Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202019Saturday

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവലിന്റെ മകന്റെ 8300 കോടിയുടെ കള്ളപ്പണ ഇടപാടിന്റെ അമരക്കാരിൽ ഒരാൾ യൂസഫലിയുടെ ലുലു ഗ്രൂപ്പ്; അജിത് ഡോവലിന്റെ മകൻ വിവേക് ഡോവൽ ഒരു വർഷം കണ്ട് കള്ളപ്പണം ദ്വീപിൽ രജിസ്റ്റർ ചെയ്ത കമ്പനിയിലേക്ക് ശതകോടികൾ എത്തിച്ചപ്പോൾ ഡയറക്ടർ പദവിയിൽ വീതം കൈപ്പറ്റിയത് ലുലുവിന്റെ റീജിയണൽ ഡയറക്ടറായ മുഹമ്മദ് അൽതാഫ്; ഡോവലിന്റെ ഞെട്ടിപ്പിക്കുന്ന ഇടപാടുകൾ തുറന്നിടുന്നത് കള്ളപ്പണത്തിനെതിരെയുള്ള മോദി സർക്കാരിന്റെ പോരാട്ടത്തിന്റെ പൊള്ളത്തരം

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവലിന്റെ മകന്റെ 8300 കോടിയുടെ കള്ളപ്പണ ഇടപാടിന്റെ അമരക്കാരിൽ ഒരാൾ യൂസഫലിയുടെ ലുലു ഗ്രൂപ്പ്; അജിത് ഡോവലിന്റെ മകൻ വിവേക് ഡോവൽ ഒരു വർഷം കണ്ട് കള്ളപ്പണം ദ്വീപിൽ രജിസ്റ്റർ ചെയ്ത കമ്പനിയിലേക്ക് ശതകോടികൾ എത്തിച്ചപ്പോൾ ഡയറക്ടർ പദവിയിൽ വീതം കൈപ്പറ്റിയത് ലുലുവിന്റെ റീജിയണൽ ഡയറക്ടറായ മുഹമ്മദ് അൽതാഫ്; ഡോവലിന്റെ ഞെട്ടിപ്പിക്കുന്ന ഇടപാടുകൾ തുറന്നിടുന്നത് കള്ളപ്പണത്തിനെതിരെയുള്ള മോദി സർക്കാരിന്റെ പോരാട്ടത്തിന്റെ പൊള്ളത്തരം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മകൻ ഡയറക്ടറായ കമ്പനിയുടെ പേരിൽ ഒരുവർഷത്തിനുള്ളിൽ ഇന്ത്യയിലേക്ക് ഒഴുകിയത് 8300 കോടി രൂപയുടെ വിദേശനിക്ഷേപം. അനധികൃത നിക്ഷേപങ്ങൾ കുപ്രസിദ്ധിയുള്ള പ്രദേശമാണ് ബ്രിട്ടീഷ് ഓവർസീസ് ടെറിട്ടറിയിൽ പെടുന്ന കേയ്മാർ ദ്വീപുകൾ. ഒരു ചാർട്ടേഡ് ഫിനാൻഷ്യൽ അനലിസ്റ്റായ വിവേക് ഡോവൽ യുകെ പൗരനാണ്. നിലവിൽ സിംഗപ്പൂരിലാണ് കഴിയുന്നത്. ജിഎൻവൈ ഏഷ്യ ഫണ്ട് എന്നാണ് ഇദ്ദേഹത്തിന്റെ ഹെഡ്ജ് ഫണ്ട് സ്ഥാപനത്തിന്റെ പേര്. ജൂലൈ 2018ലെ ഒരു രേഖയിൽ പറയുന്നതു പ്രകാരം മുഹമ്മദ് അൽതാഫ് മുസ്ലിം വീട്ടിൽ, ഡോൺ ഡബ്ല്യു ഇബാങ്ക്സ് എന്നിവരും ഈ സ്ഥാപനത്തിന്റെ ഡയറക്ടർമാരാണ്.

Stories you may Like

ഇ ബാങ്ക്സിന്റെ പേര് നേരത്തെ പാരഡൈസ് പേപ്പേഴ്സ് ചോർന്നപ്പോഴും ഉയർന്നു വന്നിരുന്നു. പാനമ പേപ്പേഴ്സ് ചോർച്ചയുടെ ഘട്ടത്തിൽ പുറത്തുവന്ന പേരുകളിലൊന്നായ വാക്കേഴ്സ് കോർപ്പറേറ്റ് ലിമിറ്റഡിന്റെ കീഴിലാണ് ജിഎൻവൈ ഏഷ്യാ ഫണ്ട് പ്രവർത്തിക്കുന്നതെന്നും റിപ്പോർട്ട് പറയുന്നു. ലുലു ഗ്രൂപ്പ് ഇന്റർനാഷണലിന്റെ റീജ്യണൽ ഡയറക്ടറാണ് മുഹമ്മദ് അൽത്താഫ് മുസ്ലിം വീട്ടിൽ. നിലവിൽ ഖത്തറിലെ ദോഹയിലാണ് ഇദ്ദേഹമുള്ളത്. ഡൽഹി സർവ്വകലാശാലയിൽ നിന്ന് നിയമത്തിൽ ബിരുദമെടുത്തിട്ടുള്ളയാളാണ് മുഹമ്മദ് അൽത്താഫ്. ഇദ്ദേഹത്തിന് ലുലു ഗ്രൂപ്പ് ചെയർമാൻ യൂസഫലിയുമായി അടുത്ത ബന്ധമുണ്ട്. ഇതോടെ അജിത് ഡോവലിന്റെ മകന്റെ കള്ളപ്പണ ഇടപാടുമായി ലുലു ഗ്രൂപ്പിനും ബന്ധമുണ്ടെന്ന സൂചന പുറത്തു വരികയാണ്. എന്നാൽ യുസഫലിയുടെ അടുപ്പക്കാരന്റെ കാര്യം മുഖ്യധാരാ മാധ്യമങ്ങൾ മനപ്പൂർവ്വം കണ്ടില്ലെന്ന് നടിക്കുകയാണ്. ഇതുകൊണ്ടാണ് ഡോവലിനെതിരായ ആരോപണം വലിയ ചർച്ചയാകാത്തതെന്നാണ് വിലയിരുത്തൽ. മുഹമ്മദ് അൽത്താഫ് യൂസഫലിയുടെ ബന്ധു കൂടിയാണെന്നതാണ് വസ്തുത.

നോട്ട് അസാധുവാക്കൽ പ്രഖ്യാപിച്ച് 13 ദിവസത്തിനുള്ളിൽ കേമെൻ ദ്വീപിൽ രൂപവത്കരിച്ച കമ്പനിയുടെ പേരിലാണ് ഇത്രയും വലിയ തുകയുടെ നിക്ഷേപം. ഡോവലിന്റെ മകൻ വിവേക് ഡയറക്ടറായ കമ്പനിയുടെ ഇടപാടുകളെക്കുറിച്ച് 'ദി കാരവൻ' മാസിക കഴിഞ്ഞദിവസം വെളിപ്പെടുത്തൽ നടത്തിയിരുന്നു. നികുതിവെട്ടിപ്പുകാർ പണം നിക്ഷേപിക്കുന്ന സ്ഥലമാണ് കരീബിയൻ കടലിലെ കേമെൻ ദ്വീപ്. പ്രധാനമന്ത്രി നോട്ട് അസാധുവാക്കൽ പ്രഖ്യാപിച്ച് 13 ദിവസത്തിനുശേഷമാണ് ജി.എൻ.വൈ. ഏഷ്യ എന്ന പേരിൽ കമ്പനി രൂപവത്കരിച്ചത്. നാലാം മാസം മുതൽ ഈ കമ്പനിയിൽനിന്ന് ഇന്ത്യയിലേക്ക് വിദേശനിക്ഷേപം വരാൻ തുടങ്ങി. 2017 ഏപ്രിൽ മുതൽ 2018 മാർച്ച് വരെയുള്ള കാലയളവിൽ നേരിട്ടുള്ള വിദേശനിക്ഷേപമായി കേമെൻ ദ്വീപിൽനിന്നെത്തിയത് 8300 കോടി രൂപയാണെന്ന് റിസർവ് ബാങ്ക് രേഖകൾ വ്യക്തമാക്കുന്നു.

ബ്രിട്ടൻ, അമേരിക്ക, സിംഗപൂർ, കേമാൻ ഐലന്റ് തുടങ്ങിയിടങ്ങളിലെ രേഖകൾ പരിശോധിച്ചാണ് അജിത്ത് ഡോവലിന്റെ മകൻ വിവേക് ഡോവൽ കമ്പനി തുടങ്ങിയത് കണ്ടെത്തിയതെന്നാണ് കാരവൻ അവകാശപ്പെടുന്നത്. ബ്രിട്ടന്റെ അധികാരപരിധിയിൽ ഉള്ള കേമാൻ ഐലന്റ് നികുതി വെട്ടിപ്പിന്റെ പേരിൽ കുപ്രസിദ്ധമായ സ്ഥലമാണ്. ഓഫ് ഷോർ വ്യാപാരത്തിന് മേൽ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള റിപ്പോർട്ടിന് മുൻപ് അജിത്ത് ഡോവൽ അംഗീകാരം നൽകിയിരുന്നു. ബ്രിട്ടീഷ് പൗരനായ വിവേക് ഡോവൽ നിലവിൽ സിംഗപ്പൂരിലാണ് താമസം. ജി.എൻ.വൈ ഏഷ്യ ഫണ്ട് എന്ന പേരിലാണ് ഹെഡ്ജ് ഫണ്ട് വിഭാഗത്തിൽ പെടുന്ന കമ്പനി രൂപീകരിച്ചത്.

കള്ളപ്പണത്തിലെ മോദിയുടെ കള്ളക്കരച്ചിൽ കള്ളക്കളി

വിദേശത്തെ ബാങ്കുകളിൽ ഇന്ത്യക്കാർ നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണം പിടികൂടുന്നത് സംബന്ധിച്ച് നരേന്ദ്ര മോദി സർക്കാരിന്റെ അവകാശവാദങ്ങളെ പൊളിക്കുന്നതാണ് ഡോവലിന്റെ മകന്റെ കള്ളപ്പണം ഇടപാട്. കള്ളപ്പണ നിക്ഷേപങ്ങളെ കുറിച്ച് അന്വേഷിക്കുന്നതിനും നടപടിയെടുക്കുന്നതിനും വേണ്ടി ധനമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ നേതൃത്വത്തിൽ രൂപം നൽകിയ ബഹുതല അന്വേഷണ ഏജൻസിയെല്ലാം തട്ടിപ്പാണെന്ന് വ്യക്തമാകുന്നതാണ് പുറത്തു വരുന്ന ഇടപാടുകൾ. ഫലത്തിൽ ബിജെപിയുടെ കള്ളപ്പണ വിരുദ്ധ പോരാട്ട കള്ളപ്പണക്കാരെ സഹായിക്കാനാണെന്ന ആക്ഷേപമുണ്ട്. ഈ ആക്ഷേപത്തിന് കരുത്തു പകരുന്നതാണ് പുറത്തുവരുന്ന വാർത്തകൾ. വിദേശ രാജ്യങ്ങളിൽ അനധികൃതവും വെളിപ്പെടുത്താത്തതുമായ നിക്ഷേപം നടത്തിയിരിക്കുന്ന ഇന്ത്യക്കാരുടെ വിവരങ്ങൾ അതിവേഗം കണ്ടെത്താനും അന്വേഷണം പൂർത്തിയാക്കുന്നതിനുമായി 2016 ഏപ്രിലിലാണ് മൾട്ടി ഏജൻസി ഗ്രൂപ്പിനെ കേന്ദ്ര സർക്കാർ നിയമിച്ചത്. നോട്ടു നിരോധനവും കള്ളപ്പണം ഇടപാടും തമ്മിലുള്ള ബന്ധവും ഇതോടെ സംശയത്തിലാകുകയാണ്.

പ്രധാനമന്ത്രി 2016 നവംബർ എട്ടിന് കറൻസി പിൻവലിക്കൽ പ്രഖ്യാപനം നടത്തി 13 ദിവസങ്ങൾക്കകമാണ് വിവേക് ഡോവൽ ഹെഡ്ജ് ഫണ്ട് സ്ഥാപനത്തിന് തുടക്കമിട്ടത്. ഈ സ്ഥാപനത്തിലൂടെ കോടിക്കണക്കിന് രൂപ നേരിട്ടുള്ള വിദേശ നിക്ഷേപത്തി(എഫ്ഡിഐ) ന്റെ രൂപത്തിൽ ഇന്ത്യയിലേക്ക് ഒഴുകി. 2000 മുതൽ 2017 വരെ കേമാൻ ദ്വീപിൽ നിന്നുള്ള എഫ്ഡിഐയുടെ വരവ് 8300 കോടി രൂപ മാത്രമായിരുന്നു. എന്നാൽ കറൻസി പിൻവലിക്കലിന് ശേഷമുള്ള ഒരൊറ്റ വർഷം മാത്രമായി എണ്ണായിരം കോടിയിലേറെ രൂപ എത്തി. വൻതോതിൽ ഇന്ത്യയിൽ നിന്നുള്ള കള്ളപ്പണം കേമാൻ ദ്വീപിലൂടെ എഫ്ഡിഐയായി തിരികെ ഒഴുക്കിയതായാണ് വിലയിരുത്തൽ. കേമാൻ ദ്വീപ് വഴി എത്തിയ എഫ്ഡിഐയുടെ സ്രോതസ്സ് വെളിപ്പെടുത്താൻ റിസർവ് ബാങ്ക് തയ്യാറാകണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു. 2011 ൽ അജിത്ത് ഡോവൽ ഉൾപ്പെടുന്ന സംഘം ബിജെപിക്ക് വേണ്ടി തയ്യാറാക്കിയ റിപ്പോർട്ടിൽ കേമാൻ ദ്വീപ് അടക്കമുള്ളവ കള്ളപ്പണം വെളുപ്പിക്കൽ കേന്ദ്രങ്ങളായാണ് വിലയിരുത്തുന്നത്.

വ്യക്തികളിൽ നിന്ന് നിക്ഷേപം സ്വീകരിച്ച് റിയൽ എസ്റ്റേറ്റ്, ഓഹരി, സ്വർണം തുടങ്ങി വിവിധ സ്വത്തുക്കളിൽ നിക്ഷേപിക്കുന്ന സ്ഥാപനമാണ് ഹെഡ്ജ് ഫണ്ട്. ഡോവലിന് പുറമെ ഗൾഫ് പ്രമുഖനായ മുഹമദ് അൽത്താഫ് മുസലിയാം, ഡോൺ ഡബ്ല്യു ഇബാങ്ക്സ് എന്നിവരും ജിഎൻവൈ ഏഷ്യയുടെ ഡയറക്ടർമാരാണ്. ഇതിൽ ഇബാങ്ക്സ് ലോകത്തെ കള്ളപ്പണം നിക്ഷേപം വിശദമാക്കിയുള്ള പാനമ പേപ്പറുകളിലും മറ്റും പേരുൾപ്പെട്ട വ്യക്തിയാണ്. അജിത്ത് ഡോവലിന്റെ മൂത്ത മകനും ബിജെപി നേതാവുമായ ശൗര്യ ഡോവലിന്റെ ബിസിനസ് സ്ഥാപനങ്ങളും വിജയ് ഡോവലിന്റെ ജിഎൻവൈ ഏഷ്യ എന്ന സ്ഥാപനവും തമ്മിൽ ബന്ധം ഉള്ളതായും തെളിഞ്ഞിട്ടുണ്ട്. മുതിർന്ന ബിജെപി നേതാവ് രാം മാധവും മറ്റും നേതൃത്വം നൽകുന്ന ഇന്ത്യാ ഫൗണ്ടേഷൻ എന്ന എൻജി സംഘടനയ്ക്ക് നേതൃത്വം നൽകുന്നത് അജിത്ത് ഡോവലാണ്.

മോദിയോടൊപ്പം ബിജെപി സർക്കാരിന്റെ നയരൂപീകരണത്തിൽ നിർണായകമായ പങ്കുവഹിക്കുന്ന സംഘടനയാണ് ഇന്ത്യ ഫൗണ്ടേഷൻ. മോദി പ്രധാനമന്ത്രിയായ ശേഷം നയപരമായ കാര്യങ്ങളിൽ നിർണായക സ്വാധീനമുള്ള സംഘടനയായാണ് ഇന്ത്യ ഫൗണ്ടേഷൻ അറിയപ്പെടുന്നത്. പ്രധാനമന്ത്രിയുടെ വിദേശസന്ദർശനങ്ങൾ സംഘടിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നതും ഇവർ തന്നെയാണ്. സംഘടനയുടെ ഡയറക്ടർമാരിൽ കേന്ദ്രമന്ത്രിമാരും ഉൾപ്പെടുന്നു.കെമാൻ ദ്വീപിൽ കോർപ്പറേറ്റ് ടാക്സ് ഇല്ല എന്നതാണ് ആഗോളതലത്തിൽ തന്നെ വ്യവസായികളെ തങ്ങളുടെ കള്ളപ്പണം വെളുപ്പിക്കാൻ ഇവിടേക്ക് ആകർഷിക്കുന്നത്.

ഡോവലിനെ കടന്നാക്രമിച്ച് കോൺഗ്രസും പ്രതിപക്ഷവും

അജിത് ഡോവലിന്റെ മകന്റെ ഇടപാടുകളിലൂടെ എത്തിയ തുകയുടെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ കേന്ദ്രസർക്കാർ തയ്യാറാവണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. കഴിഞ്ഞ 17 വർഷത്തിനിടയിൽ വിദേശനിക്ഷേപമായി വന്ന അത്രയും തുക ഒരു വർഷത്തിനുള്ളിൽ ഇന്ത്യയിലെത്തിയതെങ്ങനെയെന്ന് ജയറാം രമേഷ് ചോദിച്ചു. കമ്പനിക്ക് രണ്ടു ഡയറക്ടർമാരുണ്ട്. ഒന്ന്, അജിത് ഡോവലിന്റെ മകൻ വിവേക് ഡോവൽ. ഡോൺ ഡബ്ല്യു. ഇബാങ്ക്സ് എന്ന പേരിലാണ് രണ്ടാം ഡയറക്ടർ. ഇതാരാണെന്നു വ്യക്തമാക്കണം. ഇയാളുടെപേര് നികുതിവെട്ടിപ്പു നടത്തിയവരെക്കുറിച്ചു വെളിപ്പെടുത്തലുള്ള പാനമ രേഖകളിലുമുണ്ടെന്നും ജയറാം രമേഷ് പറഞ്ഞു.

ഡോവലിന്റെ മറ്റൊരു മകൻ ശൗര്യയുടെ പേരിൽ സിയൂസ് എന്ന പേരിൽ കമ്പനിയുണ്ടെന്ന് കോൺഗ്രസ് ആരോപിച്ചു. ജി.എൻ.വൈ. ഏഷ്യയും സിയൂസും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോയെന്നു സർക്കാർ വിശദീകരിക്കണം. നികുതിവെട്ടിച്ചുള്ള നിക്ഷേപത്തിനു പേരെടുത്ത ഒരിടത്തുനിന്ന് ഇത്രയും വലിയതുക ഇന്ത്യയിൽ വിദേശനിക്ഷേപമായി വന്നത് സംശയകരമാണ്. ഇക്കാര്യം സർക്കാർ അന്വേഷിക്കണം. കള്ളപ്പണം തടയാനെന്ന പേരിൽ സർക്കാർ പ്രഖ്യാപിച്ച നോട്ട് നിരോധനത്തിനുപിന്നിൽ കള്ളത്തരമുണ്ടോയെന്നും ജയറാം രമേഷ് ചോദിച്ചു. യു.പി.എ. സർക്കാരിന്റെ കാലത്ത് 2011-ൽ ബിജെപി. പുറത്തുവിട്ട രേഖകളെയും കോൺഗ്രസ് പരിഹസിച്ചു. വിദേശത്തുള്ള ഇന്ത്യക്കാരുടെ കള്ളപ്പണത്തെക്കുറിച്ചുള്ള റിപ്പോർട്ട് തയ്യാറാക്കാൻ ബിജെപി. രൂപവത്കരിച്ച സമിതിയിൽ ഡോവലുമുണ്ടായിരുന്നു. രാജ്യം ഭരിക്കുന്ന ത്രിമൂർത്തികളിൽ ഒരാളാണ് ഡോവലെന്നും ജയറാം രമേഷ് പരിഹസിച്ചു.

ആരോപണത്തിൽ അജിത് ഡോവൽ മറുപടി നൽകണമെന്ന് സിപിഎം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. വിഷയത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസിനുള്ള പങ്ക് വ്യക്തമാക്കുന്നരീതിയിൽ പുറത്തുവന്ന മാധ്യമ റിപ്പോർട്ട് പ്രകാരം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സംശയത്തിന്റെ നിഴലിൽതന്നെയാണെന്ന് യെച്ചൂരി പറഞ്ഞു. അദ്ദേഹം ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നുണ്ടോ എന്നു പരിശോധിക്കേണ്ടത് പ്രധാനമന്ത്രിയാണെന്നും യെച്ചൂരി വ്യക്തമാക്കി.

ആരാണ് അജിത് ഡോവൽ?

ഇന്ത്യയുടെ രഹസ്യാന്വേഷണ വിഭാഗം മുൻ തലവനും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമാണ് അജിത് ഡോവൽ. 1945-ൽ ഉത്തരാഖണ്ഡിൽ ജനിച്ചു. 1968 ബാച്ച് കേരളാ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു അജിത്. 1971 ലെ തലശ്ശേരി കലാപം അമർച്ച ചെയ്യാൻ അന്ന് കെ. കരുണാകരൻ അവിടത്തെ എ.എസ്‌പി. ആയി അയച്ചത് ഡോവലിനെ ആയിരുന്നു. ഇന്ത്യൻ ഹൈക്കമ്മീഷണറായി ഏഴുവർഷക്കാലം പാക്കിസ്ഥാനിൽ പ്രവർത്തിച്ചിരുന്നു. 33 വർഷവും ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗത്തിലാണ് ജോലി ചെയ്തിരുന്നത്. പത്തുവർഷം ഐ.ബി.യുടെ ഓപ്പറേഷൻ വിംഗിന്റെ തലവനുമായിരുന്നു അജിത്.

1988-ൽ സുവർണ്ണ ക്ഷേത്രത്തിലൊളിച്ച ഖാലിസ്ഥാൻ ഭീകരർക്കെതിരായി നടന്ന ഓപ്പറേഷൻ ബ്ലാക്ക് തണ്ടറിലെ നിർണ്ണായക രഹസ്യവിവരങ്ങൾ ഇദ്ദേഹമായിരുന്നു നൽകിയത്. 1999-ൽ നടന്ന ഖാണ്ഡഹാർ വിമാന റാഞ്ചലിൽ ഭീകരരുമായി ആശയവിനിമയം നടത്തി ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ അജിതിന്റെ നേതൃത്വത്തിൽ നടന്നു. പഞ്ചാബ്, ജമ്മുകാശ്മീർ, ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലകൾ എന്നിവിടങ്ങളിലെല്ലാം നിർണ്ണായക സാഹചര്യങ്ങളുണ്ടായപ്പോൾ അജിത് ഡോവൽ നിയമിതനായിരുന്നു. ഇന്ത്യ-ചൈന അതിർത്തി പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രത്യേക ദൂതനായി ഡോവലിനെ ഇന്ത്യ നിയമിച്ചിരുന്നു. മ്യാന്മർ, ചൈന തുടങ്ങിയ രാജ്യങ്ങളുമായുള്ള ഒട്ടനവധി വിഷയങ്ങളിൽ അജിത് ഡോവൽ നിയമിക്കപ്പെട്ടിട്ടുണ്ട്. മോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സ്ഥാനത്ത് ഡോവലിനെ നിയമിച്ചത്. നേരത്തെ റഫേൽ വിമാന ഇടപാടുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണ ഘട്ടത്തിൽ അട്ടിമറിക്ക് വേണ്ടി ഡോവൽ ഇടപെട്ടു എന്ന ആരോപണവും ഉയർന്നിരുന്നു. ചുരുക്കത്തിൽ മോദി സർക്കാറുമായി ബന്ധപ്പെട്ടുയർന്ന പ്രധാനപ്പെട്ട ആരോപണങ്ങളുടെ മറുതലയ്ക്കൽ ഡോവൽ ഉണ്ടെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP