Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202027Sunday

അഞ്ചാം ക്ലാസുകാരിയുടെ മരണത്തിലും സൈബർ ഇടങ്ങളിൽ ആളാകാൻ 'ദുരന്ത ടൂറിസ്റ്റുകൾ'; ബത്തേരി സർവജന ഹയർസെക്കണ്ടറി സ്‌കൂളിലേക്ക് കുടുംബ സമേതവും കൂട്ടുകാർക്കൊപ്പവും എത്തുന്നവർ ആഘോഷമാക്കുന്നത് ഫേസ്‌ബുക്ക് ലൈവും സെൽഫിയുമായി; ആള് കൂടിയതോടെ ക്ലാസ് മുറി പൂട്ടി അദ്ധ്യാപകരും

അഞ്ചാം ക്ലാസുകാരിയുടെ മരണത്തിലും സൈബർ ഇടങ്ങളിൽ ആളാകാൻ 'ദുരന്ത ടൂറിസ്റ്റുകൾ'; ബത്തേരി സർവജന ഹയർസെക്കണ്ടറി സ്‌കൂളിലേക്ക് കുടുംബ സമേതവും കൂട്ടുകാർക്കൊപ്പവും എത്തുന്നവർ ആഘോഷമാക്കുന്നത് ഫേസ്‌ബുക്ക് ലൈവും സെൽഫിയുമായി; ആള് കൂടിയതോടെ ക്ലാസ് മുറി പൂട്ടി അദ്ധ്യാപകരും

മറുനാടൻ മലയാളി ബ്യൂറോ

സുൽത്താൻബത്തേരി: അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി പാമ്പുകടിയേറ്റ് മരിച്ച സ്‌കൂളിലേക്ക് 'ദുരന്തടൂറിസ്റ്റു'കളുടെ തിരക്ക്. മരിച്ച ഷഹ്ല ഷെറിന്റെ സ്‌കൂളായ ബത്തേരി സർവജന ഹയർസെക്കണ്ടറി സ്‌കൂൾ കാണാനും സെൽഫി എടുക്കാനും ഫേസ്‌ബുക്ക് ലൈവിടാനും കുടുംബ സമേതവും കൂട്ടുകാരുമൊത്തും എത്തുന്നവരുടെ തിരക്കാണ്. ഇന്നലെ അവധി ദിവസമായതുകൊണ്ട് തന്നെ പലരും വാരാന്ത്യ ടൂറിനുള്ള ഇടമായി തെരഞ്ഞെടുത്തത് ബത്തേരി സ്‌കൂളായിരുന്നു. സ്‌കൂളിന് മുന്നിൽ നിന്നും ഷെഹ്ലയുടെ ക്ലാസ് മുറിയിൽ നിന്നും വരാന്തയിൽ നിന്നുമെല്ലാം ദുരന്ത ടൂറിസ്റ്റുകൾ ഫേസ്‌ബുക്ക് ലൈവും സെൽഫിയുമായി സൈബർ ഇടങ്ങളിൽ സജീവമായി. ചിലർ മാളങ്ങളിൽ കമ്പിട്ട് കുത്തി ആളായി. ആൾക്കാർ അധികമായതോടെ അദ്ധ്യാപകർ ക്ലാസ് റൂം പൂട്ടി.

ഷെഹ്ലയ്ക്ക് കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കാതെ ഗുരുതര വീഴ്‌ച്ച വരുത്തിയ അദ്ധ്യാപകർക്കും അധികൃതർക്കുമെതിരെ പരാതിയില്ലെന്ന് മാതാപിതാക്കൾ പൊലീസിനെ അറിയിച്ചു. രണ്ട് തവണ സമീപിച്ചപ്പോഴും രക്ഷിതാക്കൾ പരാതി നൽകാൻ വിസമ്മതിച്ചതിനേത്തുടർന്ന് മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്കാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ബാലനീതി നിയമത്തിലെ ജാമ്യമില്ലാ വകുപ്പ് ചേർത്താണ് എഎഫ്ഐആർ ഇട്ടിരിക്കുന്നത്. മൂന്നുവർഷം വരെ തടവ് കിട്ടാവുന്ന വകുപ്പാണ്. പൊലീസ് കേസെടുത്ത നാലുപേരും ഒളിവിലാണ്. പാമ്പ് കടിയേറ്റിട്ടും ആശുപത്രിയിലെത്തിക്കാതെ ക്ലാസ് തുടർന്ന ഷജിൽ കുമാർ, സ്‌കൂൾ ഹെഡ്‌മാസ്റ്റർ മോഹൻകുമാർ, പ്രിൻസിപ്പാൾ കരുണാകരൻ, കുട്ടിയെ ചികിത്സിച്ച താലൂക്ക് ആശുപത്രിയിലെ ഡോക്ടർ ജിസ മെറിൻ ജോയ് എന്നിവരുടെ മൊഴിയെടുക്കാനായില്ലെന്ന് പൊലീസ് പറയുന്നു.

Stories you may Like

ഷെഹ്ലയെ പ്രവേശിപ്പിച്ച ബത്തേരി താലൂക്ക് ആശുപത്രിയിൽ ആന്റി വെനം ഉണ്ടായിരുന്നില്ലെന്ന ഡോക്ടറുടെ വാദം പൊളിഞ്ഞിരുന്നു. ആശുപത്രിയിൽ ആവശ്യത്തിന് ആന്റിവെനം സ്റ്റോക്ക് ഉണ്ടായിരുന്നതായി മാനേജ്മെന്റ് കമ്മിറ്റി വ്യക്തമാക്കി. കഴിഞ്ഞ മാസം വിഷചികിത്സ നൽകിയതും അധികൃതർ ചൂണ്ടിക്കാട്ടി. ആവശ്യത്തിന് മരുന്നില്ലാത്തതുകൊണ്ടാണ് നൽകാതിരുന്നത് എന്നായിരുന്നു ഡ്യൂട്ടി ഡോക്ടർ ജിസ മെറിന്റെ മൊഴി.

അതിനിടെ, ഷഹ്ല ഷെറിന് പാമ്പുകടിയേറ്റ ബത്തേരി ഗവ. സർവജന സ്‌കൂൾ കെട്ടിടം പൊളിക്കാൻ തീരുമാനമായി. സർവകക്ഷി യോഗത്തിലാണ് സ്‌കൂൾ നവീകരണം അത്യാവശ്യമാണെന്ന നിർദ്ദേശം ഉയർന്നത്. തുടർന്ന് സ്‌കൂൾ കെട്ടിടം പൊളിച്ചു നീക്കാൻ തീരുമാനിക്കുകയായിരുന്നു. സ്‌കൂൾ കെട്ടിടം പൊളിക്കുന്നതിനാൽ യുപി വിഭാഗത്തിലെ വിദ്യാഥികളുടെ അവധി ഒരാഴ്ച കൂടി നീട്ടി. ചൊവ്വാഴ്ചയാകും ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗത്തിന് ക്ലാസുകൾ ആരംഭിക്കുക.

അതേസമയം, ഷെഹ്ല പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ച വിദ്യാർത്ഥിനിക്കും രക്ഷകർത്താക്കൾക്കും നാട്ടുകാരിൽ നിന്നും ഭീഷണി ഉയരുന്നുണ്ട്. സ്‌കൂളിനെ തകർക്കാൻ ഇവർ ശ്രമിക്കുകയാണെന്നാണ് ഭീഷണിയുമായെത്തിയ നാട്ടുകാരുടെ ആരോപണം. തന്റെ പിതാവിനെ അപായപ്പെടുത്തുമോയെന്ന് പേടിയുണ്ടെന്ന് ഷെഹ്ലയുടെ കൂട്ടുകാരി വിസ്മയ പറഞ്ഞു.

ഷെഹ്ലയുടെ മരണത്തിനു പിന്നാലെ സ്‌കൂളിൽ നടന്ന കാര്യങ്ങളെപ്പറ്റി കൂട്ടുകാരാണ് മാധ്യമങ്ങളോട് തുറന്നുപറഞ്ഞത്. സംഭവത്തിൽ ബാലാവാകാശ കമ്മീഷന് വിദ്യാർത്ഥികൾ മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നാട്ടുകാർ ഭീഷണിപ്പെടുത്തുന്നതെന്ന് വിസ്മയയുടെ പിതാവ് രാജേഷ് പറഞ്ഞു, ഏഷ്യാനെറ്റാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP