Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202019Saturday

യൂസഫലിയുടെ നന്മയുടെ വഴിയെ എത്തിയ മരുമകൻ പ്രളയക്കെടുതിയിൽ മുങ്ങിയ കേരളത്തെ കരകയറ്റാൻ തെരഞ്ഞെടുത്തത് മെട്രോമാനെ; 50 കോടിയുടെ ദുരിതാശ്വാസ സഹായം പ്രഖ്യാപിച്ച ഡോ.ഷംസീർ വയലിലിന് വിശ്വാസം ഇ.ശ്രീധരനെ; പുനർനിർമ്മാണത്തിനും പുനരധിവാസത്തിനുമുള്ള കർമസേനയെ നയിക്കുക ശ്രീധരനെന്ന ലേക് ഷോർ ഹോസ്പിറ്റൽ ഉടമയുടെ പ്രഖ്യാപനത്തിന് കൈയടിച്ച് സോഷ്യൽ മീഡിയ

യൂസഫലിയുടെ നന്മയുടെ വഴിയെ എത്തിയ മരുമകൻ പ്രളയക്കെടുതിയിൽ മുങ്ങിയ കേരളത്തെ കരകയറ്റാൻ തെരഞ്ഞെടുത്തത് മെട്രോമാനെ; 50 കോടിയുടെ ദുരിതാശ്വാസ സഹായം പ്രഖ്യാപിച്ച ഡോ.ഷംസീർ വയലിലിന് വിശ്വാസം ഇ.ശ്രീധരനെ; പുനർനിർമ്മാണത്തിനും പുനരധിവാസത്തിനുമുള്ള കർമസേനയെ നയിക്കുക ശ്രീധരനെന്ന ലേക് ഷോർ ഹോസ്പിറ്റൽ ഉടമയുടെ പ്രഖ്യാപനത്തിന് കൈയടിച്ച് സോഷ്യൽ മീഡിയ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മഹാപ്രളയ ദുരന്തത്തിൽ നിന്ന് കരകയറാൻ നാനാതുറകളിലും നിന്നും സഹായം പ്രവഹിക്കുകയാണ്. വിദേശ മലയാളികൾക്ക് ആവേശം നൽകി പ്രമുഖ വ്യവസായി എം.എ.യൂസഫലി 18 കോടി ദുരിതാശ്വാസ സഹായമായി പ്രഖ്യാപിച്ചതിന് പിന്നാലെ മരുമകൻ ഡോ.ഷംസീർ വയലിൽ 50 കോടി സഹായം പ്രഖ്യാപിച്ചിരുന്നു. ദുരിതത്തിൽ നിന്ന് മലയാളികളെ കരകയറ്റുക മാത്രമല്ല, കേരളത്തിന്റെ പുനർനിർമ്മാണ, പുനരധിവാസ പ്രവർത്തനങ്ങൾക്ക് ഈ തുക വിനിയോഗിക്കാനും ഡോ.ഷംസീർ വയലിൽ ലക്ഷ്യമിടുന്നു.

ഇതിനായുള്ള കർമസേനയെ നയിക്കുക മെട്രോമാൻ ഡോ.ഇ.ശ്രീധരനായിരിക്കുമെന്ന്ാണ് ഡോ.ഷംസീർ വയലിലിന്റെ പുതിയ പ്രഖ്യാപനം. കേരളത്തിന് അനുവദിക്കുന്ന 50 കോടി എങ്ങനെ വിനിയോഗിക്കണമെന്ന് തീരുമാനിക്കുക ഇ.ശ്രീധരൻ നയിക്കുന്ന കർമ്മസേനയായിരിക്കും. തിരക്കിനിടയിലും ഈ ദൗത്യം ഏറ്റെടുക്കാൻ ഇ.ശ്രീധരൻ സമ്മതിച്ചതിൽ അതീവ സന്തോഷമുണ്ടെന്ന് ഡോ.ഷംസീർ വയലിൽ ഫേസ്‌ബുക്കിൽ കുറിച്ചു. മെട്രോമാന്റെ അനുഭവപരിചയവും, ഉൾകാഴ്ചയും പുതിയ കേരളത്തിന്റെ നിർമ്മാണത്തിന് വിലമതിക്കാനാവാത്തതാണെന്നും അദ്ദേഹം പറഞ്ഞു. പുനർനിർമ്മാണച്ചുമതല ഏറ്റെടുത്ത കാര്യം ഇ.ശ്രീധരനും സ്ഥിരീകരിച്ചിട്ടുണ്ട്.

Stories you may Like

ഗൾഫിലെ മലയാളികളായ വ്യവസായികളെല്ലാം പ്രളയക്കെടുതിയിൽ തകർന്ന കേരളത്തെ സഹായിക്കേണ്ടതിന്റെ ആവശ്യകതയാണ് ഷംസീർ ഇതിലൂടെ മുന്നോട്ട് വയ്ക്കുന്നത്. കേരളത്തിന് സഹായം പ്രഖ്യാപിച്ചു കൊണ്ടുള്ള ഷംസീറിന്റെ പോസ്റ്റിനെ മോഹൻലാൽ അടക്കമുള്ള സെലിബ്രട്ടികളും ആവേശത്തോടെയാണ് സ്വീകരിച്ചിരുന്നു. പ്രളയക്കെടുതിയിൽ കൈതാങ്ങായി മലയാളിയായ വ്യവസായ സംരംഭകൻ പ്രഖ്യാപിക്കുന്ന ഏറ്റവും വലിയ തുകയാണ് ഷംസീർ വയലിന്റെ 50 കോടി. യൂസഫലിയുടെ മകളുടെ ഭർത്താവാണ് ഡോ ഷംസീർ വയലിൽ.

കേരളത്തിന്റെ പുനരധിവാസത്തിനായി 50 കോടിയുടെ പദ്ധതി ആവിഷ്‌കരിക്കുമെന്ന് വിപിഎസ് ഹെൽത്ത്കെയർ സിഎംഡി കൂടിയായ ഡോ.ഷംസീർ വയലിൽ ഫെയ്സ് ബുക്കിലൂടെയാണ് അറിയിച്ചത്. ആരോഗ്യം, വീട്, വിദ്യാഭ്യാസം എന്നീ മേഖലകളിലെ വിദഗ്ധരുടെ സഹായത്തോടെയാണു പദ്ധതി തയാറാക്കുക. ദുരിതബാധിതർക്ക് ഭക്ഷണം, വസ്ത്രം, മരുന്ന്, കുടിവെള്ളം എന്നിവ തുടർന്നും ലഭ്യമാക്കും. തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് പുനരധിവാസത്തിനു വേണ്ട സഹായങ്ങൾ നൽകുമെന്നും ഡോ. ഷംസീർ വയലിൽ അറിയിച്ചു. മലയാളിക്ക് വേണ്ടി എന്നും സാമൂഹിക ഇടപെടൽ നടത്തുന്ന ഷംസീർ വയലിന്റെ നിയന്ത്രണത്തിലാണ് കൊച്ചിയിലെ ലേക് ഷോർ ആശുപത്രി. ലോകത്തെ ഏറ്റവും സമ്പന്നനായ മലയാളിയാണ് യൂസഫലി. അമ്മാവനിൽ നിന്ന് സ്വന്തായ വ്യക്തിത്വം പല വിഷയത്തിലും നേടിയെടുത്ത ഷംസീർ വയലിന്റെ പ്രളയക്കെടുതിയിലെ സഹായത്തേയും മലയാളികൾ ആവേശത്തോടെയാണ് ഏറ്റെടുക്കുന്നത്.

പ്രവാസി മലയാളികൾക്ക് പോക്സി വോട്ട് ശരിയാക്കാൻ നിയമപോരാട്ടം നടത്തിയ വ്യക്തിയാണ് ഷംസീർ വയലിൽ. മലയാളിയുടെ മനസ്സ് അറിഞ്ഞ് നടത്തിയ നിയമ പോരാട്ടങ്ങൾ ഫലം കാണുന്നതിന്റെ വക്കിലാണ്. ഇതിനിടെയാണ് പ്രളയക്കെടുതിയിൽ കേരളം പകച്ച് നിൽക്കുമ്പോൾ കരുത്താകാൻ അമ്പത് കോടിയുടെ പദ്ധതിയുമായി ഷംസീർ എത്തിയത്. ആരോഗ്യ മേഖലയിലെ പ്രശ്ന പരിഹാരത്തിന് എല്ലാ വിധ സഹായവും ഉണ്ടാകുമെന്നും ഉറപ്പ് നൽകുന്നു.

കൊച്ചിയിലെ ലേക്ഷോർ ആശുപത്രി ഇപ്പോൾ ഡോ. ഷംസീർ വയലിലിന്റെ ഉടമസ്ഥതയിലുള്ള വി.പിസ് ഹെൽത്ത് കെയറിന്റെ കയ്യിലാണ്. ഇപ്പോൾ ഇതിന്റെ 70% ഓഹരികളും വിപിഎസിന്റെ കയ്യിലാണ്. യൂസഫലിയുടെ മകളുടെ ഭർത്താവായ ഡോക്ടർ ഷംസീർ വയലിന്റെ കീഴിലുള്ള വിപിഎസ് ഹെൽത്ത്‌കെയറിന് ഗൾഫ് രാജ്യങ്ങളിൽ മൊത്തമായി 16 ആശുപത്രികളുണ്ട്. കേരളത്തിൽ ആദ്യം ശ്രദ്ധിക്കപ്പെട്ട വലിയ ആശുപത്രിയുടെ പട്ടികയിലാണ് ലേക്ഷോർ ഇടം പിടിച്ചത് . ആശുപത്രി തുടക്കം കുറിച്ച് പകുതിക്ക് വച്ചാണ് എംഎ യൂസഫലി സ്ഥാപനത്തിന്റെ വൈസ് ചെയർമാൻ പദവിയിൽ എത്തുന്നത്. അന്ന് ആശുപത്രിയുടെ ചെയർമാൻ ഡോക്ടറും എൻആർഐ ഇൻവെസ്റ്റർ ആയിരുന്ന ഡോ. സിപി ജോൺ ആയിരുന്നു. 2013ൽ യൂസഫ് അലി ഇവിടെ ചെയർമാൻ ആയി. പിന്നീട് ഷംസീറിന്റെ കൈയിലേക്ക് അധികാരം എത്തി. വിപിഎസ് ഗ്രൂപ്പിന്റെ ഇന്ത്യയിലെ ആദ്യത്തെ ഹോസ്പിറ്റലാണ് ലേക്ഷോർ.

അമ്മാവൻ ഹോട്ടൽ വാങ്ങിയപ്പോൾ മരുമകൻ ഹോസ്പിറ്റൽ വാങ്ങിയ കഥ മലയാളി ഏറെ ചർച്ച ചെയ്തതാണ്. ലണ്ടനിലെ ചരിത്രപ്രസിദ്ധമായ ആശുപത്രി യൂസഫലിയുടെ മരുമകൻ സ്വന്തമാക്കിയത് 1500 കോടി മുടക്കിയായിരുന്നു. 1100 കോടി മുടക്കി സ്‌കോട്ട്‌ലന്റ് യാർഡിന്റെ മുൻ ആസ്ഥാനം വാങ്ങി വാങ്ങി പഞ്ചനക്ഷത്ര ഹോട്ടലാക്കി മാറ്റി സായിപ്പിന്റെ മണ്ണിൽ പ്രമുഖ വ്യവസായി എംഎ യൂസഫലി വെന്നികൊടി പാറിച്ചപ്പോൾ മരുമകൻ മറ്റൊരു വഴിയിലൂടെ ലണ്ടനിൽ സാന്നിധ്യം അറിയിക്കുകയായിരുന്നു അന്ന് ചെയ്തത്. ലണ്ടനിലെ ചരിത്രം ഉറങ്ങികിടക്കുന്ന പഴയ ആശുപത്രി വാങ്ങി ഫൈവ് സ്റ്റാർ സ്വകാര്യ ഹോസ്പിറ്റൽ ആക്കി മാറ്റുകയായിരുന്നു ഷംസീർ വയലിൽ.

ഡോ. ഷംഷീർ വയലിൽ സമർപ്പിച്ച ഹർജിയാണ് സുപ്രീം കോടതിയെ കൊണ്ട് അനുകൂല വിധി ഉണ്ടാക്കിയത്. 2010 -ൽ യു.പി.എ. സർക്കാർ കൊണ്ടുവന്ന നിയമഭേദഗതി പ്രകാരം, പ്രവാസികൾക്ക് ഇന്ത്യയിലെ തങ്ങളുടെ മണ്ഡലത്തിൽ വോട്ടർ പട്ടികയിൽ പേരു ചേർക്കാനും തെരഞ്ഞെടുപ്പുദിവസം മണ്ഡലത്തിലുണ്ടെങ്കിൽ വോട്ട് ചെയ്യാനും അവസരമുണ്ട്. എന്നാൽ, വോട്ട്ചെയ്യാനായി നാട്ടിൽ വരുന്ന ബുദ്ധിമുട്ട് ഒഴിവാക്കി പല വിദേശരാജ്യങ്ങളിലെയും പോലെ ജോലിചെയ്യുന്ന രാജ്യത്തിരുന്നു സമ്മതിദാനാവകാശം വിനിയോഗിക്കാൻ കഴിയണമെന്നായിരുന്നു ഹർജിക്കാരന്റെ ആവശ്യം. പ്രോക്‌സി വോട്ട് പ്രകാരം ലോകത്തെവിടെയാണെങ്കിലും സ്വന്തം വീടിരിക്കുന്ന ബൂത്തിൽ വോട്ട് ചെയ്യാൻ അവസരം ലഭിക്കും. ഇക്കാര്യം ഉന്നയിച്ച് 2014 മാർച്ചിലാണ് ഷംസീർ സുപ്രീംകോടതിയെ സമീപിച്ചത്. സുപ്രീംകോടതിയുടെ ഇടപെടലിലൂടെ ബില്ലിലേക്ക് കാര്യങ്ങളെത്തി. ഏറെ താമസിയാതെ തന്നെ ബിൽ പാർലെന്റ് പാസാക്കും.

രണ്ടരക്കോടിയിലധികം ഇന്ത്യക്കാർ വിദേശത്തുണ്ടെന്നാണു കണക്കാക്കുന്നത്. എവിടെ പോയാലും മലയാളിയെ കാണാം. ചന്ദ്രനിലും മലയാളിയുടെ തട്ടുകടയുണ്ടെന്നാണ് വയ്്പ്പ്. അതുകൊണ്ട് തന്നെ പ്രവാസികൾക്ക് വോട്ടവകാശം ലഭ്യമാകുമ്പോൾ ഏറ്റവും സന്തോഷിക്കുക മലയാളികളാണ്. അവഗണിക്കാനാകാത്ത ശക്തിയായി ഈ പ്രവാസിക്കരുത്ത് മാറുമ്പോൾ നാട്ടിലുള്ള ഉറ്റവർക്കും സമാധാനം കിട്ടും. എന്തിനും രാഷ്ട്രീയ നേതാക്കളെ സമീപിക്കാം. വോട്ടുള്ളവർക്കേ സഹായമുള്ളൂ എന്ന കാലത്ത് ഈ വോട്ടിന്റെ വില എല്ലാവരും തിരിച്ചറിയും. കേരള സർക്കാരിന്റെ 2013ലെ പ്രവാസി സെൻസസ് പ്രകാരം വിദേശരാജ്യങ്ങളിലെ മലയാളികളുടെ എണ്ണം 16.25 ലക്ഷമാണ്. ഇവരിൽ 14.26 ലക്ഷവും (88%) ഗൾഫിലാണ്. ഇവർക്ക് വേണ്ടിയായിരുന്നു ഷംസീർ കോടതിയിൽ നിയമപോരാട്ടം നടത്തിയത്.

ജീവിതത്തിൽ ഒട്ടേറെ പ്രതിസന്ധികൾ നേരിട്ട ഇമാൻ ഇന്ന് ഓർമ്മയാണ്. പൊണ്ണത്തടിക്കെതിരായ പ്രചാരണങ്ങളിലും ഇമാന്റെ അനുഭവം ലോകം മാതൃകയായാണ് കണ്ടത്. നിറഞ്ഞചിരിയുമായി മാധ്യമങ്ങൾക്ക് മുന്നിലേക്ക് ഇമാനെ എത്തിച്ചതിന് പിന്നിലും ഷംസീർ വയലിന് വലിയ പങ്കാണുള്ളത്. മുംബൈയിൽനിന്ന് വണ്ണം കുറയ്ക്കാനുള്ള ബാരിയാട്രിക് ശസ്ത്രക്രിയക്കുശേഷം അബുദാബിയിലെത്തിച്ച ഇമാന്റെ ചികിത്സ പൂർണ്ണമായും സൗജന്യമായി ഏറ്റെടുക്കുകയായിരുന്നു ഷംസീർ വയലിന്റെ ആശുപത്രി. മുംബൈയിൽ സൗജന്യചികിത്സ നൽകിയ സൈഫി ആശുപത്രി അധികൃതരുമായുണ്ടായ ഭിന്നതകളെത്തുടർന്നാണ് ഇമാന്റെ ബന്ധുക്കൾ വേറെ ചികിത്സ തേടിയത്. ഇതോടെയാണ് സഹായവുമായി ഷംസീർ എത്തിയത്. ഇതോടെ ലോക മാധ്യമങ്ങളും ഷംസീറിനെ കുറിച്ച് ചർച്ച ചെയ്യാൻ തുടങ്ങിയിരുന്നു. ഫോബ്സിന്റെ പണക്കാരുടെ പട്ടികയിലും ഷംസീർ ഇടം നേടിയിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP