Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

പാൻക്രിയാസിലെ ക്യാൻസർ തിരിച്ചറിഞ്ഞത് അന്തിമഘട്ടത്തിൽ; രോഗം നിർണയിച്ചപ്പോഴേക്കും വ്യാപനം കണ്ടെത്തി; തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളജിൽ ചികിൽസയിൽ കഴിയുന്ന മാർത്തോമ്മ സഭാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മയുടെ ആരോഗ്യനില അതീവ ഗുരുതരം; ബോധാബോധങ്ങൾ മാറി മറിയുന്നതിനിടെ തൈലാഭിഷേകം നടത്താൻ ആവശ്യപ്പെട്ടത് തിരുമേനി തന്നെ: മെത്രാപ്പൊലീത്തയുടെ ആരോഗ്യത്തിനായി പ്രാർത്ഥനയോടെ വിശ്വാസി സമൂഹം

പാൻക്രിയാസിലെ ക്യാൻസർ തിരിച്ചറിഞ്ഞത് അന്തിമഘട്ടത്തിൽ; രോഗം നിർണയിച്ചപ്പോഴേക്കും വ്യാപനം കണ്ടെത്തി; തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളജിൽ ചികിൽസയിൽ കഴിയുന്ന മാർത്തോമ്മ സഭാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മയുടെ ആരോഗ്യനില അതീവ ഗുരുതരം; ബോധാബോധങ്ങൾ മാറി മറിയുന്നതിനിടെ തൈലാഭിഷേകം നടത്താൻ ആവശ്യപ്പെട്ടത് തിരുമേനി തന്നെ: മെത്രാപ്പൊലീത്തയുടെ ആരോഗ്യത്തിനായി പ്രാർത്ഥനയോടെ വിശ്വാസി സമൂഹം

ശ്രീലാൽ വാസുദേവൻ

തിരുവല്ല: മാർത്തോമ്മ സഭാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മ മെത്രാപ്പൊലീത്തയുടെ ആരോഗ്യനില അതീവഗുരുതരം. പാൻക്രിയാസ് ഗ്രന്ഥിയിൽ ക്യാൻസർ ബാധിച്ചാണ് അദ്ദേഹം ചികിൽസയിൽ കഴിയുന്നത്. വളരെ വൈകിയാണ് രോഗം കണ്ടെത്തിയത്. അപ്പോഴേക്കും വ്യാപനവും ഉണ്ടായിരുന്നു.

ഒരാഴ്ച മുൻപ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹത്തിന്റെ ആരോഗ്യനില അനുദിനം വഷളാവുകയായിരുന്നു. ബോധാബോധങ്ങൾ മാറി മറിയുകയാണ്. ബോധം വന്ന സമയത്താണ് തനിക്ക് തൈലാഭിഷേകം വേണമെന്ന് തിരുമേനി ആവശ്യപ്പെട്ടത്. അതനുസരിച്ച് ഇന്നലെ വൈകിട്ട് നാലു മണിയോടെ റവ. ഡോ. ഗീവർഗീസ് മാർ തിയോഡോഷ്യസ് സഫ്രഗൻ മെത്രാപ്പൊലീത്തയുടെ നേതൃത്വത്തിലാണ് ആദ്യ ഘട്ടം തൈലാഭിഷേകം നടന്നത്. മറ്റു മെത്രാപ്പൊലീത്തമാരും സഭയുടെ ഭാരവാഹികളും ചടങ്ങിൽ പങ്കു കൊണ്ടു.

ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ പിൻഗാമിയായി 2007 നാണ് ഡോ. ജോസഫ് മാർത്തോമ്മ മെത്രാപ്പൊലീത്ത സ്ഥാനം ഏറ്റെടുക്കുന്നത്. സഭയുടെ നവീകരണത്തിൽ പ്രധാന പങ്കു വഹിച്ചയാണ് ഡോ. ജോസഫ് മാർത്തോമ്മ. ട്രാൻസ്ജെൻഡറുകളുടെ ക്ഷേമത്തിനായി വിപുലമായ പദ്ധതികൾ തയാറാക്കിയ ആദ്യ ക്രൈസ്തവ സഭയാണ് മാർത്തോമ്മ സഭ. ഇതിന് നേതൃത്വം നൽകിയതും അങ്ങനെ ഒരു ആശയം തയാറാക്കിയതും ഡോ. ജോസഫ് മാർത്തോമ്മയായിരുന്നു.

പരിസ്ഥിതി വാദി കൂടിയായിരുന്നു അദ്ദേഹം. കഴിഞ്ഞ ജൂൺ 27 നായിരുന്നു മെത്രാപ്പൊലീത്തയുടെ നവതി ആഘോഷം. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടന്ന ചടങ്ങുകൾ ഉദ്ഘാടനം ചെയ്തത്. മാരാമൺ പാലക്കുന്നത്ത് കുടുംബാംഗമായ ഡോ. ജോസഫ് 1931 ജൂൺ 27 നാണ് ജനിച്ചത്. തീത്തൂസ് ദ്വിതീയൻ തിരുമേനിയുടെ ജ്യേഷ്ഠസഹോദരൻ തോമാച്ചന്റെ മകൻ ലൂക്കാച്ചന്റെ മകനായിട്ടായിരുന്നു ജനനം.

കോഴഞ്ചേരി സെന്റ് തോമസ് ഹൈസ്‌കൂളിൽ നിന്ന് സ്‌കൂൾ വിദ്യാഭ്യാസം നേടി. ആലുവ യു.സി കോളജിൽ നിന്ന് ബിഎ പാസായി. സഭാശുശ്രൂഷയ്ക്ക് സമർപ്പിതനായി ബംഗളൂരു യു.ടി കോളജിൽ നിന്ന് ബിഡി ബിരുദം സമ്പാദിച്ചു. 1957 ജൂൺ 29 ന് ശെമ്മാച്ചനായി. ഒക്ടോബർ 10 ന് കശീശാ പട്ടം സ്വീകരിച്ചു. റാന്നി, കുണ്ടറ, കോഴിക്കോട്, മദ്രാസ്, തിരുവനന്തപുരം എന്നീ ഇടവകകളിൽ പുരോഹിതനായി.

അമേരിക്കയിലെ വിർജീനിയ സെമിനാരിയിലും ഓക്സ്ഫോർഡ്, വിക്ലിഫ്, കാന്റർബറി സെന്റ് അഗസ്റ്റിൻ എന്നീ കോളജുകളിലും ഉപരി പഠനം നടത്തി. എംഡിവ്, എസ്ടിഎം എന്നീ ബിരുദങ്ങളും നേടി. 1975 ജനുവരിയിൽ റമ്പാനും ഫെബ്രുവരിയിൽ എപ്പിസ്‌കോപ്പയുമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP