Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഹോമിയോപ്പതി കപടശാസ്ത്രമെന്ന് യുക്തിവാദികൾ; അങ്ങനെയല്ല ഒരു സയൻസ് തന്നെയെന്ന് ആചാര്യ സമൂസ ത്രികോണാധ്യായ; തർക്കം മൂത്തപ്പോൾ ഡിങ്കമതത്തിന്റെ പ്രവർത്തനം നിലച്ചു; പുനപ്രസിദ്ധീകരണം തുടങ്ങിയ ബാലമംഗളവും പൂട്ടി; ബിബിസി പോലും ഫീച്ചർ ചെയ്ത ശാസ്ത്രമതത്തിന് അകാല ചരമം

ഹോമിയോപ്പതി കപടശാസ്ത്രമെന്ന് യുക്തിവാദികൾ; അങ്ങനെയല്ല ഒരു സയൻസ് തന്നെയെന്ന് ആചാര്യ സമൂസ ത്രികോണാധ്യായ; തർക്കം മൂത്തപ്പോൾ ഡിങ്കമതത്തിന്റെ പ്രവർത്തനം നിലച്ചു; പുനപ്രസിദ്ധീകരണം തുടങ്ങിയ ബാലമംഗളവും പൂട്ടി; ബിബിസി പോലും ഫീച്ചർ ചെയ്ത ശാസ്ത്രമതത്തിന് അകാല ചരമം

കെ വി നിരഞ്ജൻ

കോഴിക്കോട്: ബി.ബി.സി വരെ റിപ്പോർട്ട് ചെയ്യത്തക്ക രീതിയിൽ ശക്തമായ പാരഡി മതമായി കേരളത്തിൽനിന്ന് പടർന്ന് പന്തലിച്ച ഡിങ്കമതത്തിന്റെ പ്രവർത്തനങ്ങൾ ഏതാണ്ട് നിലച്ച നിലയിൽ.ഹോമിയോപ്പതി ഒരു ശാസ്ത്രമാണോ എന്ന വിഷയത്തിലുണ്ടായ ഭിന്നതയാണ്, പരമ്പരാഗത മതങ്ങളുടെ പൊള്ളത്തരങ്ങളെ പരിഹസിച്ചുകൊണ്ട് വളരെ പെട്ടെന്ന് നവമാധ്യമങ്ങളിലൂടെ വളർന്നുവന്ന ഡിങ്കമതത്തിന് വിനയായത്.

ഡിങ്കോയിസം പ്രചരിപ്പിക്കുന്ന പ്രമുഖർക്ക് ഹോമിയോപ്പതിയെ തള്ളിപ്പറയാൻ കഴിയാഞ്ഞതോടെ യുക്തിവാദികളും സ്വതന്ത്രചിന്തകരും പഴയതുപോലെ ഈ ഗ്രൂപ്പിൽ സജീവമല്ല. ഇപ്പോൾ എതാനും ഫേസ്‌ബുക്ക് പോസ്റ്റുകൾ ഇടുന്നതൊഴിച്ചാൽ ഡിങ്കോയിസ്റ്റുകളുടെ പ്രവർത്തനം കേരളത്തിൽ തീർത്തും ഇല്ലാതായിരക്കയാണ്. കഴിഞ്ഞ വർഷങ്ങളിലായി 'മൂഷിക സംഗമം','ഡിങ്കമഹാസമ്മേളനം' തുടങ്ങിയ പരിപാടികളിലൂടെ സജീവമായിരുന്ന ഡിങ്കോയിസ്റ്റുകൾക്ക് ഇപ്പോൾ മതഭീകരതയും, ഭരണകൂട ഭീകരതയും അടക്കമുള്ള ഒരുപാട് പ്രശ്‌നങ്ങൾ ഉണ്ടായിട്ടും പ്രതികരിക്കാൻ കഴിഞ്ഞിട്ടില്ല. ഡിങ്ക മതത്തിന്റെ പ്രശസ്തി കണ്ട് ബാലമംഗളം പുനപ്രസിദ്ധീകരിച്ച മംഗളം ഗ്രൂപ്പും വായനക്കാരില്ലാതെ വെട്ടിലായിരിക്കയാണ്. ഇതോടെ അവർ ഡിങ്കനെ മംഗളം വാരികയിലേക്ക് പറിച്ചുനട്ടു. ഇപ്പോൾ ആ കോളവും മുടങ്ങുന്ന അവസ്ഥയാണ്.

എല്ലാ ആശയങ്ങളോടും അഭിപ്രായങ്ങളോടും സഹിഷ്ണുത കാണിക്കുന്ന 'മത'മാണ് ഡിങ്കമതം. പരമ്പാരഗത മതങ്ങളുടെ പൊട്ടത്തരങ്ങളെ നിശിതമായ വിമർശിച്ചും ശാസ്ത്രീയതെ പുൽകിക്കൊണ്ടുമാണ് ഈ മതം ജന്മം കൊണ്ടത്. നവമാധ്യമങ്ങളിലെ കോമഡിയായി 2008ൽ പ്രത്യക്ഷപ്പെട്ടുതുടങ്ങിയ ഡിങ്കൻ 2014 ആയപ്പോഴേക്കും ഒരു മതമായി വളരുകയായിരുന്നു. ബാലമംഗളം എന്ന കുട്ടികൾക്കായുള്ള കഥാപുസ്തകത്തിലെ ഒരു കഥാപാത്രമായ ഡിങ്കൻ എന്ന അമാനുഷിക സിദ്ധിയുള്ള കുഞ്ഞൻ എലിയെ കൂട്ടുപിടിച്ച്, വ്യവസ്ഥാപിത മതക്കാർ പറയുന്ന എല്ലാ കാര്യങ്ങളും വ്യാഖ്യാനിച്ചുണ്ടാക്കാൻ ഇവർക്കായി.

ബാലമംഗളം തങ്ങളുടെ വിശുദ്ധ പുസ്തകമാണെന്ന് പറയുന്ന ഡിങ്കോയിസ്റ്റുകൾ അതിലെ ഡിങ്കന്റെ പല വരികളും വായിച്ചെടുത്ത്, മതപ്രഭാഷകർ വ്യാഖ്യാനിക്കുന്നപോലെ കീറിമുറിച്ച് പ്രപഞ്ചാൽപ്പത്തി മുതൽ അവസാനം വരെയുള്ള കാര്യങ്ങൾ വിശദീകരിക്കുന്നത് വലിയ കൗതുകത്തോടെയാണ് മലയാളികൾ കണ്ടത്. 2015-16 കാലത്തിലൊക്കെ നിരവധി സമ്മേളനങ്ങളും കാമ്പയിനുമായി അവർ കത്തിക്കയറി. ഡിങ്കനായി ഭക്തിഗാനങ്ങളും സൂക്തങ്ങും നവമാധ്യമങ്ങളിൽ നിറഞ്ഞു.

ദിലീപിന്റെ പ്രൊഫസർ ഡിങ്കൻ എന്ന സിനിമ തങ്ങളുടെ മത വികാരം വ്രണപ്പെടുത്തിയെന്ന് പറഞ്ഞ് ഡിങ്കോയിസ്റ്റുകൾ നടത്തിയ പ്രതിഷേധമാർച്ചും വൻ ജനശ്രദ്ധ ആകർഷിച്ചു. യുക്തിവാദികളുടെ നൂറു വർഷത്തെ പ്രവർത്തനം കൊണ്ട് കഴിയാത്തത് ഡിങ്കോയിസ്റ്റുകൾക്ക് ഏതാനും ദിവസങ്ങൾകൊണ്ട് കഴിഞ്ഞുവെന്ന് പറഞ്ഞാണ് പ്രശസ്ത സാഹിത്യകാരൻ എൻ.എസ് മാധവനെപ്പോലുള്ളവർ ഡിങ്കമതം പുൽകിയത്.മുൻ കോഴിക്കോട് ജില്ലാകലക്ടർ പ്രശാന്തിനെപ്പോലെ ജനകീയരായ പലരും ഡിങ്ക കാമ്പയിന് പരസ്യമായ പിന്തണയുമായി എത്തി. 2006 ഏപ്രിലിൽ നടന്ന ഡിങ്കമഹാസമ്മേളനത്തിൽ എതാണ്ട് ഇരുപത്തിഅയ്യായിരത്തോളം പേർ പങ്കെടുത്തുവെന്നാണ് കരുതുന്നത്.

ഈ സാഹചര്യത്തിലാണ് കേരളത്തിൽ നിന്ന് 'ശാസ്ത്രമതത്തിന്റെ വേലിയേറ്റം എന്ന്' വിശേഷിപ്പിച്ചുകൊണ്ട് ബി.ബി.സി തന്നെ ഡിങ്കമതത്തെ റിപ്പോർട്ട് ചെയ്യുന്നതും. കേരളത്തിലെ മതപുരോഹിതർക്ക് പ്രത്യേകിച്ച് ഇസ്ലാമിസ്റ്റുകൾക്ക് ഡിങ്കോയിസ്റ്റുകളോട് കടുത്ത പ്രതിഷേധം ഉണ്ടായിരുന്നെങ്കിലും അവർക്ക് ഒന്നും ചെയ്യാനായില്ല. മതനിന്ദാകുറ്റം വരാതിരിക്കാനായി വളരെ ബുദ്ധിപൂർവമാണ് ഡിങ്കാനുയായികൾ കരുക്കൾ നീക്കിയത്.ഇതാന്നും തമാശയല്ലെന്നും ഡിങ്കൻ എന്നത് വിളിച്ചാൽ വിളികേൾക്കുന്ന ദൈവമാണെന്നും തങ്ങൾ നൂറുശതമാനം ആത്മാർഥമായിട്ടാണ് ഡിങ്കനിൽ വിശ്വസിക്കുന്നതെന്നുമാണ് അവർ പ്രചരിപ്പിച്ചത്.അതോടെ കോടതിയിൽപോലും മതനിന്ദാകുറ്റം നിലനിൽക്കാതായി.

ഹോമിയോപ്പതിയുടെ പേരിലാണ് ഡിങ്കോയിസ്റ്റുകൾ രണ്ടു തട്ടിലായത്. ഹോമിയോപ്പതി ഒരു കപടശാസ്ത്രമാണെന്നും, മതങ്ങളെ അശാസ്ത്രീയതയുടെ പേരിൽ വിമർശിക്കുന്നവർക്ക് അതേ അബദ്ധം പ്രചരിപ്പിക്കുന്ന ഹോമിയോപ്പതിയെ എങ്ങനെ പിന്തുണക്കാൻ ആവുമെന്നാണ് ഒരു വിഭാഗം സ്വതന്ത്ര ചിന്തകർ ചോദിച്ചത്. എഴുത്തുകാരനും വാഗ്മിയുമായ പ്രൊഫസർ സി. രവിചന്ദ്രന്റെയും, ഡോ.എം.എസ് വിശ്വനാഥൻ, ഡോ.അഗസ്റ്റസ് മോറിസ്, ഡോ.മനോജ് കോമത്ത് എന്നീ സ്വതന്ത്ര ചിന്തകരുടെയുമൊക്കെ നേതൃത്വത്തിൽ ഹോമിയോപ്പതിക്കെതിരെ ശക്തമായ കാമ്പയിനാണ് ആ സമയത്ത് നടന്നിരുന്നത്.

ഹോമിയോപ്പതിയെ മാത്രമല്ല, ആയുർവേദം അടക്കമുള്ള അശാസ്ത്രീയമായ ഒന്നിനെയും അംഗീകരിക്കാനാവില്ലെന്നും, വികസിത രാഷ്ട്രങ്ങൾ ഹോമിയോപ്പതിലെ ഒരു കപട ചികിൽസായി മാത്രമേ കാണുന്നുള്ളൂവെന്നും ഒരു വിഭാഗം ചെറുപ്പക്കാർ ശക്തമായ നിലപാട് എടുത്തു. എന്നാൽ ഡിങ്കമതത്തിന്റെ 'ആചാര്യനെന്നും പ്രവാചകനെന്നും വിശേഷിപ്പിക്കപ്പെടുന്ന 'സമൂസ ത്രികോണാധ്യായ'എന്ന പേരിൽ അറിയപ്പെടുന്ന, രാകേഷ് ഉഷ രഘുനാഥ് അടക്കമുള്ളവർക്ക് ഇക്കാര്യം അംഗീകരിക്കാനായില്ല. ഹോമിയോപ്പതി ഒരു സയൻസ് തന്നെയാണെന്നായിരുന്ന അവരുടെ വാദം.

ഡിങ്ക മതത്തിന്റെപൊതു അഭിപ്രായം എന്നു തോന്നിക്കുന്ന തരത്തിൽ ഹോമിയോപ്പതിയെ പന്തുണച്ചുകൊണ്ട് രാകേഷ് നടത്തിയ പ്രചാരണത്തിൽ 'മൂഷിക സേന' ( ഡിങ്കോയിസ്റ്റുകളുടെ യുവജന സംഘടനയാണ് ഇത്) വാട്‌സ് ആപ് ഗ്രൂപ്പിൽ വിശദീകരണം ചോദിച്ചിരുന്നു. മാപ്പു പറയാതെ വീണ്ടും ഹോമിയോ അനുകൂല നിലപാടുമായി രാകേഷ് മുന്നോട്ടു പോയത് മറ്റ് അംഗങ്ങളെ ചൊടിപ്പിച്ചു.

അതോടെ എല്ലാ ആശയങ്ങളോടും അഭിപ്രായങ്ങളോടും സഹിഷ്ണുത പ്രകടിപ്പിക്കുന്ന ഡിങ്കമതവും പിളർന്നതായി വാർത്തകൾ വന്നു. സമൂസ ത്രികോണാധ്യായയെ ഡിങ്കോയിസത്തിൽ നിന്ന് പുറത്താക്കിയെന്നതും വാർത്തയായി. ഇതോടെ സമൂസ പുതിയ മതത്തിന്റെ പ്രഖ്യാപനം ഫേസ്‌ബുക്കിൽ നടത്തി. ഡിങ്കോസിയസം(മ) അതായത് മാനവികം ആണ് പുതിയ മതമെന്ന് അദ്ദേഹം പകുതി തമാശയായി ഫേസ്‌ബുക്കിൽ പ്രഖ്യാപിച്ചിരുന്നു.



പക്ഷേ ശാസ്ത്രീയതയിൽ അടിയുറച്ചുപോവുകയായിരുന്ന കേരളത്തിലെ സ്വതന്ത്ര ചിന്തകരുടെ കൂട്ടായ്മായ ഫ്രീ തിങ്കേഴ്‌സ് ഫോറത്തിലെ ചെറുപ്പക്കാർ ഒന്നും ഇത് തമാശയായിട്ടല്ല എടുത്തത്.'സമൂസയുടെ' നിലപാടുകൾ അശാസ്ത്രീയമായതോടെ അവർ ഡിങ്കമതത്തിലെ കാമ്പയിനിൽനിന്ന് മാറി, തങ്ങളുടെതായ വിമർശന പദ്ധതികളുമായി മുന്നോട്ടുപോയി.എതാണ്ട് ഒറ്റപ്പെട്ടപോലെയായ 'സമൂസയും' ഡിങ്കമതത്തിനായി കാര്യമായ കാമ്പയിൻ നടത്താതായി. അതോടെ ഫലത്തിൽ ഈ പാരഡി മതത്തിന്റെ പ്രവർത്തനം നിലക്കുകയും ചെയ്തു.

പക്ഷേ ഡിങ്കോയിസം എന്ന പാരഡി മതം ഉയർത്തിയ വിമർശനങ്ങൾ ഇപ്പോഴും നിലനിൽക്കയാണെന്നും വരും ദിവസങ്ങളിൽ ശക്തമായി തിരച്ചുവരുമെന്നുമാണ് ഇതുമായി ബന്ധപ്പെട്ടവർ പറയുന്നത്.വേദപുസ്തകങ്ങളിൽ പറയുന്നുവെന്നത് ഒരു ബാലമംഗളംവെച്ച് വ്യാഖ്യാനിച്ച് എടുക്കാൻ കഴിയുമെന്ന് തെളിയിക്കാൻ കഴിഞ്ഞതാണ് ഡിങ്കമതത്തിന്റെ ഏറ്റവും വലിയ പ്രസക്തിയെന്നാണ് പ്രമുഖ യുക്തിവാദിയും എഴുത്തുകാരനുമായ ഇ.എ ജബ്ബാർ ഈയിടെ അഭിപ്രായപ്പെട്ടത്.

നൂറായിരം വിവരക്കേടുകൾ തലകീറി തർക്കിച്ചോ, അധികാരത്തർക്കതിന്റെയോ ഒന്നും പേരിലല്ല ശാസ്ത്രീയ സത്യത്തിന്റെ പേരിലാണ് ഡിങ്കോയിസ്റ്റുകൾ ചേരിതിരിഞ്ഞതെന്നതുതന്നെ തങ്ങൾക്ക് അഭിമാനമാണെന്നാണ് ഡിങ്കോയിസ്റ്റുകളുടെ വാട്‌സാപ്പ് ഗ്രൂപ്പിലും പ്രചരിക്കുന്നത്.വൈകാതെ ഒരു വലിയ പരിപാടിയുമായി തിരിച്ചത്തെുമെന്നും അവർ അവകാശപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP