Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

ഇപ്പോൾ ചെയ്തില്ലെങ്കിൽ ഇനി എപ്പോഴാണ് ചെയ്യുക? ലോക് ഡൗൺ 40 ദിവസം പിന്നിട്ടിട്ടും രണ്ടാം ആശ്വാസ പാക്കേജ് പ്രഖ്യാപിക്കാൻ വൈകുന്നതിൽ വ്യവസായ ലോകത്തിന് അതൃപ്തി; 14 മുതൽ 16 ലക്ഷം കോടിയുടെ പാക്കേജ് വ്യവസായ ലോകം പ്രതീക്ഷിക്കുമ്പോൾ അമേരിക്കയെ പോലെ വമ്പിച്ച പാക്കേജുകൾക്ക് ഇന്ത്യയിൽ സ്‌കോപ്പില്ലെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കെ.വി.സുബ്രഹ്മണ്യൻ; മോദി സർക്കാർ ഊന്നൽ നൽകുക ചെറുകിട റീട്ടെയ്ൽ മേഖലയുടെ ഉയിർത്തെഴുന്നേൽപ്പിനെന്നും സൂചന

ഇപ്പോൾ ചെയ്തില്ലെങ്കിൽ ഇനി എപ്പോഴാണ് ചെയ്യുക? ലോക് ഡൗൺ 40 ദിവസം പിന്നിട്ടിട്ടും രണ്ടാം ആശ്വാസ പാക്കേജ് പ്രഖ്യാപിക്കാൻ വൈകുന്നതിൽ വ്യവസായ ലോകത്തിന് അതൃപ്തി; 14 മുതൽ 16 ലക്ഷം കോടിയുടെ പാക്കേജ് വ്യവസായ ലോകം പ്രതീക്ഷിക്കുമ്പോൾ അമേരിക്കയെ പോലെ വമ്പിച്ച പാക്കേജുകൾക്ക് ഇന്ത്യയിൽ സ്‌കോപ്പില്ലെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കെ.വി.സുബ്രഹ്മണ്യൻ; മോദി സർക്കാർ ഊന്നൽ നൽകുക ചെറുകിട റീട്ടെയ്ൽ മേഖലയുടെ ഉയിർത്തെഴുന്നേൽപ്പിനെന്നും സൂചന

മറുനാടൻ ഡെസ്‌ക്‌

 ന്യൂഡൽഹി: കോവിഡ് 19 നും ലോക് ഡൗണും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് കനത്ത ആഘാതമാണ് ഏൽപിച്ചതെന്ന് എല്ലാവർക്കും അറിയാം. രാജ്യത്തിന്റെ ജിഡിപി സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ ചുരുങ്ങുമെന്നും കാലാവധി പൂർത്തിയാകുമ്പോഴേക്കും 2 ശതമാനം വളർച്ച കൈവരിക്കുമെന്നുമാണ് കേന്ദ്ര സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കെ.വി.സുബ്രഹ്മണ്യൻ ഇന്നലെ അഭിപ്രായപ്പെട്ടത്. അതുകൊണ്ടുതന്നെ ഒരുഉത്തേജന പാക്കേജ് അടിയന്തരമായി പ്രതീക്ഷിക്കുന്നു. എന്നാൽ, മറ്റുരാഷ്ട്രങ്ങൾ പ്രഖ്യാപിച്ചത് പോലെയുള്ള സർക്കാർ പിന്തുണ വലിയ ചെലവിന് ഇടവരുത്തുമെന്നാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. സാമ്പത്തിക ശാസ്ത്രത്തിൽ ആരും പഠിക്കുന്ന ആദ്യ പാഠം സൗജന്യ ഊണ് എന്ന സംഗതി ഇല്ലെന്നതാണ്, എക്കണോമിക് ടൈംസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

അതേസമയം, കോവിഡ് 19 വൈറസ് ബാധയെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ഡൗൺ രാജ്യത്ത് 40 ദിവസം പിന്നിട്ട് കഴിഞ്ഞു. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് രാജ്യത്ത് അനുഭവപ്പെടുന്നത്. എന്നാൽ, ഇത് മറികടക്കാനുള്ള ശക്തമായ നടപടി കേന്ദ്രസർക്കാറിലും നിന്ന് ഉണ്ടായിട്ടില്ല. ഇനിയെങ്കിലും കമ്പനികൾക്ക് സാമ്പത്തിക സഹായം നൽകുന്ന പാക്കേജ് നടപ്പാക്കണമെന്നാണ് സാമ്പത്തിക രംഗത്ത് നിന്ന് ഉയരുന്ന പ്രധാന ആവശ്യം.

ഇപ്പോൾ ചെയ്തില്ലെങ്കിൽ എപ്പോൾ

കോവിഡ് പ്രതിസന്ധി മറികടക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ കൂടുതൽ ധനസഹായം ലഭ്യമാക്കണമെന്ന് രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് ഇന്ന് ആവശ്യപ്പെട്ടു. മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യൻ സർക്കാരിന്റെ സാമ്പത്തിക പാക്കേജ് വളരെ തുച്ഛമാണെന്നും സംസ്ഥാനങ്ങൾക്കും ലോക്ക് ഡൗണിൽ ബുദ്ധിമുട്ടുന്നവർക്കും പുതിയ പാക്കേജ് പ്രഖ്യാപിക്കണമെന്നും സച്ചിൻ പൈലറ്റ് പറഞ്ഞു.

'പ്രധാനമന്ത്രിയുടെ ഗരിബ് കല്യാൺ യോജന പ്രകാരം രാജ്യത്തെ 39 കോടി ജനതക്ക് 34,8000 കോടി രൂപ മാത്രമാണ് ഇതുവരെ കിട്ടിയത്.. സംസ്ഥാനങ്ങൾക്കും ലോക്ക്ഡൗണിൽ വലയുന്നവർക്കും വേണ്ടി കേന്ദ്രം പുതിയ പാക്കേജ് പ്രഖ്യാപിക്കണം. ഇപ്പോൾ ചെയ്തില്ലെങ്കിൽ ഇനി എപ്പോഴാണ് ഇത് ചെയ്യുക', സച്ചിൻ പൈലറ്റ് പറഞ്ഞു. കഴിഞ്ഞ മാർച്ച് 26ന് കോവിഡ് അതിജീവനത്തിനായി 1.75 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജാണ് മോദി സർക്കാർ പ്രഖ്യാപിച്ചിരുന്നത്. കൂടാതെ, രണ്ടാം പാക്കേജിനായുള്ള ചർച്ചകളിൽ ഏർപ്പെട്ടിരിക്കുകയാണ് കേന്ദ്ര സർക്കാർ.

പ്രധാനമന്ത്രി നരേന്ദ്ര മോദി ധനകാര്യ മന്ത്രി നിർമലാ സീതാരാമനുമായും ആഭ്യന്തര മന്ത്രി അമിത് ഷായുമായും ആശയ വിനിമയം നടത്തിയിരുന്നു.രണ്ടാം സാമ്പത്തിക പാക്കേജ് സംബന്ധിച്ച കാര്യങ്ങളാണ് ചർച്ചയായത്.ഇത് സംബന്ധിച്ച പ്രഖ്യാപനം വൈകാതെ ഉണ്ടാകും എന്നാണ് വിവരം.

രക്ഷാ പാക്കേജ് വൈകുന്നു

ലോക് ഡൗൺ നിയമങ്ങൾ ലഘൂകരിക്കാൻ പ്രതിരോധ മന്ത്രിരാജ്‌നാഥ് സിങ്ങിന്റെ നേതൃത്വത്തിലും മന്ത്രിതല ഉപസമിതിയുടെ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. കോവിഡ് മൂലം വലിയ ദുരിതം അനുഭവിക്കുന്ന മേഖലകൾക്കായി പ്രത്യേക പാക്കേജ് വേണമെന്ന ആവശ്യം വ്യവസായ സംഘടനകളും ട്രേഡ് യൂനിയനുകളും ഉയർത്തിയിട്ടുണ്ട്. ആർ.ബി.ഐയും കേന്ദ്രസർക്കാറും ചില ആശ്വാസ നടപടികൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പണം കമ്പനികളിലും ജനങ്ങളിലും എത്തിക്കാനുള്ള പദ്ധതിയൊന്നും ഇതിൽ ഇടംപിടിച്ചിട്ടില്ല. മിക്ക കമ്പനികളും കടുത്ത പണപ്രതിസന്ധി അനുഭവിക്കുന്നുണ്ട്. ഇനിയും ജനങ്ങളുടെ കൈവശം പണമെത്തിയില്ലെങ്കിൽ അവർ ചെലവ് വീണ്ടും ചുരുക്കുകയും അത് സമ്പദ്വ്യവസ്ഥയെ കൂടുതൽ പ്രതിസന്ധിയിലാക്കുകയും ചെയ്യും. മെയ് മൂന്നിലെ കണക്കുകൾ പ്രകാരം 27.1 ശതമാനമാണ് രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നിരക്കിലേക്ക് രാജ്യം എത്തിയെന്ന് ഈ കണക്കിൽ നിന്ന് വ്യക്തമാകും. ഇതിനൊപ്പം ജോലി തേടുന്ന ആർക്കും തൊഴിൽ ലഭിക്കാത്ത സാഹചര്യവുമുണ്ടാവും. ഈ പ്രതിസന്ധിക്ക് പരിഹാരം കാണാൻ ജി.ഡി.പിയുടെ ഒരു ശതമാനമെങ്കിലും രക്ഷാപാക്കേജിനായി മാറ്റിവെക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. ഇനിയും രക്ഷാപാക്കേജ് വന്നില്ലെങ്കിൽ സമാനതകളില്ലാത്ത പ്രതിസന്ധിയാവും ഇന്ത്യൻ സമ്പദ്വ്യവസ്ഥ അഭിമുഖീകരിക്കുക.

കാർഷിക മേഖല,ചെറുകിട വ്യവസായ മേഖല,വാണിജ്യ മേഖല അങ്ങനെ പ്രതിസന്ധി അഭിമുഖീകരിക്കുന്ന മേഖലകൾ,വിവിധ സംസ്ഥാനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ എന്നിവയൊക്കെ കേന്ദ്രസർക്കാർ വിലയിരുത്തിയിട്ടുണ്ട്. വിവിധ മന്ത്രാലയങ്ങൾ രൂപീകരിച്ച ഉന്നതതല സമിതികൾ ലോക്‌ഡൗണിനെ തുടർന്നുണ്ടായ സാമ്പത്തികം പ്രതിസന്ധി സംബന്ധിച്ച വിശദമായ റിപ്പോർട്ട് ധനമന്ത്രാലയത്തിന് നൽകിയിട്ടുണ്ട്.

മെയ് 17 വരെ ലോക് ഡൊൺ നീട്ടിയതോടെ, ഇന്ത്യൻ സമ്പദ് വ്യവസ്ഥ 1-2 ശതമാനം വരെ ചുരുങ്ങുമെന്നാണ് ഐസിആർഎ റേറ്റിങ് ഏജൻസിയുടെ വിലയിരുത്തൽ. ആദ്യ പകുതിയിൽ തിരിച്ചടിയുണ്ടാവുമെങ്കിലും രണ്ടാം പകുതിയിൽ ശക്തമായ തിരിച്ചുവരവുണ്ടാകുമെന്നാണ് കെ.വി.സുബ്രഹ്മണ്യൻ പറയുന്നത്. അമേരിക്കയെ പോലെ വമ്പിച്ച ഉത്തേജക പാക്കേജ് പ്രഖ്യാപിക്കാൻ ഇന്ത്യക്ക് കഴിയില്ല. കാരണം ഡോളർ ആഗോള കരുതൽ കറൻസിയാണ്. വ്യവസായ സ്ഥാപനങ്ങളുടെ ഹ്രസ്വകാല പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ഉത്തേജക നടപടികൾ മാത്രമേ പാക്കേജിൽഉണ്ടാകൂ എന്ന സൂചനയാണ് കെ.വി.സുബ്രഹ്മണ്യൻ നൽകുന്നത്.

ചെറുകിട വ്യാപാരികൾക്ക് ആശ്വാസം നൽകും

ചെറുകിട റിട്ടെയ്ൽ വ്യാപാരികളാണ് ലോക് ഡൗണിൽ ഏറ്റവും ദുരിതം അനുഭവിച്ചത്. അതുകൊണ്ട്തന്നെ അവർക്കായി ഒരു ആശ്വാസ പാക്കേജ് ഉണ്ടാകും. കഴിഞ്ഞ മാസം 70 ദശലക്ഷം ചെറുകിട റിട്ടെയ്ൽ വ്യാപാരികൾ അംഗങ്ങളായ കോൺഫഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സ് സർക്കാരിനോട് ആവശ്യപ്പെട്ടത് പ്രത്യേക പലിശ നിരക്കിൽ ബാങ്ക് ലോണുകളും, സർക്കാർ പിന്തുണയോടെ വ്യാപാരികൾക്കും ജീവനക്കാർക്കും ഇൻഷുറൻസും, വേതന സംരക്ഷണ പദ്ധതിയോ സബ്‌സിഡിയോ ഒക്കെയാണ്. 12 ദശലക്ഷം ചെറുകിട റീട്ടെയ്ൽ വ്യാപാര സ്ഥാപനങ്ങളിലായി 40 ദശലക്ഷം പേർക്കാണ് തൊഴിൽ നൽകുന്നത്. വാർഷം 700 ബില്യന്റെ ബിസിനസുള്ള മേഖല. അതുകൊണ്ട് തന്നെ ആശ്വാസ പാക്കേജ് ഉറപ്പായും ഉണ്ടാകുമെന്നാണ് സൂചന.

14 മുതൽ 16 ലക്ഷം കോടിയുടെ പാക്കേജാണ് വ്യവസായ ലോകം ആവശ്യപ്പെട്ടിരിക്കുന്നത്. മാർച്ച് മുതൽ തയ്യാറെടുപ്പ് തുടങ്ങിയെങ്കിലും ഇതുവരെ ആശ്വാസ പാക്കേജ് പ്രഖ്യാപിക്കാത്തത് എന്തെന്നും വ്യക്തമല്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP