Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ആദ്യമായി മാസ്ക് ധരിച്ച് പൊതുസ്ഥലത്ത് എത്തി ഡൊണാൾഡ് ട്രംപ്; അമേരിക്കൻ പ്രസിഡന്റ് മാസ്ക് അണിഞ്ഞത് സൈനിക ആശുപത്രി സന്ദർശിക്കവെ; നിലപാട് മാറ്റത്തിന് പിന്നിൽ അനിയന്ത്രിതമായ കോവിഡ് വ്യാപനവും തെരഞ്ഞെടുപ്പും എന്ന് റിപ്പോർട്ടുകൾ

ആദ്യമായി മാസ്ക് ധരിച്ച് പൊതുസ്ഥലത്ത് എത്തി ഡൊണാൾഡ് ട്രംപ്; അമേരിക്കൻ പ്രസിഡന്റ് മാസ്ക് അണിഞ്ഞത് സൈനിക ആശുപത്രി സന്ദർശിക്കവെ; നിലപാട് മാറ്റത്തിന് പിന്നിൽ അനിയന്ത്രിതമായ കോവിഡ് വ്യാപനവും തെരഞ്ഞെടുപ്പും എന്ന് റിപ്പോർട്ടുകൾ

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആദ്യമായി മാസ്ക് ധരിച്ച് പൊതുസ്ഥലത്ത് എത്തി. ശനിയാഴ്ച വാൾട്ടർ റീഡ് നാഷണൽ മിലിട്ടറി മെഡിക്കൽ സെന്ററിലാണ് ട്രംപ് മാസ്ക് ധരിച്ച് എത്തിയത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളായ ആരോഗ്യപ്രവർത്തകരെയും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെയും സന്ദർശിക്കാനെത്തിയതായിരുന്നു അമേരിക്കൻ പ്രസിഡന്റ്. പ്രസിഡന്റ് മുദ്ര പതിപ്പിച്ച ഇരുണ്ട മാസ്കാണ് ട്രംപ് ധരിച്ചിരുന്നത്. ഹെലികോപ്ടറിലാണ് ട്രംപ് സൈനിക ആശുപത്രിയിലെത്തിയത്. ആശുപത്രിക്കുള്ളിൽ മാസ്ക്കണിഞ്ഞിരുന്നെങ്കിലും ഹെലികോപ്ടറിൽ നിന്ന് പുറത്തേക്കിറങ്ങുമ്പോൾ ട്രംപ് മാസ്ക് ധരിച്ചിരുന്നില്ല.

"ഞാൻ ഒരിക്കലും മാസ്കുകൾക്കെതിരായിട്ടില്ല, പക്ഷേ അവ ധരിക്കുന്നതിന് സമയവും സ്ഥലവുമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. നിങ്ങൾ ഒരു ആശുപത്രിയിലാണെങ്കിൽ മാസ്ക് ധരിക്കുന്നത് ഉത്തമമാണെന്ന് ഞാൻ കരുതുന്നു', വൈറ്റ് ഹൗസിൽ നിന്ന് യാത്ര തിരിക്കുന്നതിന് മുമ്പ് ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. കൊറോണ വൈറസ് കേസുകൾ ചില സംസ്ഥാനങ്ങളിൽ കുതിച്ചുയരുന്നതിനാലും നവംബറിലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന വോട്ടെടുപ്പുകളിൽ ഡെമോക്രാറ്റ് ജോ ബിഡൻ പിന്നിലാക്കുന്നതിനാലും പ്രസിഡന്റിനോട് മാസ്ക് ധരിക്കാനും ഫോട്ടോയെടുക്കാനും അനുവദിക്കണമെന്ന് ഉപദേശകർ നിർദ്ദേശിച്ചതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.

യുഎസിൽ 3.2 ദശലക്ഷം പേർക്കാണ് ഇതുവരെ കോവിഡ്-19 ബാധിച്ചത്. ഒരു ലക്ഷത്തി മുപ്പത്തിനാലായിരത്തോളം പേർ മരിക്കുകയും ചെയ്തു. സ്ഥിതി രൂക്ഷമായി തുടരുമ്പോഴും ഔദ്യോഗിക യോഗങ്ങളിലും പൊതുപരിപാടികളിലും മാസ്ക് ധരിച്ചെത്താൻ ട്രംപ് തയ്യാറായിരുന്നില്ല. പ്രസിഡന്റ് മാസ്ക് ധരിച്ചെത്തുന്നത് രാജ്യം നേരിടുന്ന ആരോഗ്യ പ്രതിസന്ധിയെക്കാൾ സാമ്പത്തിക പ്രതിസന്ധിയിലേക്ക് ജനങ്ങളുടെ ശ്രദ്ധ തിരിക്കുമെന്ന് ട്രംപ് ഭയപ്പെടുന്നതായി അദ്ദേഹത്തോടടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുകയും ചെയ്തു.

മിഷിഗണിലെ ഫോർഡ് ഫാക്ടറിയിലേക്ക് നടത്തിയ സ്വകാര്യസന്ദർശനത്തിൽ മാത്രമാണ് ട്രംപ് ഇതിനു മുമ്പ് മാസ്കണിഞ്ഞത്. മാസ്ക് ധരിക്കുന്നതുമായി ബന്ധപ്പെട്ട് ട്രംപ് നടത്തിയ പ്രസ്താവനകൾ പലപ്പോഴും പരിഹാസത്തിനും വിമർശനങ്ങൾക്കും വഴിതെളിച്ചിരുന്നു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാസ്ക് ധരിക്കണമെന്ന് ആരോഗ്യ വിദഗ്ദ്ധർ അടക്കം ആവർത്തിച്ച് നിർദ്ദേശിക്കുന്നുണ്ടെങ്കിലും ട്രംപ് അതിന് തയ്യാറായിരുന്നില്ല.. പൊതുചടങ്ങുകളിലടക്കം മാസ്ക് ധരിക്കാതെയെത്തുന്ന ട്രംപിന്റെ നടപടി വിമർശനങ്ങൾക്കും വഴിവച്ചിരുന്നു. പൊതു സ്ഥലത്ത് മാസ്ക് ധരിച്ചെത്തിയ ട്രംപ് തുടർന്നും മാസ്ക് ധരിക്കുമോ എന്ന കാര്യമാണ് രാജ്യം ഇപ്പോൾ ഉറ്റുനോക്കുന്നത്.

മാസ്ക് ധരിച്ച് മാതൃകയാകാൻ റിപ്പബ്ലിക്കൻ പാർട്ടിയിലെ ഉയർന്ന് നേതാവ് ട്രംപിനോട് ആവശ്യപ്പെട്ടിരുന്നു എന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ താൻ മാസ്ക് ഉപയോ​ഗിക്കുമെന്നും ഒരിക്കൽ വെച്ച് നോക്കിയിരുന്നു എന്നും ഫോക്സ് ടിവിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. സുരക്ഷിതമായ അകലം പാലിക്കാനാകാത്ത സാഹചര്യത്തിൽ മാസ്ക് ധരിക്കാൻ താൻ മടിക്കില്ലെന്നും തന്നെ ആളുകൾ മാസ്ക് അണിഞ്ഞ് കണ്ടുവെന്നും ട്രംപ് അഭിമുഖത്തിൽ പറയുന്നു. താൻ മാസ്ക് ഉപയോഗിച്ചു, തനിക്കത് ഇണങ്ങുന്നുണ്ട്,അതൊരു കറുത്ത മാസ്കായിരുന്നു, തനിക്കതിൽ ബുദ്ധിമുട്ട് അനുഭവപ്പെട്ടില്ല എന്നായിരുന്നു ട്രംപ് ചാനൽ അഭിമുഖത്തിൽ സംസാരിച്ചത്.

മാസ്ക് ധരിച്ചപ്പോൾ കൗബോയ് കഥാപാത്രമായ ലോൺ റേഞ്ചറിനെപ്പോലെയാണ് സ്വയം തോന്നിയതെന്നും ഫോക്സ് ടിവിയോട് ട്രംപ് പ്രതികരിക്കുന്നു. ചുറ്റും ആരുമില്ലാത്ത അവസരങ്ങളിൽ മാസ്ക് ധരിക്കണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല എന്നും അമേരിക്ക ഈ ആഴ്ച എന്ന ഫോക്സ് ടിവി പരിപാടിയിൽ ട്രംപ് പറയുന്നു. അമേരിക്കയിൽ കോവിഡ് രൂക്ഷമായ ശേഷവും മാസ്ക് ധരിക്കാതെ ട്രംപ് പൊതുവേദികളിൽ എത്തിയിരുന്നു. പൊതുഇടങ്ങളിൽ എത്തുമ്പോൾ മാസ്കോ തുണിയോ ഉപയോഗിച്ച് മുഖം മറയ്ക്കണമെന്ന് സെൻറർ ഡിസീസ് കൺട്രോൾ ആവശ്യപ്പെട്ട സമയത്ത് പോലും മാസ്ക് ധരിക്കാൻ ഏപ്രിൽ മാസത്തിൽ ട്രംപ് വിമുഖത പ്രകടമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP