ലെങ്കിൽ ബാക്കി ജീവിതം കരഞ്ഞു തീർക്കേണ്ടി വരും; എ ഐ കാമറയ്ക്കും നിയന്ത്രിക്കാൻ കഴിയാത്ത കാര്യങ്ങളെ കുറിച്ച് പറഞ്ഞ് ഡോ. എസ് എസ് ലാൽ

യുവാക്കൾക്ക് ടൂവീലർ എടുത്തു കൊടുക്കുന്ന രക്ഷകർത്താക്കൾ ശ്രദ്ധിക്കണം; പക്വതയുണ്ടെങ്കിലേ അവർക്ക് ടൂവീലർ വാങ്ങി നൽകാവൂ; അല്ലെങ്കിൽ ബാക്കി ജീവിതം കരഞ്ഞു തീർക്കേണ്ടി വരും; എ ഐ കാമറയ്ക്കും നിയന്ത്രിക്കാൻ കഴിയാത്ത കാര്യങ്ങളെ കുറിച്ച് പറഞ്ഞ് ഡോ. എസ് എസ് ലാൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങൾ കുറയ്ക്കുന്നതിന് വേണ്ടിയാണ് സംസ്ഥാന സർക്കാർ എഐ ക്യാമറകൾ സ്ഥാപിച്ചത്. ഇതോടെ നിയമലംഘനങ്ങൾ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ, ലഹരി ഉപയോഗവും ബൈക്കിലുള്ള ചീറിപ്പായലും കാരണം അപകടങ്ങൾ വരുന്ന വഴികളെ കുറിച്ചു തുറന്നു പറഞ്ഞിരിക്കയാണ് ഡോ. എസ് എസ് ലാൽ.

നിയമങ്ങൾ പാലിച്ച് മര്യാദയ്ക്ക് വണ്ടിയോടിച്ചാൽ തന്നെ അപകടം പറ്റാനും മരിച്ചു പോകാനും സാധ്യതയുള്ള നാടാണ് കേരളം എന്നാണ് ഡോ. എസ് എസ് ലാൽ പറയുന്നത്. അവിടെയാണ് മദ്യപിച്ചും മയക്കുമരുന്നടിച്ചും ബോധം പോയി ചിലർ വണ്ടിയോടിക്കുന്നത്. ഇത് ശുദ്ധ അഹങ്കാരമാണ്. ക്രിമിനൽ കുറ്റമാണ്. സ്വയം അപകടത്തിൽ പെടുന്നത് കൂടാതെ വഴിയേ പോയവരേയും അപകടപ്പെടുത്തി കൊല്ലുന്നവരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ലഹരി ഉപയോഗിച്ചിട്ട് വാഹനമോടിക്കുന്നവരെ കണ്ടുപിടിക്കാനും കടുത്ത ശിക്ഷ നടപ്പാക്കാനും ആധുനിക സംവിധാനങ്ങൾ ഉപയോഗിക്കുന്ന കാര്യം സർക്കാർ ആലോചിക്കണമെന്നും കഴിഞ്ഞ ദിവസത്തെ ഒരു അനുഭവ ചൂണ്ടിക്കാട്ടി ഡോ എസ് എസ് ലാൽ പറയുന്നു. വാഹനങ്ങൾ അതിവേഗത്തിൽ ഓടിച്ച് ഷൈൻ ചെയ്യുന്ന കേമന്മാരോട്. നിങ്ങൾ തനി മണ്ടന്മാരാണ്. നിങ്ങളുടെ സാമർത്ഥ്യം ആദ്യത്തെ അപകടം വരെ മാത്രമേയുള്ളൂ. അപകടത്തിന് ശേഷം ബുദ്ധിയുണ്ടായിട്ടും നിലവിളിച്ചിട്ടും കാര്യമില്ല. യുവാക്കൾക്ക് ടൂവീലർ എടുത്തു കൊടുക്കുന്ന രക്ഷകർത്താക്കളും ശ്രദ്ധിക്കണം. പക്വതയുണ്ടെങ്കിലേ അവർക്ക് ടൂവീലർ വാങ്ങി നൽകാവൂ. അല്ലെങ്കിൽ ബാക്കി ജീവിതം കരഞ്ഞു തീർക്കേണ്ടി വരുമെന്നും ലാൽ മുന്നറിയിപ്പു നൽകുന്നു.

ഡോ. എസ് എസ് ലാൽ ഫേസ്‌ബുക്കിൽ കുറിച്ചത്:

കാമറയ്ക്കും നിയന്ത്രിക്കാൻ കഴിയാത്തത്.

ഇന്നലെ രാത്രി പത്തര മണിയായിക്കാണും. ഞാൻ കാറോടിച്ച് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലെത്തി. മറ്റൊരു റോഡിലേയ്ക്ക് തിരിയാൻ സിഗ്‌നൽ ഇട്ട് നിൽക്കുകയായിരുന്നു. ഒരു യുവാവ് എന്റെ കാറിന്റെ പിന്നിൽ നിന്നും ബൈക്കിൽ വന്ന് എന്നെപ്പോലെ റോഡ് കടക്കാൻ എന്റെ ഇടത് വശത്ത് നിർത്തി. പക്ഷേ ബൈക്ക് അയാളുടെ കൈയിൽ നിൽക്കുന്നില്ല. ഇടയ്ക്ക് മുന്നോട്ടു കുതിക്കുന്നു. കാല് കൊണ്ട് അയാൾ പിന്നോട്ട് തുഴയുന്നു. കൈകളുടേയും കാലുകളുടേയും പ്രവർത്തനങ്ങൾ തമ്മിൽ ഏകോപനമില്ല. ബൈക്ക് ഇടക്കിടെ വശങ്ങളിലേയ്ക്ക് ചായുന്നു.

മറുവശത്ത് നിന്ന് മറ്റൊരു ബൈക്കിൽ പോയ ആൾ, സുഹൃത്തായിരിക്കണം, ഈ യുവാവിനോട് ആംഗ്യങ്ങൾ കാണിക്കുന്നു. അപ്പോഴാണ് താൻ റോഡിന്റെ മദ്ധ്യത്തിലേയ്ക്ക് കയറി നിൽക്കുന്ന കാര്യം യുവാവ് അറിയുന്നത്. നേരേ പോകുന്ന വാഹനങ്ങൾ തന്റെ ദേഹത്ത് വന്നിടിക്കാൻ സാദ്ധ്യതയുണ്ടെന്ന് മനസിലാക്കുന്നത്. അദ്ദേഹം വീണ്ടും കാലുകൊണ്ട് തുഴഞ്ഞ് പിന്നിലേയ്ക്ക് വരുന്നു. എന്റെ കാറിൽ വന്ന് മുട്ടുമ്പോഴാണ് അയാൾ അങ്ങനെയൊരു കാർ അവിടെയുണ്ടന്നറിയുന്നത്. വീണ്ടും മുന്നോട്ടും പിന്നോട്ടും തുഴയാൻ ശ്രമിക്കുന്നു. അതിനിടയിൽ മറ്റേ ബൈക്കുകാരൻ എത്തുന്നു. യുവാവിനെ സഹായിക്കാൻ ശ്രമിക്കുന്നു.

യുവാവ് മദ്യത്തിന്റെയോ മറ്റെന്തെങ്കിലും ലഹരിയുടെയോ സ്വാധീനത്തിലാണ്. നേരേ നിൽക്കാൻ ശ്രമിക്കുന്നതിനിടയിൽ യുവാവ് ബൈക്കുമായി എന്റെ കാറിന്റെ ഇടത് വശത്ത് നിലത്ത് വീഴുന്നു. മറ്റേ ബൈക്കുകാരൻ പിടിച്ചെഴുന്നേൽപ്പിക്കുന്നു. ഞാൻ കാറിന്റെ ഗ്ലാസ് ഉയർത്തി എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്ന് ചോദിച്ചു. ഇല്ലെന്ന് രണ്ടുപേരും പറഞ്ഞു. രണ്ടാം ബൈക്കുകാരന് എങ്ങനെയും അവിടെ നിന്ന് രക്ഷപെട്ടാൽ മതി. പക്ഷേ സുഹൃത്തിനെ മെരുക്കാൻ കഴിയുന്നില്ല. ചില കാര്യങ്ങൾ പറയാനുണ്ട്.

ടൂവീലറുകളുമായി നിരവധി യുവാക്കൾ വളരെ അശ്രദ്ധമായി റോഡുകളിൽ പായുന്നുണ്ട്. വെള്ളത്തിലെ ചില മത്സ്യങ്ങളെപ്പോലെ തെന്നിയും തെറിച്ചും ബൈക്ക് ഓടിക്കുന്നു. കിട്ടിയ സ്ഥലത്തു കൂടി ഓവർടേക്ക് ചെയ്യുന്നു. കഴിയുമെങ്കിൽ ഇടത് വശത്തുകൂടിത്തന്നെ. ഇങ്ങനെ ചെയ്യുന്ന യുവാക്കളോട്: നിങ്ങളുടെ മെയ് വഴക്കം റോഡിലുള്ള എല്ലാ ഡ്രൈവർമാർക്കും കാണില്ല. നിങ്ങൾ പ്രതീക്ഷിക്കുന്ന വേഗത്തിൽ അവർ ബ്രേക്ക് ചവിട്ടണമെന്നില്ല. ഒരു സെക്കന്റിന്റെ ചെറിയൊരു അംശം മാത്രം മതി വലിയ അപകടമുണ്ടാകാൻ. അപകടമുണ്ടായാൽ പിന്നെ കാര്യങ്ങൾ നിങ്ങളുടെ നിയന്ത്രണത്തിലല്ല. ബോധം വരുമ്പോൾ (വന്നാൽ) ശരീരത്തിന്റെ പല ഭാഗങ്ങളും കാണണമെന്നില്ല. ഉള്ള ഭാഗങ്ങൾ ചലിക്കണമെന്നില്ല. ചലനശേഷി നഷ്ടപ്പെടുന്നത് ബാക്കിയുള്ള ജീവിത കാലത്തേയ്ക്കായിരിക്കാം. അതായത് ശിഷ്ട ജീവിതം കട്ടിലിൽ.

കഴുത്തിലെ നട്ടെല്ലാണ് ഒടിഞ്ഞതെങ്കിൽ ബാക്കി ജീവിതത്തിൽ കണ്ണും ചുണ്ടും മാത്രമായിരിക്കും സ്വയം ചലിപ്പിക്കാൻ കഴിയുന്ന അവയവങ്ങൾ. നിർഭാഗ്യവശാൽ അപകടം പറ്റി ഇത്തരത്തിൽ ജീവിക്കുന്നവരുടെ അനുഭവങ്ങളും മനസിലെ ചിന്തകളും പങ്കിടുന്നത് നേരിൽ കേട്ടിട്ടുണ്ട്. പല്ല് തേയ്‌പ്പിക്കാനും ഭക്ഷണം തരാനും മലവും മൂത്രവും മാറ്റി ശരീരം വൃത്തിയാക്കാനും പരസഹായം വേണം. കൂടെയുള്ളവർ എത്ര പിന്തുണച്ചാലും തങ്ങൾ വീടിനും സമൂഹത്തിനും രാജ്യത്തിനും ബാദ്ധ്യതയാണെന്ന് തോന്നിപ്പോകും. മരിക്കണമെന്ന് ആഗ്രഹിച്ചുപോകും, കിടപ്പായ ആളും ചിലപ്പോൾ അവരെ നോക്കുന്ന ചിലരും. സ്വന്തം തെറ്റ് കൊണ്ടല്ലാതെ അപകടത്തിൽപ്പെട്ടവർക്ക് തന്നെ ഇതേ മാനസികാവസ്ഥയാണ്. അപ്പോൾ അപകടം ക്ഷണിച്ചുവരുത്തിയവരുടെ കഥ പറയണോ?

ഒരു വർഷം ശരാശരി നാല്പതിനായിരം റോഡപകടങ്ങളാണ് ഈ കൊച്ചു കേരളത്തിൽ ഉണ്ടാകുന്നത്. അതിൽ നാലായിരത്തോളം പേർ മരിക്കുന്നു. പത്ത് ശതമാനം. അതായത് പത്ത് അപകടത്തിൽ ഒരാൾ മരിക്കുന്നു. മരിക്കുന്നവരിൽ എഴുപത് ശതമാനവും യുവാക്കളാണ്. നിയമങ്ങൾ പാലിച്ച് മര്യാദയ്ക്ക് വണ്ടിയോടിച്ചാൽ തന്നെ അപകടം പറ്റാനും മരിച്ചു പോകാനും സാദ്ധ്യതയുള്ള നാടാണ് കേരളം. അവിടെയാണ് മദ്യപിച്ചും മയക്കുമരുന്നടിച്ചും ബോധം പോയി ചിലർ വണ്ടിയോടിക്കുന്നത്. ഇത് ശുദ്ധ അഹങ്കാരമാണ്. ക്രിമിനൽ കുറ്റമാണ്. സ്വയം അപകടത്തിൽ പെടുന്നത് കൂടാതെ വഴിയേ പോയവരേയും അപകടപ്പെടുത്തി കൊല്ലുന്നവർ.

ലഹരി ഉപയോഗിച്ചിട്ട് വാഹനമോടിക്കുന്നവരെ കണ്ടുപിടിക്കാനും കടുത്ത ശിക്ഷ നടപ്പാക്കാനും ആധുനിക സംവിധാനങ്ങൾ ഉപയോഗിക്കുന്ന കാര്യം സർക്കാർ ആലോചിക്കണം. വാഹനങ്ങൾ അതിവേഗത്തിൽ ഓടിച്ച് ഷൈൻ ചെയ്യുന്ന കേമന്മാരോട്. നിങ്ങൾ തനി മണ്ടന്മാരാണ്. നിങ്ങളുടെ സാമർത്ഥ്യം ആദ്യത്തെ അപകടം വരെ മാത്രമേയുള്ളൂ. അപകടത്തിന് ശേഷം ബുദ്ധിയുണ്ടായിട്ടും നിലവിളിച്ചിട്ടും കാര്യമില്ല. യുവാക്കൾക്ക് ടൂവീലർ എടുത്തു കൊടുക്കുന്ന രക്ഷകർത്താക്കളും ശ്രദ്ധിക്കണം. പക്വതയുണ്ടെങ്കിലേ അവർക്ക് ടൂവീലർ വാങ്ങി നൽകാവൂ. അല്ലെങ്കിൽ ബാക്കി ജീവിതം കരഞ്ഞു തീർക്കേണ്ടി വരും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP