Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202001Sunday

ഋഷി തുല്യനെന്ന് വിശേഷണമുള്ള സ്ത്രീ വിഷയത്തിൽ കുടുങ്ങി മർദ്ദനമേറ്റ അദ്ധ്യാപകൻ! അദ്ധ്യാപികയ്ക്ക് പിറകെ പോയി സ്ഥലം മാറ്റം വാങ്ങിയ വില്ലൻ; പെൺകുട്ടികൾ ജീൻസ് ധരിച്ചാൽ ഗർഭപാത്രത്തിൽ ക്യാൻസർ വരുമെന്ന് കണ്ടെത്തിയ സ്യൂഡോ സയന്റിസ്റ്റ്; അമ്മമാർ ആണുങ്ങളെ പോലെ വേഷം ധരിച്ചാൽ ജനിക്കുന്ന കുഞ്ഞുങ്ങൾ ട്രാൻസ് ജെൻഡറാരാകുമെന്ന് കളിയാക്കിയ ശാസ്ത്ര വിരോധി! ബിഗ് ബോസിൽ നിന്ന് പുറത്താകുമ്പോൾ താരവും; സോഷ്യൽ മീഡിയയിലെ പുതിയ കഥാപാത്രം ഡോ രജിത് കുമാറിന്റെ കഥ

ഋഷി തുല്യനെന്ന് വിശേഷണമുള്ള സ്ത്രീ വിഷയത്തിൽ കുടുങ്ങി മർദ്ദനമേറ്റ അദ്ധ്യാപകൻ! അദ്ധ്യാപികയ്ക്ക് പിറകെ പോയി സ്ഥലം മാറ്റം വാങ്ങിയ വില്ലൻ; പെൺകുട്ടികൾ ജീൻസ് ധരിച്ചാൽ ഗർഭപാത്രത്തിൽ ക്യാൻസർ വരുമെന്ന് കണ്ടെത്തിയ സ്യൂഡോ സയന്റിസ്റ്റ്; അമ്മമാർ ആണുങ്ങളെ പോലെ വേഷം ധരിച്ചാൽ ജനിക്കുന്ന കുഞ്ഞുങ്ങൾ ട്രാൻസ് ജെൻഡറാരാകുമെന്ന് കളിയാക്കിയ ശാസ്ത്ര വിരോധി! ബിഗ് ബോസിൽ നിന്ന് പുറത്താകുമ്പോൾ താരവും; സോഷ്യൽ മീഡിയയിലെ പുതിയ കഥാപാത്രം ഡോ രജിത് കുമാറിന്റെ കഥ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെ എത്തി ടിപി ബാലഗോപാലനായി തിളങ്ങി രാജാവിന്റെ മകനിലൂടെ കിരീടവും ചെങ്കോലും സ്വന്തമാക്കിയ പുലി മുരുകനും ലൂസിഫറുമായി മാറിയ ഫാൻസുകാരുടെ ആറാംതമ്പുരാനായിരുന്നു മോഹൻലാൽ. മലയാളികൾക്കിടയിൽ ഏറ്റവും അധികം ആരാധകരുള്ള വെള്ളിത്തിരയിലെ സൂപ്പർതാരം. മമ്മൂട്ടിയും മോഹൻലാലും സിനിമയിലൂടെ വർഷങ്ങളെടുത്ത് സ്വന്തമാക്കിയ അത്രയും പ്രേക്ഷക ലക്ഷങ്ങളുടെ ആരാധനാ മനസ്സ് വെറുമൊരു റിയാലിറ്റി ഷോയിലൂടെ സ്വന്താക്കുകയാണോ രജിത് കുമാർ. ബിഗ് ബോസിൽ നിന്ന് പുറത്തായ രജിത് കുമാറിന് സോഷ്യൽമീഡിയ കണ്ണീരിൽ നിറഞ്ഞ കൈയടിയാണ് നൽകുന്നത്. അങ്ങനെ മലയാളത്തിലെ മറ്റൊരു താരമായി രജിത് കുമാറിന്റെ പേരും ചർച്ചയാക്കുകയാണ്.

രജിത് കുമാറിന് വേണ്ടി ഏഷ്യാനെറ്റ് ഉണ്ടാക്കിയതാണ് രജിത് ആർമിയെന്ന ചർച്ചകൾ ഈ സീസണിലെ ബിഗ് ബോസ് തുടങ്ങുമ്പോൾ ചർച്ചയായിരുന്നു. ഓരോ എലിമിനേഷനിലും പ്രേക്ഷക പിന്തുണ കൂട്ടി കളി തടർന്ന രജിത് കുമാറിനെ ഒടുവിൽ പിടിച്ചു കെട്ടിയത് രേഷ്മയെന്ന മത്സാർത്ഥിയാണ്. ടാസ്‌കിനിടെ രേഷ്മയുടെ കണ്ണിൽ മുളക് തേച്ച തേപ്പുകാരനായി ബിഗ് ബോസ് ഹൗസിൽ നിന്ന് രജിത് കുമാർ പുറത്തായി. പിന്നാൽ സോഷ്യൽ മീഡിയയിൽ മോഹൻലാലിനും ഏഷ്യാനെറ്റിനും എതിരെ രജിത് ആർമി തിരിഞ്ഞു. വലിയ പിന്തുണയാണ് ഈ കൂട്ടായ്മയ്ക്ക് സോഷ്യൽ മീഡിയയിലെ വിവിധ ഗ്രൂപ്പുകളിൽ നിന്ന് ലഭിക്കുന്നത്. എൻഡമോൾഷൈൻ ഏഷ്യാനെറ്റിന് വേണ്ടി ഒരുക്കിയ ആദ്യ സീസണിൽ ബിഗ് ബോസിലെ സൂപ്പർ താരം തരികിട സാബുവിന് കിട്ടിയതിന്റെ പതിന്മടങ്ങ് പിന്തുണ. പേളി മാണിയും സാബുവുമെല്ലാം ഉണ്ടാക്കിയ ആരാധക വന്തങ്ങൾ എല്ലാം രജിത് കുമാറിന്റെ തേരോട്ടത്തിൽ അപ്രസക്തമായി.

രജിത് കുമാറും ദയ അച്ചുവും തമ്മിലുണ്ടായ ദീർഘസംഭാഷണമാണ് ബിഗ് ബോസ് എപ്പിസോഡ് രജിത് കുമാറിന്റെ കഥ പറയുന്നത് തുടങ്ങിയത്. മുൻപ് പ്ലസ് ടു അദ്ധ്യാപകനായിരുന്ന കാലത്ത് തന്നെ തേടിയെത്തിയ ഒരു വിവാഹാലോചനയെക്കുറിച്ച് ദയയോട് സംസാരിക്കുകയായിരുന്നു രജിത്. തന്നെക്കാൾ രണ്ട് വയസ് മൂത്ത ഒരു അദ്ധ്യാപികയുടെ കാര്യമാണ് രജിത് സംസാരിച്ചത്. അവർ വിവാഹിതയായിരുന്നുവെന്നും എന്നാൽ അതിൽ തുടരാൻ പറ്റാത്തവിധം ബുദ്ധിമുട്ട് നേരിട്ടിരുന്നുവെന്നും അവരുടെ ബന്ധുവായ ഒരാളാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നുമൊക്കെ രജിത് ദയയോട് പറഞ്ഞു. ഈ അനുഭവം പറയവെ രജിത്തിന്റെ നിരീക്ഷണങ്ങളോട് വിയോജിച്ച് ദയ തന്റെ അഭിപ്രായങ്ങൾ പറഞ്ഞതോടെ ഇരുവരും തമ്മിൽ വലിയ തർക്കവും ആരംഭിച്ചു. പിന്നീട് ഇതൊരു വെറും കഥയാണെന്നും രജിത് കുമാർ പറഞ്ഞു. എന്നാൽ രജിത് പറഞ്ഞത് സത്യമാണെന്ന സൂചനകളുമായി നാട്ടുകാരും എത്തി. ഇതോടെ രജിത് കുമാറിന് സോഷ്യൽ മീഡിയയിൽ വില ഇടിയുമെന്ന് ഏവരും കരുതി. എന്നാൽ ഈ കഥയും രജിത് കുമാറിനെ സഹായിക്കുകയാണ് ചെയ്തത്.

ആറ്റിങ്ങലിലാണ് രജിത് കുമാറിന്റെ വീട്. നാട്ടുകാർക്കെല്ലാം അറിയാവുന്ന സംഭവമാണ് ഇത്. ആറ്റിങ്ങലിലെ സ്‌കൂളിൽ നിന്ന് രജിത് കുമാറിനെ സ്ഥലം മാറ്റിയതും സത്യമാണ്. സ്‌കൂളിലെ അദ്ധ്യാപികയുമായി രജിത് കുമാറിന് അടുപ്പമുണ്ടായിരുന്നു. അത് വിവാഹത്തിലേക്ക് എത്തുമെന്ന് കരുതുകയും ചെയ്തു. എന്നാൽ നടന്നില്ല. പിന്നീട് ഈ പ്രശ്നം സ്‌കൂളിന്റെ പ്രവർത്തനത്തെ പോലും ബാധിക്കുന്ന തരത്തിലേക്ക് മാറി. ഇതോടെ പിടിഎയ്ക്ക് പോലും പരാതികളെത്തി. അങ്ങനെ വലിയ ചർച്ചയായി മാറി. തുടർന്ന് രജിത്തിന് സ്ഥലം മാറ്റവും കിട്ടി. ടീച്ചർക്കും സ്‌കൂൾ മാറേണ്ടി വന്നു. അതുകൊണ്ട് തന്നെ രജിത് കുമാറിന്റെ വെളിപ്പെടുത്തൽ സത്യമാണെന്ന് നാട്ടുകാർ പറയുന്നു.

പത്രങ്ങളിലും അന്ന് ഈ വിവാദം വാർത്തയായിരുന്നു. തിരുവനന്തപുരം വിമൻസ് കോളേജിലെ സ്ത്രീ ശാക്തീകരണത്തെ സംബന്ധിച്ച് വിദ്യാർത്ഥിനികളോട് പ്രസംഗിച്ചത് വിവാദമായിരുന്നു. പ്രസംഗം അതിരുവിട്ടപ്പോൾ ആര്യ എന്ന വിദ്യാർത്ഥി കൂവി. പിന്നീട് നടന്ന അന്വേഷണത്തിൽ രജിത് കുമാറിനെ ഋഷി തുല്യനെന്ന് വിശേഷിപ്പിച്ചിരുന്നു. ഈ ഘട്ടത്തിലാണ് 2004ലെ സ്‌കൂളിലെ വിവാദം ചർച്ചയായതും വാർത്തയായി വന്നതും. പെണ്ണു കേസിൽ തല്ലും രജിത് കുമാറിന് കിട്ടിയെന്നാണ് ഈ വാർത്ത പറയുന്നത്. സ്വന്തം ഭാര്യയുമായി പിരിഞ്ഞ രജിത് കുമാർ മർദ്ദനമേറ്റിട്ടും അദ്ധ്യാപികയെ ഉപേക്ഷിച്ചില്ലെന്നും വാർത്തയിൽ പറയുന്നു.

ഇത്തവണത്തെ ബിഗ് ബോസിലെ പതിനേഴ് മത്സരാർഥികളിൽ ഒരാളിയി രജിത് കുമാർ എത്തുമെന്ന് മലയാളികൾ സ്വപ്‌നത്തിൽ പോലും വിചാരിച്ചിരുന്നില്ല. തൂവെള്ളത്താടിയും വെളുത്ത വസ്ത്രങ്ങളുമായി നിരവധി വേദികളിൽ വരാറുള്ള അദ്ദേഹം പ്രഭാഷണകലയിൽ അഗ്രഗണ്യനാണ്. അതേ സമയം വിവാദങ്ങളുടെ കളിതോഴനും. വൻ മേക്കോവറിലാണ് രജിത്കുമാർ ബിഗ് ബോസ് വേദിയിൽ എത്തിയത്. രജിത്കുമാറിനെ പ്രശസ്തി തേടിയെത്തുന്നത് ആറു വർഷങ്ങൾക്കു മുമ്പാണ്, അതും നീണ്ടൊരു കൂവലിന്റെ രൂപത്തിൽ. അദ്ദേഹമന്ന്, ശ്രീശങ്കര കോളേജിലെ ബോട്ടണി ലക്ചററായിരുന്നു.ആര്യ എന്ന ഒരു ബിരുദ വിദ്യാർത്ഥിനിയായിരുന്നു അന്നത്തെ കൂവൽപ്രതിഷേധക്കാരി. പ്രഭാഷണത്തിനിടെ രജിത് കുമാർ നടത്തിയ ചില പരാമർശങ്ങൾ സ്ത്രീവിരുദ്ധമാണ് എന്നാക്ഷേപിച്ചായിരുന്നു ആര്യയുടെ കൂക്കിവിളി.

എന്തായാലും, ആ കൂവൽ ആര്യയ്ക്ക് കയ്യടികൾ നേടിക്കൊടുത്തു. ഡോ. രജിത് കുമാറിന് തുടർച്ചയായ പ്രഭാഷണങ്ങൾക്കുള്ള അവസരങ്ങളും. വെളുത്ത താടിയുള്ള ആ കൃശഗാത്രൻ പിന്നീടങ്ങോട്ട് നിരവധി വിവാദങ്ങളുടെ ഭാഗമായി നമ്മുടെ മാധ്യമങ്ങളിൽ നിറഞ്ഞു കവിഞ്ഞുനിന്നു. വേഷഭൂഷാദികളിൽ ഒരു അവധൂതന്റെ പരിവേഷമുണ്ടായിരുന്നു ഡോ.രജിത് കുമാറിന്. വെള്ളവസ്ത്രങ്ങളോടായിരുന്നു കമ്പം. പ്രഭാഷകൻ എന്നതിലുപരി ഒരു അദ്ധ്യാപകൻ കൂടിയാണ് അദ്ദേഹം. ശ്രീ ശങ്കരാ കോളേജിലെ ബോട്ടണി വിഭാഗം അദ്ധ്യാപകനാണ് രജിത് കുമാർ. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ നിന്ന് ബോട്ടണിയിൽ ബിരുദം. അവിടെ മികച്ച വിദ്യാർത്ഥിയെന്ന പേരുനേടി. പന്തളം എൻഎസ്എസ് കോളേജിൽ ബോട്ടണി ബിരുദാനന്തര ബിരുദം പഠിച്ച് ഒന്നാം റാങ്കോടെ പാസായി. മൈക്രോബയോളജിയിൽ എംഫിലും ഡോക്ടറേറ്റും. ബോട്ടണിയിലെ ബിരുദങ്ങൾക്ക് പുറമേ ബിഎഡ്., ലൈബ്രറി സയൻസിൽ ബിരുദം, സൈക്കോതെറാപ്പിയിൽ എം.എസ്. എന്നിവയെല്ലാമുണ്ട് ഡോ. രജിത് കുമാറിന്. അങ്ങനെ കേരളം അറിയുന്ന വിദ്യാ സമ്പന്നൻ.

വന്ന ഉടനെ തന്നെ ഹൗസിലെ മാലിന്യ സംസ്‌കരണത്തിനും പ്ലാസ്റ്റിക് ഉപയോഗം കുറക്കാനുമുള്ള പ്ലാനുകൾ ബിഗ് ബോസ് കുടുംബാംഗങ്ങൾക്ക് മുന്നിൽ രജിത് കുമാർ അവതരിപ്പിച്ചിരുന്നു. പ്ലാസ്റ്റിക് മാലിന്യത്തെ കുറിച്ച് അവബോധമുണ്ടാക്കുന്ന രജിത് കുമാറിന്റെ 'പ്രസംഗം' ബിഗ് ബോസ് കുടുംബാംഗങ്ങൾക്കിടയിൽ അൽപ്പം മുഷിപ്പ് ഉണ്ടാക്കുകയും ചെയ്തു. ആർ ജെ രഘുവിന്റെ വൈവാഹിക- സ്വകാര്യജീവിതത്തിലും വ്യക്തിപരമായ കാര്യങ്ങളിൽ കൈക്കടത്തുന്ന രീതിയിലുള്ള രജിത് കുമാറിന്റെ സംസാരവും ഹൗസ് മെമ്പേഴ്‌സിനിടയിൽ ആദ്യം ചർച്ചയായി. ഏവരും ഒറ്റപ്പെടുത്തി. എന്നാൽ പതിയെ ഇതെല്ലാം മാറി. രജിത് കുമാർ ബിഗ് ബോസ് വീടിനുള്ളിലെ ഒരു ഗ്രൂപ്പിന്റെ നേതാവുമായി. രേഷ്മയെ വിദഗ്ധ ചികിത്സയ്ക്കായി പുറത്തേക്ക് മാറ്റിയതിന് ശേഷം രജിത് കുമാറിനെ പുറത്താക്കുകയായിരുന്നു. ബിഗ് ബോസിൽ എത്തുന്നതിന് മുൻപ് സ്ത്രീ വിരുദ്ധവും അശാസ്ത്രീയവുമായ പ്രസ്താവനകളുടെ പേരിൽ രൂക്ഷ വിമർശനം ഏറ്റുവാങ്ങിയിരുന്ന വ്യക്തിയാണ് രജിത് കുമാർ.

പെൺകുട്ടികൾ ജീൻസ് ധരിച്ചാൽ ഗർഭപാത്രത്തിൽ ക്യാൻസർ!

ജീൻസ് ഇടുന്നതിനെ കുറിച്ച് രജിത് കുമാറിന്റെ പ്രസ്താവന വൻ വിവാദമായിരുന്നു. പെൺകുട്ടികൾ ജീൻസ് ധരിച്ചാൽ ഗർഭപാത്രത്തിൽ ക്യാൻസർ ഉണ്ടാകുമെന്നും ഗർഭധാരണത്തെ ബാധിക്കും എന്നൊക്കെയായിരുന്നു രജിത് കുമാർ പ്രസംഗിച്ചത്. എന്നാൽ ബിഗ് ബോസിൽ എത്തിയതോടെ രജിത് കുമാർ നിലപാട് മാറ്റി. ബിഗ് ബോസിൽ മത്സരാർത്ഥിയായി എത്തിയതിന് ശേഷം തന്റെ ജീവിതത്തിൽ മാറ്റങ്ങൾ വന്നിട്ടുണ്ടെന്നാണ് രജിത് കുമാർ പറയുന്നത്. കുറച്ച് കാലം മുൻപ് ഉണ്ടായിരുന്നതല്ല ഇന്നത്തെ തന്റെ കാഴ്ചപ്പാട് എന്ന് രജിത് കുമാർ പറയുന്നു. താൻ എന്തോ ആണെന്ന തോന്നലാണ് മുൻപ് തനിക്കുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ആ മനോഭാവം മാറിയെന്ന് രജിത് കുമാർ ബിഗ് ബോസിൽ പറഞ്ഞിരുന്നു.

തന്റെ കുടുംബം കുളമായപ്പോൾ, എല്ലാം പൊട്ടിത്തകർന്നപ്പോളാണ് മനോഭാവം മാറിയത്. അത്യാർത്തിയോടെയും സ്വാർത്ഥതയോടെയും പഠിച്ചതും നേടി എടുത്തതുമെല്ലാം പൊട്ടി പൊളിഞ്ഞപ്പോഴാണ് മനോഭാവവും മാറിയത്. ബിഗ് ബോസിൽ നിന്ന് പുറത്ത് ഇറങ്ങിയാൽ തന്റെ ജീവിത ശൈലിയും മാറുമെന്ന് രജിത് കുമാർ പറഞ്ഞിരുന്നു. താൻ ഇപ്പോൾ ജീവിതം ആസ്വദിക്കാൻ പഠിച്ചിരിക്കുകയാണ്. തന്നിൽ തന്നെ മാറ്റങ്ങൾ വരുത്തിയിരിക്കുകയാണ്. ഇനി താൻ പുറത്ത് ഇറങ്ങുമ്പോൾ ജീൻസ് ധരിക്കുമെന്നും രജിത് കുമാർ ബിഗ് ബോസിൽ പറഞ്ഞു. ജീൻസും ഷർട്ടും ഇടും. എന്നാൽ നിറമുള്ളത് ഇടില്ല. മാത്രമല്ല ടോൺഡ് ജീൻസ് താൻ ഇടില്ലെന്നും രജിത് കുമാർ ബിഗ് ബോസിൽ വിശദീകരിച്ചിരുന്നു.

പുറത്ത് ഇറങ്ങുമ്പോൾ ഏറ്റവും സ്റ്റാൻഡേർഡ് ആയിട്ടുള്ള രീതിയിൽ തന്നെ പോകുമെന്നും രജിത് കുമാർ വ്യക്തമാക്കി. കറങ്ങാനും കാര്യങ്ങൾ കാണാനും പോകും. സിനിമ കാണാനും താൻ പോകും. ഏറ്റവും സ്വാഭാവികമായ രീതിയിൽ തന്നെ പോകും. അടിസ്ഥാനപരമായിട്ടുള്ള ഗുണങ്ങൾ തന്നിൽ കൂടി വന്ന് കൊണ്ടിരിക്കുമെന്നും രജിത് കുമാർ പറഞ്ഞു.

വിവാദങ്ങളുടെ തോഴൻ

പെൺകുട്ടികൾ ചെറിയ പ്രായത്തിൽ ടൈറ്റ് ജീൻസ് ധരിച്ചാൽ ഇടുപ്പെല്ല് ചുരുങ്ങുമെന്നും ഗർഭപാത്രം ചുരുങ്ങുമെന്നുമായിരുന്നു രജിത് കുമാർ പ്രസംഗം. അമ്മമാർ ആണുങ്ങളെ പോലെ വേഷം ധരിച്ചാൽ ജനിക്കുന്ന കുഞ്ഞുങ്ങൾ ട്രാൻസ് ജെൻഡറാരും എന്നും ഇയാൾ പറഞ്ഞിരുന്നു. നിഷേധികളായ അച്ഛനമ്മമാർക്ക് ജനിക്കുന്ന കുട്ടികൾ ഓട്ടിസം, സെറിബ്രൽ പാൾസി തുടങ്ങിയ രോഗങ്ങൾ ബാധിച്ചവരായിരിക്കും എന്നും രജിത് കുമാർ പറഞ്ഞിരുന്നു.

2013ൽ തിരുവനന്തപുരം വിമൻസ് കോളേജിൽ വെച്ച് നടത്തിയ സ്ത്രീ വിരുദ്ധ പ്രസംഗത്തിന്റെ പേരിലാണ് രജിത് കുമാർ കുപ്രസിദ്ധനായത്. പെൺകുട്ടികൾ ആൺകുട്ടികളെ പോലെ ഓടിച്ചാടി നടന്നാൽ ഗർഭപാത്രം തിരിഞ്ഞ് പോകും എന്നാണ് ഇയാൾ അന്ന് പ്രസംഗിച്ചത്. ഭർത്താവിന്റെ സ്നേഹം പിടിച്ച് പറ്റാൻ കഴിയുക ശാലീന സുന്ദരികൾക്കാണ്. ആൺകുട്ടികൾക്ക് എളുപ്പത്തിൽ വളച്ചെടുക്കാവുന്നവരാണ് പെൺകുട്ടികളെന്നും പ്രസംഗിച്ചിരുന്നു.

പീഡനത്തിന് കാരണം പെൺകുട്ടികളുടെ വസ്ത്രധാരണമാണ്. രക്ഷിതാക്കളോട് കള്ളം പറഞ്ഞ് പ്രേമിച്ച് നടക്കുന്നവരാണ് തൊണ്ണൂറ് ശതമാനം പെൺകുട്ടികളും എന്നും രജിത് കുമാർ പ്രസംഗിച്ചു. അന്ന് കോളേജിലെ ബിരുദ വിദ്യാർത്ഥിനി ആയിരുന്ന ആര്യ സുരേഷ് വേദിയിൽ വെച്ച് രജിത് കുമാറിനെ കൂവി ഇറങ്ങിപ്പോയിരുന്നു. ഈ സംഭവത്തോടെ സർക്കാർ രജിത് കുമാറിനെ കരിമ്പട്ടികയിൽ പെടുത്തുകയുണ്ടായി.

ദയയുമായി തർക്കമുണ്ടായപ്പോൾ ബിഗ് ബോസിൽ ചർച്ചയായ രജിത് കുമാറിന്റെ കഥ

ദയയെ പോലൊരു ടീച്ചറെ എനിക്ക് അറിയാം. കോളേജിലെ ജോലി കളഞ്ഞ് അമ്മയ്‌ക്കൊപ്പം നിൽക്കാൻ നാട്ടിലേക്ക് പോയി. ഒരു ഹയർസെക്കണ്ടറി സ്‌കൂളിലേക്കാണ് പോയത്. ആ സ്‌കൂളിൽ തന്നേക്കാൾ രണ്ടു വയസ് പ്രായം കൂടുതൽ ഉണ്ടായിരുന്ന ടീച്ചർ അവിടെ ജോലി ചെയ്തിരുന്നു. ആ സമയത്ത് അവരുടെ കല്യാണം കഴിഞ്ഞിട്ട് 12, 13 വർഷങ്ങളോ മറ്റോയിരുന്നു. 12 വർഷം കൊണ്ട് അവർ പന്ത്രണ്ടു ദിവസം പോലും ആ ടീച്ചർ നേരെ ജീവിച്ചിട്ടില്ല. അപ്പോൾ ആ ടീച്ചറിന്റെ ബന്ധുവും വേണ്ടപ്പെട്ട ഒരാളുമായിരുന്നു ഒരു മുനിസിപ്പാലിറ്റി ചെയർമാൻ. അപ്പോൾ അയാൾ എന്നോടു പറഞ്ഞു, പാവമാണ് ചേച്ചി. ചേച്ചി നേരെ ജീവിച്ചിട്ടില്ല, അണ്ണന് എന്തെങ്കിലും ഹെൽപ്പ് ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യണം. അല്ലെങ്കിൽ അണ്ണൻ എല്ലാം തകർന്നു നിൽക്കുകയല്ലേ.. ചേച്ചിയും എല്ലാം തകർന്നു നിൽക്കുകയല്ലേ..

മാത്രമല്ല, നാലു പ്രാവശ്യത്തോളം ടീച്ചർ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. പക്ഷെ, മകളെ കരുതി ആത്മഹത്യ ചെയ്തില്ല. ഈ സംഭവങ്ങളും അവരുടെ ബുദ്ധിമുട്ടുകളും മനസിലാക്കിയപ്പോൾ ഞാൻ ടീച്ചറിനെ കല്യാണം കഴിക്കാൻ തീരുമാനിച്ചു. എന്നാൽ അവർ നിയമപരമായി ഡിവോഴ്‌സ് ആയിരുന്നില്ല. ഡിവോഴ്‌സ് ചെയ്താൽ മാത്രമെ വിവാഹം കഴിക്കാൻ സാധിക്കൂ. ഭർത്താവ് എന്ന നിലയിലും മകൾക്ക് അച്ഛൻ എന്ന നിലയിലും വേണമല്ലോ എന്നു കരുതിയാണ് അതുവരെയും ഡിവോഴ്‌സ് നൽകാതിരുന്നത്. ടീച്ചർ ഡിവോഴ്‌സിന് സമ്മതിച്ചു. ടീച്ചർ ഭർത്താവിനോട് പറഞ്ഞു, അയാളും സമ്മതിച്ചു. അങ്ങനെ രണ്ടു പേരും കൂടി പോയി വക്കീലിനെ കണ്ടു മ്യൂച്വൽ ഡിവോഴ്‌സിന് അപേക്ഷ നൽകി. അടുത്താഴ്ച ഒപ്പിടാൻ ചെല്ലാൻ പറഞ്ഞു മടക്കി അയച്ചു.

ഒപ്പിടാനുള്ള ദിവസം ഇരുവരും ചെന്നപ്പോൾ ഭർത്താവ് മാറിക്കളഞ്ഞു. കാരണം, ടീച്ചറിന്റെ അച്ഛൻ തടഞ്ഞു. അതുകൊണ്ടാണ് ഭർത്താവ് ഡിവോഴ്‌സിൽ നിന്നും പിന്മാറിയത്. അതോടെ ഡിവോഴ്‌സ് കിട്ടിയില്ല. ഉടനെ കൂടെയുള്ള സഹപ്രവർത്തകരടക്കം കുറെ പാരകൾ വച്ച് എന്നെയും ടീച്ചറിനെയും മോശക്കാരാക്കി ചിത്രീകരിച്ചു. എന്നിട്ട് എന്നെ കസർഗോഡ് കർണാടക ബോർഡറിലേക്ക് ട്രാൻസ്ഫർ ചെയ്തു. ടീച്ചറിനെ മൂന്നു രൂപ അകലമുള്ള സ്‌കൂളിലേക്കും മാറ്റി. എനിക്കെതിരെ കള്ള പരാതികളും കുട്ടികളെ പീഡിപ്പിച്ചു തുടങ്ങിയ നിരവധി പരാതികളും വന്നു. അങ്ങനെ ഡയറക്ടർ അന്വേഷണത്തിന് വന്നു. മുഴുവൻ അന്വേഷണവും വന്നപ്പോൾ എല്ലാം കള്ളത്തരമാണെന്ന് തെളിഞ്ഞു. എൻക്വയറി വന്നപ്പോൾ ടീച്ചർ തന്നെ ഡയറക്ടറോട് പറഞ്ഞു, ആ സാറിന്റെ ഭാഗത്ത് തെറ്റൊന്നും ഇല്ല, തെറ്റുണ്ടെങ്കിൽ അത് എന്റെ ഭാഗത്തേ ഉള്ളൂവെന്ന് ടീച്ചർ പറഞ്ഞു. അങ്ങനെ ഞാൻ തിരിച്ചു വന്നു. മൂന്നു സാറുമ്മാരെ കൊല്ലണമെന്ന ആഗ്രഹത്തോടെയാണ് തിരിച്ചു വന്നത്. കാരണം, ചതിക്കുന്നവന്മാരെ തട്ടുക എന്നതായിരുന്നു എന്റെ അന്നത്തെ നയം. ഇപ്പോൾ ആ ടീച്ചർ ഭർത്താവിനും മകൾക്കും ഒപ്പം സന്തോഷത്തോടെ ജീവിക്കുന്നു.

ഈ കഥ തട്ടിപ്പാണെന്നും ആ സ്ത്രീ മോശക്കാരിയാണെന്നും ദയ പറയുമ്പോൾ അതിനെ പാടെ തള്ളുകയാണ് രജിത് കുമാർ. ഈ വിഷയത്തിൽ ഇരുവരും തമ്മിൽ തർക്കം രൂക്ഷമാവുകയും ബിഗ്‌ബോസ് ഹൗസിലെ മറ്റംഗങ്ങൾ കൂട്ടി സ്ഥലത്തേക്ക് എത്തുകയും ചെയ്യുമ്പോൾ താൻ ഈ പറഞ്ഞതെല്ലാം ഒരു കഥയാണെന്ന് പറയുകയായിരുന്നു രജിത് കുമാർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP