Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പുട്ടുവിളമ്പാൻ ദുബായിലേക്ക് പോകാൻ ഒരുങ്ങി ദിലീപ്; യാത്രയ്ക്ക് വട്ടം കൂട്ടുന്നത് കാവ്യയ്ക്കും മീനാക്ഷിക്കും ഒപ്പം; അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിൽ എത്തി പാസ്‌പോർട്ട് കൈപറ്റും; ജനപ്രിയനായകന്റെ വിദേശയാത്ര ദേ പൂട്ട് റസ്റ്റോറന്റിന്റെ ഉദ്ഘാടനത്തിന്; യാത്രയെ സംശയത്തോടെ നിരീക്ഷിച്ച് പൊലീസ്; നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ പകർത്തിയ ഫോൺ വിദേശത്തെന്ന് പൊലീസ് നിഗമനം

പുട്ടുവിളമ്പാൻ ദുബായിലേക്ക് പോകാൻ ഒരുങ്ങി ദിലീപ്; യാത്രയ്ക്ക് വട്ടം കൂട്ടുന്നത് കാവ്യയ്ക്കും മീനാക്ഷിക്കും ഒപ്പം; അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിൽ എത്തി പാസ്‌പോർട്ട് കൈപറ്റും; ജനപ്രിയനായകന്റെ വിദേശയാത്ര ദേ പൂട്ട് റസ്റ്റോറന്റിന്റെ ഉദ്ഘാടനത്തിന്; യാത്രയെ സംശയത്തോടെ നിരീക്ഷിച്ച് പൊലീസ്; നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ പകർത്തിയ ഫോൺ വിദേശത്തെന്ന് പൊലീസ് നിഗമനം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പൊലീസിന്റെ ആശങ്കകളെ ബാക്കിയാക്കി നടൻ ദിലീപ് ദുബായിലേക്ക് പോകാൻ ഒരുങ്ങുന്നു.കാരമയിൽ ദേ പുട്ട് റസ്റ്റോറന്റിന്റെ ശാഖ ഉദ്ഘാടനം ചെയ്യാനാണ് യാത്രയെങ്കിലും സംശയത്തോടെയാണ് അന്വേഷണ സംഘം ഇതിനെ നിരീക്ഷിക്കുന്നത്. ഇന്ന് അങ്കമാലി കോടതിയിൽ എത്തി ദിലീപ് പാസ്്പോർട്ട് കൈപറ്റുമെന്നാണ് അറിയുന്നത്. പാസ്‌പോർട്ട് കിട്ടിയാൽ ഇന്ന് വൈകിട്ടോ, നാളെയോ യാത്ര തിരിക്കും. ഭാര്യ കാവ്യാമാധവൻ, മകൾ മീനാക്ഷി എന്നിവരും ഒപ്പം പോകുന്നുണ്ട്. ദേ പുട്ടിന്റെ ഉദ്ഘാടനം ആഘോഷമാക്കാനാണ് കരാമയിലേക്ക് പോകുന്നത്. ദേ പുട്ടിന്റെ സഹഉടമ കൂടിയായ ദിലീപിന്റെ സുഹൃത്ത് നാദിർഷയുടെ ഉമ്മയാണ് ദേ പുട്ട് ഉദ്ഘാടനം ചെയ്യുന്നത്.

കേസിൽ നടിയുടെ ദൃശ്യങ്ങൾ പകർത്തിയ ഫോൺ സുപ്രധാന തെളിവാണ്. ഈ ഫോൺ നശിപ്പിച്ചുവെന്നാണ് കരുതുന്നതെങ്കിലും, സിംകാർഡും മെമ്മറി കാർഡും ദുബായിലേക്ക് കടത്തിയിരിക്കാമെന്ന സംശയം നിലനിൽക്കുന്നു. ഫോൺ വിദേശത്തേക്ക് കടത്തിയെന്നും സംശയമുണ്ട്. ഈ സാഹചര്യത്തിൽ, ദിലീപ് വീണ്ടും ദുബായിലേക്ക് പോകുന്നതാണ് പൊലീസിന്റെ സംശയം കൂട്ടുന്നത്.

നടിയെ ആക്രമിക്കാനുള്ള ഗൂഢാലോചന ദുബായിൽവെച്ചും നടത്തിയതായി പൊലീസ് കണ്ടെത്തിയിരുന്നു.ഫോണിലെ സിം കാർഡും മെമ്മറി കാർഡും ദുബായിലേക്ക് കടത്തിയിട്ടുണ്ടെന്ന സംശയത്തിലാണ് ദിലീപ് വിദേശത്തേക്കുപോകുന്നത് കേസിനെ ബാധിക്കുമെന്ന് പൊലീസ് കോടതിയിൽ വാദിച്ചത്. എന്നാൽ, പൊലീസിന്റെ വാദം കോടതി അംഗീകരിച്ചില്ല.

ജാമ്യ വ്യവസ്ഥയിൽ ഇളവ് ലഭിച്ചതിനെ തുടർന്നാണ് കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ വിദേശയാത്രയ്ക്ക് കളമൊരുങ്ങിയത്.തന്റെ ബിസ്സിനസ്സ് സംരംഭമായ ദേ പുട്ടിന്റെ കരാമ ശാഖ ഉദ്ഘാടനം ചെയ്യാൻ പോകേണ്ടതിനാൽ ഇളവ് നൽകണമെന്നാണ് ദിലീപ് ആവശ്യപ്പെട്ടിരുന്നത്. നിലവിൽ ജാമ്യ വ്യവസ്ഥയുടെ ഭാഗമായി അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയിരിക്കുകയാണ് പാസ്‌പോർട്ട്.

എന്നാൽ റസ്റ്റോറന്റിന്റെ ഉദ്ഘാടനത്തിന് ദിലീപ് പോയില്ലെങ്കിലും ഒന്നും സംഭവിക്കില്ലെന്നാണ് പൊലീസിന്റെ പക്ഷം. ദിലീപും നാദിർഷായും ചേർന്നാണ് ദേ പുട്ട് തുടങ്ങിയത്. കേസുമായി ബന്ധമുള്ള നാദിർഷായ്ക്ക് ഒപ്പമുള്ള യാത്രയെയും സംശയത്തോടെയാണ് കാണുന്നത്. ദുബായിൽ നിരവധി ബിസിനസ് പങ്കാളികളുണ്ട് ജനപ്രിയനായകന്. നാദിർഷയും ദുബായിലെ വ്യവസായികളുമടക്കം അഞ്ചു പേർ ചേർന്നാണ് ദേ പുട്ട് കരാമയിൽ ആരംഭിക്കുന്നത്. നാദിർഷയും ദുബായിലെ പാർട്ണർമാരുമാണ് റസ്റ്റോറന്റിന്റെ നിയമപരമായ രേഖകൾ തയ്യാറാക്കിയത്. ദിലീപ് അറസ്റ്റിലാകുന്നതിന് മുൻപ് തന്നെ റസ്റ്റോറന്റ് ഉദ്ഘാടനത്തിന് തയ്യാറായിരുന്നു. എന്നാൽ, അറസ്റ്റോടെ അത് നീട്ടിവയ്ക്കുകയായിരുന്നു.

റസ്റ്റോറന്റിന്റെ ഭാവി അടഞ്ഞുപോകുമോ എന്ന ആശങ്ക ദുബായിലെ സുഹൃത്തുക്കൾക്ക് പോലുമുണ്ടായിരുന്നു. പിന്നീട്, ജാമ്യം ലഭിച്ചതോടെയാണ് അവസാന മിനുക്കു പണികൾ നടത്തി ഉദ്ഘാടനത്തിന് ഒരുക്കിയത്. ഒട്ടേറെ മലയാളി റസ്റ്റോറന്റുകളുള്ള ദുബൈയിലെ പ്രധാനസ്ഥലമാണ് കരാമ. മലയാളി കുടുംബങ്ങൾ നിരവധി താമസിക്കുന്ന പ്രദേശം കൂടിയാണിത്. വാരാന്ത്യദിനങ്ങളായ വ്യാഴാഴ്ച വൈകിട്ടും വെള്ളി, ശനി ദിവസങ്ങളിലും മിക്ക റസ്റ്റോറന്റുകളിലും വൻ തിരക്ക് അനുഭവപ്പെടുന്നു.

കരാമയിലെ പാർക് റെജിസ് ഹോട്ടലിന് പിൻവശത്തായി അൽ ഷമ്മാ കെട്ടിടത്തിലെ താഴത്തെ നിലയിലാണ് ദേ പുട്ട് ഉദ്ഘാടനത്തിന ്ഒരുങ്ങുന്നത്. ലോകത്തെ രുചികരങ്ങളായ ഭക്ഷണങ്ങളെല്ലാം സംഗമിക്കുന്ന ദുബായിൽ കേരളത്തിന്റെ സ്വന്തം പുട്ടിന്റെ വൈവിധ്യങ്ങൾ നുകരാൻ സ്വദേശികളും ഇതര രാജ്യക്കാരുമെത്തുമെന്നാണ് പ്രതീക്ഷ.

അതേസമയം, ആരാധകർ ഏറെ സന്തോഷത്തിലാണ്. ദിലീപേട്ടൻ വരവായല്ലോ ദുബായിലേക്ക്. ജ കരാമയിൽ ആരംഭിക്കുന്ന തുറക്കുന്നത് 29നാണ്. ഉദ്ഘാടനത്തിന് ശേഷം രണ്ടു ദിവസം ദുബായിൽ തങ്ങിയ ശേഷമായിരിക്കും മടക്കം.കാവ്യാ മാധവനുമൊത്തുള്ള വിവാഹം കഴിഞ്ഞ് ആദ്യമെത്തിയപ്പോൾ ലഭിച്ച വൻ സ്വീകരണം ഈ വരവിൽ കിട്ടുമോയെന്ന് നടന് തന്നെ സംശയമുണ്ട്.

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ ദിലീപിന് വിദേശത്തുപോകാൻ നാലു ദിവസത്തേക്കാണ് കോടതി അനുമതി നൽകിയിരിക്കുന്നത്. ദിലീപിന്റെ അഭ്യർത്ഥന അംഗീകരിച്ച കോടതി ദിലീപ് വിദേശത്തെ വിലാസം നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, എവിടെയാണ് തങ്ങുക എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല.

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെതിരായ അനുബന്ധ കുറ്റപത്രം അങ്കമാലി കോടതിയിൽ സമർപ്പിച്ചു. നടി മഞ്ജു വാര്യർ കേസിൽ പ്രധാന സാക്ഷിയാകും. 1500 ൽ അധികം പേജുകളുള്ള കുറ്റപത്രത്തിൽ മുന്നൂറിലധികം സാക്ഷികളും 450 ൽ അധികം രേഖകളും പൊലീസ് ഉൾപ്പെടുത്തിയിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥൻ പെരുമ്പാവൂർ സി.ഐ ബൈജു പൗലോസാണ് അങ്കമാലി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

12 പ്രതികളിലുള്ള കേസിൽ നടൻ ദിലീപ് എട്ടാം പ്രതിയാണ്. അക്രമണത്തിൽ നേരിട്ട് പങ്കെടുത്തവരാണ് ഒന്നു മുതൽ ഏഴു വരെയുള്ള പ്രതികൾ. ജയിലിൽ വെച്ച് സുനിക്ക് കത്തെഴുതി നൽകിയ വിപിൻ ലാലും ദിലീപിനെ ഫോൺ വിളിക്കാൻ സഹായിച്ച എ.ആർ ക്യാമ്പിലെ പൊലീസുകാരൻ അനീഷിനെയും പുതിയ കുറ്റപത്രത്തിൽ മാപ്പു സാക്ഷികളാണ്. നടി മഞ്ജു വാര്യരും കേസിൽ സാക്ഷിയാകും.പൾസർ സുനിക്ക് ജയിലിൽ ഫോൺ എത്തിച്ച് നൽകിയ മേസ്തിരി സുനിൽ സുനിയുടെ കത്ത് ദിലീപിന്റെ മാനേജർ അപ്പുണ്ണിക്ക് എത്തിച്ച് നൽകിയ വിഷ്ണു തെളിവ് നശിപ്പിക്കാൻ ശ്രമിച്ച അഡ്വ. പ്രതീഷ് ചാക്കോ അഡ്വ രാജു ജോസഫ് എന്നിവരാണ് രണ്ടാം കുറ്റപത്രത്തിലെ മറ്റ് പ്രതികൾ.

കൂട്ടബലാത്സംഗം അടക്കം 17 വകുപ്പുകളാണ് ദിലീപിന് മേൽ ചുമത്തിയിട്ടുള്ളത്.നടി ആക്രമിക്കപ്പെട്ട കേസിൽ ജാമ്യത്തിലിറങ്ങിയ ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നും അന്വേഷണസംഘത്തിന്റെ കണ്ടെത്തലുകൾ പറയുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP