Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജമീലയുടെ വെന്റിലേറ്റർ ഓഫായിരുന്നു; വേഗം ശ്വസിക്കുന്ന ശബ്ദം കേട്ടു ചെന്നപ്പോഴാണ് ഓഫായത് കണ്ടത്; വീഴ്‌ച്ച ചൂണ്ടിക്കാട്ടിയിട്ടും അധികൃതർ പ്രതികരിച്ചില്ല; മാധ്യമങ്ങളിൽ പറഞ്ഞപ്പോൾ കെ.എസ്.യുക്കാരിയാക്കി! സൈബർ ആക്രമണത്തിനെതിരെ പൊലീസിൽ പരാതി നൽകി: ഡോ. നജ്മ മറുനാടനോട്

ജമീലയുടെ വെന്റിലേറ്റർ ഓഫായിരുന്നു; വേഗം ശ്വസിക്കുന്ന ശബ്ദം കേട്ടു ചെന്നപ്പോഴാണ് ഓഫായത് കണ്ടത്; വീഴ്‌ച്ച ചൂണ്ടിക്കാട്ടിയിട്ടും അധികൃതർ പ്രതികരിച്ചില്ല; മാധ്യമങ്ങളിൽ പറഞ്ഞപ്പോൾ കെ.എസ്.യുക്കാരിയാക്കി! സൈബർ ആക്രമണത്തിനെതിരെ പൊലീസിൽ പരാതി നൽകി: ഡോ. നജ്മ മറുനാടനോട്

ആർ പീയൂഷ്

കൊച്ചി: കളമശ്ശേരി മെഡിക്കൽകോളേജിനെതിരെ ശബ്ദമുയർത്തിയ ജൂനിയർഡോക്ടർ നജ്മ സലീമിനെതിരെ വ്യാജ വാർത്തകൾ പ്രചരിക്കുന്നതായി പരാതി. കളമശ്ശേരി മെഡിക്കൽ കോളേജിലെ അനാസ്ഥകൾ ചൂണ്ടിക്കാട്ടിയതിന് പിന്നാലെ ദേശാഭിമാനി, സിഐ.ടി.യു കളമശ്ശേരി,ഗവൺമെന്റ് നഴ്സസ് ഫെയ്സ് ബുക്ക് കൂട്ടായ്മ, സുധീർ കെ.എച്ച് തുടങ്ങിയവർ തനിക്കെതിരെ വ്യാജ പ്രചാരണങ്ങളും വാർത്തകളും പ്രചരിപ്പിക്കുകയാണ് എന്ന് കാട്ടിയാണ് കളമശ്ശേരി പൊലീസ് സ്റ്റേഷനിൽ നജ്മ പരാതി നൽകിയിരിക്കുന്നത്. താൻ കെ.എസ്.യുവിന്റെ പ്രവർത്തകയാണെന്നും നേതാവായിരുന്നു എന്നും ആരോപിച്ചാണ് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് എന്നാണ് നജ്മ പരാതിയിൽ ആരോപിക്കുന്നത്.

വ്യാജ വാർത്തകൾ പ്രചരിക്കുന്നതിനാൽ മാനസികമായി ഏറെ സംഘർഷത്തിലാണ്. എന്നെ വളരെ മോശക്കാരിയാക്കി ചിത്രീകരിച്ചുകൊണ്ടാണ് വാർത്തകൾ പലതും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഒരു രാഷ്ട്രീയ പകപോക്കൽ നടത്തുന്നതിന്റെ ഭാഗമാണ് ഞാൻ മെഡിക്കൽ കോളേജിനെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണം എന്ന് വരുത്തി തീർക്കാനായിട്ടാണ് ഇത്തരം വ്യാജ വാർത്തകൾ സൃഷ്ടിച്ച് പ്രചരിപ്പിക്കുന്നതിന് പിന്നിലെന്നും ഡോ.നജ്മ പറയുന്നു. ഇത്തരം വാർത്തകൾ മൂലം ഏതെങ്കിലും തരത്തിൽ തനിക്ക് നേരെ ആക്രമണം ഉണ്ടാകുമോ എന്ന് ഭയപ്പെടുന്നതായും കളമശ്ശേരി പൊലീസിന് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു.

മെഡിക്കൽ കോളേജിൽ നടന്ന കുറ്റകരമായ അനാസ്ഥയ്ക്കെതിരെ ആദ്യം മാധ്യമങ്ങളിൽ പ്രതികരിച്ചപ്പോൾ തന്നെ താൻ ഒരു രാഷ്ട്രീയ പാർട്ടികളിലും അംഗമല്ലെന്നും രാഷ്ട്രീയ പ്രേരിതമായി അല്ല മാധ്യങ്ങളുടെ മുന്നിലെത്തിയതെന്നും പറഞ്ഞിരുന്നതായി ഡോ.നജ്മ മറുനാടനോട് പറഞ്ഞു. പിതാവ് കോൺഗ്രസ് പാർട്ടിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് കരുതി ഞാൻ ഒരു കോൺഗ്രസ് അനുഭാവി ആകണമെന്നൊന്നുമില്ലല്ലോ എന്നും നജ്മ പറയുന്നു.

കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ രോഗികൾ മരിച്ച സംഭവത്തിൽ മെഡിക്കൽ കോളേജ് അധികൃതരുടെ വിശദീകരണം തള്ളി ഡോക്ടർ നജ്മ കഴിഞ്ഞ ദിവസമാണ് രംഗത്ത് വന്നത്. ഹാരിസും ബൈഹക്കിയും ജമീലയും ചികിത്സയിലുണ്ടായിരുന്ന ദിവസങ്ങളിൽ താൻ ഡ്യൂട്ടിയിലുണ്ടായിരുന്നുവെന്ന് അവർ മാധ്യമങ്ങളോട് പറഞ്ഞു. അനാസ്ഥകളുണ്ടാകുന്നതായി സൂപ്രണ്ടിനേയും ആർഎംഒയെയും അറിയിച്ചെങ്കിലും ഇക്കാര്യത്തിൽ അവർ പ്രതികരിക്കാൻ തയ്യാറായില്ലെന്നും നജ്മ പറഞ്ഞു.

ഹാരിസിനേയും ബൈഹക്കിയേയും ജമീലയേയും കണ്ടിട്ടുണ്ടെന്നും പക്ഷേ അവരാരും മരിക്കുന്ന സമയത്ത് താൻ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നില്ലെന്നും ഡോക്ടർ നജ്മ പറഞ്ഞു. അങ്ങനെ എവിടേയും പറഞ്ഞിട്ടുമില്ല. ജമീലയുടേയും ബൈഹക്കിയുടേയും കാര്യത്തിൽ അനാസ്ഥയുണ്ടായതായി കണ്ണിൽപ്പെട്ടിട്ടുണ്ട്. അത് സിസ്റ്റർമാരോട് പറഞ്ഞിരുന്നുവെന്നും നജ്മ കൂട്ടിച്ചേർത്തു. ജമീലയ്ക്ക് മാസ്‌ക് വെച്ചിരുന്നുവെങ്കിലും വെന്റിലേറ്റർ ഓഫായിരുന്നു. രോഗി വേഗത്തിൽ ശ്വസിക്കുന്ന ശബ്ദം കേട്ട് ചെന്നു നോക്കുമ്പോഴാണ് ഇത് ശ്രദ്ധയിൽപ്പെട്ടത്. വെന്റിലേറ്റർ താൻ തന്നെ ഓൺ ആക്കിയ ശേഷം സിസ്റ്ററോട് കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി. ബൈഹക്കിയുടേത് വെന്റിലേറ്റർ എടുത്തുകൊണ്ടുവരാനുള്ള താമസമായിരുന്നു.

മുമ്പും പരാതി എവിടെയും എഴുതി നൽകിയിരുന്നില്ല. വാക്കാലാണ് പരാതികൾ പറഞ്ഞത്. അതെല്ലാം അവർ പരിഹരിച്ചിട്ടുണ്ട്. 19ന് വെളുപ്പിന് ആർഎംഓയ്ക്കും സൂപ്രണ്ടിനും അനാസ്ഥ ചൂണ്ടിക്കാട്ടി ശബ്ദ സന്ദേശം അയച്ചിരുന്നു. ഹൈബി ഈഡന്റെ കത്ത് ശ്രദ്ധയിൽപ്പെട്ടതിനേ തുടർന്നാണ് അത് ചെയ്തത്. പക്ഷേ അതിന് ശേഷം അതിനേക്കുറിച്ച് അന്വേഷണമൊന്നും ഉണ്ടായില്ലെന്നും ഡോക്ടർ നജ്മ പറഞ്ഞു. ഒരു ജൂനിയർ ഡോക്ടറല്ല ഐസിയു പ്രവർത്തിപ്പിക്കുന്നതെന്നും ആരോപണം ഉന്നയിച്ച ജൂനിയർ ഡോക്ടർ മരിച്ച രോഗിയെ കണ്ടിട്ടില്ലെന്നും കളമശ്ശേരി മെഡിക്കൽ കോളേജ് അധികൃതർ പറഞ്ഞിരുന്നു.

സംശയാസ്പദമായ കാര്യങ്ങളാണ് അവർ ഉന്നയിക്കുന്നതെന്നും വൈസ്. പ്രിൻസിപ്പൾ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നജ്മ കോൺഗ്രസ് അനുഭാവിയാണെന്നും രാഷ്ട്രീയ പ്രേരിതമായാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും കാട്ടിയുള്ള വ്യാജ വാർത്തകൾ പ്രചരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP