Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202228Saturday

ദിലീപിനെതിരെ ക്രിമിനൽ ഗൂഢാലോചന നിലനിൽക്കുമോ എന്നു ചോദിച്ച കോടതിയുടെ മനസു മാറ്റിയത് പ്രോസിക്യൂഷൻ നൽകിയ ആ 'രഹസ്യ തെളിവ്'; പരിശോധിച്ച കോടതി പറഞ്ഞത് അസ്വസ്ഥമാക്കുന്ന തെളിവുകൾ എന്ന്; അപകടം മണത്ത് ചോദ്യം ചെയ്യാൻ ദിലീപ് എത്താമെന്ന് പ്രതിഭാഗത്തിന്റെ യു ടേൺ; ഹൈക്കോടതിയിൽ ഇന്നലെ നടന്നത്

ദിലീപിനെതിരെ ക്രിമിനൽ ഗൂഢാലോചന നിലനിൽക്കുമോ എന്നു ചോദിച്ച കോടതിയുടെ മനസു മാറ്റിയത് പ്രോസിക്യൂഷൻ നൽകിയ ആ 'രഹസ്യ തെളിവ്'; പരിശോധിച്ച കോടതി പറഞ്ഞത് അസ്വസ്ഥമാക്കുന്ന തെളിവുകൾ എന്ന്; അപകടം മണത്ത് ചോദ്യം ചെയ്യാൻ ദിലീപ് എത്താമെന്ന് പ്രതിഭാഗത്തിന്റെ യു ടേൺ; ഹൈക്കോടതിയിൽ ഇന്നലെ നടന്നത്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഹൈക്കോടതിക്ക് ഇന്നലെ അവധി ദിവസമായിരുന്നു. എന്നാൽ, ദിലീപിനെതിരായ സുപ്രധാന കേസിന്റെ നടപടികളിലേക്ക് കടന്നതോടെ കോടതി ഇന്നലെ കേരളത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറി. ദിലീപിന് മുൻകൂർ ജാമ്യം നൽകുമോ എന്ന ആകാംക്ഷയിലായിരുന്നു കേരളം മുഴുവനും എന്നാൽ, കോടതി വസ്തുതകൾ പരിശോധിച്ച ശേഷം താരം ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് അറിയിക്കുകയായിരുന്നു.

നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപ് അടക്കമുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്നലെ പ്രത്യേക സിറ്റിങ് നടത്തിയാണ്‌ െഹെക്കോടതി ഇടക്കാല ഉത്തരവിട്ടത്. നേരിട്ടുള്ള കോടതി മുറിയിലാണു ജസ്റ്റിസ് പി.ഗോപിനാഥ് വാദം കേട്ടതെങ്കിലും സൂം ലിങ്കിലൂടെ അഭിഭാഷകരും മാധ്യമപ്രവർത്തകരും അടക്കം മൂന്നൂറോളം പേർ അതിനു സാക്ഷികളായി. കേസ് സംബന്ധിച്ച് ലഭ്യമാകുന്ന വിവരങ്ങൾ അപ്പപ്പോൾ വാർത്താ ചാനലുകളിലൂടെയും കേരളം അറിഞ്ഞു.

ഇന്നലെ ആദ്യ കേസായി ദിലീപിന്റെ ജാമ്യാപേക്ഷയാണു ലിസ്റ്റ് ചെയ്തിരുന്നത്. ഇതു കൂടാതെ, 10 കേസുകൾ ലിസ്റ്റ് ചെയ്തിരുന്നു. ഇടയ്ക്ക് മറ്റു കേസുകൾ പരിഗണിച്ച ശേഷം വീണ്ടും കോടതി ഈ കേസിലേക്കു വന്നു. ഉച്ചയ്ക്കു ശേഷവും വാദം നീണ്ടു. നീണ്ട വാദപ്രതിവാദൾക്ക് ഒടുവിലാണ് ദിലീപിനെ ഇന്ന് മുതൽ ചോദ്യം ചെയ്യാമെന്ന് കോടതി വ്യക്തമാക്കിയത്.

പതിഞ്ഞ തുടക്കം, കത്തിക്കയറി പ്രതിഭാഗവും പ്രോസിക്യൂഷനും

ശരിക്കുമൊരു ത്രില്ലർ സിനിമ പോലെയായിരുന്നു ഇന്നലെ കോടതിയിലെ കാര്യങ്ങളും. പതിഞ്ഞ് തുടങ്ങി, ഒടുവിൽ ആകാംക്ഷയുടെ മുൾ മുനയിൽ എത്തി വാദമുഖങ്ങളും. പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്തുമെന്നു ദിലീപ് അടുപ്പമുള്ളവരോടു പറഞ്ഞുവെന്നതല്ലാതെ അതിനുള്ള നീക്കം നടത്തിയതായി തെളിവുണ്ടോയെന്നു വാദത്തിന്റെ ആദ്യ ഘട്ടത്തിൽ കോടതി ചോദിച്ചിരുന്നു. ഇതോടെ പ്രതിഭാഗവും കോടതിയുടെ പോയിന്റിൽ പിടിച്ചു വാദം തുടങ്ങി. എന്നാൽ ചില തെളിവുകളുണ്ടെന്നും തുറന്ന കോടതിയിൽ പറയാതെ മുദ്രവച്ച കവറിൽ നൽകിയിട്ടുണ്ടെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. ഈ തെളിവുകൾ കണ്ടതിനു ശേഷമാണ് കോടതി കാര്യം ഗൗരവം ഉള്ളതാണെന്ന് പറഞ്ഞതും.

പ്രോസിക്യൂഷൻ ഹാജരാക്കിയ വസ്തുതകൾ അസ്വസ്ഥപ്പെടുത്തുന്നതാണെന്ന് ഇടവേളയ്ക്കുശേഷം ചേർന്നപ്പോൾ കോടതി പറഞ്ഞു. ആരോപണങ്ങൾ ഗുരുതരമാണ്. ക്രിമിനൽ ഗൂഢാലോചനയിലേക്കും പ്രേരണയിലേക്കും വിരൽ ചൂണ്ടുന്ന വിവരങ്ങളുണ്ട്. എന്നാൽ നിലവിൽ ക്രിമിനൽ ഗൂഢാലോചനക്കുറ്റം സ്ഥിരീകരിക്കത്തക്ക വസ്തുതകളില്ലെന്നും വിശദ അന്വേഷണം വേണമെന്നും കോടതി കൂട്ടിച്ചേർത്തു.

അന്വേഷണം സുഗമമായി മുന്നോട്ടുപോകാൻ വേണ്ട സംരക്ഷണം ഉറപ്പാക്കേണ്ടതുണ്ടെന്നും പറഞ്ഞു. അന്വേഷണവുമായി ഏതു രീതിയിലും സഹകരിക്കാമെന്നു പ്രതികളുടെ അഭിഭാഷകനും മറുപടി നൽകി. കോടതിക്കു െകെമാറിയ രേഖകളെന്തെന്നു വ്യക്തമല്ല. കേസുമായി ബന്ധപ്പെട്ട ഒരു നിർണായക വ്യക്തിയെ സ്വാധീനിക്കാനുള്ള ശ്രമം സംബന്ധിച്ച തെളിവാണെന്നാണു സൂചന.

അന്വേഷണത്തിൽ ഇടപെടാൻ പ്രതികൾ ശ്രമിച്ചാൽ ഇപ്പോൾ നൽകിയ സംരക്ഷണം റദ്ദാക്കുമെന്നു കോടതി മുന്നറിയിപ്പ് നൽകിി കൊണ്ടാണ് കേസ് വീണ്ടും മാറ്റിവെച്ചത്. ഇക്കാര്യം ദിലീപിനെ അറിയിക്കണമെന്ന് അഭിഭാഷകനു കോടതി നിർദ്ദേശം നൽകി. മുൻകൂർ ജാമ്യാപേക്ഷ നൽകിയ ആലുവ സ്വദേശി ശരത്തിനെ ഇതുവരെ കേസിൽ പ്രതിയാക്കിയിട്ടില്ലെന്നു പ്രോസിക്യൂഷൻ അറിയിച്ചു. തുടർന്ന് ഈ ജാമ്യഹർജിയും വ്യാഴാഴ്ച പരിഗണിക്കാൻ മാറ്റി.

ഇന്ന് രാവിലെ രാവിലെ 9 മുതൽ വൈകിട്ട് 8 വരെ അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിലുണ്ടാകണമെന്നാണു ജസ്റ്റിസ് പി.ഗോപിനാഥ് നിർദ്ദേശിച്ചത്. കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം ഈ ഘട്ടത്തിൽ നിരസിച്ച കോടതി, ചോദ്യം ചെയ്യലിലൂടെ ലഭിക്കുന്ന വിവരങ്ങളും മറ്റു തെളിവുകളും അടക്കമുള്ള റിപ്പോർട്ട് വ്യാഴാഴ്ച രാവിലെ മുദ്രവച്ച കവറിൽ നൽകണമെന്നും ആവശ്യപ്പെട്ടു. കാര്യങ്ങൾ കൈവിട്ടു പോകുമെന്ന ഘട്ടത്തിലാണ് പ്രതിഭാഗവും ചോദ്യം ചെയ്യാൻ തയ്യാറാണെന്ന നയത്തിലേക്ക് എത്തിയത്.

ഗൂഢാലോചനയില്ലെന്നു ദിലീപ്, തെളിവുണ്ടെന്നു പ്രോസിക്യൂഷൻ

മണിക്കൂറുകൾ നീണ്ട വാദ പ്രതിവാദങ്ങൾക്കും കോടതിയുടെ നിരന്തര ചോദ്യങ്ങൾക്കും ഒടുവിലാണു ദിലീപ് അടക്കമുള്ളവരുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടത്. പ്രോസിക്യൂഷനു വേണ്ടി പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.എ.ഷാജി എത്തിയപ്പോൾ ദിലീപിനായി സീനിയർ അഭിഭാഷകൻ ബി.രാമൻ പിള്ള ഹാജരായി. നിർണായക വസ്തുതകൾ ലഭിച്ചിട്ടുണ്ടെന്നും പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷൻ വാദിച്ചപ്പോൾ, നടിയെ പീഡിപ്പിച്ച കേസിൽ വിചാരണ വൈകിക്കാനുള്ള ശ്രമമാണെന്നും തെളിവുകളൊന്നും ഹാജരാക്കിയിട്ടില്ലെന്നും ദിലീപിന്റെ അഭിഭാഷകൻ വാദിച്ചു.

ദിലീപിന്റെ വാദങ്ങൾ

അറസ്റ്റ് ചെയ്ത പഴയ ദൃശ്യങ്ങൾ യു ട്യൂബിൽ കാണുന്നതിനിടയിൽ ഇവരൊക്കെ അനുഭവിക്കുമെന്നു പറയുന്നത് വൈകാരികമായ പൊട്ടിത്തെറിയാണ്. ഇതു ശാപവാക്കായി കണ്ടാൽ മതി. ഇതിൽ ഗൂഢാലോചന എവിടെയാണ്? ശാപം എന്നു പറയുന്നത് കുറ്റകൃത്യമാണോ? ആദ്യ മൊഴിയിലും തുടർ മൊഴികളിലും എഫ്‌ഐആറിലും വൈരുധ്യങ്ങളുണ്ട്. അന്വേഷണ ഉദ്യോഗസ്ഥന്റെ സങ്കൽപങ്ങളാണ് ഇതെല്ലാം. ചാനലിലും കോടതിയിലുമെല്ലാം എന്തും പറയുന്നയാളാണു സാക്ഷി. പൊലീസ് ഉദ്യോഗസ്ഥർക്കു ദിലീപിനോടുള്ള വൈരാഗ്യമാണു കേസിനു കാരണം. സാക്ഷി വിസ്താരം ഒഴിവാക്കാനുള്ള ശ്രമമാണിത്.

ബാലചന്ദ്രകുമാറിനെ നേരിട്ടു പഠിപ്പിച്ച് മൊഴി പറയിക്കുകയാണ്. പൊതുജനാഭിപ്രായം ഉണ്ടാക്കാനുള്ള ശ്രമമാണ്. ഇത്രയും കാലമായിട്ടും ഈ ആരോപണങ്ങളെക്കുറിച്ച് അടക്കംപറച്ചിൽ പോലും ഉണ്ടായില്ല. തെളിവുകൾ ഒന്നുമില്ല. ആസൂത്രിതമായി നൽകിയ പരാതിയാണിത്. അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസിനെ ട്രക്ക് ഇടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചു എന്നത് വ്യാജ ആരോപണമാണ്.

പ്രോസിക്യൂഷൻ വാദങ്ങൾ

ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങൾ ശരിവയ്ക്കുന്ന വിഡിയോ, ഓഡിയോ ക്ലിപ്പുകളുണ്ട്. ഗൂഢാലോചന കുറ്റം തെളിയിക്കാൻ വിശദമായ അന്വേഷണം വേണം. ഗൂഢാലോചന മാത്രമല്ല, തുടർപ്രവൃത്തികളും ചെയ്തു എന്നതിന് ആധാരമായ വസ്തുതകൾ ലഭിച്ചിട്ടുണ്ട്. അന്വേഷണത്തെയും സാക്ഷികളെയും സ്വാധീനിക്കാൻ സാമ്പത്തികശേഷിയും കൃത്രിമം കാട്ടാൻ കഴിവും ഉള്ളവരാണു പ്രതികൾ.

20 സാക്ഷികളാണു വിചാരണ കോടതിയിൽ കൂറുമാറിയത്. അന്വേഷണ ഏജൻസി ഒരു നിർണായക സാക്ഷിയുടെ അടുത്ത് എത്തുന്ന നിമിഷം പ്രതികളുടെ ആളുകൾ ചുറ്റും വളയുന്ന സാഹചര്യമാണ്. അന്വേഷണത്തിൽ ഇടപെടുകയാണ് പ്രതികൾ. എതിർഭാഗം അഭിഭാഷകർ ഒരുമിച്ച് എതിർക്കുന്ന സ്ഥിതിയായതിനാൽ വിചാരണക്കോടതിയിൽ വാദിക്കാനാവുന്നില്ല.

പ്രതികളെ ഓരോ ദിവസവും ചോദ്യം ചെയ്തു വിട്ടയച്ചാൽ അവർ പരസ്പരം സംസാരിച്ചു പിറ്റേന്നു പറയേണ്ട കാര്യങ്ങളെക്കുറിച്ച് ധാരണയുണ്ടാക്കും.അതിനാൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യണം. പ്രതികൾ എത്രത്തോളം മുന്നോട്ടു പോയെന്ന് അറിയാൻ ഒരുമിച്ചും ഒറ്റയ്ക്കും ചോദ്യം ചെയ്യണം. കേസിലെ അന്വേഷണ ഉദ്യോഗസ്ഥരുടെ ജീവനും സംരക്ഷിക്കേണ്ടതുണ്ട്. സിനിമകളിലെ ദിലീപിനെ ഇഷ്ടമാണെങ്കിലും യഥാർഥ ജീവിതത്തിൽ വ്യത്യസ്തനാണ്.

ഒരു ഘട്ടത്തിൽ ദിലീപ് മദ്യ ലഹരിയിലാണോ ഉദ്യോഗസ്ഥരെക്കുറിച്ചു പറഞ്ഞതെന്ന് അന്വേഷിക്കണമെന്നു കോടതി വാക്കാൽ പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥരെക്കുറിച്ച് പറയുന്നതിനിടെ, ദിലീപ് മറ്റൊരു മുറിയിലേക്കു പോയെന്നും ഇതു മദ്യപിക്കാൻ വേണ്ടിയാണെന്നും ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിൽ പറയുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കോടതിയുടെ ചോദ്യം. 2017 ൽ ഗൂഢാലോചന നടത്തിയെന്നു പറയുന്നു. എന്നാൽ, ഇതുവരെ തുടർനടപടി ഉണ്ടായില്ലേ എന്ന കോടതിയുടെ ചോദ്യത്തിന് വിചാരണ നടക്കുന്ന സാഹചര്യമായതിനാലാകാം തുടർനടപടിയുണ്ടാകാതിരുന്നതെന്നു പ്രോസിക്യൂഷൻ വിശദീകരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP