Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊറോണ ബാധിതരുടെ റൂട്ട് മാപ്പ് തയ്യാറാക്കിയതിലൂടെ തകർക്കാനായാത് മാരക വൈറസിന്റെ ചങ്ങലകൾ; പത്തനംതിട്ടയിലെ ഇറ്റലിക്കാരുടെ സഞ്ചാര വഴികളിലെ സമ്പർക്കങ്ങളെല്ലാം കണ്ടെത്തിയ ഡോക്ടർ ദമ്പതികൾക്ക് അഭിനന്ദന പ്രവാഹം; ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. അംജിത് രാജീവന്റെയും ഭാര്യ ഡോ. സേതുലക്ഷ്മിയുടെയും സേവനം തേടി കേന്ദ്ര സർക്കാരും വിവിധ സംസ്ഥാനങ്ങളും

കൊറോണ ബാധിതരുടെ റൂട്ട് മാപ്പ് തയ്യാറാക്കിയതിലൂടെ തകർക്കാനായാത് മാരക വൈറസിന്റെ ചങ്ങലകൾ; പത്തനംതിട്ടയിലെ ഇറ്റലിക്കാരുടെ സഞ്ചാര വഴികളിലെ സമ്പർക്കങ്ങളെല്ലാം കണ്ടെത്തിയ ഡോക്ടർ ദമ്പതികൾക്ക് അഭിനന്ദന പ്രവാഹം; ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. അംജിത് രാജീവന്റെയും ഭാര്യ ഡോ. സേതുലക്ഷ്മിയുടെയും സേവനം തേടി കേന്ദ്ര സർക്കാരും വിവിധ സംസ്ഥാനങ്ങളും

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: കൊറോണയുടെ ചങ്ങല തകർക്കാൻ റൂട്ട് മാപ്പ് തയ്യാറാക്കിയ യുവഡോക്ടർ ദമ്പതികൾക്ക് ഇന്ത്യയിലെ 135 കോടി ജനങ്ങളുടെ ആദരം. പത്തനംതിട്ടയിലെ കൊറോണ രോഗബാധിതർ സഞ്ചരിച്ച വഴികളും അവർ സമ്പർക്കത്തിൽ ഏർപ്പെട്ട ആയിരത്തോളം ആളുകളെയും കണ്ടെത്താൻ സഹായിച്ച റൂട്ട് മാപ്പ് തയ്യാറാക്കിയ നിലക്കൽ പി എച്ച് സി സർജനും ജില്ലാ മെഡിക്കൽ ഓഫീസറുമായ ഡോ അംജിത് രാജീവനും ഭാര്യ പന്തളം കുളനട പി എച്ച് സി അസി സർജൻ ഡോ സേതുലക്ഷ്മിക്കുമാണ് അണമുറിയാത്ത അഭിനന്ദനപ്രവാഹം ലഭിച്ചുകൊണ്ടിരിക്കുന്നത്. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജൻ കൊബ്രഗഡെ വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യ വകുപ്പ് സെക്രട്ടറിമാർ വരെ പത്തനംതിട്ടയിൽ വിവരശേഖരണത്തിന് ഇവരെ തേടിയെത്തിയത് അവരുടെ കഴിവിന് മികച്ച സാക്ഷ്യവുമായി.

2018ലെ പ്രളയ സമയത്ത് ആരോഗ്യവകുപ്പ് ഡയറക്ടറുടെ കീഴിലുണ്ടായിരുന്ന ട്രെയിനിങ് ടീമിലെ വിവരശേഖരണ അംഗമെന്ന നിലയിൽ ആണ് ഇന്ത്യയിലെ ആദ്യ കൊറോണ വൈറസ് ബാധിതർ ചൈനയിലെ വുഹാനിൽ നിന്നും കേരളത്തിലെത്തിയപ്പോൾ അവരുടെയും അവരോടൊപ്പം സഞ്ചരിച്ച മുഴുവൻ സുഹൃത്തുക്കളുടെയും വിവരങ്ങൾ ശേഖരിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ ഡോക്ടറുടെ ടീമിനെ പ്രത്യേകം ചുമതലപ്പെടുത്തിയിരുന്നു. ഇറ്റലിയിൽ നിന്ന് എത്തിയ മൂന്നംഗ കുടുംബത്തിനും അടുത്ത ബന്ധുക്കൾക്കും വൈറസ് ബാധ സ്ഥിരീകരിച്ച മാർച്ച് 8 ഞായറാഴ്ച രാവിലെ തന്നെ ഇവരുടെ പ്രായമായ മാതാപിതാക്കളെ ആശുപത്രിയിലെത്തിക്കുന്നതിനായി ആരോഗ്യപ്രവർത്തകരും ആംബുലൻസുമായി എത്തിയ രാജു എബ്രഹാം എംഎൽഎയാണ് ഈ കുടുംബം ഇതിനോടകം ആയിരക്കണക്കിന് ആളുകളുമായി ഇടപഴകി എന്ന വിവരം ആരോഗ്യ മന്ത്രി ശൈലജ ടീച്ചറിനെ അറിയിക്കുന്നത്. ഇതേതുടർന്നാണ് ഇവരുടെ സഞ്ചാരപഥം കണ്ടെത്തുന്നതിന് റൂട്ട് മാപ്പ് തയ്യാറാക്കാൻ ഡോ അംജതിനെ ചുമതലപ്പെടുത്താൻ ആരോഗ്യ വകുപ്പ് മന്ത്രി ശൈലജ ടീച്ചർ ഡി എം ഒ യ്ക്ക് നിർദ്ദേശം നൽകുകയായിരുന്നു.

മാർച്ച് എട്ടിന് രാവിലെ തന്നെ ഇവരെ അഡ്‌മിറ്റ് ചെയ്തിരുന്ന പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഐസോലേഷൻ വാർഡിൽ ഡോക്ടർ നേരിട്ട് തന്നെ രോഗബാധിതരിൽ നിന്നും വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. ഫെബ്രുവരി 29ന് ഇറ്റലിയിൽ നിന്നും എത്തിയതിനാൽ ഇവർ ഒരാഴ്ചയ്ക്കകം ധാരാളം സ്ഥലങ്ങളിൽ സന്ദർശിച്ചിരുന്നു. രോഗബാധിതരിൽ നിന്നും കിട്ടിയ വിവരങ്ങൾ അന്ന് വൈകിട്ട് ആരോഗ്യമന്ത്രി പങ്കെടുത്ത ഉന്നതതല യോഗത്തിൽ വിവരിച്ചപ്പോൾ ഇവർ ഏഴു ദിവസം നടത്തിയ യാത്രാ വിവരണം കേട്ട് മന്ത്രിയും ജനപ്രതിനിധികളും ഞെട്ടിപ്പോയി. ഇതേ തുടർന്ന് വിശദമായ റൂട്ട് മാപ്പ് തയ്യാറാക്കുന്നതിനായി കൂടുതൽ ഡോക്ടർമാരെ ഉൾപ്പെടുത്തിയ സംഘങ്ങളെ ഫീൽഡിലേക്ക് അയച്ചത്.

ഇവർ കൊണ്ടുവന്ന വിവരങ്ങൾ ക്രോഡീകരിച്ചാണ് റൂട്ട് മാപ്പ് തയ്യാറാക്കിയത്. നാഷണൽ ഇൻഫോമാറ്റിക്‌സ് സെന്റർ (എൻഐസി) വിശദമായ റൂട്ട് മാപ്പ് തന്നെ പ്രസിദ്ധീകരിച്ചു .രണ്ടുതവണ ഈ റൂട്ട് മാപ്പുകൾ പരിഷ്‌കരിക്കുകയും രോഗിയുമായി സമ്പർക്കം പുലർത്താൻ സാധ്യതയുള്ള മുഴുവൻ പേരെയും റൂട്ട് മാപ്പ് അടിസ്ഥാനത്തിൽ കണ്ടെത്തുകയും ചെയ്തു. ഇതാണ് ഇവരെയെല്ലാം നിരീക്ഷണത്തിൽ ആക്കി കൂടുതൽ പേരിലേക്ക് രോഗവ്യാപനം തടയാൻ ഇടയാക്കിയത്. ഇങ്ങനെ ഒരു റൂട്ട് മാപ്പ് തയ്യാറാക്കിയത് രാജ്യത്തെ തന്നെ ആദ്യത്തെ സംഭവമാണ്. ഇതിന് നേതൃത്വം നൽകിയ നമ്മുടെ സ്വന്തം ഡോക്ടർ ദമ്പതികൾക്ക് ഒരു ബിഗ് സല്യൂട്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP