Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ട്രോളിയിൽ രോഗിയെ കൊണ്ടുവരുന്നത് കണ്ട് ട്രേ വച്ചത് രോഗിയുടെ കാലിനടുത്ത്; നേഴ്‌സ് കരഞ്ഞ് മാപ്പുപറഞ്ഞിട്ടും മറ്റു ജീവനക്കാർ അഭ്യർത്ഥിച്ചിട്ടും കനിയാതെ ശിക്ഷ വിധിക്കൽ; കയറി കട്ടിൽ കിടക്കൂ എന്ന ആക്രോശിച്ച് കാടത്തം കാട്ടിയത് സർജ്ജറി വിഭാഗം മേധാവി; പീഡിപ്പിച്ചത് സൗജ്യന സേവനത്തിന് എത്തിയ നേഴ്‌സിനെ; പ്രതിസ്ഥാനത്ത് പിജിക്കാരെ കൊണ്ട് ബാത്ത് റൂം കഴുകിച്ച ഡോക്ടർ; ഡോ ജോൺ എസ് കുര്യൻ വീണ്ടും വിവാദത്തിൽ; നടപടി സ്ഥലം മാറ്റത്തിൽ ഒതുങ്ങും

ട്രോളിയിൽ രോഗിയെ കൊണ്ടുവരുന്നത് കണ്ട് ട്രേ വച്ചത് രോഗിയുടെ കാലിനടുത്ത്; നേഴ്‌സ് കരഞ്ഞ് മാപ്പുപറഞ്ഞിട്ടും മറ്റു ജീവനക്കാർ അഭ്യർത്ഥിച്ചിട്ടും കനിയാതെ ശിക്ഷ വിധിക്കൽ; കയറി കട്ടിൽ കിടക്കൂ എന്ന ആക്രോശിച്ച് കാടത്തം കാട്ടിയത് സർജ്ജറി വിഭാഗം മേധാവി; പീഡിപ്പിച്ചത് സൗജ്യന സേവനത്തിന് എത്തിയ നേഴ്‌സിനെ; പ്രതിസ്ഥാനത്ത് പിജിക്കാരെ കൊണ്ട് ബാത്ത് റൂം കഴുകിച്ച ഡോക്ടർ; ഡോ ജോൺ എസ് കുര്യൻ വീണ്ടും വിവാദത്തിൽ; നടപടി സ്ഥലം മാറ്റത്തിൽ ഒതുങ്ങും

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: രോഗിയുടെ കിടക്കയിൽ ട്രേ വച്ചതിന് നഴ്‌സിനെ കട്ടിലിൽ കിടത്തി കാലിൽ അതേ ട്രേ വച്ചു ഡോക്ടറുടെ ശിക്ഷ! നവോത്ഥാന കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജിലാണ് നേഴ്‌സിന് ഈ ദുരവസ്ഥ വന്നത്. നേഴ്‌സിനെ മാനസികമായി പീഡിപ്പിച്ച ഡോക്ടർക്കെതിരെ പൊലീസ് കേസെമുടുക്കുന്നില്ല. ശിക്ഷ വെറുമൊരു സ്ഥലം മാറ്റത്തിൽ ഒതുങ്ങും. കോട്ടയം മെഡിക്കൽ കോളജ് ശസ്ത്രക്രിയ വകുപ്പു മേധാവി ഡോ. ജോൺ എസ്. കുര്യനെതിരെ നഴ്‌സ് പരാതി നൽകിയിരുന്നു. ഇതോടെയാണ് സംഭവം പുറംലോകത്ത് എത്തിയത്. ഏറെ വിവാദങ്ങൾക്ക് ഉടമായാണ് ഡോ ജോൺ എസ് കുര്യൻ.

പിജി വിദ്യാർത്ഥിനിയെ കൊണ്ട് ബാത്ത് റൂം പോലും കഴുകിച്ചതിന്റെ പേരിൽ വിവാദ പുരുഷനായ വ്യക്തിയാണ് ജോൺ എസ് കുര്യൻ. സ്വകാര്യ പ്രാക്ടീസിന് നിരോധനമുണ്ടെങ്കിലും ചിങ്ങവനത്തെ വീട്ടിൽ സ്വകാര്യ പ്രാക്ടീസ് നടത്തി ദിവസവും പണമുണ്ടാക്കുന്ന ഡോക്ടറാണ് ജോൺ എസ് കുര്യനെന്നാണ് ഉയരുന്ന ആരോപണം. എഴുതിക്കൊടുക്കുന്ന കമ്പനിയുടെ മരുന്നില്ലാത്തതിന്റെ പേരിൽ രോഗികളെ വട്ടം കറക്കിയതിനും നിരവധി പരാതികളുണ്ട്. ഈ ആരോപണങ്ങളൊന്നും അധികൃതർ മുഖവിലയ്‌ക്കെടുക്കാറില്ല. ഇത്തരം പീഡനങ്ങൾ കാരണം മെഡിക്കൽ കോളേജിലെ ചികിൽസ നിർത്തി തൊട്ടടുത്ത സ്വകാര്യ ആശുപത്രികളിലേക്ക് ഉള്ളതെല്ലാം വിറ്റു പറക്കി പോകുന്ന സാധാരണക്കാരായ രോഗികളും ഏറെയാണ്. ഇങ്ങനെയുള്ള ഡോക്ടറാണ് സേവനാർത്ഥം കോട്ടയം മെഡിക്കൽ കോളേജിൽ എത്തിയ നേഴ്‌സിനെ മാനസികമായി തകർത്തത്.

ആശുപത്രി അധികൃതർ അന്വേഷണത്തിനു കമ്മിഷനെ നിയോഗിച്ചിട്ടുണ്ട്. ഡോക്ടറുടെ നടപടിയിൽ പ്രതിഷേധിച്ചു മെഡിക്കൽ കോളജിലെ നഴ്‌സുമാർ ഇന്നു രാവിലെ എട്ടിനു പണിമുടക്കി. ശസ്ത്രക്രിയ തീവ്രപരിചരണ വിഭാഗത്തിൽ തിങ്കളാഴ്ചയാണു സംഭവം. തീവ്രപരിചരണ വിഭാഗത്തിൽ രോഗികളെ പരിശോധിക്കാനെത്തിയ ഡോ. ജോൺ എസ്. കുര്യൻ ശസ്ത്രക്രിയ കഴിഞ്ഞു കിടക്കുന്ന രോഗിയുടെ കിടക്കയിൽ നഴ്‌സുമാർ ഉപയോഗിക്കുന്ന ട്രേ ഇരിക്കുന്നതായി കണ്ടു. മരുന്നുകൾ, രക്തത്തിലെ പഞ്ചസാര അളക്കുന്ന ഉപകരണം എന്നിവ സഹിതമാണ് ട്രേ കട്ടിലിൽ രോഗിയുടെ കാലിന്റെ ഭാഗത്ത് വച്ചിരിക്കുന്നതു കണ്ടത്. ഇതോടെയാണ് പൊട്ടിത്തെറിച്ച് ഡോക്ടർ സ്വയം ശിക്ഷ നടപ്പാക്കിയത്. എന്നാൽ എന്താണ് സംഭവിച്ചതെന്ന് അന്വേഷിച്ചതുമില്ല. ഇങ്ങനെ സ്വയം ശിക്ഷ നടപ്പാക്കിയ ഡോക്ടർക്കെതിരെ സ്ത്രീകളെ മാനസികമായി പീഡിപ്പിച്ച കുറ്റം ചുമത്തി കേസെടുക്കേണ്ടതാണ്. എന്നാൽ സ്ഥലം മാറ്റത്തിൽ എല്ലാം തീർക്കാനാണ് നീക്കം.

സ്റ്റാഫ് നേഴ്‌സുകളുടെ അഭാവം ഏറെയുള്ള ആശുപത്രിയാണ് കോട്ടയത്തെ മെഡിക്കൽ കോളേജ്. ഇവിടെ യോഗ്യതയുള്ള നേഴ്‌സുമാർക്ക് സേവനം നടത്താനും പ്രാക്ടീസ് ചെയ്യാനുമായി പണം അടച്ച് നേഴ്‌സായി പ്രവർത്തിക്കാവുന്ന സംവിധാനമുണ്ട്. പഠിച്ചിറങ്ങുന്നവർ ധാരാളം പേർ ഉപയോഗിക്കാറുമുണ്ട്. സേവന തൽപരാണ് ഏറെയും ഇങ്ങനെ ശമ്പളമില്ലാതെ സഹായിക്കാനെത്തുന്നത്. ഇത്തരത്തിൽ 3500 രൂപ മെഡിക്കൽ കോളേജിൽ അടച്ച് സേവനത്തിന് എത്തിയതാണ് ബിഎസ് സി നേഴ്‌സിങ് യോഗ്യതയുള്ള വണ്ടിപ്പെരിയാർ സ്വദേശിനി. തോട്ടം തൊഴിലാളിയുടെ മകളായ ഈ നേഴ്‌സിന് 22 വയസ്സായിരുന്നു പ്രായം. വീട്ടിലെ കഷ്ടതകൾക്കിടയിലും കോട്ടയത്തെ മെഡിക്കൽ കോളേജിൽ എത്തിയ നേഴ്‌സിനോടായിരുന്നു ഡോക്ടറുടെ ക്രൂരത.

സർജിക്കൽ ഐസിയുവിൽ 16 ബെഡാണുള്ളത്. ഇവിടെ വേണ്ടത് ഒരു രോഗിക്ക് ഒരു നേഴ്‌സ് എന്ന അനുപാതത്തിലെ ജീവനക്കാരാണ്. എന്നാലുള്ളത് നാല് പേരും. അതുകൊണ്ട് തന്നെ സേവനത്തിനായെത്തുന്ന നേഴ്‌സുമാരുടെ സഹായം കൂടി ഉപയോഗിച്ചാണ് ഐസിയു പ്രവർത്തിക്കുന്നത്. ദിവസവും എട്ട് അഡ്‌മിഷനാണ് ഐസിയുവിലുള്ളത്. ഏഴാമത്തെ അഡ്‌മിഷന് ശേഷം എട്ടാമത്തെ രോഗി അതീവ ഗുരുതരമായി എത്തി. തലച്ചോറിലെ ഞെരമ്പ് പൊട്ടി ഉദരത്തിൽ രക്തസ്രാവവുമായാണ് രോഗിയെ കൊണ്ടു വന്നത്. ഈ അടിയന്തര ഘട്ടത്തിൽ ഈ രോഗിയുടെ കാര്യങ്ങൾ നോക്കാനായി നേഴ്‌സ് േ്രട അടുത്ത ബെഡിന് അടുത്ത് വയ്ക്കുകയാണ് ഉണ്ടായത്. ഈ നടപടിക്രമങ്ങൾ പൂർത്തിയാകുന്നതിനിടെയാണ് ഡോക്ടർ അവിടെ എത്തിയത്. ബെഡിൽ േ്രട ഇരിക്കുന്നത് കണ്ടപ്പോൾ തന്നെ ഡോക്ടർ ആക്രോശം തുടങ്ങി. ഇതാരാണ് ഇവിടെ വച്ചതെന്ന് ചോദിച്ചപ്പോൾ നേഴ്‌സ് ഉത്തരവാദിത്തം ഏറ്റെടുത്തു.

നേഴ്‌സിങ് പഠനത്തിനു ശേഷം വോളണ്ടറി സർവീസ് നടത്തുന്ന നേഴ്‌സിനാണ് വിചിത്രമായ ശിക്ഷ ഏറ്റുവാങ്ങേണ്ടി വന്നത്. രക്തത്തിലെ പഞ്ചസാര അളക്കുന്ന ഗ്ലൂക്കോമീറ്റർ എന്ന കൊച്ച് ഉപകരണവുമായി രോഗികളെ പരിശോധിക്കുകയായിരുന്നു നേഴ്‌സ്. ഇതിനിടെ ഐസിയുവിലേക്ക് ട്രോളിയിൽ രോഗിയെ കൊണ്ടുവരുന്നത് കണ്ട് സഹായിക്കാനായി പോയി. പോകും മുമ്പ് ഗ്ലൂക്കോമീറ്ററുള്ള ട്രേ രോഗിയുടെ കാലിനടുത്ത് കിടക്കയിൽ വച്ചു. ഈ സമയത്താണ് ജനറൽ സർജറി വിഭാഗം മേധാവി ഡോ. ജോൺ എസ് കുര്യൻ വന്നത്. ട്രേ കിടക്കയിൽ വച്ചെന്നു പറഞ്ഞ് അദ്ദേഹം നേഴ്‌സിനെ അതിയായി ശകാരിച്ചു. തുടർന്ന് ഐസിയുവിലെ മറ്റു രോഗികൾക്കിടയിൽ, ഒഴിഞ്ഞ കിടക്കയിൽ ട്രേ കാലിനു സമീപം വച്ച് കിടക്കാൻ ആവശ്യപ്പെടുകയായിരുന്നു. നേഴ്‌സ് കരഞ്ഞ് മാപ്പുപറഞ്ഞിട്ടും മറ്റു ജീവനക്കാർ അഭ്യർത്ഥിച്ചിട്ടും ഡോക്ടർ കനിഞ്ഞില്ല. റൗണ്ട്‌സിനെത്തിയ ഡോക്ടർ മറ്റു രോഗികളെ നോക്കി വരുന്നതുവരെ നേഴ്‌സിന് അവിടെ കിടക്കേണ്ടി വന്നു. കയറി കട്ടിൽ കിടക്കൂ എന്ന ആക്രോശത്തോടെയാണ് ശിക്ഷ നടപ്പാക്കിയത്. ഇതിനെ ചോദ്യം ചെയ്യാനെത്തിയ മറ്റ് നേഴ്‌സുമാരേയും ശകാരിച്ചു.

അതേസമയം നഴ്‌സ് ചെയ്തത് ഗുരുതരമായ തെറ്റാണെന്നു ഡോ. ജോൺ എസ്. കുര്യൻ അറിയിച്ചു. പാൻക്രിയാസ് പകുതി മുറിഞ്ഞ് അനങ്ങാൻ പോലും കഴിയാത്ത രോഗിയുടെ ദേഹത്താണ് അരകിലോ ഭാരമുള്ള രണ്ടു ട്രേകൾ നഴ്‌സ് വച്ചത്. ഇതിൽ ഒന്ന് കാലിലും മറ്റൊന്ന് തുടയിലുമായിരുന്നു. രോഗി നേരിട്ട ബുദ്ധിമുട്ടും വിഷമവും നഴ്‌സ് കൂടി മനസ്സിലാക്കാനാണ് മൂന്നു മിനിറ്റ് ശിക്ഷിച്ചതെന്നും ഡോ. ജോൺ പറയുന്നു. ചെയ്തതു തെറ്റാണെങ്കിൽ നഴ്‌സിനോടു ക്ഷമ ചോദിക്കാൻ തയാറാണെന്നും ഡോക്ടർ പറഞ്ഞു. പരാതി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ. എ. ശോഭയുടെ അധ്യക്ഷതയിലുള്ള കമ്മിഷനെ ചുമതലപ്പെടുത്തിയതോടെയായിരുന്നു ഈ കുറ്റസമ്മതം. നേഴ്‌സ് തെറ്റി ചെയ്താൽ തന്നെ ഇത്തരത്തിൽ ശിക്ഷിക്കാൻ ഈ ഡോക്ടർക്ക് എന്തവകാശമെന്നതാണ് ഉയരുന്ന ചോദ്യം.

അതുകൊണ്ട് തന്നെ ഡോക്ടർക്കെതിരെ ക്രിമിനൽ നടപടി വേണമെന്ന ആവശ്യവും സജീവമാണ്. എന്നാൽ ഉന്നത ബന്ധങ്ങളുള്ള ഡോക്ടറെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയുള്ള പ്രശ്‌നപരിഹാരമാണ് ഉന്നതർ ആലോചിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് നേഴ്‌സുമാർ സമരം അവസാനിപ്പിച്ചതും. മെഡിക്കൽ കോളേജിലെ 500 ൽ അധികം നഴ്‌സുമാരാണ് ഇന്ന് പണിമുടക്കിയത്. ഇതിന് ശേഷമാണ് സ്ഥലം മാറ്റ നടപടിക്ക് പോലും അധികൃതർ തയ്യാറായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP