Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202027Friday

മരിച്ച രോഗികളെ കണ്ടിട്ടില്ലെന്നത് പറഞ്ഞത് അസത്യം; നോഡൽ ഓഫിസർ ഒപ്പിട്ട ഡ്യൂട്ടി ലിസ്റ്റിൽ തന്റെ പേരുണ്ട്; തെളിവുമായി ഡോ.നജ്മ; രോഗികളെ ശ്വാസം മുട്ടിച്ച് കൊല്ലുന്നത് പോലെ തോന്നിയെന്ന് ആർ.എം.ഒക്ക് നജ്മയുടെ പരാതി; ഓകസിജൻ കിട്ടാതെ രോഗി പിടഞ്ഞു മരിച്ച സംഭവം പുറത്തു പറഞ്ഞ ജൂനിയർ ഡോക്ടറെ വേട്ടയാടി ആരോഗ്യ വകുപ്പ്

മരിച്ച രോഗികളെ കണ്ടിട്ടില്ലെന്നത് പറഞ്ഞത് അസത്യം; നോഡൽ ഓഫിസർ ഒപ്പിട്ട ഡ്യൂട്ടി ലിസ്റ്റിൽ തന്റെ പേരുണ്ട്; തെളിവുമായി ഡോ.നജ്മ; രോഗികളെ ശ്വാസം മുട്ടിച്ച് കൊല്ലുന്നത് പോലെ തോന്നിയെന്ന് ആർ.എം.ഒക്ക് നജ്മയുടെ പരാതി; ഓകസിജൻ കിട്ടാതെ രോഗി പിടഞ്ഞു മരിച്ച സംഭവം പുറത്തു പറഞ്ഞ ജൂനിയർ ഡോക്ടറെ വേട്ടയാടി ആരോഗ്യ വകുപ്പ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളേജിൽ രോഗി ഒാക്‌സിജൻ കിട്ടാതെ മരിച്ച സംഭവത്തിൽ മാധ്യമങ്ങളോട് തുറന്നു പറച്ചിൽ നടത്തിയ ഡോക്ടറെ ബലിയാടാക്കാനുള്ള ശ്രമം ശക്തമായി നടക്കുകയാണ്. ആരോഗ്യ വകുപ്പു അധികൃതർ തന്നെയാണ് വീഴ്‌ച്ച വരുത്തിയവർക്കെതിരെ നടപടി എടുക്കാതെ വസ്തുത തുറന്നു പറഞ്ഞ ഡോക്ടറെ ബലായാടാക്കാൻ ശ്രമിക്കുന്നത്. ഡോ. നജ്മ മരിച്ച രോഗികളെ കണ്ടിട്ടില്ലെന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്.

മരിച്ച രോഗികളെ താൻ കണ്ടിട്ടില്ലെന്നത് പറഞ്ഞത് അസത്യമെന്ന് ഡോ.നജ്മ പ്രതികരിച്ചു. നോഡൽ ഓഫിസർ ഒപ്പിട്ട ഡ്യൂട്ടി ലിസ്റ്റിൽ തന്റെ പേരുണ്ട്. താൻ മാത്രമല്ല, കളമശേരി മെഡി. കോളജിൽ ഭൂരിഭാഗം പേരും കരാറടിസ്ഥാനത്തിൽ ആണ് ജോലി ചെയ്യുന്നത്. പ്രശ്‌നം ആർഎംഒയെ ഒക്ടോബർ 19ന് അറിയിച്ചിരുന്നു, പക്ഷെ തന്നോട് ഒന്നും ചോദിച്ചില്ലെന്നും തുടർന്നാണ് മാധ്യമങ്ങളെ കണ്ടതെന്നും ഡോ.നജ്മ പറഞ്ഞു. സർക്കാർ വാദത്തിന്റെ മുനയൊടിക്കുന്ന തെളിവുകളാണ് ഇവർ പുറത്തുവിട്ടത്.

ബൈഹക്കിയും ജമീലയും മരിക്കുമ്പോൾ ഡോ. നജ്മ ജോലിക്കുണ്ടായിരുന്നെന്ന് വ്യക്തമാകുന്ന ഡ്യൂട്ടി ലിസ്റ്റാണ് പുറത്തുവന്നത്. ചികിത്സാപിഴവ് ചൂണ്ടിക്കാട്ടി ഡോ.നജ്മ, ആർ.എം.ഒക്ക് അയച്ച വാട്‌സ്ആപ്പ് സന്ദേശവും പുറത്തുവന്നു. രോഗികളെ ശ്വാസം മുട്ടിച്ച് കൊല്ലുന്ന പോലെ തോന്നുന്നുവെന്ന് നജ്മ പറയുന്നു.

അതേസമയം തന്റെ വെളിപ്പെടുത്തലുകൾക്ക് പിന്നിൽ ദുരുദ്ദേശമുണ്ടെന്ന ആരോപണം വാസ്തവവിരുദ്ധമാണെന്നും തനിക്ക് ചില രാഷ്ട്രീയ പാർട്ടികളുമായി ബന്ധമുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും നജ്മ പറഞ്ഞു. വ്യാജപ്രചരണങ്ങൾക്കെതിരെ നിയമനടപടിക്കൊരുങ്ങുമെന്നും താൻ ചെയ്തത് കോളെജിനോടുള്ള കടമയാണെന്നും നജ്മ പറഞ്ഞു. ആശുപത്രിയുടെ അനാസ്ഥയ്ക്കെതിരെ ആർഎംഒയ്ക്കും സൂപ്രണ്ടിനും പരാതി ഓഡിയോ സന്ദേശമായി അയച്ചിരുന്നു. നേരത്തെ പരാതി പറയാനുള്ള ധൈര്യമുണ്ടായിരുന്നില്ല. നടപടിയെതാൻ ഭയക്കുന്നില്ലെന്നും നജ്മ കൂട്ടിച്ചേർത്തു.

അതിനിടെ കളമശേരി മെഡിക്കൽ കോളേജിൽ കോവിഡ് രോഗികളെ പരിചരിക്കുന്നതിൽ അനാസ്ഥ സംഭവിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ അടിയന്തിര യോഗം വിളിച്ചു. നോഡൽ ഓഫീസർമാരും നഴ്‌സിങ് ഓഫിസർമാരും ഹെഡ് നഴ്‌സുമാരും പങ്കെടുക്കും. സംഭവത്തിൽ ആശുപത്രിക്ക് വീഴ്ച പറ്റിയിട്ടില്ലെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. പുതിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ വിശദമായ റിപ്പോർട്ട് നൽകാൻ ഡിഎംഇയുടെ നിർദ്ദേശം. ആശുപത്രിയിൽ ജോലി ചെയ്യുന്ന ഡോ നജ്മ ആശുപത്രി അധികൃതരോട് പരാതി പറയാതെ പുറത്ത് പറഞ്ഞത് എന്തിനെന്ന് അന്വേഷിക്കും. നഴ്‌സിങ് ഓഫീസർ അവരുടെ സഹപ്രവർത്തകരുടെ ഗ്രൂപ്പിൽ ഇട്ട ഓഡിയോ സന്ദേശം എങ്ങനെ പുറത്തായെന്നും അന്വേഷിക്കും.

ഹാരിസിന്റെ മരണം ഹൃദയാഘാതം മൂലമാണെന്ന ആശുപത്രി അധികൃതരുടെ വാദത്തെ തള്ളി ഹാരിസിന്റെ കുടുംബാംഗങ്ങൾ രംഗത്തെത്തിയിരുന്നു. ഇതിനെ ശരിവെയ്ക്കുന്ന വിശദീകരണമാണ് നജ്മ മാധ്യമങ്ങൾക്കുമുന്നിൽ നൽകിയിരുന്നത്. മുഖത്ത് മാസ്‌കുണ്ടായിരുന്നെങ്കിലും വെന്റിലേറ്റർ ഘടിപ്പിച്ചിരുന്നില്ലെന്ന് നജ്മ വ്യക്തമാക്കിയിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ ഇക്കാര്യം തന്നോട് പറഞ്ഞിരുന്നെന്നും ഡോ നജ്മ വെളിപ്പെടുത്തിയിരുന്നു.

അതേസമയം കളമശ്ശേരി മെഡിക്കൽ കോളെജിനെതിരെ കൂടുതൽ ആരോപണങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.മികച്ച ചികിത്സയ്ക്ക് ആശുപത്രി അധികൃതർ പണം ആവശ്യപ്പെട്ടുവെന്ന പരാതിയുമായി കോവിഡ് ബാധിച്ച് മരിച്ച മറ്റൊരു രോഗി ബൈ ഹൈക്കിയുടെ ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്. 40000ത്തോളം രൂപ ആവശ്യപ്പെട്ട് രോഗി സഹോദരനയച്ച ശബ്ദസന്ദേശം പുറത്തായതോടെ ആശുപത്രിക്കെതിരെ പ്രതിഷേധം പുകയുകയാണ്.

കാര്യങ്ങൾ കൃത്യമായി നടക്കണമെങ്കിൽ അതിനൊരു രീതിയുണ്ടെന്നും പണമാണ് അവർക്ക് ആവശ്യമെന്നും ഇയാൾ പറയുന്നത് ശബ്ദസന്ദേശത്തിൽ നിന്നും വ്യക്തമായി കേൾക്കാം. ചെക്ക് വഴിയോ പണമായോ എത്രയും വേഗം സഹായമെത്തിക്കണമെന്ന് രോഗി ഓഡിയോയിൽ അപേക്ഷിക്കുന്നുമുണ്ട്. ഇയാൾക്ക് മികച്ച ചികിത്സയോ വെന്റിലേറ്റർ സൗകര്യമോ ഒരുക്കിയില്ലെന്നും ബന്ധുക്കൾ ആരോപിക്കുന്നുണ്ട്. പണം എത്തിക്കാൻ കഴിയാതിരുന്നതുകൊണ്ടാണ് ആശുപത്രി അധികൃതർ വെന്റിലേറ്റർ സഹായം നൽകാതിരുന്നതെന്നും മെഡിക്കൽ കോളെജിനെതിരെ ബൈ ഹൈക്കിയുടെ ബന്ധുക്കൾ ആരോപിക്കുന്നു.

ചികിത്സയിലിരിക്കെ കോവിഡ് രോഗി മരിച്ച സംഭവത്തിൽ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് അനാസ്ഥയുണ്ടായോ എന്ന കാര്യത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ച ഹാരിസിന്റെയും ബന്ധുക്കളുടേയും മൊഴി പൊലീസ് ഉടൻ രേഖപ്പെടുത്തുമെന്നാണ് വിവരം. മരണസമയത്ത് ആശുപത്രിയിൽ ഉണ്ടായിരുന്ന ജീവനക്കാരുടേയും മൊഴിയെടുക്കും. എന്നാൽ മെഡിക്കൽ കോളെജിനെതിരെ നടക്കുന്നത് വ്യാജപ്രചരണമാണെന്ന വാദവുമായി ആശുപത്രി അധികൃതർ രംഗത്തെത്തിയിരുന്നു. ഹാരിസിന്റേത് ഹൃദയാഘാതമാണെന്നായിരുന്നു ആശുപത്രിയുടെ വിശദീകരണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP