Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202307Tuesday

രോഗിയുടെ മരണ വിവരം ഭർത്താവിനെ അറിയിച്ചപ്പോൾ കിട്ടിയത് അടിവയറ്റിൽ തൊഴി; കാണാനെത്തിയ മറ്റ് ഡോക്ടർമാരോട് താൻ ജോലി ഉപേക്ഷിക്കുകയാണെന്നും കേരളം വിടുകയാണെന്നും ഡോ മേരി ഫ്രാൻസിസ് കരഞ്ഞു പറഞ്ഞത് വെറുതെയായിരുന്നില്ല; ബോൾഡായ ആ ഡോക്ടർ കേരളം വിട്ടു; അവധി എടുത്ത് പോയത് റാസൽഖൈമയിലേക്ക്

രോഗിയുടെ മരണ വിവരം ഭർത്താവിനെ അറിയിച്ചപ്പോൾ കിട്ടിയത് അടിവയറ്റിൽ തൊഴി; കാണാനെത്തിയ മറ്റ് ഡോക്ടർമാരോട് താൻ ജോലി ഉപേക്ഷിക്കുകയാണെന്നും കേരളം വിടുകയാണെന്നും ഡോ മേരി ഫ്രാൻസിസ് കരഞ്ഞു പറഞ്ഞത് വെറുതെയായിരുന്നില്ല; ബോൾഡായ ആ ഡോക്ടർ കേരളം വിട്ടു; അവധി എടുത്ത് പോയത് റാസൽഖൈമയിലേക്ക്

എം എസ് സനിൽ കുമാർ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വച്ച് മർദ്ദനമേറ്റ വനിതാ ഡോക്ടർ കേരളം വിട്ടു. രോഗി മരിച്ചതിനെത്തുടർന്ന് ബന്ധു ഡോക്ടറുടെ അടിവയറ്റിൽ ചവിട്ടുകയായിരുന്നു. സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തത് ഏറെ പ്രതിഷേധങ്ങൾക്ക് വഴി വച്ചിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം പ്രതി സെന്തിൽ കുമാറിന് മുൻകൂർ ജാമ്യം ലഭിക്കുകയും ചെയ്തു.

മെഡിക്കൽ കോളേജിലെ ന്യൂറോ സർജറി വിഭാഗത്തിൽ ജോലി ചെയ്തിരുന്ന ഡോക്ടർ മേരി ഫ്രാൻസിസിനാണ് അടിവയറ്റിൽ തൊഴി കിട്ടിയത്. രോഗിയുടെ മരണ വിവരം ഭർത്താവിനെ അറിയിച്ചപ്പോൾ അയാൾ ഡോക്ടറെ ആക്രമിക്കുകയായിരുന്നു. അടിവയറ്റിൽ തൊഴിയേറ്റ് തെറിച്ചു വീണ ഡോക്ടർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു. തന്നെ കാണാനെത്തിയ മറ്റ് ഡോക്ടർമാരോട് താൻ ജോലി ഉപേക്ഷിക്കുകയാണെന്നും കേരളം വിടുകയാണെന്നും മേരി ഫ്രാൻസിസ് കരഞ്ഞു പറഞ്ഞിരുന്നു.

മെഡിക്കൽ കോളേജിൽ നിന്നും ലീവെടുത്ത് റാസൽഖൈമയിലേക്കാണ് ഡോക്ടർ മേരി ഫ്രാൻസിസ് പോയത്. നാഴികയ്ക്ക് നാൽപത് വട്ടം സ്ത്രീ സുരക്ഷയെക്കുറിച്ച് വാചാലരാകുന്ന ഇടതു സർക്കാരിന് പീഡനമേറ്റ ഡോക്ടർ നീതി കിട്ടാതെ നാട്ടുവിടേണ്ടി വന്നത് തിരിച്ചടിയാണെന്ന് ഡോക്ടർമാർ പറയുന്നു.

ഡോക്ടർക്ക് മർദ്ദനമേറ്റതിനെക്കുറിച്ച് ഡോക്ടർ മനോജ് വെള്ളനാടിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ചുവടെ ചേർക്കുന്നു

ബ്രയിൻ ട്യൂമർ ബാധിച്ച, നേരത്തേ തന്നെ ഹൃദ്രോഗിയായ ഒരു രോഗിയെ രണ്ടാഴ്ചയോളം വാർഡിൽ കിടത്തി സർജറിക്ക് വേണ്ടി റെഡിയാക്കുന്നു. ഓപറേഷൻ സമയത്തും ശേഷവും സംഭവിക്കാവുന്ന ഓരോ കാര്യവും പറഞ്ഞു മനസിലാക്കി സമ്മതപത്രം വാങ്ങിയ ശേഷം, 8-10 മണിക്കൂർ വരെ നീണ്ട ഓപറേഷൻ ചെയ്യുന്നു. ഓപറേഷന് ശേഷം ഐസിയുവിൽ രോഗിയിലെ മാറ്റങ്ങളും ജീവസ്പന്ദങ്ങളും മോണിറ്റർ ചെയ്തു കൊണ്ടിരിക്കുന്നു. അതിനിടയിൽ നിർഭാഗ്യവശാൽ രോഗിയുടെ നില വഷളാവുന്നു. വേണ്ട ചികിത്സകൾ നൽകിയശേഷം ഇക്കാര്യങ്ങളെല്ലാം രോഗിയുടെ ബന്ധുക്കളെ സമയാസമയങ്ങളിൽ അറിയിക്കുന്നു. പിന്നെയും രോഗിയെ രക്ഷിക്കാൻ മനുഷ്യസഹജമായ കാര്യങ്ങളെല്ലാം തന്നെ ചെയ്യുന്നു. പക്ഷെ രാത്രി ഒരു മണിയോടെ രോഗി മരിക്കുന്നു. ഇക്കാര്യം പറയാൻ വീണ്ടും ചെല്ലുമ്പോൾ, രോഗിയുടെ ബന്ധു ആ ഡോക്ടറുടെ വയറ്റിൽ ചവിട്ടി തെറിപ്പിക്കുന്നു. രാത്രി ഒന്നര മണിക്ക്, ICU വിൽ ഡ്യൂട്ടി ചെയ്യേണ്ട, വേറെയും രോഗികൾക്ക് ചികിത്സ കൊടുക്കേണ്ട ആ ഡോക്ടർ ചവിട്ടുകൊണ്ട് രോഗിയായി കാഷ്വാലിറ്റിയിൽ ചികിത്സയിൽ. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ന്യൂറോസർജറി വിഭാഗത്തിൽ ഒരു വനിതാ ഡോക്ടർക്ക് കഴിഞ്ഞ ദിവസം സംഭവിച്ച അത്യാഹിതത്തെ പറ്റിയാണ് ഈ പറഞ്ഞത്.

പ്രിയപ്പെട്ട ഒരു സഹപ്രവർത്തകയ്ക്ക് സംഭവിച്ച ദുരവസ്ഥയിൽ ദുഃഖവും ദേഷ്യവും ഉള്ളപ്പോഴും അതിനെപ്പറ്റി ഒന്നും എഴുതണ്ടാന്ന് തന്നെ കരുതിയതാണ്. കാരണം, അടി കിട്ടുന്നത് ഏതെങ്കിലും ഡോക്ടർക്കാണെങ്കിൽ അത് കിട്ടേണ്ടത് തന്നെയാണെന്ന് കരുതുന്ന, ഈ വക ആക്രമണങ്ങളിൽ ആത്മാർത്ഥമായി ഒന്ന് സഹതപിക്കാൻ പോലും തോന്നാത്ത ഒരു സമൂഹത്തിലേക്ക് എന്തിനാണ് ഒരാളെ ഓഡിറ്റിംഗിന് വിട്ടുകൊടുക്കണം എന്ന് വിചാരിച്ചിട്ടാണ്. നമുക്കിവിടെ ധാരാളം നിയമങ്ങളും വകുപ്പുകളുമുണ്ട്. പരാതികൾ കൊടുക്കേണ്ടിടത്തെല്ലാം കൊടുത്തിട്ടുണ്ട്. ഡോക്ടർമാർ സൂചനാ പ്രൊട്ടസ്റ്റും നടത്തി. എന്നിട്ടും പ്രതിയെ മാത്രം കണ്ടുകിട്ടിയില്ല. ഇവിടെയൊരു ഇലയനങ്ങിയാൽ അറിയുന്ന ആരോഗ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പേജിലും നോക്കി. ഒരു വനിതാ ഡോക്ടർ ചവിട്ടു കൊണ്ട് അഡ്‌മിറ്റായിട്ടും മന്ത്രിയിതൊന്നും അറിഞ്ഞ മട്ടു പോലുമില്ല.

ഈ ഡോക്ടർമാർ എന്നു പറഞ്ഞാൽ ദൈവങ്ങളുമല്ല, ചെകുത്താന്മാരുമല്ല. ഇതു വായിക്കുന്ന നിങ്ങളൊക്കെ ഏതുതരക്കാരാണോ, ഏതാണ്ട് അതു തന്നെയാണ് ഡോക്ടർമാരും. ഒരേ സമൂഹത്തിൽ നിന്നാണല്ലോ ഡോക്ടർമാരും ഉണ്ടാവുന്നത്. ഇനി ഏത് തരത്തിലുള്ള ആളാണെങ്കിലും ജോലി സ്ഥലത്ത് ആക്രമിക്കപ്പെടുക എന്ന് പറഞ്ഞാൽ ഒരു രീതിയിലും അംഗീകരിക്കാൻ കഴിയാത്ത കാര്യമാണ്.

യുദ്ധഭൂമിയിൽ പോലും ആരോഗ്യപ്രവർത്തകരെയും ആശുപത്രികളെയും ആക്രമിക്കാൻ പാടില്ലാ എന്നുണ്ട്. എന്നാൽ കേരളത്തിൽ അത്തരം ആക്രമണങ്ങൾ വളരെ സ്വാഭാവികമായ ഒന്നാണ്. സംഗതി വാർത്തയാവുമ്പോൾ മാത്രം, അത് ആ സമയത്തെ വൈകാരിക പ്രതികരണമെന്ന ഉഡായിപ്പുമായി വരും. ഈ വാർത്തകൾക്ക് താഴെ വരുന്ന പ്രതികരണം മാത്രം നോക്കിയാൽ മതി അറിയാം, ഇതൊന്നും പെട്ടെന്നുള്ള വൈകാരിക വിക്ഷോഭം അല്ലായെന്ന്. തരം കിട്ടിയാൽ കൈകാര്യം ചെയ്യാൻ കാത്തിരിക്കുന്നവരെയും ആരാണെന്നോ എന്താണെന്നോ അറിയാത്ത ഏതോ ഒരു ഡോക്ടർക്ക് അടി കിട്ടിയതിൽ ആഹ്ലാദിക്കുന്നവരെയും ഒക്കെ ധാരാളം കാണാം.

ആശുപത്രിയും ആരോഗ്യപ്രവർത്തകരും ആക്രമിക്കപ്പെടുമ്പോൾ കോഡ് വൈറ്റ്, കോഡ് ഗ്രേ, കോഡ് ബ്ലാക്ക് തുടങ്ങിയ വിവിധ പ്രോട്ടോക്കോളുകൾ പല വിദേശരാജ്യങ്ങളിലും അവലംബിക്കാറുണ്ട്. ഇത്തരത്തിലുള്ള കോഡുകൾ വിളിക്കുമ്പോൾ സെക്യൂരിറ്റി ജീവനക്കാർ ഉടനടി എത്തുകയും സ്ഥിതി നിയന്ത്രണ വിധേയമാക്കുകയും ചെയ്യും. ഇത്തരം ആക്രമണങ്ങൾക്കെതിരെ സീറോ ടോളറൻസ് ആണ് ഒട്ടുമിക്ക രാജ്യങ്ങളും പുലർത്തുന്നത്. ആക്രമിക്കുന്ന വ്യക്തികൾക്ക് ശക്തമായ നിയമനടപടി നേരിടേണ്ടിവരും, കൂടാതെ ഉയർന്ന കോമ്പൻസേഷൻ നൽകേണ്ടി വരും. പല രാജ്യങ്ങളിലും ആക്രമണത്തിന് വിധേയരാകുന്ന ആരോഗ്യപ്രവർത്തകർക്ക് വളരെ ഉയർന്ന കോമ്പൻസേഷൻ ലഭിക്കാൻ അർഹതയുണ്ട്.

ആശുപത്രിയും ആരോഗ്യപ്രവർത്തകരും ആക്രമിക്കപ്പെടുമ്പോൾ നിയമ നടപടി സ്വീകരിക്കാൻ വേണ്ടി സമരം ചെയ്യേണ്ട സാഹചര്യം ഇന്നും കേരളത്തിൽ ഉണ്ട് എന്നത് ഖേദകരമാണ്. ഇന്നത്തെ സംഭവത്തിലും സംഗതി ഒട്ടും വിഭിന്നമല്ല. ഒരു ക്രൈം നടന്നാൽ നിയമ നടപടി സ്വീകരിക്കുക എന്നത് സ്റ്റേറ്റിന്റെ കടമയാണ്. അതിനുപകരം ആശുപത്രി സംരക്ഷണ നിയമപ്രകാരം കേസെടുക്കാനും കുറ്റവാളിയെ അറസ്റ്റ് ചെയ്യാനും വേണ്ടി സമരം ചെയ്യാൻ ആരോഗ്യപ്രവർത്തകരെ നിർബന്ധിതരാക്കുന്നത് അഭിലഷണീയമല്ല.

ആരോഗ്യ പ്രവർത്തകരും ഈ സമൂഹത്തിന്റെ ഭാഗമാണെന്നും മറ്റേതൊരു തൊഴിലും പോലെ തന്നെ ഒരു തൊഴിലാണ് ഇത് എന്നും കൂടി സമൂഹം തിരിച്ചറിയേണ്ടതുണ്ട്. അവരെ സുരക്ഷിതരായി, ആത്മാഭിമാനത്തോടെ തൊഴിൽ ചെയ്യാൻ അനുവദിക്കേണ്ടതും സമൂഹത്തിന്റെ കടമയാണ്.

പലപ്പോഴും ലഭിക്കുന്ന അമിതമായ ഗ്ലോറിഫിക്കേഷനോ അർത്ഥശൂന്യമായ കൈയടികളോ അല്ലാ, മറിച്ച് ഭയമില്ലാതെ സ്വസ്ഥവും സുരക്ഷിതവും സമാധാനപരവുമായി സ്വന്തം ജോലി ചെയ്യാനുള്ള സാഹചര്യം മാത്രം നൽകുകയാണ് സർക്കാരും സമൂഹവും ആരോഗ്യ പ്രവർത്തകർക്ക് വേണ്ടി ചെയ്യേണ്ടത്. അതിന്റെ ആത്യന്തികമായ ഗുണഭോക്താവ് സാധാരണക്കാരായ ഇവിടുത്തെ രോഗികൾ തന്നെയായിരിക്കും. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP