Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

ഇടതുപക്ഷക്കാരൻ എങ്ങനെ ലൗവ് കുരുക്ഷേത്രയുടെ ഭാഗമാകും? അമ്പലത്തിലെ കല്ല്യാണം സ്വാഭാവികം മാത്രം; മനസ്സ് മാറ്റിയത് ഹൈക്കോടതിയിലെ കൗൺസിലിങ്; വിവാദങ്ങൾ പഠനത്തേയും ബാധിച്ചു; ദിൽഷാന തനിക്ക് സ്വന്തമാകുമെന്ന പ്രതീക്ഷയിൽ ഇപ്പോഴും അലിൻരാജ്

ഇടതുപക്ഷക്കാരൻ എങ്ങനെ ലൗവ് കുരുക്ഷേത്രയുടെ ഭാഗമാകും? അമ്പലത്തിലെ കല്ല്യാണം സ്വാഭാവികം മാത്രം; മനസ്സ് മാറ്റിയത് ഹൈക്കോടതിയിലെ കൗൺസിലിങ്; വിവാദങ്ങൾ പഠനത്തേയും ബാധിച്ചു; ദിൽഷാന തനിക്ക് സ്വന്തമാകുമെന്ന പ്രതീക്ഷയിൽ ഇപ്പോഴും അലിൻരാജ്

അരുൺ ജയകുമാർ

കോഴിക്കോട്: എന്തുകൊണ്ട് ദിൽഷാന മാതാപിതാക്കളോട് പോയി? അലിൻ രാജിന് ഇപ്പോഴും വ്യക്തത വന്നിട്ടില്ല. കോളേജിൽ പോക്കുപേക്ഷിച്ച് ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് അലിൻ രാജ്. സ്‌നേഹത്തിൽ കള്ളം കാട്ടാതെ ദിൽഷാനെയെ സ്വന്തമാക്കിയ വ്യക്തിയാണ് അലിൻ രാജ്. ദിൽഷാനയില്ലാതെ അവൻ ഒരു നിമിഷത്തെ കുറിച്ച് പോലും ചിന്തിച്ചിട്ടില്ല. എന്നിട്ടും എന്താണ് മനം മാറ്റിയതെന്ന് ആർക്കും അറിയില്ല. എതിർപ്പുകൾ അവഗണിച്ച് അലിൻ രാജിനൊപ്പം ഇറങ്ങിവന്ന ദിൽഷാന തങ്ങളുടെ കൂട്ടുകാരനൊപ്പം തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് കൂട്ടുകാർ. രണ്ടു പേരുടേയും പഠിത്തം മുടങ്ങിയെന്നതാണ് ഈ വിവാദങ്ങളുടെ ഇപ്പോഴത്തെ ബാക്കി പത്രം. എല്ലാം ശരിയാകുമെന്ന വിശ്വാസം നമ്പ്രത്തുകര സംസ്‌കൃത കോളേജിലെ കൂട്ടുകാർക്കുണ്ട്.

കല്ല്യാണ ദിവസമാണ് ദിൽഷാനയെ അലിൻ രാജ് ബൈക്കിൽ നാടകീയമായി കൊണ്ട് പോയത്. പിന്നെ ക്ഷേത്രത്തിൽ കല്ല്യാണം. വിഷയം പൊലീസ് സ്‌റ്റേഷനിലും കൊയിലാണ്ടി കോടതിയിലുമെത്തിയപ്പോഴും ദിൽഷാന ഉറച്ചു നിന്നു. ഇതിനിടെയിൽ ലൗവ് കുരുക്ഷേത്രയെന്ന വാദം സോഷ്യൽ മീഡയയിൽ സജീവമായി. ഹിന്ദു പെൺകുട്ടികളെ വിവാഹം ചെയ്ത് പറ്റിക്കുന്നുവെന്ന സംഘപരിവാർ ആരോപണവും അതിന് പിന്നാലെ എത്തിയ ലൗവ് ജിഹാദിന്റേയും തടുർച്ചയായിരുന്നു ലൗവ് കുരുക്ഷേത്ര. ദിൽഷാന ലൗവ് കുരുക്ഷേത്രയുടെ ഇരയാണെന്ന വാദം സജീവമായി. എന്നാൽ അലിൻ രാജിന് സംഘപരിവാറുമായി യാതൊരു ബന്ധവുമില്ല. ക്ഷേത്രത്തിലെ താലികെട്ട് സ്വാഭാവികമായ സംഭവിച്ചതാണ്. കോളേജിലും നാട്ടിലും ഇടതുപക്ഷ അനുഭാവിയായിരുന്നു അലിൻ രാജ്. എസ്എഫ്‌ഐയോടായിരുന്നു കോളേജിൽ ആഭിമുഖ്യം. എന്നിട്ടും ലൗവ് കുരുക്ഷേത്ര വിവാദം ആളികത്തി.

ദിൽഷാന-അലിൻരാജ് വിവാഹത്തെ വർഗ്ഗീയ മുതലെടുപ്പിന് ആരോ ഉപയോഗിച്ചു. ഇതിനിടെയിലാണ് ദിൽഷാനയുടെ അച്ഛനും അമ്മയും ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകിയത്. അലിൻരാജും അച്ഛനും അമ്മയും ആയിരുന്നു പ്രതികൾ. അതുകൊണ്ട് തന്നെ ദിൽഷാനയെ ഹൈക്കോടതിയിൽ ഹാജരാക്കേണ്ടിയും വന്നു. ഹൈക്കോടതിയിൽ ഉമ്മയും ബാപ്പയുമായി ദിൽഷാന സംസാരിച്ചു. അതിന് ശേഷം കോടതിയുടെ കൗൺസിലിങ്. അതിന് ശേഷം അച്ഛനും അമ്മയ്ക്കും ഒപ്പം പോകാനാണ് കോടതിയിൽ ദിൽഷാന താൽപ്പര്യം പ്രകടിപ്പിച്ചത്. ഇത് എന്തുകൊണ്ടാണെന്ന് അലിൻ രാജിന് മനസ്സിലായില്ല. ഒരാഴ്ചത്തെ വീട്ടുകാർക്കൊപ്പമുള്ള താമസം കഴിഞ്ഞു വന്ന ദിൽഷാന കുറച്ചു ദിവസം കൂടി തന്റെ വീട്ടിൽ നിൽക്കണമെന്ന ആവശ്യമാണ് മുന്നോട്ട് വച്ചതെന്നാണ് സൂചന.

ഇതോടെ ഹേബിസ് കോർപ്പസ് ഹർജിയിൽ തീർപ്പു വരും വരെ വീട്ടുകാർക്കൊപ്പം കഴിയാൻ ദിൽഷാനയോട് കോടതി നിർദ്ദേശിച്ചു. പക്ഷേ പഠിത്തം തുടരാൻ അനുവദിക്കണമെന്നും മറ്റൊരു വിവാഹത്തിന് നിർബന്ധിക്കരുതെന്നും കോടതി ദിൽഷാനയുടെ മാതാപിതാക്കളോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ നമ്പ്രത്തുകര സംസ്‌കൃത കോളേജിൽ ദിൽഷാന ഇതുവരെ എത്തിയിട്ടില്ല. സംഭവത്തിന്റെ ആഘാതത്തിൽ അലിൻ രാജും വീട്ടിലാണ്. ഫോൺ വരെ സ്വച്ച് ഓഫ് ചെയ്തു. ഹൈക്കോടതിയിലെ സംഭവ വികാസങ്ങൾ അലിൻ രാജിനെ തളർത്തിയതായി സുഹൃത്തുക്കൾ പറയുന്നു. എല്ലാം ശുഭമായി അവസാനിക്കുമെന്നാണ് ഏവരുടേയും പ്രതീക്ഷ. ലൗവ് കുരുക്ഷേത്രയിലെ പ്രചരണങ്ങളാണ് എല്ലാം താളം തെറ്റിച്ചതെന്ന അഭിപ്രായമാണ് അവർക്കുള്ളത്.

കഴിഞ്ഞമാസമാണ് കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ പെൺകുട്ടി വിവാഹസൽക്കാരത്തിനിടെ കാവുംവട്ടത്തെ വീട്ടിൽ നിന്നും ബൈക്കിലെത്തിയ കാമുകനൊപ്പം കയറി പോയത്. നമ്പ്രത്തുകര സംസ്‌കൃത കോളെജിലെ ബിരുദ വിദ്യാർത്ഥികളാണ് ഇരുവരും. കേസ് ഹൈക്കോടതിയിൽ എത്തിയപ്പോൾ തന്നെ ദിൽഷാന വീട്ടുകാർക്കൊപ്പം പോകാൻ താൽപ്പര്യം കാട്ടിയിരുന്നു. ഇതേ തുടർന്ന് ഒരാഴ്ച വീട്ടിൽ നിന്നു. അതിന് ശേഷം കേസ് പരിഗണിച്ചപ്പോഴും താലി കെട്ടിയ ഭർത്താവിനൊപ്പം പോകാൻ താൽപ്പര്യം കാട്ടിയില്ലെന്നാണ് വ്യക്തമാകുന്നത്. ഇതോടെയാണ് ഹൈക്കോടതി മാതാപിതാക്കളോടൊപ്പം പോകാൻ അനുവദിച്ചത്.

കഴിഞ്ഞയാഴ്ച ഒരു മണിക്കൂർ രക്ഷിതാക്കൾക്കൊപ്പം കൗൺസിലിങിന് ശേഷം ജഡ്ജിയുടെ മുന്നിൽ ഹാജരായപ്പോഴാണ് പെൺകുട്ടി തന്റെ തീരുമാനം കോടതിയെ അറിയിച്ചത്. കഴിഞ്ഞ മാസം 20 നാണ് കോഴിക്കോട് പത്തോളി കാവുംവട്ടം സ്വദേശിനിയായ പെൺകുട്ടി വിവാഹത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കേ സഹപാഠിയായ കാമുകനൊപ്പം ഇറങ്ങിപ്പോയത്. വിവാഹ വേഷത്തിൽ പെൺകുട്ടി കാമുകനും സംഘത്തിനൊപ്പം പോകുകയായിരുന്നു. തുടർന്ന് ക്ഷേത്രത്തിൽ വച്ച് ഇരുവരും വിവാഹിതരായി. സ്വന്തം ഇഷ്ടപ്രകാരമാണ് കാമുകനൊപ്പം പോയതെന്ന് പെൺകുട്ടി അറിയിച്ചേതാടെ ഇരുവർക്കും ഒന്നിച്ച് ജീവിക്കാൻ കോടതി അനുമതി നൽകിയിരുന്നു. ഇതിനെതിരെയാണ് രക്ഷിതാക്കൾ ഹൈക്കോടതിയെ സമീപിച്ചത്.

നാട്ടുകാരുടെ സഹായത്താലാണ് ദിൽഷാനയുടെ വിവാഹത്തിന് വേദി ഒരുങ്ങിയത്. എന്നാൽ എല്ലാം മനസ്സിലൊതുക്കി നവവധുവായ ദിൽഷാന അവസാന നിമിഷം എല്ലാവരേയും ഞെട്ടിച്ചു. വരനും കുടുംബവും വിവാഹ പന്തലിൽ എത്തുന്നതിന് മിനിറ്റുകൾക്ക് മുമ്ബ് വധു കാമുകനൊപ്പം സ്ഥലംവിട്ടു. എല്ലാം സിനിമ സ്‌റ്റൈലിലായിരുന്നു. കോഴിക്കോട് കൊയിലാണ്ടി കാവുംവട്ടത്താണ് ഈ സംഭവങ്ങൾ നടന്നത്. സാമ്പത്തികമായി പിന്നോക്കം നിന്നിരുന്ന പെൺകുട്ടിയുടെ വിവാഹം നാട്ടുകാരുടെയും ബന്ധുക്കളുടെയും സഹായത്തോടെയാണ് നടത്താൻ തീരുമാനിച്ചിരുന്നത്. ആഭരണങ്ങളും മറ്റും വാങ്ങി നൽകിയത് നാട്ടുകാരുടെ കൂട്ടായ്മയാണ്. വധുവിന്റെ സുഹൃത്തുക്കൾ എന്ന് പരിചയപ്പെടുത്തി വിവാഹത്തിന് എത്തിയ കാമുകന്റെ സുഹൃത്തുക്കളാണ് ഒളിച്ചോട്ടത്തിന് വഴിയൊരുക്കിയത്. വീട് വിടുമ്‌ബോൾ വിവാഹത്തിന് സൂക്ഷിച്ചിരുന്ന സ്വർണവും മറ്റും ഒപ്പം കൂട്ടാനും വധു മറന്നില്ല. ഈ വാർത്ത സോഷ്യൽ മീഡിയ ഏറ്റെടുത്തു. പലതരം ചർച്ചകളുമെത്തി. അതെല്ലാം വീട്ടുകാരുടെ വേദനയ്ക്ക് ഒപ്പിച്ചായിരുന്നു. അതുകൊണ്ട് തന്നെ പെൺകുട്ടി വിശദീകരണവുമായെത്തുന്നു.

വീട്ടുകാർ തടങ്കലിൽ വച്ചതു കൊണ്ടാണ് താൻ കല്യാണദിവസം തന്നെ തെരഞ്ഞെടുത്തതെന്ന് പെൺകുട്ടി വെളിപ്പെടുത്തിു. കൊയിലാണ്ടി മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കിയപ്പോഴാണ് പെൺകുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്. വീട്ടുകാർ പൂട്ടിയിട്ടതു കൊണ്ടാണ് വിവാഹത്തിനു തൊട്ടുമുമ്ബ് വീടുവിടേണ്ടി വന്നത്. സുഹൃത്തുക്കളാണ് തന്നെ സഹായിച്ചത്. തന്നെ ആരും തട്ടിക്കൊണ്ടു പോയതല്ല. സ്വന്തം ഇഷ്ടപ്രകാരമാണ് വീടുവിട്ടത്. തന്നെ ആരും തട്ടിക്കൊണ്ടു പോയതല്ലെന്നും പെൺകുട്ടി മജിസ്‌ട്രേറ്റിനോടു പറഞ്ഞു. പയ്യോളി സ്റ്റേഷനിൽ ഹാജരായ ഇരുവരെയും കൊയിലാണ്ടി മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കിയപ്പോൾ മജിസ്‌ട്രേറ്റ് ഇരുവരോടും കാര്യങ്ങൾ ചോദിച്ചിരുന്നു. അപ്പോഴാണ് പെൺകുട്ടി ഇക്കാര്യം പറഞ്ഞത്. കോടതി ഇരുവരോടും കാര്യങ്ങൾ ചോദിച്ചറിഞ്ഞ ശേഷം കോടതി ഇരുവരെയും ഒന്നിച്ചു ജീവിക്കാൻ അനുവദിച്ചു. സ്വർണാഭരണങ്ങൾ പെൺവീട്ടുകാർക്ക് തിരിച്ചു നൽകി.

അതിന് ശേഷവും വീട്ടുകാർ പ്രതീക്ഷ കൈവിട്ടില്ല. ഹൈക്കോടതയിൽ അപ്പീൽ നൽകി. ഇതിലാണ് മകളുടെ മനസ്സ് മാറ്റം. വിവാഹ സൽക്കാരത്തിനെത്തിയ കോളജിലെ കൂട്ടുകാരനൊപ്പം ഫോട്ടോയെടുക്കാൻ എന്നു പറഞ്ഞ് വീടിനടുത്തുള്ള റോഡിലേക്ക് പോകുകയും തുടർന്ന് അവിടെ കാത്തുനിന്നിരുന്ന കാമുകന്റെ ബൈക്കിൽ വിവാഹവേഷത്തിൽ പെൺകുട്ടി കയറിപ്പോകുകയും ആയിരുന്നു. നമ്പ്രത്തുകര സംസ്‌കൃത കോളെജിലെ ബിരുദ വിദ്യാർത്ഥികളായിരുന്നു ഇരുവരും. പെൺകുട്ടി കാമുകനൊപ്പം പോയതിൽ പെൺകുട്ടിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകുകി. നാട്ടുകാർ സ്റ്റേഷൻ ഉപരോധിക്കുകയും ചെയ്തു. തുടർന്ന് ഇരുവരും പയ്യോളി സ്റ്റേഷനിൽ ഹാജരായി. തുടർന്ന് കൊയിലാണ്ടി സിഐ ഇവരെ കസ്റ്റഡിയിൽ എടുക്കുകയും, വൈകുന്നേരത്തോടെ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കുകയുമായിരുന്നു.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിലെ പെൺകുട്ടിയുടെ വിവാഹം നാട്ടുകാരുടെയും ബന്ധുക്കളുടെയും സഹായത്തോടെയാണ് മാതാപിതാക്കൾ നടത്താനൊരുങ്ങിയത്. അതുകൊണ്ട് തന്നെ ഈ ഒളിച്ചോട്ടം നാട്ടുകാരും കാര്യമായെടുത്തു. പൊലീസ് സ്റ്റേഷൻ ഉപരോധം പോലും നടന്നു. ദിൽഷാനയും യുവാവും കുറേകാലമായി പ്രണയത്തിലായിരുന്നുവെന്നു. ഇതേ തുടർന്നാണ് ദിൽഷാനെയെ വീ്ട്ടുകാർ പൂട്ടിയിട്ടത്. ഇതാണ് ഒളിച്ചോട്ടത്തിലേക്ക് കാര്യങ്ങളെത്തിച്ചതെന്നാണ് സൂചന. എന്നാൽ കുടുംബത്തിന് ആഭരണങ്ങൾ തിരിച്ചു നൽകിയതോടെ പ്രശ്‌നങ്ങൾ തുടങ്ങിയെന്നാണ് സോഷ്യൽ മിഡിയയിലെ പ്രചരണം. അതുകൊണ്ട് കൂടിയാണ് അലിൻ രാജുമായുള്ള ദിൽഷാനയുടെ ബന്ധം പൊളിഞ്ഞതെന്നും സോഷ്യൽ മീഡിയ പറയുന്നു. എന്നാൽ ഇതൊക്കെ വെറും കെട്ടുകഥയാണെന്നാണ് അലിൻ രാജിന്റെ സുഹൃത്തുക്കൾ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP