Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേന്ദ്രം കേരളത്തിന് എതിരെന്ന പ്രചാരണം ശക്തമാകവേ കോർപ്പറേറ്റുകൾ സംസ്ഥാനത്തെ സഹായിക്കുന്നത് സി എസ് ആർ പരിധിയിലാക്കി ഉത്തരവിറക്കി കേന്ദ്ര സർക്കാർ; മറ്റ് സന്നദ്ധ സംഘടനകളെ ഒഴിവാക്കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് മാത്രം കോർപ്പറേറ്റ് സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ പരിധിയിൽ ഉൾപ്പെടുത്തിയത് ഫണ്ട് ശേഖരണം ഏളുപ്പമാക്കും; ഇനി സർക്കാർ ചെയ്യേണ്ടത് ഇന്ത്യയിലെ വൻകിട കമ്പനി പ്രതിനിധികളെ കാണാൻ മിടുക്കരെ അയയ്ക്കുക തന്നെ

കേന്ദ്രം കേരളത്തിന് എതിരെന്ന പ്രചാരണം ശക്തമാകവേ കോർപ്പറേറ്റുകൾ സംസ്ഥാനത്തെ സഹായിക്കുന്നത് സി എസ് ആർ പരിധിയിലാക്കി ഉത്തരവിറക്കി കേന്ദ്ര സർക്കാർ; മറ്റ് സന്നദ്ധ സംഘടനകളെ ഒഴിവാക്കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് മാത്രം കോർപ്പറേറ്റ് സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ പരിധിയിൽ ഉൾപ്പെടുത്തിയത് ഫണ്ട് ശേഖരണം ഏളുപ്പമാക്കും; ഇനി സർക്കാർ ചെയ്യേണ്ടത് ഇന്ത്യയിലെ വൻകിട കമ്പനി പ്രതിനിധികളെ കാണാൻ മിടുക്കരെ അയയ്ക്കുക തന്നെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: 20000 കോടിയുടെ നഷ്ടമാണ് പ്രളയം കേരളത്തിനുണ്ടാക്കിയത്. പുനർനിർമ്മാണം സംസ്ഥാനത്തിന് അനിവാര്യമായ സമയം. ഇത്രയും വലിയ ഫണ്ട് ഇവിടെ നിന്ന് കിട്ടുമെന്ന ആശങ്കയിലാണ് പിണറായി സർക്കാർ. ലോകത്തിന്റെ മുക്കിലും മൂലയിലുമുള്ള മലയാളികൾ ആവുന്നത് ചെയ്യുന്നുണ്ട്. അങ്ങനെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് ഒഴുകിയെത്തുന്നു. 720 കോടിയായി അത് മാറി കഴിഞ്ഞു. ഈ ഫണ്ട് ആയിരം കടക്കുമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതീക്ഷ. എന്നാൽ അതിനും ഏറെ അപ്പുറത്തേക്ക് സഹായം എത്തുമെന്ന് ഉറപ്പിക്കാൻ വലിയ സഹായം തന്നെ ചെയ്യുകയാണ് കേന്ദ്രം ഭരിക്കുന്ന മോദി സർക്കാർ. കേരളത്തെ കേന്ദ്രം അവഗണിക്കുന്നുവെന്ന പരാതി ഒരു വിഭാഗത്ത് ഉയരുമ്പോഴാണ് കേരളത്തിന് വലിയൊരു ആശ്വാസമാകുന്ന നയപരമായ തീരുമാനം മോദി സർക്കാർ എടുക്കുന്നത്. കേരളത്തെ കേന്ദ്രം അവഗണിക്കില്ലെന്ന വിലയിരുത്തലും ഇതോടെ സജീവമാകുന്നു.

പ്രളയക്കെടുതിയിൽപ്പെട്ട കേരളത്തിനു കോർപറേറ്റ് കമ്പനികൾ നൽകുന്ന സഹായം സാമൂഹിക ഉത്തരവാദിത്ത പദ്ധതിയുടെ (സിഎസ്ആർ) ഭാഗമാകുകയാണ് കേന്ദ്രം ചെയ്തത്. ഇതുസംബന്ധിച്ചു കോർപറേറ്റ് മന്ത്രാലയം ഉത്തരവിറക്കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകുന്ന സഹായം മാത്രമാണ് സിഎസ്ആർ പരിധിയിലുള്ളത്. ഭക്ഷ്യധാന്യവും കുടിവെള്ളവും അടക്കം ഏതു സഹായവും സിഎസ്ആർ പരിധിയിൽ വരുമെന്നതാണ് മാറ്റം. എന്നാൽ ദുരിതാശ്വാസ ഉൽപന്നങ്ങളും ശുചീകരണവും അടക്കം സഹായങ്ങളും കമ്പനി നിയമം അനുസരിച്ചു സിഎസ്ആർ പരിധിയിൽ വരില്ല. അതായത് മുഖ്യമന്ത്രിക്ക് നേരിട്ട് കൊടുത്താൽ മാത്രമേ സി എസ് ആറിന്റെ ആനുകൂല്യം കോർപ്പറേറ്റുകൾക്ക് കിട്ടൂ. അതായത് ശതകോടികളുടെ ഫണ്ട് കേരളത്തിന് ഉറപ്പാക്കുന്ന തരത്തിൽ കേന്ദ്രം ഉത്തരവ് ഇറക്കുകയാണ്.

'സമൂഹത്തിന്റെ സൗമനസ്യമില്ലെങ്കിൽ ഒരു കോർപ്പറേറ്റിനും നന്നായി വ്യവസായം ചെയ്യാനാവില്ല. സിഎസ്ആർ നടപടികൾ കോർപ്പറേറ്റുകളും സമൂഹവും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ഒന്നാന്തരമൊരു നിയമ ചട്ടക്കൂടാണ് ഇതെന്നാണ് വിലയിരുത്തൽ. 2014 ഏപ്രിൽ ഒന്നിന് നിലവിൽ വന്ന സിഎസ്ആർ നിയമം അനുസരിച്ച് അഞ്ചു കോടിയിലേറെ അറ്റാദായം നേടുന്ന കമ്പനികൾ ലാഭത്തിന്റെ രണ്ടു ശതമാനം നിർബന്ധമായും സിഎസ്ആർ പദ്ധതികൾക്കു ചെലവിടണം. മൂന്ന് വർഷത്തെ ശരാശരി ലാഭത്തിന്റെ രണ്ട് ശതമാനം തുക സാമൂഹ്യ വികസന, ക്ഷേമ പ്രവർത്തനങ്ങൾക്ക് ചെലവഴിച്ചിരിക്കണം. ശുചീകരണം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ദാരിദ്ര്യ നിർമ്മാർജനം, തുടങ്ങിയ പ്രവർത്തനങ്ങൾക്കായാണ് വിഹിതം ചെലവഴിക്കേണ്ടത്. ഇതിലേക്കാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ കൂടി പ്രത്യേകമായി കേന്ദ്രം ഉൾപ്പെടുത്തുന്നത്. മറ്റ് ഏജൻസികളിലൂടെ കേരളത്തിലെ ദുരിതാശ്വാസത്തിന് കമ്പനികൾ ശ്രമിക്കില്ലെന്ന് ഉറപ്പാക്കാനുള്ള മുൻകരുതലും മോദി സർക്കാർ എടുക്കുന്നു. പൊതുമേഖലാ കമ്പനികൾക്കും സ്വകാര്യ മേഖലയിലെ കോർപ്പറേറ്റുകൾക്കും നിയമം ബാധകമാണ്. അതുകൊണ്ട് തന്നെ കേരളത്തിന് ഏറെ ആശ്വാസമാണ് ഈ തീരുമാനം.

രാജ്യത്തെ ഏറ്റവും ധനികനായ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് തന്നെയാണ് തുടർച്ചയായ വർഷങ്ങളിൽ സിഎസ്ആർ ചെലവഴിക്കലിലും മുന്നിട്ടു നിൽക്കുന്നത്. ഈ കണക്കുകളാണ് കേരളത്തിന് പ്രതീക്ഷയാകുന്നത്. 2017 സാമ്പത്തിക വർഷം 659.20 കോടി രൂപയാണ് കമ്പനി സാമൂഹ്യ പ്രവർത്തനത്തിനായി മുടക്കിയത്. 2016 ൽ 652 കോടി രൂപയും 2015 ൽ ലാഭം വർധിച്ച് നിന്നിരുന്ന സമയത്ത് 760.58 കോടി രൂപയും അംബാനിയുടെ കമ്പനി ചെലവാക്കി. അതായത് നിർബന്ധമായി ചെലവാക്കേണ്ട ഈ തുക കേരളത്തിലെ പ്രളയ ദുരിതാശ്വാസ സഹായമായി മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് മാറ്റിയാൽ കോർപ്പറേറ്റുകൾക്ക് നിയമ കുരുക്കുകളെല്ലാം ഒഴിവാക്കാം. അതുകൊണ്ട് തന്നെ അംബാനിയും മറ്റും കൂടുതൽ തുക കേരളത്തിലേക്ക് വകമാറ്റാൻ താൽപ്പര്യം കാണിക്കും. ഇത് കേരളത്തിന് ഗുണപരമായി മാറ്റേണ്ടത് സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്തമാണ് ഇനി.

കേരളത്തിന്റെ പ്രളയക്കെടുതിയുടെ ആഘാതം അംബാനിയേയും ടാറ്റയേയും ബിർളയേയും അദാനിയേയും വിപ്രയേയേും എല്ലാം നേരിട്ട് ബോധ്യപ്പെടുത്തണം. ഈ വമ്പൻ കമ്പനികളുടെ സി എസ് ആർ തുക മുഴുവൻ കേരളത്തിലെത്തിക്കുന്ന തരത്തിലെ ഇടപെടൽ നടത്തണം. ഇതിന് കേരളാ സർക്കാരിന് കഴിഞ്ഞാൽ അയ്യായിരം കോടി രൂപയെങ്കിലും സമാഹരിക്കാൻ കേരളത്തിന് കഴിയും. പ്രളയക്കെടുതിയിൽപ്പെട്ട കേരളത്തിനു കോർപറേറ്റ് കമ്പനികൾ നൽകുന്ന സഹായം സാമൂഹിക ഉത്തരവാദിത്ത പദ്ധതിയുടെ ഭാഗമാക്കിയതിലൂടെ കേന്ദ്രം കേരളത്തെ സഹായിച്ചുവെന്ന വിലയിരുത്തൽ ഉയരാൻ കാരണവും ഈ കണക്കുകളുടെ സാധ്യത മൂലമാണ്. നേരത്തെ യുഎഇ സർക്കാരിന്റെ 700 കോടിയുടെ സഹായ വാഗ്ദനം കേന്ദ്രം നിരസിച്ചിരുന്നു. ഇത് കേരളത്തെ തകർക്കാനാണെന്ന വാദവും സജീവമായി. ഇതിനിടെയാണ് അയ്യായിരം കോടി ഇന്ത്യയിലെ കോർപ്പറേറ്റുകളിലൂടെ കേരളത്തിലെത്തിക്കാൻ കേന്ദ്ര സർക്കാർ ഇടപെടൽ നടത്തിയത്.

പൊതുമേഖലാ എണ്ണക്കമ്പനിയായ ഒഎൻജിസിയാണ് സിഎസ്ആർ ചെലവാക്കലിൽ അംബാനിക്ക് പിന്നിൽ രണ്ടാം സ്ഥാനത്തുള്ളത്. 2017 സാമ്പത്തിക വർഷം 524.97 കോടി രൂപ ഒഎൻജിസി സമൂഹത്തിനായി മുടക്കി. തൊട്ടു മുൻ വർഷം ഇത് 421 കോടി രൂപയായിരുന്നു. 379.77 കോടി രൂപ 2017 ൽ ചെലവാക്കിയ ടാറ്റ കൺസൾൻസി നാലാം സ്ഥാനത്തും 305.42 കോടി മുടക്കിയ എച്ച്ഡിഎഫ്സി നാലാമതുമുണ്ട്. അഞ്ചാമതുള്ള ഇൻഫോസിസ് 289.44 കോടി രൂപയാണ് സിഎസ്ആർ പദ്ധതി പ്രകാരം മുടക്കിയത്. എൻടിപിസി, ഐടിസി, ഇന്ത്യൻ ഓയിൽ, ടാറ്റാ സ്്റ്റീൽ, വിപ്രോ എന്നിവയാണ് ആദ്യ പത്തിലുള്ള കമ്പനികൾ. സിഎസ്ആർ പദ്ധതി പ്രകാരം ചെലവഴിക്കുന്ന തുകയുടെ അൻപത് ശതമാനത്തോളം സംഭാവന ചെയ്യുന്നത് ഈ 10 കമ്പനികൾ ചേർന്നാണ്. പൊതുമേഖലാ കമ്പനികൾ ചെലവഴിച്ച തുക ആകെ സിഎസ്ആർ തുകയുടെ 30 ശതമാനം വരും. 1,996 കോടി രൂപയാണ് 15 പൊതുമേഖലാ കമ്പനികൾ, 2016-17 സാമ്പത്തിക വർഷത്തിൽ സാമൂഹ്യസേവനത്തിന് നൽകിയത്. ഈ തുകയെല്ലാം കേരളത്തിൽ എത്തുന്നുവെന്ന് ഉറപ്പാക്കുകയാണ് ഇനി കേരളം ചെയ്യേണ്ടത്.

കേരളത്തിൽ നടത്തുന്ന സമാശ്വാസ പ്രവർത്തനങ്ങൾ സിഎസ്ആറിന്റെ പരിധിയിൽ വരുമോ എന്ന സംശയം കോർപറേറ്റുകൾ ഉന്നയിച്ചിരുന്നു. ഈ സംശയം കാരണം പല വമ്പന്മാരും സഹായം ചെറിയ തുകകളിൽ ഒതുക്കി. വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിലുള്ള അദാനി ഗ്രൂപ്പ് 50 കോടി ഇതിനോടകം കൈമാറിയിട്ടുണ്ട്. കേന്ദ്ര സർക്കാർ ഉത്തരവിൽ വ്യക്തത വരുത്തുന്നതോടെ അടുത്ത രണ്ട് വർഷത്തെ മുഴുവൻ സാമൂഹിക ഉത്തരവാദിത്ത പദ്ധതിയിലെ ഫണ്ടും കേരളത്തിൽ തന്നെ ചെലവാക്കാൻ അദാനിക്ക് കഴിയും. അംബാനിയും അദാനിയും ടാറ്റയും ബിർളയുമെല്ലാം കേരളത്തെ തുണയ്ക്കാനെത്തിയാൽ പുനർനിർമ്മാണത്തിന് ഫണ്ട് തടസ്സവുമാകില്ല. വമ്പൻ വിറ്റ് വരവുള്ള പൊതുമേഖലാ കമ്പനികൾക്കും കേരളത്തെ വലിയ തോതിൽ സഹായിക്കാനാകും. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ നിലപാട് അനുകൂലമാക്കുക മാത്രം ചെയ്താൽ മതി.

അഞ്ച് കോടി രൂപയിൽ കുറയാത്ത അറ്റാദായമോ 1000 കോടി രൂപ വാർഷിക വിറ്റുവരവോ 500 കോടി രൂപ നെറ്റ്‌വർത്തോ ഉള്ള കമ്പനികൾക്കാണ് സി.എസ്.ആർ. നിർബന്ധമാക്കിയിരിക്കുന്നത്. വാർഷിക അറ്റലാഭത്തിന്റെ രണ്ട് ശതമാനം എല്ലാ സാമ്പത്തിക വർഷവും സി.എസ്.ആറിനായി ചെലവഴിക്കണമെന്നാണ് ചട്ടം. മൂന്നു വർഷത്തെ വാർഷിക അറ്റലാഭം പരിശോധിച്ചായിരിക്കും ഇത് നിശ്ചയിക്കുക. കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ സാമൂഹിക പ്രതിബദ്ധതാ (സി.എസ്.ആർ.) ഫണ്ട് വിനിയോഗം സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാത്ത കമ്പനികൾക്കെതിരെ നടപടിയും എടുക്കും. കമ്പനീസ് ആക്ട് ഭേദഗതി പ്രകാരം സി.എസ്.ആറിന് ചെലഴിച്ച തുകയുടെ കണക്ക് കമ്പനികൾ നിർബന്ധമായും സമർപ്പിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യയിലെ മുഴുവൻ കോർപ്പറേറ്റുകളും തുക ചെലവാക്കുമെന്ന് ഉറപ്പാണ്. ഇങ്ങനെ ചെലവാക്കപ്പെടുന്ന തുകയുടെ 90 ശതമാനവും കേരളത്തിലേക്ക് എത്തിയാൽ തന്നെ ശതകോടികൾ ഇവിടേക്ക് ഒഴുകിയെത്തും. കേരളത്തിലേയും മലയാളികളുടേയും നിയന്ത്രണത്തിലുള്ള കോർപ്പേറേറ്റുകളുടെ സഹായം മുഴുവനായും മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് എത്തും.

സിഎസ്ആർ നടപ്പാക്കിയത് മുതൽ ഇന്ത്യയിലെ കോർപ്പറേറ്റുകൾ സജീവമായി തന്നെ പരിപാടികളിൽ പങ്കെടുക്കുന്നുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ രണ്ട് ധനകാര്യ വർഷങ്ങളിൽ സിഎസ്ആർ തുക ചെലവാക്കൽ 14 ശതമാനമായി വർധിച്ചിട്ടുണ്ടെന്ന് ക്രെഡിറ്റ് റേറ്റിങ് ഏജൻസിയായ ക്രിസിൽ നടത്തിയ സർവേ സൂചിപ്പിക്കുന്നു. 5 ശതമാനം സംയോജിത വളർച്ചാ നിരക്ക് മാത്രമാണ് കഴിഞ്ഞ വർഷങ്ങളിൽ നേടിയതെങ്കിലും സിഎസ്ആറിൽ കോർപ്പറേറ്റുകൾ അലംഭാവം കാട്ടിയിട്ടില്ല. 2016-17 സാമ്പത്തിക വർഷം 6,286 കമ്പനികൾ ചേർന്ന് 4,719 കോടി രൂപ സിഎസ്ആർ നിയമ പ്രകാരം സാമൂഹ്യ സേവന പരിപാടികൾക്കായി ചെലവാക്കി. ഇതിൽ 74 ശതമാനം കമ്പനികളും പദ്ധതികൾ നടപ്പാക്കാൻ എൻജിഒകളെയാണ് ആശ്രയിച്ചതെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. ചുരുക്കം കമ്പനികൾക്ക് സിഎസ്ആർ പരിപാടികൾ നടപ്പാക്കാൻ പ്രത്യേക വിഭാഗം സ്വന്തമായുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP