Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202030Monday

റിസോർട്ടിലെ സ്വിമ്മിങ് പൂളിനരികെ സ്വപ്നക്കൊപ്പം മദ്യപിച്ചു കൊണ്ടിരുന്നത് ഉന്നത ഉദ്യോ​ഗസ്ഥൻ; ബർമുഡ മാത്രം ധരിച്ച പുരുഷൻ ആവശ്യപ്പെട്ടത് മദ്യം കലർത്തിയ ജ്യൂസ് കഴിക്കാനും; ഇരുവരെയും കണ്ടത് അരുതാത്ത സാഹചര്യത്തിലെന്നും ബന്ധുവായ യുവതി; സാഹചര്യ തെളിവുകളെല്ലാം വിരൽ ചൂണ്ടുന്നത് കേവലം ബിസിനസ്സ് ഡീലിനും അപ്പുറത്തെ ബന്ധങ്ങളിലേക്ക്; സ്വപ്ന സുരേഷ് നൽകിയ മൊഴിയും എം ശിവശങ്കറിനെതിര്; ഡിപ്ലോമാറ്റിക് സ്വർണക്കടത്തിൽ കുരുക്ക് മുറുകുന്നത് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിക്ക്

റിസോർട്ടിലെ സ്വിമ്മിങ് പൂളിനരികെ സ്വപ്നക്കൊപ്പം മദ്യപിച്ചു കൊണ്ടിരുന്നത് ഉന്നത ഉദ്യോ​ഗസ്ഥൻ; ബർമുഡ മാത്രം ധരിച്ച പുരുഷൻ ആവശ്യപ്പെട്ടത് മദ്യം കലർത്തിയ ജ്യൂസ് കഴിക്കാനും; ഇരുവരെയും കണ്ടത് അരുതാത്ത സാഹചര്യത്തിലെന്നും ബന്ധുവായ യുവതി; സാഹചര്യ തെളിവുകളെല്ലാം വിരൽ ചൂണ്ടുന്നത് കേവലം ബിസിനസ്സ് ഡീലിനും അപ്പുറത്തെ ബന്ധങ്ങളിലേക്ക്; സ്വപ്ന സുരേഷ് നൽകിയ മൊഴിയും എം ശിവശങ്കറിനെതിര്; ഡിപ്ലോമാറ്റിക് സ്വർണക്കടത്തിൽ കുരുക്ക് മുറുകുന്നത് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിക്ക്

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥനും സ്വപ്ന സുരേഷും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നു കാണിക്കുന്ന കൂടുതൽ തെളിവുകൾ അന്വേഷണസംഘത്തിനു ലഭിച്ചത് അഞ്ചുമാസം മുമ്പ് നടന്ന സംഭവത്തെ കുറിച്ച് വിവരം ലഭിച്ചതോടെ. സ്വപ്നയുടെ അടുത്ത ബന്ധുവിന്റെ ഭാര്യയായിരുന്ന യുവതിയാണ് ഇത് സംബന്ധിച്ച സൂചന നൽകിയത്. പൂവാറിലെ ഒരു റിസോർട്ടിൽ വെച്ച് താൻ ഇരുവരെയും അരുതാത്ത നിലയിലുള്ള സാഹചര്യത്തിൽ കാണാനിടയായി എന്നാണ് യുവതിയുടെ വെളിപ്പെടുത്തൽ. വിവാഹ മോചനത്തിന്റെ ഭാഗമായി നൂറോളം പവൻ സ്വർണം തിരിച്ചുനൽകുന്നതുമായി ബന്ധപ്പെട്ടാണ് യുവതി സ്വപ്നയുമായി സംസാരിക്കുന്നത്.

എന്നാൽ നേരിൽ കാണണമെന്നും സംസാരിക്കാൻ തിരുവനന്തപുരം പൂവാറിലുള്ള റിസോർട്ടിലെത്താനും സ്വപ്ന യുവതിയോട് ആവശ്യപ്പെട്ടു. ഇതനുസരിച്ചാണ് യുവതി റിസോർട്ടിൽ എത്തിയത്. റിസോർട്ടിലെ സ്വിമ്മിങ് പൂളിനരികിൽ ചെല്ലുമ്പോൾ ബർമൂഡ ധരിച്ച് ഉദ്യോഗസ്ഥനും തൊട്ടടുത്ത് സ്വപ്നയും ഇരിക്കുന്നതാണ് യുവതി കണ്ടത്. ഇവർ കഴിച്ചുകൊണ്ടിരുന്ന മദ്യം കലർത്തിയ ജ്യൂസ് കഴിക്കാൻ യുവതിയേയും ഇരുവരും നിർബന്ധിച്ചു. എന്നാൽ താൻ ഇറങ്ങിപ്പോരുകയായിരുന്നുവെന്നും അവർ പറയുന്നു. പിന്നീട് സ്വർണം വിട്ടുകിട്ടാൻ പരാതി നൽകിയിട്ടും പൊലീസ് അനങ്ങിയില്ല. കാരണം തിരക്കിയപ്പോൾ ഉന്നതകേന്ദ്രങ്ങളിൽ നിന്നും വിളിച്ചു പറഞ്ഞുവെന്നായിരുന്നു മറുപടി. എന്നാൽ യുവതിയുടെ ബന്ധുക്കളും സ്വാധീനം ചെലുത്തിയതോടെ പൊലീസ് ഇടപെട്ടു സ്വർണം തിരിച്ചുകിട്ടുകയായിരുന്നു.

സ്വർണക്കടത്തിന്‌ ഒത്താശചെയ്യാൻ ഓടിയെത്തിയതു തിരുവനന്തപുരം ജില്ലാഭരണകൂടത്തിലെ ഉദ്യോഗസ്‌ഥപ്രമുഖൻ ഓടിയെത്തിയതും ഇതേ ഉന്നതന്റെ നിർദ്ദേശപ്രകാരമാണ് എന്ന നി​ഗമനത്തിലാണ് അന്വേഷണ സംഘം. വ്യവസായ വകുപ്പിന് കീഴിലുള്ള കേരളാ സ്‌റ്റേറ്റ്‌ ഇൻഡസ്‌ട്രിയൽ എന്റർപ്രൈസസ്‌ (കെ.എസ്‌.ഐ.ഇ) ലിമിറ്റഡിനാണു വിമാനത്താവളത്തിലെ കാർഗോ ലോക്കർ ചുമതല. കെ.എസ്‌.ഐ.ഇ. മാനേജരാണു താക്കോൽ സൂക്ഷിപ്പുകാരൻ. നയതന്ത്ര ബാഗേജിൽ സംശയം തോന്നിയതോടെ കാർഗോ ചുമതലയുള്ള കസ്‌റ്റംസ്‌ ഓഫീസർ രാമമൂർത്തി കടുത്ത നിലപാടെടുത്തു. പാഴ്‌സൽ തുറന്ന്‌ പരിശോധിക്കാതെ വിട്ടുനൽകില്ലെന്നു വ്യക്‌തമാക്കി. ലോക്കറിൽനിന്നു പാഴ്‌സൽ പുറത്തെടുത്തതിനു പിന്നാലെ രാമമൂർത്തിയുടെ ഫോണിലേക്ക്‌ ഉന്നതന്റെ വിളിയെത്തി. നയതന്ത്ര പാഴ്‌സലിന്റെ പ്രത്യേകതകൾ വിശദീകരിച്ചായിരുന്നു വിളി. എന്നാൽ രാമമൂർത്തി വഴങ്ങിയില്ല. ഇതോടെയാണു ജില്ലാഭരണകൂടത്തിലെ ഉദ്യോ​ഗസ്ഥൻ പറന്നെത്തിയത്‌.

ദുബായിൽ നിന്ന് കോൺസുലേറ്റിലെ വിലാസത്തിൽ വന്ന പാഴ്‌സലിൽ 85 കിലോ എന്ന് രേഖപ്പെടുത്തിയിരുന്നു. ഇത് വെട്ടി 87 കിലോ എന്നെഴുതിയത് ശ്രദ്ധയിൽ പെട്ടതിനാലാണ് തുടക്കത്തിൽ ആർക്കും പാഴ്‌സൽ കൊടുക്കാതിരുന്നത്. ഇതിൽ വ്യക്തത വരുത്താനായിരുന്നു പിടിച്ചു വച്ചത്. എന്നാൽ അതിശക്തമായ സമ്മർദ്ദം ഉയർന്നു. ഇതോടെയാണ് ഷംനാ കാസിം കേസിലെ പ്രതികളുടെ തിരുവനന്തപുരം ബന്ധത്തിലേക്ക് അന്വേഷണം നീണ്ടത്. ഇതോടെ പാഴ്‌സലിനുള്ളിൽ മഞ്ഞ ലോഹമാണെന്ന് കസ്റ്റംസ് ഉറപ്പിച്ചു. പെട്ടി പൊട്ടിക്കാൻ വിദേശകാര്യ വകുപ്പിലേക്ക് കത്തും പോയി. ഇതിന് പിന്നാലെ കളിമാറിയെന്ന് സ്വപ്നാ സുരേഷും സംഘവും മനസ്സിലാക്കുകയും ചെയ്തു. പെട്ടി പൊട്ടിച്ചുടൻ തന്നെ സരിതിനെ പിടികൂടിയതും നിർണ്ണായകമായി.

നയതന്ത്ര പാഴ്‌സൽ തടഞ്ഞാൽ ഭരണകൂടങ്ങൾ തമ്മിലുള്ള സംഘർഷമായി മാറുമെന്നായിരുന്നു ജില്ലാ ഭരണകൂടത്തിലെ ഉദ്യോഗസ്‌ഥന്റെ താക്കീത്‌. സമ്മർദം ഇത്രയും മുറുകിയതോടെ പാഴ്‌സലിനെക്കുറിച്ചുള്ള സംശയവും മുറുകി. തുറന്ന്‌ പരിശോധിക്കാനും തീരുമാനിച്ചു. ഇതോടെ ജില്ലാഭരണകൂടത്തിലെ ഉന്നതൻ സ്‌ഥലംവിട്ടു. അതുകൊണ്ട് തന്നെ തിരുവനന്തപുരം ജില്ലാ ഭരണകൂടത്തിലെ പ്രധാനിയാണ് സ്വർണ്ണ കടത്തിൽ തുമ്പുണ്ടാക്കിയതെന്ന് കസ്റ്റംസുകാർ അടക്കം പറയുന്നുണ്ട്. ഈ വ്യക്തിക്ക് ഒന്നും അറിയില്ലായിരുന്നുവെന്നും കസ്റ്റംസ് പറയുന്നു. ആദ്യം രാമമൂർത്തിയെ വിളിച്ച ഉന്നതന്റെ സമ്മർദ്ദഫലമാകും ഈ വരവെന്നാണ് കണക്ക് കൂട്ടൽ. രാമമൂർത്തിയുടെ ഉറച്ച നിലപാട് മനസ്സിലാക്കി അതിവേഗം അവിടെ നിന്ന് പിൻവാങ്ങുകയും ചെയ്തു. ഇതിന് പിന്നാലെയാണ് അതിശക്തമായ ഇടപെടൽ നടത്തുന്നത്.

അതേസമയം, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ പ്രതിസ്ഥാനത്ത് നിർത്തിയാണ് സ്വപ്‌നാ സുരേഷ് എൻഐഎക്ക് മൊഴി നൽകിയത്. ഇടപാടുകൾ എല്ലാം ശിവശങ്കറിനും അറിയാമെന്ന മൊഴിയാണ് സ്വപ്‌ന നൽകിയത്. എല്ലാ കാര്യങ്ങളും മുമ്പിൽ നിന്ന് നടത്തി തന്നിരുന്നതും ശിവശങ്കറാണെന്നും സ്വപ്‌ന സൂചന നൽകി. ഇന്നലെ രാത്രിയാണ് സ്വപ്നയെ എൻ ഐ എ പിടികൂടുന്നത്. ഇതിന് ശേഷം നടത്തിയ വിശദ ചോദ്യം ചെയ്യലിലാണ് സ്വപ്‌ന കുറ്റസമ്മതം നടത്തിയത്. ആരോപണങ്ങൾ ശരിയാണെന്ന് സന്ദീപ് നായരും സമ്മതിച്ചു. ഇതോടെ തിരുവനന്തപുരം സ്വർണ്ണ കടത്ത് പുതിയ തലത്തിലെത്തുകയാണ്. ശിവശങ്കറിനെ എൻ ഐ എ ചോദ്യം ചെയ്യും. അതിന് ശേഷം അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ട്. ശിവശങ്കറിന്റെ നീക്കങ്ങൾ കേന്ദ്ര ഇന്റലിജൻസ് സസൂക്ഷമം നിരീക്ഷിക്കുന്നുണ്ട്. ഏത് സമയവും മുതിർന്ന ഐഎഎസുകാരൻ കുടുങ്ങാനാണ് സാധ്യത.

ശിവശങ്കറിനെ അറസ്റ്റ് ചെയ്താൽ യുഎപിഎ ചുമത്താനാകുമോ എന്ന് എൻഐഎ പരിശോധിക്കുന്നുണ്ട്. അതിന് കഴിയില്ലെങ്കിൽ കസ്റ്റംസ് അന്വേഷിക്കുന്ന കേസിലാകും ശിവശങ്കറിനെ പ്രതിയാക്കുക. ഏതായാലും സ്വപ്‌നയുടെ മൊഴി അതിനിർണ്ണായകമാണ്. അതിനിടെ അറസ്റ്റിലായാൽ ശിവശങ്കറിനെ സർക്കാർ സസ്‌പെന്റ് ചെയ്യും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ വകുപ്പ് തല അന്വേഷണത്തിനും സാധ്യതയുണ്ട്. ശിവശങ്കറിന്റെ ഫ്‌ളാറ്റിൽ ഗൂഢാലോചന നടന്നുവെന്നതിനെ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്. ശിവശങ്കറിനെ പൂർണ്ണമായും കൈവിട്ടുവെന്ന് വരുത്താനാണ് ചീഫ് സെക്രട്ടറിയുടെ അന്വേഷണം. അറസ്റ്റിന് മുമ്പും ശിവശങ്കറിനെ സർക്കാർ സസ്പെൻഡ് ചെയ്യാൻ സാധ്യതയുണ്ട്.

സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ഐടി വകുപ്പിനു കീഴിലുള്ള സ്ഥാപനത്തിൽ ജോലി നേടിയതിന്റെ പേരിലും ശിവശങ്കറിനെതിരേ ആരോപണം ഉയർന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ നീക്കമെന്നാണ് കരുതുന്നത്. സ്വപ്ന വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ചതിനെ കുറിച്ച് അന്വേഷിക്കുമെന്ന് വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കുകയും ചെയ്തിരുന്നു. കൂടാതെ ഐഎഎസ് ഉദ്യോഗസ്ഥനായ ശിവശങ്കറിനെതിരേ സംസ്ഥാനസർക്കാർ നടപടിയെടുത്തില്ലെങ്കിൽ കേന്ദ്ര പഴ്‌സണൽ ആൻഡ് ട്രെയിനിങ് വകുപ്പിന്റെ (ഡിഒപിടി) ഇടപെടലുണ്ടാകും. മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരുടെ പ്രവർത്തനം ആറുമാസം കൂടുമ്പോൾ ഡിഒപിടി അവലോകനം ചെയ്യാറുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ 13 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടിട്ടുമുണ്ട്. കേന്ദ്ര ഇടപെടലിനുള്ള സാധ്യതയും സംസ്ഥാനസർക്കാരിനെ സമ്മർദത്തിലാക്കുന്നുണ്ട്. കേസിൽ കുടുങ്ങിയാൽ കേന്ദ്ര സർക്കാരും നടപടി എടുക്കും. മുഖ്യമന്ത്രിയുടെ ഓഫീസിൽ സെക്രട്ടറിയായി കേരളം തന്നെ ഭരിച്ച ഉദ്യോഗസ്ഥനാണ് ഇപ്പോൾ കുടുങ്ങുന്നത്.

തന്റെ ഓഫീസ് ചുമതലയുണ്ടായിരിക്കേ ശിവശങ്കറിന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ചു വിശദമായ റിപ്പോർട്ട് നൽകാൻ മുഖ്യമന്ത്രി ഇന്റലിജൻസിനു നിർദ്ദേശം നൽകിയെന്നാണ് വിവരം. ഇതുപ്രകാരം ശിവശങ്കർ ഇടപെട്ട് നടത്തിയ നിയമനങ്ങളെക്കുറിച്ചും അന്വേഷണമുണ്ടാകും. സ്വർണക്കടത്തുകേസിലെ പ്രതികളുടെ വീടുകളിലും മുൻ ഐ.ടി. സെക്രട്ടറി എം. ശിവശങ്കറിന്റെ ഫ്‌ളാറ്റിലും വെള്ളിയാഴ്ച കസ്റ്റംസ് അധികൃതർ നടത്തിയ റെയ്ഡിൽ സ്വർണം കടത്താനുപയോഗിച്ചതെന്ന് കരുതുന്ന ആറുബാഗുകൾ കണ്ടെത്തി. മൂന്നെണ്ണത്തിൽ ഡിപ്ലോമാറ്റിക് സ്റ്റിക്കർ അടർത്തിമാറ്റിയെന്നുതോന്നിക്കുന്ന ഭാഗമുണ്ട്. രണ്ടെണ്ണത്തിൽ ഇത് പൂർണമായും പൊളിച്ചുമാറ്റിയിട്ടുണ്ട്. പുതിയ ബാഗുകളായതിനാൽ പശ ഒട്ടിയനിലയിൽത്തന്നെയാണ്. ഇത് ഫൊറൻസിക് പരിശോധനയ്ക്ക് അയക്കുമെന്ന് കസ്റ്റംസിലെ ഉന്നതകേന്ദ്രങ്ങൾ പറഞ്ഞു. തനിക്ക് സ്‌പെയ്‌സ് പാർക്കിൽ ജോലി കിട്ടാൻ കാരണവും ശിവശങ്കറാണെന്ന് സ്വപ്‌ന എൻഐഎയോട് സമ്മതിച്ചിട്ടുണ്ട്.

സെക്രട്ടേറിയറ്റ് കന്റോൺമെന്റ് ഗേറ്റിന് സമീപമുള്ള ഹെദർ ടവറിലെ ശിവശങ്കറിന്റെ സ്വകാര്യഫ്‌ളാറ്റായ എഫ്-6 എഫിൽനിന്ന് ഇതേതരത്തിലുള്ള ഒരു ബാഗ് ലഭിച്ചു. എന്നാലിത് സ്വർണക്കടത്തുകാർ ഉപയോഗിച്ചതാണോ എന്ന് വ്യക്തമായിട്ടില്ല. സന്ദീപ് നായരുടെയും സരിത്തിന്റെയും വീടുകളിൽനിന്നാണ് മറ്റുബാഗുകൾ കിട്ടിയത്.  സി.സി.ടി.വി. ക്യാമറയിൽക്കണ്ട ബാഗുകൾ ഇതുതന്നെയാണോ എന്ന് ശാസ്ത്രീയമായി ഉറപ്പിക്കേണ്ടതുണ്ട്. ഇതു കഴിഞ്ഞാൽ കസ്റ്റംസ് കേസിൽ ശിവശങ്കറിനെ പ്രതിയാക്കും. അതിനിടെ സ്വപ്ന തിരുവനന്തപുരത്ത് പണിയാൻ പദ്ധതിയിട്ട വീടിന്റെ വിശദാംശങ്ങൾ കസ്റ്റംസ് കണ്ടെത്തി. 4500 ചതുരശ്രയടി വരുന്ന വീടിന് അഞ്ചുകോടിരൂപയാണ് ചെലവിടാൻ ഉദ്ദേശിച്ചത്. ഇതിന്റെ വരുമാനസ്രോതസ്സും അന്വേഷിക്കുമെന്നും കസ്റ്റംസ് അധികൃതർ വ്യക്തമാക്കി. ഈ വീട് നിർമ്മാണത്തിനും ശിവശങ്കർ സഹായിച്ചിരുന്നു.

സ്വപ്‌ന സുരേഷും സന്ദീപും ബെംഗളൂരുവിൽ എത്തിയത് കാറിലെന്ന വിവരം പുറത്തുവന്നു. രണ്ടുദിവസം മുമ്പാണ് ഇവർ ബെംഗളൂരുവിൽ എത്തിയത്. സന്ദീപാണ് കാറോടിച്ചിരുന്നത്. ഇവരുടെ കൂടെ സ്വപ്‌നയുടെ ഭർത്താവും മക്കളും ഒപ്പമുണ്ടായിരുന്നതായാണ് വിവരം. യാത്രാമധ്യേ പലയിടങ്ങളിലും ഇവർ താമസിച്ചിരുന്നു. ബെംഗളൂരുവിൽ ആദ്യം താമസിച്ചത് ബിടിഎം ലേ ഔട്ടിലെ ഹോട്ടലിലാണ്. പിന്നീട് കോറമംഗലയിലെ ഒക്ടേവ് ഹോട്ടലിലേക്ക് മാറി. പാസ്‌പോർട്ടുകളും മൊബൈലുകളും 2.5 ലക്ഷം രൂപയും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ബെംഗളൂരുവിൽ നിന്ന് പ്രതികൾ രാജ്യം വിടാൻ പദ്ധതിയിട്ടെന്ന് സൂചനയുണ്ട്. അറസ്റ്റിലായ ശേഷം വിശദമായ ചോദ്യം ചെയ്യൽ നടന്നു. ഇതിലാണ് ശിവശങ്കറിനെ കുടുക്കുന്ന കാര്യങ്ങൾ പങ്കുവച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP