Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യുഎഇ സഹായം വാങ്ങിയാൽ 2000 കോടി കവിയും; കോർപ്പറേറ്റുകളുടെ സാമൂഹിക പ്രതിബന്ധതാ ഫണ്ടും കരുത്താകുമെന്ന് ഉറപ്പ്; അംബാനി ഫൗണ്ടേഷൻ 71 കോടി തുടക്കം മാത്രമെന്ന പ്രതീക്ഷയിൽ കേരളം; മാതൃഭൂമിയിലെ ഒരു മാസ ശമ്പളമായ 20 ലക്ഷത്തിനൊപ്പം എംഎൽഎ പെൻഷനും അഞ്ച് പേർക്ക് വീടു വയ്ക്കാൻ 25 ലക്ഷവും നൽകി ശ്രേയംസ് കുമാറിന്റെ സാലറി ചലഞ്ചും; കേരളത്തെ പുനർനിർമ്മിക്കാൻ ദുരിതാശ്വാസ ഫണ്ടിലേക്ക് പണമൊഴുക്ക് തുടരുന്നു

യുഎഇ സഹായം വാങ്ങിയാൽ 2000 കോടി കവിയും; കോർപ്പറേറ്റുകളുടെ സാമൂഹിക പ്രതിബന്ധതാ ഫണ്ടും കരുത്താകുമെന്ന് ഉറപ്പ്; അംബാനി ഫൗണ്ടേഷൻ 71 കോടി തുടക്കം മാത്രമെന്ന പ്രതീക്ഷയിൽ കേരളം; മാതൃഭൂമിയിലെ ഒരു മാസ ശമ്പളമായ 20 ലക്ഷത്തിനൊപ്പം എംഎൽഎ പെൻഷനും അഞ്ച് പേർക്ക് വീടു വയ്ക്കാൻ 25 ലക്ഷവും നൽകി ശ്രേയംസ് കുമാറിന്റെ സാലറി ചലഞ്ചും; കേരളത്തെ പുനർനിർമ്മിക്കാൻ ദുരിതാശ്വാസ ഫണ്ടിലേക്ക് പണമൊഴുക്ക് തുടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവനകൾ ഒഴുകിയെത്തുകയാണ്. റിലയൻസ് ഫൗണ്ടേഷന്റെ 21 കോടിയാണ് കഴിഞ്ഞ ദിവസം കിട്ടിയ ഏറ്റവും പ്രധാന സംഭാവന. ഇതോടെ പ്രളയകെടുതിയിൽ കേരളത്തെ സഹായിക്കാൻ ഒഴുകിയെത്തിയ സംഭാവന 1000 കോടി കവിഞ്ഞു. 1027.86 കോടിയാണ് സഹായമായി ഇന്നലെ വരെ എത്തിയത്. ഇതിൽ 835.86 കോടി രൂപ കാശായും ചെക്കായും അക്കൗണ്ടിലേക്ക് ട്രാൻസഫർ ചെയ്തും എത്തിയതാണ്. ഇലക്ട്രോണിക് പെയ്‌മെന്റിലൂടെ 145.67 കോടിയും കിട്ടി. ആപ്പുകളിലൂടെ കിട്ടിയത് 46.04 കോടിയും. സർക്കാരിന്റെ കൈയിലുള്ള ചെക്കുകൾ മാറി വരുമ്പോൾ ഈ തുക ഇനിയും ഉയരും. യുഎഇയുടെ 700 കോടിയുടെ സഹായം കിട്ടിയാൽ ദുരിതാശ്വാസ നിധി 2000 കോടി കടക്കും. കോർപ്പറേറ്റുകളുടെ സാമൂഹിക പ്രതിബന്ധതാ പദ്ധതിയുടെ ഭാഗമായുള്ള ഫണ്ടിൽ നിന്നും ഇനിയും സഹായം ഒഴുകും. അതുകൊണ്ട് തന്നെ കേരള പുനർനിർമ്മിതിക്കുള്ള സഹായം ഇനിയും ഏറെ മുന്നോട്ട് പോകാനാണ് സാധ്യത.

നാവികസേനയുടെ സംഭാവനയായ 8.92 കോടി രൂപ സേനാമേധാവി അഡ്‌മിറൽ സുനിൽ ലാൻബ നൽകി. സപ്ലൈകോയുടെ ഒരുകോടി രൂപ മന്ത്രി പി.തിലോത്തമൻ കൈമാറി. സംസ്ഥാനത്തെ ഐഎഎസ് ഓഫിസർമാരെല്ലാം ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്കു നൽകാൻ തീരുമാനിച്ചു. ഐഎഎസ് ഓഫിസേഴ്‌സ് അസോസിയേഷൻ മുഖ്യമന്ത്രി പിണറായി വിജയന് ഇതു സംബന്ധിച്ചു കത്തുനൽകി. മിസോറം സർക്കാർ രണ്ടുകോടി രൂപയും 34 കോൺഗ്രസ് എംഎൽഎമാർ ഒരുലക്ഷം രൂപ വീതവും നൽകും. അങ്ങനെ മുഖ്യമന്ത്രിയുടെ സാലറി ചലഞ്ചിനും പിന്തുണ ഏറുകയാണ്. ഹൈക്കോടതി ജഡ്ജി ദേവൻ രാമചന്ദ്രൻ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്കു നൽകും. സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ.രാജൻ ഗുരുക്കളും കൗൺസിൽ ജീവനക്കാരും ഒരു മാസത്തെ ശമ്പളമായ 7,32,742 നൽകും. കേരള കോൺഗ്രസി(എം)ന്റെ ആറ് എംഎൽഎമാരുടെയും ജോസ് കെ.മാണി എംപിയുടെയും ഒരു മാസത്തെ ശമ്പളം പാർട്ടി ചെയർമാൻ കെ.എം.മാണി മുഖ്യമന്ത്രിക്കു കൈമാറി. എൻസിപി ദേശീയനേതൃത്വം നൽകിയ ഒരുകോടി രൂപയുടെ ചെക്ക് സംസ്ഥാന പ്രസിഡന്റ് തോമസ് ചാണ്ടി എംഎൽഎ മുഖ്യമന്ത്രിക്കു കൈമാറി.

സാലറി ചലഞ്ചിന്റെ ഭാഗമായി 'മാതൃഭൂമി' ജോയിന്റ് മാനേജിങ് ഡയറക്ടർ എം വിശ്രേയാംസ് കുമാറിന്റെ ഒരു മാസത്തെ ശമ്പളമായ 20 ലക്ഷം രൂപ മാതൃഭൂമി മാനേജിങ് ഡയറക്ടർ എംപി. വീരേന്ദ്രകുമാർ എംപി.യും മാനേജിങ് എഡിറ്റർ പി.വി.ചന്ദ്രനും ചേർന്ന് മുഖ്യമന്ത്രിക്ക് കൈമാറി. അഞ്ചുവർഷത്തെ എംഎ‍ൽഎ. പെൻഷൻകൂടി ശ്രേയാംസ് കുമാർ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. അഞ്ചുപേർക്ക് അഞ്ചു ലക്ഷം രൂപ ചെലവുവരുന്ന വീടുകളും അദ്ദേഹം നിർമ്മിച്ചു നൽകും. ഇതുവരെ ലഭിച്ച പെൻഷൻതുകയായ 3.70 ലക്ഷം രൂപ നേരത്തെതന്നെ അദ്ദേഹം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരുന്നു.

കേരള സഹകരണ റബർ മാർക്കറ്റിങ് ഫെഡറേഷൻ (റബർമാർക്) പ്രസിഡന്റ് ടി.എച്ച്.മുസ്തഫയുടെ ഒരു മാസത്തെ ഓണറേറിയവും ജീവനക്കാരുടെ രണ്ടു ദിവസത്തെ വേതനവും സ്ഥാപനത്തിന്റെ വിഹിതമായി മൂന്നുലക്ഷം രൂപയും ചേർത്ത് 5.13 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്കു നൽകും. വൈപ്പിൻ ബ്ലോക്ക് പഞ്ചായത്തിലെ എല്ലാ അംഗങ്ങളും ഒരു മാസത്തെ ഓണറേറിയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്യും. ബ്ലോക്ക് പഞ്ചായത്തു ഫണ്ടിൽ നിന്നു രണ്ടുലക്ഷം രൂപയും നൽകും.

71 കോടി സഹായവുമായി റിലയൻസ് ഫൗണ്ടേഷൻ; നിത അംബാനി ആലപ്പുഴയിൽ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറുന്ന 21 കോടി രൂപയുടെ സഹായമുൾപ്പെടെ നവകേരള നിർമ്മാണത്തിന് എല്ലാ പിന്തുണയും നൽകുമെന്നു റിലയൻസ് ഫൗണ്ടേഷൻ ചെയർപഴ്‌സൻ നിത അംബാനി. പള്ളിപ്പാട്ടെ ദുരിതാശ്വാസ ക്യാംപിൽ സന്ദർശനം നടത്തുകയായിരുന്നു അവർ. കോർപ്പറേറ്റുകളുടെ സാമൂഹിക പ്രതിബന്ധതാ പദ്ധതിയുടെ ഭാഗമായുള്ള ഫണ്ടിൽ നിന്നും ഇനിയും സഹായം റിലയൻസ് നൽകുമെന്നാണ് സൂചന. കഴിഞ്ഞ ദിവസമാണ് കോർപ്പറേറ്റുകളുടെ സാമൂഹിക പ്രതിബന്ധതാ പദ്ധതിയുടെ ഭാഗമായുള്ള ഫണ്ടിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയേയും കേന്ദ്ര സർക്കാർ ഉൾപ്പെടുത്തിയത്.

പ്രളയ ദുരിതത്തിൽപ്പെട്ട ആറു ജില്ലകളിൽ റിലയൻസ് ഫൗണ്ടേഷൻ 50 കോടി രൂപയുടെ ദുരിതാശ്വാസ സാമഗ്രികൾ എത്തിച്ചുകൊണ്ടിരിക്കുകയാണ്. ഹെലികോപ്റ്ററിൽ പള്ളിപ്പാട്ട് എത്തിയ നിത അംബാനി എൻടിപിസി പമ്പ് ഹൗസ് പ്രദേശത്തെ ദുരിതാശ്വാസ ക്യാംപാണു സന്ദർശിച്ചത്. കുട്ടികൾക്കു സ്‌കൂൾ ബാഗും നോട്ട് ബുക്കുകളും വിതരണം ചെയ്തു. പ്രളയത്തിലകപ്പെട്ടവരുടെ പുനരധിവാസ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുകയെന്നത് ഉത്തരവാദിത്വപ്പെട്ട കോർപ്പറേറ്റ് ഫൗണ്ടേഷൻ എന്ന നിലയ്ക്ക് റിലയൻസ് ഫൗണ്ടേഷന്റെ കടമയാണെന്ന് നിതാ അംബാനി പറഞ്ഞു. പ്രളയജലമൊഴിഞ്ഞ് ജനജീവിതം സാധാരണ നിലയിലെത്തുന്നതുവരെ റിലയൻസ് കേരളത്തിനൊപ്പം ഉണ്ടാകുമെന്നും അവർ കൂട്ടിച്ചേർത്തു.

ശ്രേയാംസ് കുമാറിന്റെ ശമ്പളത്തിനൊപ്പം അഞ്ച് കോടിയും

ദുരിതാശ്വാസ നിധിയിലേക്ക് 'മാതൃഭൂമി' അഞ്ചുകോടി രൂപ നൽകി. 'കേരളത്തിനൊരു കൈത്താങ്ങ്' പദ്ധതിയിലൂടെ പൊതുജനങ്ങളിൽനിന്ന് 'മാതൃഭൂമി' സമാഹരിച്ചതും കമ്പനിയുടെയും ജീവനക്കാരുടെയും സംഭാവനാ വിഹിതവും ചേർത്താണ് അഞ്ചുകോടി നൽകിയത്. 'മാതൃഭൂമി' മാനേജിങ് ഡയറക്ടർ എംപി. വീരേന്ദ്രകുമാർ എംപി.യും മാനേജിങ് എഡിറ്റർ പി.വി.ചന്ദ്രനും ചേർന്ന് ഈ തുകയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.

'കേരളത്തിനൊരു കൈത്താങ്ങ്' പദ്ധതിയിലൂടെ 'മാതൃഭൂമി' നടത്തിവരുന്ന സഹായ, രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. കഴിഞ്ഞ 15 ദിവസത്തിലധികമായി അഞ്ഞൂറിലധികം ജീവനക്കാരുടെ സന്നദ്ധസേവനം ഇക്കാര്യങ്ങൾക്കായി വിനിയോഗിച്ചിട്ടുണ്ട്. കോടിക്കണക്കിന് രൂപയുടെ അവശ്യവസ്തുക്കളും മരുന്നും ദുരന്തമേഖലകളിൽ വിതരണം ചെയ്തു. ആരോഗ്യക്യാമ്പുകൾ ഉൾപ്പെടെ ദുരന്ത ലഘൂകരണ യജ്ഞങ്ങൾ 'മാതൃഭൂമി' സംഘടിപ്പിച്ചു. ഇതിനൊപ്പമാണ് എം വിശ്രേയാംസ് കുമാർ ഒരു മാസത്തെ ശമ്പളം പ്രത്യേകമായി നൽകിയത്. ഇതിനൊപ്പം എംപി. വീരേന്ദ്രകുമാർ എംപി.യുടെ എംപി.ഫണ്ടിൽനിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നൽകും. ഇക്കാര്യം അദ്ദേഹം വ്യാഴാഴ്ച മുഖ്യമന്ത്രിയെ അറിയിച്ചു.

ദുരിതാശ്വാസ നിധിയിലേക്ക് എൻ.സി.പി ഒരു കോടി നൽകി

മുഖ്യമന്ത്രിയുടെ ദുരതിതാശ്വാസ നിധിയിലേക്ക് എൻ.സി.പി ദേശീയ നേതൃത്വം നൽകിയ ഒരു കോടി രൂപയുടെ ചെക്ക് സംസ്ഥാന പ്രസിഡന്റ് തോമസ് ചാണ്ടി എംഎ‍ൽഎ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ഇതിന് പുറമെ എൻ.സി.പിയുടെ മുഴുവൻ എംപിമാരും എംഎ‍ൽഎമാരും എം.എൽ.സിമാരും ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകാൻ കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്ന ദേശീയ സമ്മേളനത്തിൽ തീരുമാനമെടുത്തിട്ടുണ്ട്. ദേശീയ ജനറൽ സെക്രട്ടറി ടി.പി. പീതാംബരൻ മാസ്റ്റർ, ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ, സംസ്ഥാന ജനറൽ സെക്രട്ടറി സലിം പി. മാത്യു, ട്രഷറർ അഡ്വ. ബാബു കാർത്തികേയൻ, പി. ഗോപിനാഥൻ, ഭൂപേഷ് ബാബു (മഹാരാഷ്ട്ര) എന്നിവർ സംബന്ധിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP