Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

കലർപ്പില്ലാത്ത മനസ്സിന്റെ ഉടമ, മനസ്സ് തുറന്നു ചിരിക്കുന്ന, ഊഷ്മളമായ സൗഹൃദം പങ്കുവയ്ക്കുന്ന മനുഷ്യൻ; ഔസേപ്പച്ചനോടും ദാസേട്ടനോടും പോലും വഴക്കുണ്ടാക്കിയിരുന്നു ജോൺസൺ. അടുത്ത നിമിഷം ദാസേട്ടൻ തോളിൽ കൈയിട്ടു നടക്കുന്നത് കാണാം, ആർക്കും ജോൺസണെ വെറുക്കാൻ കഴിയില്ല; ജോൺസൺ മാഷിനെ കുറിച്ച് സുഹൃത്ത് കമലിന്റെ വാക്കുകൾ  

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ജോൺസൺ മാസ്റ്റർ വിടവാങ്ങിയിട്ട് ഇന്നേക്ക് ഒൻപത് വർഷം പൂർത്തിയാകുന്നു. തൃശൂരിലെ വോയ്‌സ് ഓഫ് ട്രിച്ചൂറിൽ തുടങ്ങി ദേവരാജൻ മാസ്റ്ററുടെ ശിഷ്യനായി, സ്വതന്ത്ര സംഗീത സംവിധായകനായി മദിരാശിയിലെത്തിയപ്പോൾ അവിടെത്തെ സാരസ്യം നിറഞ്ഞ ചലച്ചിത്ര ചർച്ചകളിലൂടെ സംഗീതത്തിലൂടെ അപൂർവ്വ സൗഹൃദം പങ്കുവച്ചിരുന്ന പ്രശസ്ത സംവിധായകൻ കമൽ പ്രിയ സുഹൃത്തിന്റെ ഓർമ്മദിനത്തിൽ ജോൺസൻ മാസ്റ്ററെ കുറിച്ച് പങ്കിടുകയാണ്. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ജോൺസൺ മാഷിനെ കുറിച്ചുള്ള ഓർമകൾ പങ്കുവച്ചത്.

ജോൺസണുമായുള്ള ബന്ധം തുടങ്ങുന്നത് ഞാൻ തൃശൂരിൽ പഠിക്കുമ്പോഴാണ്. അന്ന് അദ്ദേഹം അവിടെ വോയ്‌സ് ഓഫ് ട്രിച്ചൂർ എന്ന ബാൻഡിന്റെ ജീവാത്മാവായിരുന്നു. അവിടെ തുടങ്ങിയ സൗഹൃദമാണ് ഞങ്ങൾ തമ്മിൽ. പിന്നെ അദ്ദേഹം സംഗീതമേഖലയിൽ സജീവമായി മദ്രാസിലേക്ക് പോയി, അതിനു ശേഷമാണ് ഞാൻ മദ്രാസിലെത്തുന്നത്. പിന്നെ അവിടുത്തെ ജീവിതത്തിൽ ഞങ്ങളുടെ സൗഹൃദവും വളർന്നു.

ഞാൻ വർക്ക് ചെയ്ത പല സിനിമകളിലെയും മ്യൂസിക് കണ്ടക്ടർ ആയിരുന്നു അദ്ദേഹം, ദേവരാജൻ മാഷിന്റെ ഒക്കെ അസിസ്റ്റന്റ് ആയി അദ്ദേഹം കുറേ നാൾ വർക്ക് ചെയ്തു. എന്റെ ''മിഴിനീർ പൂക്കൾ'' എന്ന ആദ്യത്തെ സിനിമയുടെ റീ റെക്കോർഡിങ് നിർവഹിച്ചത് ജോൺസൺ ആയിരുന്നു. അതിന്റെ മ്യൂസിക് അർജുനൻ മാസ്റ്റർ ആണ് ചെയ്തത്. അതിനുശേഷം എന്റെ കുറെ ചിത്രങ്ങൾക്ക് സംഗീതം പകർന്നത് ജോൺസണായിരുന്നു.

ജോൺസണുമായി വർക്ക് ചെയ്യാനിരിക്കുമ്പോൾ പാട്ടുണ്ടാക്കുന്നതിലുപരി സംസാരിച്ചിരിക്കുന്നതിലാണ് ഞങ്ങൾ സന്തോഷം കണ്ടെത്തിയിരുന്നത്. അദ്ദേഹവുമായി സംസാരിച്ചിരിക്കാൻ ഒരു സുഖമായിരുന്നു. അന്നൊക്കെ കമ്പോസിങ് എന്ന് പറയുന്നത് ഒരു ആഘോഷമാണ്. കൈതപ്രം, ഗിരീഷ് പുത്തഞ്ചേരി, ജോൺസൻ, ശ്രീനിവാസൻ, അങ്ങനെ പ്രതിഭാധനന്മാരുമായി വർക്ക് ചെയ്തിരുന്ന കാലം. രാവിലെ ഹാർമോണിയവുമായി പാട്ടുണ്ടാക്കാൻ ഇരുന്നു കഴിഞ്ഞാൽ കൂടുതൽ സമയവും കഥ പറച്ചിലാണ്. കഥയും തമാശയുമൊക്കെ പറഞ്ഞു ഹൃദയം തുറന്നു പൊട്ടിച്ചിരിക്കും ജോൺസൺ. അതാണ് ജോൺസണെകുറിച്ച് ഓർക്കുമ്പോൾ മനസ്സിൽ വരുന്നത്. കലർപ്പില്ലാത്ത മനസ്സിന്റെ ഉടമ, മനസ്സ് തുറന്നു ചിരിക്കുന്ന, ഊഷ്മളമായ സൗഹൃദം പങ്കുവയ്ക്കുന്ന ജോൺസൺ.

ഒരു ചെറിയ തമാശ ആണെങ്കിൽ പോലും അത് എൻജോയ് ചെയ്തു പൊട്ടിച്ചിരിക്കും. നമ്മൾ സിറ്റുവേഷനും കഥയും മൂടും ഒക്കെ പറഞ്ഞു കമ്പോസ് ചെയ്യാൻ ഇരിക്കുകയാവും അപ്പോഴാണ് ഈ വെടിപറച്ചിൽ. അദ്ദേഹത്തെ അറിയാത്തവർ ഒരുപക്ഷെ വിചാരിക്കും ഇത് ഇന്ന് ചെയ്യാൻ പറ്റുമോ എന്ന്, പക്ഷെ ഈ വെടിപറിച്ചിലിനിടയിൽ പെട്ടെന്നായിരിക്കും ഹാർമോണിയം എടുത്തു ഒരു ട്യൂൺ അങ്ങ് മൂളുന്നത്. ഈ തമാശയുടെ ഇടയിലും ജോൺസൻ ഉള്ളിൽ ട്യൂൺ ഉണ്ടാക്കുകയാകും. അതിലേക്കു വരാനുള്ള തയ്യാറെടുപ്പാണ് സരസമായ ഒരു സിറ്റുവേഷൻ ഉണ്ടാക്കി എടുക്കുന്നത്.

ട്യൂൺ മൂളിയിട്ട് ഞങ്ങളുടെ മുഖത്ത് നോക്കും, ചിലപ്പോൾ അത് മാറ്റി വേറെ മൂളും. അങ്ങനെ ജോൺസനോടൊപ്പം ഇരിക്കുന്ന ഓരോ നിമിഷവും കൂടെയള്ളവർക്ക് ആനന്ദകരമായിരുന്നു. ചിലപ്പോൾ ട്യൂൺ ഒന്ന് മാറ്റിപ്പിടിച്ചാലോ എന്ന് ചോദിച്ചാൽ, അല്ല ഈ സിറ്റുവേഷന് ഇതേ പറ്റൂ എന്നും പറഞ്ഞു ഒറ്റ പോക്കാണ്. പിന്നെ വീട്ടിൽ ചെന്നിട്ടു വിളിക്കും, നമുക്ക് മാറ്റിപ്പിടിച്ചു നോക്കാം അല്ലെ എന്നു പറഞ്ഞ്. പ്രിയപ്പെട്ടവരോടെല്ലാം വളരെയേറെ കലഹിച്ചിരുന്നു ജോൺസൻ. ഔസേപ്പച്ചനോടും ദാസേട്ടനോടും പോലും വഴക്കുണ്ടാക്കിയിരുന്നു ജോൺസൺ. അടുത്ത നിമിഷം ദാസേട്ടൻ തോളിൽ കൈയിട്ടു നടക്കുന്നത് കാണാം, ആർക്കും ജോൺസണെ വെറുക്കാൻ കഴിയില്ല. മിക്കവാറും എല്ലാ ദിവസവും ഗിരീഷിനോട് വഴക്കുണ്ടാക്കുമായിരുന്നു. അതിനിടയിലാണ് മനോഹരമായ പല പാട്ടുകളും ഉണ്ടായിരിക്കുന്നത്.

സ്റ്റേജ് പ്രോഗ്രാംസ് ഒക്കെ നടക്കുമ്പോൾ നൊട്ടേഷൻ ഒക്കെ നോക്കി കമ്പോസ് ചെയ്യാൻ വല്ലാത്തൊരു പ്രെസെൻസ് ഓഫ് മൈൻഡ് ജോൺസന് ഉണ്ടായിരുന്നു, ജോൺസന്റെ മിക്ക സ്റ്റേജ് പ്രോഗ്രാമിനും ഞങ്ങളെല്ലാം പോകും. അതുപോലെ റീറെക്കോഡിങ് സമയത്ത്, അന്നൊക്കെ ഇന്നത്തെപ്പോലെ ഡിജിറ്റൽ റെക്കോർഡിങ് അല്ലല്ലോ, സ്‌ക്രീനിൽ പടം ഇടും എന്നിട്ടു ഓർക്കസ്ട്ര ഫുൾ സെറ്റ് ചെയ്തായിരുന്നു റീറെക്കോർഡിങ്. ഓർക്കസ്ട്രയും ജോൺസണും അവിടെ വേറൊരു ലോകം ക്രിയേറ്റ് ചെയ്യും എന്നിട്ടായിരുന്നു റീറെക്കോർഡിങ്. ജോൺസൺ കണ്ടക്ട് ചെയ്യുന്ന റീറെക്കോർഡിങ്ങിലൊക്കെ ഇരിക്കുക എന്നുള്ളത് ഒരു അനുഭവമായിരുന്നു. ജോൺസണും രാജാമണിയും ടീമായി കുറേ സിനിമകൾ ചെയ്തു. അവരുടെ ടീം വർക്കിനോടൊപ്പം പ്രവർത്തിക്കുക എന്നുള്ളത് വളരെ ആസ്വാദ്യകരമായിരുന്നു.

എന്റെ സിനിമ അല്ലെങ്കിൽ പോലും, സത്യന്റെ, ഭരതേട്ടന്റെ ഒക്കെ സിനിമ ചെയ്യുമ്പോ ഞാൻ അവരോടൊപ്പം കൂടും. ആ ഒരു ടീം സ്പിരിറ്റ് ഭയങ്കരമായിരുന്നു, അതിനോടൊപ്പം ജീവിക്കുകയായിരുന്നു ജോൺസൺ. ജോൺസന്റെ അവസാനകാലമായപ്പോഴേക്കും കമ്പോസിങ് ഒക്കെ ഡിജിറ്റൽ ആയിത്തുടങ്ങി. പക്ഷെ അതൊക്കെ ചെയ്യുമ്പോഴും ജോൺസൺ അസ്വസ്ഥനായിരുന്നു. എന്നോട് പറയും ഇതൊന്നും ഒരു സുഖമുള്ള പരിപാടിയല്ല, നമ്മൾ ഇങ്ങനെ അല്ലല്ലോ ചെയ്യേണ്ടത്, എനിക്കിതിനോടൊന്നും മാനസികമായി പൊരുത്തപ്പെടാൻ കഴിയുന്നില്ല എന്ന്. അപ്പോഴും ഞാൻ പറയും, എടോ നമ്മൾ പഴഞ്ചൻ രീതിയിൽ ചിന്തിച്ചിട്ട് കാര്യമില്ല, കാലത്തിനൊത്തു മാറിയില്ലേ കഴിയൂ എന്ന്. ജോൺസൺൻ മിസ് ചെയ്തിരുന്നത് ആ കൂട്ടായ്മയുടെ സുഖമാണ്. ജോൺസൺ ഇല്ലാത്ത ഈ ഡിജിറ്റൽ കാലഘട്ടത്തിൽ ഞാനേറ്റവും മിസ് ചെയ്യുന്നത് ആ കൂട്ടായ്മയുടെ സുഖവും സന്തോഷവുമാണ്.

പറഞ്ഞു നിർത്തുമ്പോൾ കമൽ വീണ്ടും ആ പഴയ കാലത്തിലേക്ക് യാത്രചെയ്തു തിരിച്ചു വന്നിട്ടുണ്ടായിരുന്നു. മദിരാശിയിലെ ലോഡ്ജുകളിലെ സൗഹൃദവും പൊട്ടിച്ചിരികളും കലഹങ്ങളും ഒക്കെ നിറഞ്ഞു നിന്നിരുന്ന കാലങ്ങൾ. അപൂർവ്വമായ സ്‌നേഹവും സൗഹൃദവും പകർന്നു കൊടുത്തിട്ട് പെട്ടെന്നൊരു നിമിഷം അപ്രത്യക്ഷനായ സുഹൃത്തിന്റെ ഓർമകൾ തിരമാലയെന്നോണം ഉള്ളിൽ അലയടിക്കുന്നുണ്ടയിരുന്നു. മെലഡിയുടെ പുതുതീരങ്ങളിലേക്ക് സംഗീതപ്രേമികളെ വിരുന്നു വിളിച്ച ജോൺസൺ മാസ്റ്ററെ മറക്കാൻ സുഹൃത്തുക്കൾക്ക് മാത്രമല്ല പുഴയുടെ ഉടലിനുള്ളിലെ നീരുറവപോലെയുള്ള ആ സംഗീതം ആസ്വദിച്ചിരുന്ന മലയാളികൾക്കും ഒരിക്കലുമാകില്ല

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP