Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202023Wednesday

വിവാദം കത്തി നിൽക്കവേ ട്രാക് സ്യൂട്ടും ടീ ഷർട്ടും അണിഞ്ഞ് രേണു രാജ് മൂന്നാറിൽ എത്തി ഒറ്റയോട്ടത്തിന് മറി കടന്നത് ഏഴ് കിലോമീറ്റർ; മൂന്നാർ മാരത്തോണിലെ ഫൺ വിത്ത് റൺ വിഭാഗത്തിൽ കപ്പടിക്കാൻ എത്തിയ സബ് കളക്ടർ വീണ്ടും ഭൂമി പരിശോധനയ്ക്ക് എത്തിയതെന്ന് കരുത്തി അമിതാവേശം വേണ്ടെന്ന മുന്നറിയിപ്പുമായി സിപിഎം ജില്ലാ സെക്രട്ടറി; ഭരണ കക്ഷി എംഎൽഎയോട് കൊമ്പ് കോർത്ത് നിയമം നടപ്പിലാക്കാൻ ഇറങ്ങിയ ഡോക്ടർക്ക് വിവാദങ്ങളിൽ തെല്ലും ചാഞ്ചാട്ടമില്ല

വിവാദം കത്തി നിൽക്കവേ ട്രാക് സ്യൂട്ടും ടീ ഷർട്ടും അണിഞ്ഞ് രേണു രാജ് മൂന്നാറിൽ എത്തി ഒറ്റയോട്ടത്തിന് മറി കടന്നത് ഏഴ് കിലോമീറ്റർ; മൂന്നാർ മാരത്തോണിലെ ഫൺ വിത്ത് റൺ വിഭാഗത്തിൽ കപ്പടിക്കാൻ എത്തിയ സബ് കളക്ടർ വീണ്ടും ഭൂമി പരിശോധനയ്ക്ക് എത്തിയതെന്ന് കരുത്തി അമിതാവേശം വേണ്ടെന്ന മുന്നറിയിപ്പുമായി സിപിഎം ജില്ലാ സെക്രട്ടറി; ഭരണ കക്ഷി എംഎൽഎയോട് കൊമ്പ് കോർത്ത് നിയമം നടപ്പിലാക്കാൻ ഇറങ്ങിയ ഡോക്ടർക്ക് വിവാദങ്ങളിൽ തെല്ലും ചാഞ്ചാട്ടമില്ല

മറുനാടൻ മലയാളി ബ്യൂറോ

ഇടുക്കി: തന്നെ തോൽപ്പിക്കാൻ ആരെങ്കിലുമുണ്ടോ എന്ന ചോദ്യവുമായി ദേവികുളം സബ് കളക്ടർ ഡോ. രേണുരാജ് ഐ.എ.എസ്. മൂന്നാർ നൽകിയ ഉത്തരവും ഇല്ലെന്നായിരുന്നു. ജോലിയിലല്ല കളിക്കളത്തിലും മിടുക്കിയാണ് ഈ ഐഎഎസുകാരി. എംഎ‍ൽഎയുടെ മോശം പദങ്ങളുപയോഗിച്ചുള്ള കടന്നാക്രമങ്ങളിൽ പതറിപ്പോകുന്നവളല്ലെന്ന് തെളിയിച്ച് മൂന്നാം മൂന്നാർ മാരത്തണിൽ റൺ വിത്ത് ഫൺ വിഭാഗത്തിൽ ഒന്നാമതെത്തി ദേവി കുളത്തിന്റെ സ്വന്തം സബ് കളക്ടർ. തീയിൽ കുരുത്തവൾ വെയിലത്ത് വാടില്ലെന്ന് തെളിയിക്കുകയാണ് രേണുരാജ്

Stories you may Like

രണ്ടുദിവസം മുമ്പ് സ്ഥലം എംഎ‍ൽഎ എസ്.രാജേന്ദ്രൻ തന്നെ അധിക്ഷേപിച്ച സ്ഥലത്ത് ഇന്നലെ രേണുരാജിന്റെ സുവർണഫിനിഷ്. അതിരാവിലെ ട്രാക് സ്യൂട്ടണിഞ്ഞ് മൂന്നാറിലെത്തിയ സബ് കളക്ടർ റൺ വിത്ത് ഫൺ വിഭാഗത്തിൽ ഏഴ് കിലോമീറ്റർ ദൂരം തളരാതെ ഓടി ഒന്നാമത് ഫിനിഷ് ചെയ്തു. രണ്ടാം സ്ഥാനക്കാരനായത് മൂന്നാർ ഡി.എഫ്.ഒ നരേന്ദ്രബാബു ഐ.എഫ്.എസ് ആയിരുന്നു. മൂന്നാമനാകട്ടെ ഡോ. രേണു രാജിന്റെ പിതാവ് രാജകുമാരൻ നായരും. പക്ഷേ ഇതൊന്നും സിപിഎം ജില്ലാ സെക്രട്ടറി അറിഞ്ഞില്ല. ഇന്നലെ ഞായറാഴ്ചയായിട്ടും സബ് കളക്ടർ മൂന്നാറിൽ എത്തിയത് വിവാദ കെട്ടിടനിർമ്മാണം പരിശോധിക്കാനാണെന്ന് തെറ്റിദ്ധരിച്ച സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രൻ,രേണു രാജിന് അമിതാവേശമാണെന്ന് കുറ്റപ്പെടുത്തി. പിന്നീടാണ് അബദ്ധം സിപിഎം ജില്ലാ സെക്രട്ടറിക്ക് മനസ്സിലായത്.

വിനോദസഞ്ചാര വികസനത്തിന്റെ ഭാഗമായി നടത്തുന്ന മൂന്ന് മാരത്തൺ മത്സരങ്ങളിൽ ഒന്നിന്റെ ഉദ്ഘാടക കൂടിയായിരുന്നു സബ് കളക്ടർ. ഹൈ ആൾട്ടിറ്റിയൂട് സ്റ്റേഡിയത്തിൽ നിന്ന് ആരംഭിച്ച് മൂന്നാർ, വട്ടപ്പാറ, സിഗ്‌നേച്ചർ പോയിന്റ് സൈലന്റ് വാലി റോഡ് വഴി സ്റ്റാർട്ടിങ് പോയിന്റിൽ തിരിച്ചെത്തുന്ന 42 കിലോമീറ്റർ വിഭാഗവും, മൂന്നാർ, ലക്ഷ്മി എസ്റ്റേറ്റ് വരെ പോയി തിരിച്ചെത്തുന്ന 21 കിലോമീറ്റർ വിഭാഗവും, സബ്കളക്ടർ ഉൾപ്പെടെയുള്ളവർ മത്സരിച്ച ഹൈ ആൾറ്റിറ്റിയൂട് സ്റ്റേഡിയത്തിൽ നന്ന് ആരംഭിച്ച് ടൗൺ, ഹെഡ് വർക്ക് ഡാം, പഴയ മൂന്നാർ വഴി തിരിച്ചെത്തുന്ന ഏഴ് കിലോമീറ്റർ റൺ വിത്ത് ഫൺ മത്സരവുമാണ് ഉണ്ടായിരുന്നത്. കാനഡ, ഫ്രാൻസ്, പോളണ്ട്, സെർബിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുൾപ്പെടെ 1500 പേരാണ് മറ്റ് രണ്ട് മത്സരങ്ങളിലും പങ്കെടുത്തത്.

സർക്കാർ സ്‌കൂളുകളിലും കോളേജിലും പഠിച്ച സാധാരണ ചുറ്റുപാടിൽ വളർന്ന രേണു പഠനത്തിനൊപ്പം തൊട്ടതെല്ലാം പൊന്നാക്കിയ വ്യക്തിത്വമാണ്. ഇത് തന്നെയാണ് മൂന്നാറിലെ മാരത്തോണിലും കണ്ടത്. ഇത്തിത്താനം മലകുന്നം ചിറവുമുട്ടം ക്ഷേത്രത്തിന് സമീപം ശ്രീശൈലത്തിൽ എം കെ രാജശേഖരൻ നായരുടെയും വി എൻ ലതയുടെയും മൂത്തമകളായ രേണു രാജ്. സിവിൽ സർവ്വീസ് പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയാണ് അച്ഛന്റെ സ്വപ്നം സാക്ഷാത്കരിച്ചത്. ബസ് കണ്ടക്ടറായിരുന്ന അച്ഛന് മകളെ ഐഎഎസുകാരിയാക്കാനായിരുന്നു ആഗ്രഹം. വിവാഹശേഷം ഭർത്താവ് നൽകിയ പിന്തുണയും കൂടി ചേർന്നപ്പോൾ രേണു സ്വപ്നം കൈപ്പിടിയിലൊതുക്കി.

പ്രൈമറി തലം മുതൽ പഠനത്തിൽ മിടുക്കിയായിരുന്നു. ചങ്ങനാശേരി സെന്റ് തെരേസാസ് സ്‌കൂളിൽ നിന്ന് പതിനൊന്നാം റാങ്കോടെയാണ് പത്താം ക്ലാസ് പാസായത്. തൃശൂരിൽ ഹയർസെക്കൻഡറി പഠനത്തിന് ശേഷം 60-ാം റാങ്കോടെ കോട്ടയം മെഡിക്കൽ കോളേജിൽ എംബിബിഎസിന് പ്രവേശനം നേടി. 2014 ൽ പഠനം പൂർത്തിയാക്കി പ്രാക്ടീസ് ആരംഭിച്ചു. കൊല്ലത്തെ കല്ലുവാതുക്കൽ ഇഎസ്ഐ ഡിസ്പെൻസറിയിൽ ജോലി ചെയ്തുകൊണ്ടാണ് ഐഎഎസ് സ്വപ്‌നം സഫലമാക്കിയത്. പഠനത്തോടൊപ്പം പാഠ്യേതര വിഷയങ്ങളിലും ഉന്നതനിലവാരം പുലർത്തിയ രേണു ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം എന്നിവയും അഭ്യസിച്ചിട്ടുണ്ട്. സ്‌കൂൾ പഠന കാലത്ത് ഭരതനാട്യത്തിലും മോഹിനിയാട്ടത്തിലും ജില്ലാ തലത്തിൽ സമ്മാനങ്ങൾ നേടി. കായിക മേളകളിലും മാറ്റുരച്ചു. ഈ മികവെല്ലാം ഇപ്പോഴും ഒപ്പമുണ്ടെന്ന് തെളിയിക്കുന്നതാണ് മാരത്തോണിലെ വിജയം.

തൃശൂരിലായിരുന്നു സബ് കളക്ടർ എന്ന നിലയിൽ രേണുരാജിന്റെ ആദ്യ നിയമനം. നിയമലംഘനങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച രേണുരാജ് അധികം വൈകാതെ ചിലരുടെ കണ്ണിലെ കരടായി മാറി. വടക്കാഞ്ചേരി വാഴക്കോട്ട് സിപിഎം നേതാക്കളുടെ ഒത്താശയോടെ പ്രവർത്തിച്ച അനധികൃത ക്വാറി രേണുരാജ് പൂട്ടിച്ചു. പൊലീസും അധികാരികളും ഒത്താശ നൽകി പ്രവർത്തിച്ചുവന്ന ക്വാറിയാണ് രേണുരാജ് ഇച്ഛാശക്തിയോടെ പൂട്ടിച്ചത്. ഒരുദിവസം പുലർച്ചെ മറ്റാരെയും കൂട്ടാതെ നടത്തിയ പരിശോധനയ്‌ക്കൊടുവിലാണ് പൊലീസിനെയും മറ്റ് ഉദ്യോഗസ്ഥരെയും വിളിച്ചുവരുത്തി രേണുരാജ് ക്വാറിക്കെതിരെ നടപടിയെടുത്തത്. പിന്നീട് ഒരു വർഷത്തോളം തൃശൂരിൽ തുടർന്ന രേണുരാജ് പ്രളയകാലത്ത് സ്വീകരിച്ച നടപടികളും ചർച്ചയായി.

വൻകിട ഭൂമാഫിയ വിരാജിക്കുന്നയിടമാണ് ദേവികുളം. ഇവിടേക്ക് എത്തുന്ന ആദ്യ വനിതാ സബ് കളക്ടറാണ് രേണുരാജ്. രാഷ്ട്രീയക്കാരുടെ ഒത്താശയോടെ സർക്കാർ ഭൂമി കൈയേറിയുള്ള നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്ന നാട്. ഇവിടെ ചുമതലയേറ്റ അന്നുമുതൽ ഇന്നുവരെ മുപ്പതോളം അനധികൃത നിർമ്മാണങ്ങൾക്കാണ് രേണുരാജ് സ്റ്റോപ്പ് മെമോ നൽകിയത്. ഇതിൽ ഗോകുലം ഗോപാലന്റെ മകന്റെ ഉടമസ്ഥതയിലുള്ള കെട്ടിടവും ഉൾപ്പെടും. ശക്തമായി മുന്നോട്ടുപോകുന്നതിനിടെയാണ് എസ് രാജേന്ദ്രൻ എംഎൽഎയുടെ അധിക്ഷേപം. എന്നാൽ അതിലൊന്നും തളരാതെ 'ഞാൻ മുന്നോട്ടുതന്നെ പോകും' എന്നായിരുന്നു രേണു രാജിന്റെ പ്രതികരണം.

അതിനിടെ സബ് കലക്ടറെ പിന്തുണച്ച് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ രംഗത്ത് എത്തി. മൂന്നാറിൽ സബ് കലക്ടർ രേണു രാജ് പ്രവർത്തിച്ചത് നിയമപരമായിമാത്രമാണ്. ഉദ്യോഗസ്ഥയ്‌ക്കെതിരെ ഒരുതരത്തിലുള്ള അന്വേഷണവും ആവശ്യമില്ല. മറ്റാർക്കെങ്കിലും വീഴ്ചയുണ്ടായോ എന്ന് അവർ തന്നെ അന്വേഷിക്കണം. കോടതിവിധിയനുസരിച്ചുള്ള നടപടികൾ തുടരുമെന്നും ഇ.ചന്ദ്രശേഖരൻ കൂട്ടിച്ചേർത്തു. സബ് കലക്ടറെ എസ്.രാജേന്ദ്രൻ എംഎൽഎ അധിക്ഷേപിച്ചതിലായിരുന്നു മന്ത്രിയുടെ പ്രതികരണം. എംഎൽഎ പിന്തുണയ്ക്കുന്നത് അനധികൃതനിർമ്മാണത്തെയെന്ന് സിപിഐ ജില്ലാസെക്രട്ടറി കെ.കെ. ശിവരാമൻ പറഞ്ഞു. പരിസ്ഥിതിലോലമേഖലയിലാണ് പഞ്ചായത്ത് നിർമ്മാണം നടത്തുന്നത്. തെറ്റുതിരുത്തേണ്ട എംഎൽഎ തെറ്റിന് കൂട്ടുനിൽക്കരുതെന്നും ശിവരാമൻ തുറന്നടിച്ചു.

ദേവികുളം സബ് കലക്ടറെ അധിക്ഷേപിച്ച എസ്.രാജേന്ദ്രൻ എംഎൽഎയോട് സിപിഎം വിശദീകരണം തേടിയിട്ടുണ്ട്. പഴയ മൂന്നാറിൽ മുതിരപ്പുഴയാറിന്റെ കരയിൽ ചട്ടം ലംഘിച്ച് വ്യവസായകേന്ദ്രം നിർമ്മിക്കുന്നത് തടയാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി തിരിച്ചയച്ചതിനൊപ്പമാണ് എസ്.രാജേന്ദ്രൻ എംഎൽഎ ദേവികുളം സബ് കലക്ടർ രേണു രാജിനെ അധിക്ഷേപിച്ചത്. പഞ്ചായത്ത് ഫണ്ടുപയോഗിച്ചാണ് പുഴയോരം കയ്യേറി വനിതാവ്യവസായകേന്ദ്രം നിർമ്മിക്കുന്നത്. സബ് കലക്ടറുടെ അനുമതി വാങ്ങണമെന്ന വ്യവസ്ഥയും കാറ്റിൽപ്പറത്തി. ഇതിനെതിരെ നിയമനടപടി തുടരുമെന്ന് സബ് കലക്ടർ അറിയിച്ചു. റവന്യൂ ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയവർക്കെതിരെ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകാനാണ് തീരുമാനം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP