Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തൊഴിലാളികളുടെ ജോലി റൊട്ടേഷൻ വ്യവസ്ഥയിൽ പുനക്രമീകരിക്കും; തിരുവാർപ്പിലെ സിഐടിയു-ബസുടമ പ്രശ്‌നത്തിന് പരിഹാരം; നാളെ മുതൽ ബസ് ഓടി തുടങ്ങും; കഴിഞ്ഞ കാര്യങ്ങളെ കുറിച്ച് ഇനി സംസാരിക്കാനില്ലെന്ന് ബസ് ഉടമ

തൊഴിലാളികളുടെ ജോലി റൊട്ടേഷൻ വ്യവസ്ഥയിൽ പുനക്രമീകരിക്കും; തിരുവാർപ്പിലെ സിഐടിയു-ബസുടമ പ്രശ്‌നത്തിന് പരിഹാരം; നാളെ മുതൽ ബസ് ഓടി തുടങ്ങും; കഴിഞ്ഞ കാര്യങ്ങളെ കുറിച്ച് ഇനി സംസാരിക്കാനില്ലെന്ന് ബസ് ഉടമ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കോട്ടയം തിരുവാർപ്പിൽ ബസ് ഉടമയും സിഐടിയു തൊഴിലാളികളും തമ്മിലുള്ള തർക്കത്തിന് ചർച്ചയിൽ ഒത്തുതീർപ്പായി. തൊഴിലാളികളുടെ റൊട്ടേഷൻ വ്യവസ്ഥ ഇരുകൂട്ടരും അംഗീകരിച്ചതോടെയാണ് സമരം അവസാനിച്ചത്. നാളെ മുതൽ ബസ് ഓടി തുടങ്ങുമെന്ന് ഉടമയും സിഐടിയു നേതാക്കളും അറിയിച്ചു.. ഇനി പരസ്പരം പഴിചാരണ്ട, വരുമാനമുള്ള ബസുകളിൽ ഒരുപോലെ ജീവനക്കാർക്കു ജോലിചെയ്യാമെന്ന തീരുമാനത്തിലാണെത്തിയത്. ഈ വിഷയത്തിൽ സർക്കാരും തൊഴിൽമന്ത്രിയും ഇടപെട്ടിരുന്നു.

കോട്ടയം ജില്ലാ ലേബർ ഓഫീസറുടെ നേതൃത്വത്തിൽ നടന്ന മൂന്നാംഘട്ട ചർച്ചയിലാണ് പ്രശ്‌നം ഒത്തുതീർപ്പായത്. ബസ് ഉടമയായ രാജ്‌മോഹന്റെ ഉടമസ്ഥതയിലുള്ള നാല് ബസുകളിലെയും തൊഴിലാളികളുടെ ജോലി റൊട്ടേഷൻ വ്യവസ്ഥയിൽ പുനക്രമീകരിക്കും. അതു വഴി എല്ലാ തൊഴിലാളികൾക്കും തുല്യവേതനം ഉറപ്പാക്കാനാണ് ധാരണയായത്. ഇതിനായി വരുമാനമുള്ള ബസുകളിലെയും വരുമാനം കുറഞ്ഞ ബസുകളിലെയും ജീവനക്കാർ എല്ലാ ബസുകളിലുമായി മാറി മാറി ജോലി ചെയ്യും.

ഇന്ന് രാവിലെ നടന്ന ചർച്ചയിൽ നിന്ന് രാജ് മോഹൻ ഇറങ്ങിപ്പോയിരുന്നു. പൊലീസിന്റെ കൺമുന്നിലിട്ട് രാജ്‌മോഹനെ ആക്രമിച്ച സിഐടിയു നേതാവും സിപിഎം ജില്ലാ കമ്മിറ്റിയംഗവുമായ കെ.ആർ. അജയ് ചർച്ചയിൽ പങ്കെടുത്തതായിരുന്നു ബഹിഷ്‌കരണത്തിന് കാരണം. തന്നെ മർദ്ദിച്ച പ്രതിക്കൊപ്പം ചർച്ചയ്ക്കില്ലെന്നു രാജ്‌മോഹൻ നിലപാടെടുത്തു. ചർച്ച ബഹിഷ്‌കരിച്ച് പുറത്തിറങ്ങിയ രാജ്‌മോഹൻ, ആക്രമിച്ച സിഐടിയു നേതാവിനെ ചർച്ചയ്ക്കു കൊണ്ടുവന്ന് മുൻസീറ്റിൽ ഇരുത്തിയതിനെതിരെ കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്.

പിന്നീട് ആരോപണ വിധേയനായ സിപിഎം നേതാവ് കെആർ അജയനെ ഒഴിവാക്കി ചർച്ച നടത്താൻ ജില്ലാ ലേബർ ഓഫീസർ തയ്യാറായി. ഇതോടെ രാജ് മോഹൻ വൈകിട്ട് നടന്ന ചർച്ചയിൽ പങ്കെടുത്തു. കഴിഞ്ഞുപോയ കാര്യങ്ങളെക്കുറിച്ച് കൂടുതൽ സംസാരിക്കാൻ ഇല്ലെന്ന് ചർച്ചയ്ക്കു ശേഷം രാജ് മോഹൻ പ്രതികരിച്ചു. സിഐടിയു പ്രവർത്തകർ ബസ്സിൽ കൊടികുത്തിയതിനെതിരെ പ്രതിഷേധിച്ച രാജ് മോഹനനെ സിപിഎം ജില്ലാ നേതാവ് മർദ്ദിച്ചതോടെയാണ് കോട്ടയം തിരുവാർപ്പിലെ തൊഴിൽ തർക്കം വിവാദമായത്.

കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി പ്രശ്‌ന പരിഹാരത്തിനായി ചർച്ചകൾ നടത്തിയിരുന്നു. സ്വകാര്യബസ് ഉടമകളുടെ സംഘടനയുടെയും സിഐടിയുവിന്റെയും പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തിരുന്നു. ഈ പ്രശ്‌നം ദിവസങ്ങളോളം നീണ്ട വാക്‌പോരിനും സമരത്തിനുമൊടുവിൽ കൈയാങ്കളിയിലേക്ക് നീങ്ങിയതോടെയാണ് പ്രശ്‌ന പരിഹാരത്തിനുള്ള ചർച്ചകൾ തുടങ്ങിയത്. വെട്ടിക്കുളങ്ങര ബസ്സിന്റെ ഉടമയായ രാജ്‌മോഹൻ സിഐടിയു അംഗങ്ങളായ തൊഴിലാളികൾക്ക് കുറഞ്ഞ വേതനം നൽകുന്നുവെന്നും ബിഎംഎസ് യൂണിയൻകാരായ തൊഴിലാളികൾക്ക് കൂടിയ വേതനം നൽകുന്നുവെന്നുമായിരുന്നു സിഐടിയുവിന്റെ പരാതി.

തൊഴിലാളികൾക്ക് വേതനം വർധിപ്പിക്കണമെന്ന സിഐടിയുവിന്റെ ആവശ്യം രാജ്‌മോഹൻ നിരാകരിച്ചതോടെ ബസിൽ കൊടികുത്തി സിഐടിയു സമരം തുടങ്ങിയിരുന്നു. ഇത് പിന്നീട് ഹൈക്കോടതിയിലെത്തി. പൊലീസ് സംരക്ഷണത്തിൽ ബസ് സർവീസ് നടത്താൻ സൗകര്യമൊരുക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകി. ഇത് പ്രകാരം ബസിൽ കെട്ടിയ കൊടിയഴിക്കാനെത്തിയ ബസുടമയെ ഭീഷണിപ്പെടുത്തിയ സിപിഎം ജില്ലാ കമ്മിറ്റിയംഗം കെആർ അജയൻ, രാജ്‌മോഹനെ മർദ്ദിക്കുകയായിരുന്നു.

രാജ്‌മോഹന്റെ പരാതിയിൽ സംഭവത്തിൽ കേസെടുത്ത് അജയനെ അറസ്റ്റ് ചെയ്തു. പിന്നാലെ സിപിഎം നേതൃത്വവും മന്ത്രി ശിവൻകുട്ടിയും വിഷയത്തിൽ ഇടപെടുകയായിരുന്നു. ഇതോടെയാണ് ജില്ലാ ലേബർ ഓഫീസറുടെ മധ്യസ്ഥതയിൽ ചർച്ചകൾ ആരംഭിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP